എന്നും പ്രതിപക്ഷ നേതാവ്

#അനിഷ് ജേക്കബ്
ടി.പി. ചന്ദ്രശേഖരന്റെ മൃതദേഹത്തില്‍ റീത്ത് സമര്‍പ്പിക്കുന്ന വി.എസ്. അച്യുതാനന്ദന്‍. സമീപം അന്നത്തെ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി, രമേശ് ചെന്നിത്തല, പി.കെ. കുഞ്ഞാലിക്കുട്ടി എന്നിവര്‍ | Photo: Mathrubhumi Archives
ടി.പി. ചന്ദ്രശേഖരന്റെ മൃതദേഹത്തില്‍ റീത്ത് സമര്‍പ്പിക്കുന്ന വി.എസ്. അച്യുതാനന്ദന്‍. സമീപം അന്നത്തെ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി, രമേശ് ചെന്നിത്തല, പി.കെ. കുഞ്ഞാലിക്കുട്ടി എന്നിവര്‍ | Photo: Mathrubhumi Archives

നീക്കങ്ങള്‍ എത്ര കൃത്യമാണെന്ന് മനസ്സിലാക്കാന്‍ കേരളമാകെ ശ്രദ്ധിച്ച ഒരു ചിത്രം മാത്രം മതിയാകും. നെയ്യാറ്റിന്‍കര ഉപതിരഞ്ഞെടുപ്പ് നടക്കുന്ന ദിവസം വി.എസ്., ടി.പി.ചന്ദ്രശേഖരന്റെ വീട്ടില്‍ അദേഹത്തിന്റെ ഭാര്യ രമയെ ആശ്വസിപ്പിക്കാനെത്തി. കൊലപാതകത്തിന് പാര്‍ട്ടി പ്രതിക്കൂട്ടില്‍ നില്‍ക്കുന്ന കാലത്ത് വോട്ടെടുപ്പിന്റെ നിര്‍ണായകദിവസം വി.എസ്. നടത്തിയ ആ സന്ദര്‍ശനം സി.പി.എമ്മിന് ഏല്പിച്ച ആഘാതം വലുതായിരുന്നു. ടി.പി. വധത്തിനുശേഷമുള്ള ഒരു തിരഞ്ഞെടുപ്പില്‍ സി.പി.എം. ജയിച്ചുകൂടെന്ന ലക്ഷ്യം എത്ര കൃത്യമായി അദ്ദേഹം നേടി. എന്നാല്‍, ചന്ദ്രശേഖരന്റെ ആര്‍.എം.പി. യു.ഡി.എഫുമായി പിന്നീട് ധാരണയിലായെന്ന വിമര്‍ശനം ഉന്നയിക്കാനും അദേഹത്തിന് മടിയുണ്ടായിരുന്നില്ല.

പ്രതിപക്ഷത്താണെങ്കിലും ഭരണപക്ഷത്താണെങ്കിലും വി.എസില്‍ ഒരു പ്രതിപക്ഷനേതാവുണ്ട്. ഭരണപക്ഷത്തെ പ്രതിപക്ഷനേതാവാണദ്ദേഹം -വി.എസ്. അച്യുതാനന്ദനെക്കുറിച്ചുള്ള സുകുമാര്‍ അഴീക്കോടിന്റെ നിര്‍വചനമാണിത്. പ്രതിപക്ഷത്തായിരിക്കുമ്പോള്‍ നടത്തുന്ന പോരാട്ടങ്ങള്‍ മനസ്സിലാക്കാം. എന്നാല്‍, ഭരണപക്ഷത്തായിരിക്കുമ്പോഴോ? 1996-2001 കാലത്തെ നായനാര്‍ സര്‍ക്കാരിന്റെ കാലം. ബേബി ജോണ്‍ ആണ് ജലസേചന മന്ത്രി. മാരാരിക്കുളത്തെ തോല്‍വിക്കു ശേഷം വി.എസ്. ഇടതുമുന്നണി കണ്‍വീനറായി തുടരുന്നു. മുല്ലപ്പെരിയാറില്‍ തമിഴ്നാട് കാട്ടുന്ന അതിസാമര്‍ഥ്യവും കേരളത്തിന്റെ അലംഭാവവും വി.എസ്. അക്കമിട്ട് നിരത്തി. വി.എസിന്റെ ആക്രമണത്തിനെതിരേ ആര്‍.എസ്.പി പ്രതിഷേധമുയര്‍ത്തിയപ്പോള്‍ മുല്ലപ്പെരിയാര്‍ സന്ദര്‍ശിച്ച് തന്റെ ആരോപണങ്ങള്‍ ശരിയെന്ന് തെളിയിക്കുകയാണ് അദ്ദേഹം ചെയ്തത്. നായനാര്‍ സര്‍ക്കാരിന്റെ കാലത്ത് നെല്‍വയല്‍ സംരക്ഷിക്കാന്‍ നടത്തിയ പോരാട്ടം മറ്റൊരു ഉദാഹരണം. വെട്ടിനിരത്തല്‍ സമരമെന്ന പേരില്‍ കുപ്രസിദ്ധി നേടിയ സമരം ചില ഘട്ടങ്ങളില്‍ അതിരുവിട്ടെങ്കിലും ഭക്ഷ്യക്ഷാമത്തിന്റെ പേരില്‍ ഇന്നനുഭവിക്കുന്ന ദുര്യോഗം വിലയിരുത്തുമ്പോള്‍ സമരത്തിന്റെ ഉദ്ദേശ്യശുദ്ധിയെ വാഴ്ത്താതെ വയ്യ.

കത്തിപ്പടര്‍ന്ന് വി.എസ്.

1991-'96, 2001-'06 കാലത്താണ് വി.എസ്. പ്രതിപക്ഷ നേതാവിന്റെ റോളില്‍ കേരളമാകെ കത്തിപ്പടരുന്നത്. സ്വന്തം പാര്‍ട്ടിയുടെ ആശയമായി അവതരിച്ച ജനകീയാസൂത്രണത്തിന് വിദേശ ഫണ്ടിങ്ങും മറ്റും വന്നപ്പോള്‍ സുഖകരമായ മൗനമല്ല അദ്ദേഹം വരിച്ചത്. ജനകീയാസൂത്രണത്തിന്റെ പ്രയോക്താക്കളായ തോമസ് ഐസക്, പാലോളി മുഹമ്മദ് കുട്ടി, എം.എ. ബേബി എന്നിവര്‍ക്കും പിന്തുണ നല്‍കുന്ന പിണറായി വിജയനും എതിരേ അദ്ദേഹം വിരല്‍ചൂണ്ടി. നാലാം ലോക സിദ്ധാന്തത്തിന്റെ പേരില്‍ എം.പി. പരമേശ്വരനെതിരേ എതിര്‍പ്പുയര്‍ത്തിയതും പാര്‍ട്ടിയിലെ ആശയസമരത്തിന്റെ ഭാഗമായിരുന്നു.

എഡിബി വായ്പ ഉപയോഗിച്ച് സംസ്ഥാന ഭരണനവീകരണം, തദ്ദേശസ്ഥാപനങ്ങള്‍ക്ക് സഹായധനം എന്നീ നിര്‍ദേശങ്ങള്‍ വന്നപ്പോള്‍ അതിനുനേരേ പോരാടാന്‍ പാര്‍ട്ടിയെയും അദ്ദേഹം ഒപ്പംകൂട്ടി. എന്നാല്‍, ഭരണത്തിലേറിയപ്പോള്‍ പാര്‍ട്ടി എഡിബി ലോണ്‍ അംഗീകരിച്ച് വഴിമാറി. അവസാനം വരെ എതിര്‍ത്തശേഷം വ്യവസ്ഥകളില്‍ ചില മാറ്റങ്ങള്‍ വരുത്തി വി.എസിനും വായ്പ അംഗീകരിക്കേണ്ടി വന്നു.

കരുണാകരനും സിപിഎമ്മും

കെ. കരുണാകരന്റെ നേതൃത്വത്തില്‍ രൂപവത്കരിച്ച ഡിഐസിയുമായി ബന്ധമുണ്ടാക്കാന്‍ സി.പി.എമ്മിലെ ഔദ്യോഗികപക്ഷം നടത്തിയ നീക്കം ചെറുത്തുതോല്‍പ്പിക്കാന്‍ അ?േദ്ദഹത്തിന് വലിയ പോരാട്ടം നടത്തേണ്ടി വന്നു.കരുണാകരന്‍ കോണ്‍ഗ്രസില്‍ കലാപം ഉയര്‍ത്തിത്തുടങ്ങിയപ്പോള്‍ പ്രതിപക്ഷത്തെ എംഎല്‍എമാരെ ചൂണ്ടി 40 എംഎല്‍എ മാരുടെ 'ഫിക്സഡ് ഡിപ്പോസിറ്റ് ' ഇവിടെയുണ്ടെന്ന് പറഞ്ഞ് വിമതര്‍ക്ക് മോഹം കൊടുക്കാനുള്ള തന്ത്രവും അദ്ദേഹം പയറ്റി. എന്നാല്‍, കോണ്‍ഗ്രസ് വിട്ട് അവര്‍ പുറത്തുവന്നപ്പോള്‍ ഇടതുപക്ഷമെടുക്കേണ്ട നിലപാടിനെക്കുറിച്ച് സംശയമുണ്ടായതുമില്ല. പാര്‍ട്ടിയിലെ എതിര്‍ചേരി കരുണാകരനെ ഒപ്പം കൂട്ടണമെന്ന താത്പര്യക്കാരായിരുന്നെങ്കിലും പിബിയുടെ തീരുമാനമാണ് ഇക്കാര്യത്തില്‍ വി.എസിന് ഒടുവില്‍ തുണയായത്. നിയമസഭാ തിരഞ്ഞെടുപ്പില്‍ കനത്ത വിജയം നേടാനായതിലൂടെ തന്റെ തീരുമാനം ശരിയെന്ന് ബോധ്യപ്പെടുത്താന്‍ അദ്ദേഹത്തിന് കഴിയുകയും ചെയ്തു.

വി.എസിന്റെ യാത്രകള്‍

പൂയംകുട്ടി, മതികെട്ടാന്‍, പറമ്പിക്കുളം, ജീരകപ്പാറ, കാട്ടാമ്പാറ, അച്ചന്‍കോവില്‍ തുടങ്ങിയ സ്ഥലങ്ങളില്‍ നടന്ന കൈയേറ്റങ്ങള്‍ക്കെതിരേ ശക്തമായ നിലപാട് എടുത്തത് നടപടികളെടുക്കാന്‍ സര്‍ക്കാരിനെ പ്രേരിപ്പിച്ചു. മതികെട്ടാനില്‍ വി.എസ.് എത്തിയപ്പോഴാണ് കാടിന്റെ മാറു പിളര്‍ന്ന് കൂറ്റന്‍ ലോറികള്‍ക്ക് പോകാന്‍ തക്കവിധം ജെ.സി.ബി. ഉപയോഗിച്ച് പാത വെട്ടിത്തെളിച്ചത് പുറംലോകം കണ്ടത്. യു.ഡി.എഫ്. മന്ത്രിമാരുടെ ബന്ധുക്കളാണ് കൈയേറ്റത്തിനു പിന്നിലെന്ന ആരോപണം വി.എസിന്റെ യാത്രകള്‍ക്ക് വീര്യം പകര്‍ന്നു.

Content Highlights: VS Achuthanandan: Kerala`s Fiery Opposition Leader