'അവളുടെ മുത്തശ്ശൻ തരുന്നതാണ് വാങ്ങിക്കോളൂ, പെൻഷൻകാശ് സൂക്ഷിച്ചുവെച്ചതാണ്'- സൂര്യനെല്ലി കേസും വിഎസും

വി.എസ്. അച്യുതാനന്ദന്‍ | ചിത്രം: ബിജു വർഗീസ് / മാതൃഭൂമി
വി.എസ്. അച്യുതാനന്ദന്‍ | ചിത്രം: ബിജു വർഗീസ് / മാതൃഭൂമി

തിരുവനന്തപുരം: ഏറെ വിവാദമായ സൂര്യനെല്ലി പീഡനക്കേസിൽ വി.എസ്. അച്യുതാനന്ദൻ സജീവമായി ഇടപെട്ടിരുന്നു. മുൻ കേന്ദ്രമന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവുമായ പി.ജെ.കുര്യന്റെ പേര് പെൺകുട്ടി മൊഴി നൽകിയിരുന്നെങ്കിലും അത് പ്രതിപ്പട്ടികയിൽ ചേർത്തില്ലെന്ന ആരോപണങ്ങൾ വി.എസ്. ഉയർത്തിക്കാട്ടി. വിഎസ് അച്യുതാനന്ദൻ പ്രതിപക്ഷ നേതാവായിരിക്കെയാണ് സൂര്യനെല്ലി സംഭവം ഉണ്ടായത്. അന്ന് അദ്ദേഹം അതിജീവിതയെ സന്ദർശിച്ച നിമിഷം പങ്കുവെക്കുകയാണ് എഴുത്തുകാരിയായ സുജ സൂസൻ ജോർജ്.

'അത് വലിയൊരു ചരിത്രമാണ്. അതിലെ അവസാന ഖണ്ഡമാണ് ഇവിടെ കുറിക്കുന്നത്. വിഎസ് പ്രതിപക്ഷ നേതാവായിരുന്ന കാലം. ഒരു ദിവസം എനിക്ക് വന്ന ഒരു ഫോൺ വിഎസ് അച്യുതാനന്ദന്റെതായിരുന്നു. അദ്ദേഹത്തിന് എന്നെ  നേരിട്ട് കണ്ട് സൂര്യനെല്ലി കേസിനെ കുറിച്ച് സംസാരിക്കണമെന്ന് പറഞ്ഞു. അങ്ങനെ കുട്ടനാട് പാർട്ടി ഓഫീസിൽ വെച്ച് അദ്ദേഹത്തെ കണ്ട് ദീർഘമായി സംസാരിച്ചു.  ഞാനത്ര അടുത്തിരുന്ന് വിഎസിനെ ആദ്യം കാണുകയാണ്. ടോൺഡ് ബോഡി. തിളങ്ങുന്ന ത്വക്ക്. നരകേറി കറുപ്പ് മായാൻ ഇനിയുമേറെയുണ്ട് ബാക്കി. പ്രായം 85നു മേൽ. അതിന് അടുത്ത ആഴ്ച വിഎസ് ചങ്ങനാശേരിയിലെ അവരുടെ വീട്  സന്ദർശിച്ചു. അടച്ചിട്ട മുറിയിലിരുന്ന് മാതാപിതാക്കളോടും അവളോടും സംസാരിച്ചു. അവരുടെ സങ്കടങ്ങളെ ആറ്റിത്തണുപ്പിച്ചു. പുറമെ നിന്ന് ഞാൻ മാത്രം. വിഎസ് ബാഗ് തുറന്ന് ഒരു ലക്ഷം രൂപ എടുത്ത് അവളുടെ പപ്പയുടെ കയ്യിൽ കൊടുത്തു. അദ്ദേഹം അത് വാങ്ങാൻ മടിച്ചു. വളരെ പതുക്കെ മന്ത്രിക്കും പോലെ വിഎസ് പറഞ്ഞു. 'ഇത് അവളുടെ മുത്തശ്ശൻ തരുന്നതാണ് വാങ്ങിക്കോളൂ. ഇതെൻറെ പെൻഷൻ കാശ് സൂക്ഷിച്ചു വെച്ചതാണ്.' അതാണ് വിഎസ്. അങ്ങനെയായിരുന്നു  വി എസ്.' സുജ ഫെയ്സ്ബുക്കിൽ കുറിച്ചു.

Content Highlights: Writer Suja Susan George shares a touching account of VS Achuthanandan