വിഎസിന്റെ നിയമപോരാട്ടങ്ങള്‍ തിളച്ച ഡല്‍ഹി; മൂന്നാറിന്റെ മുറിവും

കേരള രാഷ്ട്രീയത്തിലെ വമ്പന്മാര്‍ക്കെതിരെ വി.എസ് നടത്തിയ ഉശിരന്‍ നിയമ പോരാട്ടങ്ങളുടെ ചൂടേറ്റുവാങ്ങിയ മണ്ണാണ് രാജ്യതലസ്ഥാനത്തിന്റേത്. സുപ്രീംകോടതിയില്‍ തോറ്റു കൊടുക്കാത്ത മനസ്സുമായി പോരാടിയ വി.എസിന്റെ മനസ്സറിഞ്ഞ് കൂടെ നില്‍ക്കാന്‍ പ്രതിഫലം നോക്കാതെ പ്രഗത്ഭരായ അഭിഭാഷകര്‍ അണിനിരന്നു. കേരളത്തിന്റെ നാലതിരുകള്‍ക്കകത്ത് ഒതുങ്ങിനില്‍ക്കാത്തതാണ് വി.എസ്സെന്ന പോരാളിയുടെ ഖ്യാതിയെന്ന് ഇത് വിളിച്ചുപറയുന്നു. എങ്കിലും വിഎസ് നിസ്സഹായനായിപ്പോയ ഒരു കേസുണ്ട്. അത് മുഖ്യമന്ത്രിയായിരിക്കെ ഏറ്റെടുത്ത ഏറ്റവും സാഹസികമായ മൂന്നാര്‍ ദൗത്യവുമായി ബന്ധപ്പെട്ടാണ്.
മൂന്നാര്‍ കേസ്
മൂന്നാര്‍ ഭൂമി കൃഷിക്കായി ജോണ്‍ ഡാനിയല്‍ മണ്‍റോയ്ക്ക് പാട്ടത്തിന് കൊടുക്കാന്‍ കരാറിലേര്‍പ്പെട്ടത് അന്ന് അതേറ്റെടുത്ത് നടത്തുന്ന പൂഞ്ഞാര്‍ രാജാവാണ്. കരാറിന്റെ അന്തിമ അംഗീകാരത്തിനായി പൂര്‍ണ ഉടമസ്ഥരായ തിരുവിതാംകൂര്‍ മഹാരാജാവിനടുത്തെത്തി. അദ്ദേഹം വച്ച നിബന്ധനകള്‍ അരുവികള്‍, നദികള്‍, വെള്ളക്കെട്ടുകള്‍, കുളങ്ങള്‍ എന്നിവിടങ്ങളില്‍ നിന്ന് 50 വാര വരെയും മലകളുടെ നിറുകയില്‍ നിന്ന് താഴേച്ചരിവിലേക്കുള്ള കാല്‍ മൈല്‍ ദൂരവും അതേപടി നിലനിര്‍ത്തണമെന്നായിരുന്നു. 1877ലായിരുന്നു കരാര്‍. പിന്നീട് പാട്ടഭൂമി പല വിദേശ കമ്പനികളിലൂടെ കൈമാറപ്പെട്ടാണ് 1970കളുടെ ഒടുവില്‍ ടാറ്റയുടെ കൈവശമെത്തിയത്. അന്ന് മൂന്നാര്‍ പട്ടണമില്ല. കണ്ണന്‍ദേവന്‍ കമ്പനിയുടെ ആസ്ഥാനം ദേവികുളത്താണ്. ടാറ്റയാണ് തലസ്ഥാനം മൂന്നാറിലേക്ക് മാറ്റി അവിടെ ടൗണ്‍ഷിപ്പാക്കുന്നത്. 50 വാര നിരോധിതമേഖല കൈയേറി കെട്ടിടനിര്‍മാണമാരംഭിച്ചത് ഇതോടെ. ഇവിടെ ഭൂമി അഞ്ചും പത്തും സെന്റുകളാക്കി ടാറ്റ മുറിച്ചുവില്‍പ്പന തുടങ്ങി.
രാജഭരണകാലത്തെ പാട്ടക്കരാറനുസരിച്ച് കൃഷിക്കാണ് കൈമാറ്റം. ആ കരാര്‍ വ്യവസ്ഥകള്‍ പാലിച്ചു മാത്രമേ ആര്‍ക്കും വില്‍പ്പന പാടുള്ളൂ. 1982ല്‍ അല്‍ഫോണ്‍സ് കണ്ണന്താനം ദേവികുളം സബ് കളക്ടറായെത്തിയപ്പോള്‍ കരാര്‍ലംഘനം കണ്ടെത്തി വില്‍പ്പന അസാധുവാക്കി. ഇതിനെതിരേ ടാറ്റാ ഹൈക്കോടതി സിംഗിള്‍ ബെഞ്ചിനെ സമീപിച്ചു. കയ്യേറ്റമൊഴിപ്പിക്കാനും ഒത്താശ ചെയ്ത ഉദ്യോഗസ്ഥര്‍ക്കെതിരെയടക്കം കര്‍ശനനടപടിക്കും ജസ്റ്റിസ് ബാലസുബ്രഹ്‌മണ്യം വിധിച്ചു. ടാറ്റാ ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചില്‍ അപ്പീല്‍ പോയി. നിയമലംഘനമുണ്ടെങ്കിലും ഉത്തരവിടേണ്ടത് ജൂനിയറായ സബ് കളക്ടറല്ലെന്നായിരുന്നു ഉത്തരവ്. സര്‍ക്കാര്‍ ഉന്നതതലത്തില്‍ തീരുമാനിക്കട്ടെയെന്നും വിധിച്ചു. അന്നത്തെ സര്‍ക്കാര്‍ അത് ചെയ്യാതെ സുപ്രീംകോടതിയില്‍ അപ്പീല്‍ പോവുകയാണുണ്ടായത്.
അന്നത്തെ യുഡിഎഫിലെ ഉന്നതരുടെ ബന്ധുക്കള്‍ക്കടക്കം പങ്കുള്ള കൈയേറ്റങ്ങളൊഴിപ്പിക്കുന്നത് ഇല്ലാതാക്കാന്‍ പിന്നീടിങ്ങോട്ട് കാലങ്ങളോളം നടന്നത് വലിയ ഇടപെടല്‍. 1996ലെ ഇടതുഭരണകാലത്ത് രവീന്ദ്രന്‍ പട്ടയത്തിലൂടെ ഇടതുപാര്‍ട്ടികള്‍ക്കും ബന്ധുക്കള്‍ക്കുമടക്കം അനധികൃത പട്ടയങ്ങള്‍ കിട്ടിയതോടെ മൂന്നാര്‍ പട്ടണത്തില്‍ ഇടതിനും സ്വാധീനമായി. ഇത് സുപ്രീംകോടതിയിലെ പഴയ കേസിനെതിരായ നീക്കങ്ങളുടെ ശേഷി കൂട്ടി. ആര്‍ക്കും തൊടാനാകാതെ അതങ്ങ് നീണ്ടു.
ഇതാണ് 2008ല്‍ മൂന്നാര്‍ ദൗത്യത്തിനായി നിയോഗിക്കപ്പെട്ട സ്പെഷ്യല്‍ ഓഫീസര്‍ കെ. സുരേഷ് കുമാറും സംഘവും തപ്പിയെടുത്തത്. പഴയ കേസ് ഫയല്‍ സുപ്രീംകോടതിയിലെത്തി സുരേഷ്‌കുമാര്‍ കണ്ടുപിടിച്ചു. വിഎസ് കേരളഹൗസിലെത്തി സുപ്രീംകോടതിയിലെ സര്‍ക്കാര്‍ അഭിഭാഷകരുടെയടക്കം ഉന്നതതലയോഗം വിളിച്ച് കേസ് വേഗത്തിലാക്കാന്‍ നിര്‍ദ്ദേശിച്ചു. ഇത്രയുമെത്തിയപ്പോള്‍ ഉന്നതതല ഇടപെടലെത്തി. റവന്യുവകുപ്പിന്റെ കേസില്‍ മുഖ്യമന്ത്രിയുടെ വകുപ്പിനെന്ത് കാര്യം! മുന്നണിയുടെയും പാര്‍ട്ടിയുടെയും അതിസമ്മര്‍ദ്ദത്തിന് മുന്നില്‍ നിസ്സഹായനായി മടങ്ങാനേ അന്നത്തെ രാഷ്ട്രീയകാലാവസ്ഥ വിഎസിനെ അനുവദിച്ചുള്ളൂ.
കേസ് അനാഥമായി കിടക്കുമ്പോള്‍ മൂന്നാറിലെ പഴയ കരാറിലെ നിരോധിത മേഖലയില്‍പ്പെട്ട ഭൂമിവില്‍പ്പനയും അനധികൃത നിര്‍മാണങ്ങളുമെല്ലാം സാധുവാണോ അല്ലയോ എന്ന തര്‍ക്കമാണ് തീര്‍പ്പാവാതെ നീളുന്നത്. പെട്ടിമുടിയിലടക്കം ദുരന്തമുണ്ടായിട്ടും, പാടില്ലാത്തിടത്തെ അനധികൃത നിര്‍മാണങ്ങള്‍ മൂന്നാല്‍ തൊടാതെ കിടപ്പുണ്ട്.
ഐസ്‌ക്രീം കേസ്
വി.എസ് വാര്‍ധക്യസഹജമായ അവശതയിലേക്ക് വഴുതിവീഴുന്നതിന് തൊട്ടുമുമ്പായാണ് സുപ്രീംകോടതിയില്‍ നിന്ന് ഐസ്‌ക്രീം പാര്‍ലര്‍ കേസില്‍ അനുകൂലവിധി സമ്പാദിക്കുന്നത്. ഐസ്‌ക്രീം പാര്‍ലര്‍ കേസിലുണ്ടായ വെളിപ്പെടുത്തലുകളെ തുടര്‍ന്നാണ് വി.എസ് കേസ് നടപടികളുമായി മുന്നോട്ട് പോകാന്‍ തീരുമാനിച്ചത്. കോഴിക്കോട് ജില്ലാ കോടതിയും കേരള ഹൈക്കോടതിയും പിന്നിട്ട് സുപ്രീംകോടതി വരെ വി.എസെത്തി. കോഴിക്കോട് കോടതിയില്‍ നിന്ന് വി.എസ് ആവശ്യപ്പെട്ട മുഴുവന്‍ രേഖകളും കൈമാറാനുള്ള വിധിയും സമ്പാദിച്ചായിരുന്നു സുപ്രീംകോടതിയില്‍ നിന്നുള്ള മടക്കം. കോഴിക്കോട് കോടതിയില്‍ തുടരേണ്ട കേസ് ഇനി അനാഥമാകുമായിരിക്കും.
പിള്ള ജയിലിലേക്ക്
ഇടമലയാര്‍ കേസില്‍ മുന്‍മന്ത്രി ആര്‍. ബാലകൃഷ്ണപിള്ളയെ ജയിലിലേക്കയക്കാനുള്ള അന്തിമവിധിയുണ്ടായതും സുപ്രീംകോടതിയിലെ വി.എസിന്റെ നിയമപോരാട്ടത്തിനൊടുവിലായിരുന്നു. അന്ന് പ്രഗത്ഭനായിരുന്ന അഡ്വ. ശാന്തിഭൂഷണ്‍ ആണ് വി.എസിനായി ഫീസില്ലാതെ സുപ്രീംകോടതിയില്‍ വാദിച്ചത്. പിന്നീട് പല തവണ വി.എസിനായി, അദ്ദേഹത്തിന്റെ നിര്‍ഭയത്വവും സത്യസന്ധതയും തിരിച്ചറിഞ്ഞ് സുപ്രീംകോടതിയില്‍ വാദിച്ചവരില്‍ പ്രഗത്ഭരായ ഗോപാല്‍ സുബ്രഹ്മണ്യവും രജീന്ദ്ര സച്ചാറും തുളസിയും ശാന്തിഭൂഷണിന്റെ മകന്‍ കൂടിയായ പ്രശാന്ത് ഭൂഷണും വരെയുണ്ടായി.
വിഭാഗീയതയുടെ നാളുകള്‍
സിപിഎമ്മില്‍ വിഭാഗീയത കത്തിനിന്ന നാളുകളില്‍ പാര്‍ട്ടി കമ്മിറ്റികളില്‍ പങ്കെടുക്കാന്‍ ഡല്‍ഹിയിലെത്തുന്ന വി.എസ് എപ്പോഴും ശ്രദ്ധാകേന്ദ്രമായി. മുഖ്യമന്ത്രിയായിരിക്കെ, കേരളഹൗസിലെത്തിയാല്‍ വി.എസ് താമസിച്ചിരുന്ന 204-ാം നമ്പര്‍ മുറി പ്രശസ്തമാണെന്ന് അന്നവിടെയുണ്ടായിരുന്ന പഴയ ജീവനക്കാര്‍ ഓര്‍ക്കുന്നു. വിഭാഗീയത പരസ്യ പൊട്ടിത്തെറിയിലേക്കെത്തിയ ഘട്ടത്തില്‍, 2008ല്‍ വി.എസിനെയും പിണറായി വിജയനെയും ഒരുമിച്ച് പി.ബിയില്‍ നിന്ന് തരംതാഴ്ത്തിയ കേന്ദ്രകമ്മിറ്റി യോഗത്തിന് ശേഷമുള്ള സന്ധ്യയില്‍ കേരളഹൗസ് മുറ്റത്തൂടെയുള്ള വി.എസിന്റെ സായാഹ്നനടത്തം അന്ന് മാധ്യമങ്ങള്‍ക്ക് ആഘോഷമായി. ഒന്നും സംഭവിക്കാത്തത് പോലെ തന്റെ പതിവു നടത്തത്തില്‍ മുഴുകിയ വി.എസില്‍ ആന്തരിക സംഘര്‍ഷമൊട്ടുമില്ലായിരുന്നുവത്രേ. മുഖ്യമന്ത്രിയായും പാര്‍ട്ടി പോരാളിയായുമുള്ള വി.എസിന്റെ പല മുഖങ്ങള്‍ ഒപ്പിയെടുക്കാന്‍ മാധ്യമപ്രവര്‍ത്തകര്‍ രാജ്യതലസ്ഥാനത്ത് അത്യുത്സാഹം കാട്ടി. ആ മാധ്യമക്കൂട്ടത്തില്‍ വെറും കേരളത്തില്‍ നിന്നുള്ളവരായിരുന്നില്ല. വി.എസിന് കിട്ടിയ സ്നേഹവാത്സല്യങ്ങളുടെയും സ്വീകാര്യതയുടെയും വിളംബരമായിരുന്നു എല്ലാം.
Content Highlights: Explore VS Achuthanandan`s significant legal victories