കർഷകത്തൊഴിലാളികളുടെ മാന്യമായ കൂലിയ്ക്കും ജീവിതത്തിനും പടപൊരുതിയ വി.എസ്

#എ.കെ ആന്റണി
അച്യുതാനന്ദനൊപ്പം ആന്റണി| Photo: G Binulal
അച്യുതാനന്ദനൊപ്പം ആന്റണി| Photo: G Binulal

ചേർത്തല താലൂക്കിലെ ആയിരക്കണക്കിനു കർഷകത്തൊഴിലാളി സ്ത്രീകൾ നേരംപുലരുംമുൻപേ അരിവാളുമായി തണ്ണീർമുക്കം, മുഹമ്മ ബോട്ടുജെട്ടികളിലേക്കു പോകുന്ന കാഴ്ച എന്റെ കുട്ടിക്കാലത്ത് ഞാൻ കണ്ടിട്ടുണ്ട്. അവർ മടങ്ങിയെത്തുന്നത് രാത്രി. കിട്ടുന്ന കൂലി തുച്ഛം. വലിയതോതിൽ അപമാനം സഹിച്ച്, അടിമകളെപ്പോലെയായിരുന്നു അവരുടെ ജീവിതം. അതിനു മാറ്റംവരുത്താൻ ആദ്യമായി മുന്നിട്ടിറങ്ങിയ നേതാവാണ് വി.എസ്. അച്യുതാനന്ദൻ. കർഷകത്തൊഴിലാളികൾക്ക് മാന്യമായ കൂലിയും ജീവിതവും ഉറപ്പായത് അങ്ങനെയാണ്.

സ്കൂൾവിദ്യാർഥിയായിരിക്കേ വയലാറിൽവെച്ചാണ് ഞാൻ വി.എസിനെ ആദ്യം കാണുന്നത്. ‍‌പിന്നീട്, കെഎസ്‌യു പ്രസിഡന്റായിരിക്കേയാണ് കുട്ടനാട്ടിൽവെച്ച് വി.എസിനെ പരിചയപ്പെട്ടത്. ആ ബന്ധം പിന്നീട് വ്യക്തിപരമായ സൗഹൃദമായി മാറി.

നിയമസഭയിൽ ഞങ്ങൾ ഒന്നിച്ചുണ്ടായിരുന്നു. അന്ന് അച്യുതമേനോനാണ് മുഖ്യമന്ത്രി. ഇ.എം.എസ്. പ്രതിപക്ഷനേതാവ്. വി.എസ്., ഇ. ബാലാനന്ദൻ എന്നിവരുടെ ഇരിപ്പിടം രണ്ടാംനിരയിലായിരുന്നു. മുദ്രാവാക്യംവിളിക്കുന്നതടക്കം പ്രതിപക്ഷത്തിന്റെ സമരങ്ങൾക്ക് ഊർജംപകർന്നത് വി.എസായിരുന്നു.

ഇടതുമുന്നണിയിലും ഞങ്ങൾ ഒന്നിച്ചുപ്രവർത്തിച്ചു. അന്ന് നായനാരായിരുന്നു സിപിഎം സെക്രട്ടറി. പക്ഷേ, എല്ലാകാര്യങ്ങളും ചെയ്തിരുന്നത് വി.എസായിരുന്നു.‌ ഞങ്ങളോടൊക്കെ അദ്ദേഹം മാന്യമായ പെരുമാറ്റം പുലർത്തി. അന്ന് ആദ്യം മൂന്നു മന്ത്രിസ്ഥാനമാണ് ഞങ്ങൾക്കു വാഗ്ദാനംചെയ്തത്. ഞങ്ങൾക്കു പ്രയാസമുണ്ടെന്നറിയിച്ചപ്പോൾ വി.എസ്. ഇടപെട്ട് അതു നാലാക്കി.

ഞാൻ മുഖ്യമന്ത്രിയായിരിക്കേ, വി.എസ്. പ്രതിപക്ഷ നേതാവായിരുന്നു. പ്രതിപക്ഷ നേതാവെന്ന നിലയിൽ സർക്കാരിനോട് ഒരു ദയയും വിട്ടുവീഴ്ചയും അദ്ദേഹം കാണിച്ചിട്ടില്ല. പക്ഷേ, പൊട്ടിത്തെറിയിലേക്കു പോവുമെന്നു കരുതിയ പല പ്രശ്നങ്ങൾക്കും ജാഗ്രതയോടെ വി.എസ്. പരിഹാരമുണ്ടാക്കി.

ഈ കാലത്താണ് കേരളത്തിലെ ഏറ്റവും വലിയ ജനകീയ നേതാവായി അദ്ദേഹം മാറിയത്. അനീതിയുണ്ടെന്നു തോന്നുന്നിടത്തെല്ലാം ഓടിയെത്തി. എ.കെ.ജി.ക്കുശേഷം നിരന്തരമായി സമരമുഖങ്ങളിൽ നിറഞ്ഞുനിന്ന നേതാവായിരുന്നു വി.എസ്. അച്യുതാനന്ദൻ. കേരളത്തിന്റെ വികസനത്തിനായി കാര്യമായി സംഭാവന നൽകിയ മുഖ്യമന്ത്രിയായിരുന്നു വി.എസ്. ഞാനന്ന് കേന്ദ്രത്തിൽ പ്രതിരോധമന്ത്രിയായിരുന്നു. ഒരു ദിവസം വി.എസ്. എന്നെ വിളിച്ചു. കൊച്ചി മെട്രോയ്ക്ക് അനുമതി കിട്ടുന്നില്ല. അതിനു സഹായിക്കണം, ഞാൻ ആന്റണിയുടെ ഓഫീസിലേക്കു വരുകയാണെന്നു പറഞ്ഞു. വി.എസിനെ കാണാൻ കേരളഹൗസിലേക്കു വരാമെന്നു ഞാൻ പറഞ്ഞു. അവിടെച്ചെന്ന്‌ ചർച്ചനടത്തി. എങ്ങനെയെങ്കിലും കൊച്ചി മെട്രോയ്ക്ക് അനുമതി കിട്ടണമെന്ന് വി.എസ്. പറഞ്ഞു. ഞങ്ങൾ രണ്ടുപേരും അതിനായി ശ്രമിച്ചു. വിഴിഞ്ഞത്തിന് പ്രതിരോധാനുമതി ലഭിച്ചതും അക്കാലത്തായിരുന്നു.

Content Highlights: V. S. Achuthanandan fight for farmer's rights, AK Antony writes