140 ജാതി പക്ഷികളും 41 തരം സസ്തനികളും ഉള്ളിടം; ഡി.എഫ്.ഒ.മാരുടെ ശുപാര്‍ശ തള്ളണം-പ്രകൃതിസംരക്ഷണ സമിതി

Photo: Mathrubhumi Archives
Photo: Mathrubhumi Archives

കല്പറ്റ: ആനക്കാംപൊയില്‍ - കള്ളാടി തുരങ്ക പാതയ്ക്ക് ഫോറസ്റ്റ് ക്‌ളിയറന്‍സ് ശുപാര്‍ശ ചെയ്തുകൊണ്ട് കോഴിക്കോട് - സൗത്ത് വയനാട് ഡി.എഫ്.ഒ. മാര്‍ നല്‍കിയ ശുപാര്‍ശകള്‍ തള്ളിക്കളയണമെന്ന് വയനാട് പ്രകൃതി സംരക്ഷണ സമിതി കേന്ദ്ര വനംപരിസ്ഥിതി മന്ത്രാലയത്തോടും കേരള വനംവകുപ്പിനോടും ആവശ്യപ്പെട്ടു. ശുപാര്‍ശകള്‍ വനം - വന്യജീവി താത്പര്യങ്ങളെ ഹനിക്കുന്നതാണ്.

കേന്ദ്ര വനംപരിസ്ഥിതി മന്ത്രാലയത്തിന്റെ പരിവേഷ് പോര്‍ട്ടലില്‍ ഡി.എഫ്.ഒ. മാരുടെ റിപ്പോര്‍ട്ട് ലഭ്യമാണ്. തുരങ്കം കടന്നുപോകുന്ന മലനിരകള്‍ സങ്കീര്‍ണവും ലോലവുമായ പരിസ്ഥിതി സംതുലനം നിലനില്‍ക്കുന്നതുമായ പ്രദേശമാണ്. വയനാടിന്റെയും കോഴിക്കോടിന്റെയും കാലാവസ്ഥയെയും ജലസുരക്ഷയെയും കാലവര്‍ഷത്തെയും നിയന്ത്രിക്കുന്ന ക്യാമല്‍ ഹംപ് പര്‍വത നിരകളുടെ മര്‍മകേന്ദ്രമാണ്. ഈ പ്രദേശത്ത് കാണുന്ന പക്ഷികളും ശലഭങ്ങളും റിപ്പോര്‍ട്ടില്‍ പറഞ്ഞതിന്റെ മൂന്നിരട്ടിയിലേറെയുണ്ട്.

അതി പരിസ്ഥിതിലോല മേഖല

140 ജാതി പക്ഷികളും 41 ജാതി സസ്തനികളും 100 ജാതി ശലഭങ്ങളും 20 ജാതി ഉഭയജീവികളും 29 ജാതി ഇഴജീവികളും ഇവിടെയുള്ളതായി രേഖപ്പെടുത്തിയിട്ടുണ്ട്. ഇന്ത്യയിലെ പക്ഷി ജൈവ വൈവിധ്യമുള്ള അതി പ്രാധാന്യമുള്ള പ്രദേശമായി ബേര്‍ഡ് ലൈഫ് ഇന്റര്‍നാഷണല്‍ കണ്ടെത്തിയ മേഖലയാണിത്. ഇവിടെയുള്ള 14 പക്ഷിജാതികളില്‍ 10 എണ്ണം വംശനാശഭീഷണി നേരിടുന്നവയാണ്. ഇതില്‍ ബാണാസുര ചിലപ്പനടക്കം രണ്ടെണ്ണം അധിക വംശനാശ ഭീഷണിയുള്ളതും. ഈ മലനിരകളില്‍ മാത്രം 17 പുതിയ സസ്യങ്ങള്‍ അടുത്തിടെ കണ്ടെത്തിയിട്ടുണ്ട്. പശ്ചിമഘട്ട മലനിരകളില്‍ മാത്രം കാണുന്നതും എ.യു.സി.എന്‍. ചുവന്ന പുസ്തകത്തില്‍ ഇടം പിടിച്ചതും വംശനാശ ഭീഷണി നേരിടുന്നതുമായ നീലഗിരി മാര്‍ട്ടിന്റെ ആവാസവ്യവസ്ഥയാണ് ഈ മലനിരകള്‍.

ഇവിടത്തെ ജൈവവൈവിധ്യത്തെക്കുറിച്ച് ശാസ്ത്രലോകത്തിനു തന്നെ കാര്യമായ ധാരണയില്ല. ഗവേഷണ പഠനങ്ങള്‍ പ്രയാസകരമായ അതി ദുര്‍ഘടവും അപ്രാപ്യവുമായ പര്‍വതനിരയുടെ ഭാഗമാണിവിടം.

നിയുക്ത തുരങ്കപാതയ്ക്ക് വളരെയടുത്ത് 2018- ല്‍ പുത്തുമലയില്‍ ഉരുള്‍ പൊട്ടി ഒട്ടേറെ പേര്‍ മരിച്ചത് റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്നുണ്ടെങ്കിലും മുണ്ടക്കൈയില്‍ 2020 ലും കവളപ്പാറയിലും പാതാറിലുമുണ്ടായ ഉരുള്‍പൊട്ടലിനെക്കുറിച്ചും മലനിരകളില്‍ ഉടനീളമുണ്ടായ മണ്ണിടിച്ചിലിനെക്കുറിച്ചും പരാമര്‍ശമില്ല.

കോഴിക്കോട് ഡി.എഫ്.ഒ. വിട്ടുകൊടുക്കേണ്ട വനഭാഗത്തെ ജൈവ വൈവിധ്യത്തെക്കുറിച്ച് പറയുന്നില്ല. തുരങ്കത്തിന്റെ കോഴിക്കോട് ഭാഗത്തെ വരുമാനത്തിന്റെ 10 ശതമാനം വനം വകുപ്പിന് ലഭിച്ചാല്‍ എല്ലാറ്റിനും പരിഹാരമാകുമെന്നും റിപ്പോര്‍ട്ടിലുണ്ടെന്നും പ്രകൃതി സംരക്ഷണ സമിതി ആരോപിച്ചു. യോഗത്തില്‍ എന്‍. ബാദുഷ അധ്യക്ഷത വഹിച്ചു. എം. ഗംഗാധരന്‍, പി.എം. സുരേഷ്, എം.വി. മനോജ്, തോമസ് അമ്പലവയല്‍, എ.വി. മനോജ്, സി.എ. ഗോപാലകൃഷ്ണന്‍ സംസാരിച്ചു.
 

Content Highlights: dfo, wild life day, nature