യഥാര്‍ഥ വിഷു എന്നാണ്? പാരമ്പര്യവും അല്‍പ്പം ശാസ്ത്രവിചാരവും

വിഷുക്കണി, വിഷുക്കൈനീട്ടം ഇവയാണ് വിഷുവിനെക്കുറിച്ചു പറയുമ്പോള്‍ ആദ്യം ഓര്‍മ്മയിലെത്തുക. വിഷുഅട, വിഷുക്കട്ട, വിഷുസദ്യ, വിഷുപക്ഷി, വിഷുഫലം....... എന്നിങ്ങനെ വിഷുവുമായി ബന്ധപ്പെട്ടുള്ള മറ്റു സംഗതികളും നിരവധി. വിഷുച്ചാലു കീറല്‍, വിഷുവിത, കൈക്കോട്ടുചാല്‍ എന്നിവയാണ് ക്യഷിയുമായി ബന്ധപ്പെട്ട് പറയാനുള്ളത്. പക്ഷേ, മുഖ്യം വിഷുക്കണിതന്നെ. മിനുക്കിയ ഓട്ടുരുളിയില്‍ ഒരുക്കിവച്ച മംഗളകരമായ വസ്തുക്കള്‍, പ്രത്യേകിച്ച് വേനല്‍മാസങ്ങളിലെ കണിവെള്ളരി പോലുള്ള പച്ചക്കറികള്‍, ചക്ക, മാങ്ങ പോലുള്ള ഫലങ്ങള്‍, കണിക്കൊന്നപ്പൂവ് ഇവയൊക്കെ ഒരുക്കി കണികണ്ടാല്‍ ആ വര്‍ഷം ഏറ്റവും ശുഭമെന്നാണ് വിശ്വാസം. നമ്മുടെ തനത് കാര്‍ഷിക സംസ്‌കാരവുമായി അഭേദ്യമായ ബന്ധമാണ് വിഷുവിനുള്ളത്.
വിഷു ഒരു കാര്‍ഷികോത്സവം
വിഷു, ഓണം എന്നിവ കേരളീയരുടെ പ്രധാന കാര്‍ഷികോത്സവങ്ങളാണ്. വിഷുവിന് സമാനമായ ഉത്സവങ്ങള്‍ മറ്റു പലസംസ്ഥാനങ്ങളിലുമുണ്ട്. കൃഷിയുമായി ബന്ധപ്പെട്ട് നടത്തുന്ന ആചാരങ്ങളില്‍ പ്രധാനം വിഷുച്ചാലുകീറലും കൈക്കോട്ടു ചാലുമാണ്. വിഷു ദിവസം പാടത്ത് നടത്തുന്ന ഒരാചാരമാണ് ''വിഷുച്ചാലു കീറല്‍''; വിഷുസദ്യക്കു മുമ്പായിരിക്കുമിത്. കന്നുകാലികളെ കുളിപ്പിച്ച് കുറിതൊട്ട് കൊന്നപ്പൂവു കൊണ്ടലങ്കരിച്ച് കൃഷിസ്ഥലത്ത് കൊണ്ടുവരും. പുതിയ കലപ്പ ഉപയോഗിച്ച് നിലം ഉഴുതു മറിച്ച് വിത്തിടുന്ന ഈ ചടങ്ങിന് ചാലിടല്‍ അഥവാ ചാലു കീറല്‍ എന്നും പറയും. ചാലുകളില്‍ അവില്‍, മലര്‍, ഓട്ടട എന്നിവ നേദിക്കുകയും ചെയ്യാറുണ്ട്. വിഷുക്കണിക്കും വിഷുസദ്യക്കും ശേഷം ശേഷം നടത്തുന്ന മറ്റൊരു ചടങ്ങാണ് 'കൈക്കോട്ടുചാല്‍' സാധാരണ വീടിന്റെ മുറ്റത്താണ് കൈക്കോട്ടുചാല്‍ ചടങ്ങ് നടത്തുക. പുതിയ കൈക്കോട്ടിന്റെ മുകളില്‍ അരിമാവു കൊണ്ട് കുറി തൊടുവിക്കുകയും കൊന്നപ്പൂവുകൊണ്ടലങ്കരിച്ച് വീടിന്റെ കിഴക്കുപടിഞ്ഞാറു ഭാഗത്ത് വെച്ച് പൂജിക്കുകയും ചെയ്യുന്നു. അതിനു ശേഷം കുറച്ചു സ്ഥലത്ത് കിളക്കുന്നു. ഇങ്ങിനെ കിളച്ചൊരുക്കിയിടത്ത് നവധ്യാന്യങ്ങള്‍, പച്ചക്കറിവിത്തുകള്‍ എന്നിവ നടും. അങ്ങിനെ വിഷു പറമ്പുകൃഷിക്കു കൂടി തുടക്കമാവുകയാണ്. ഇതൊക്കെ പാരമ്പര്യ ആചാരങ്ങള്‍; ഇനി അല്പം ശാസ്ത്ര വിചാരത്തിലേക്ക് വരാം.
വിഷുവും സൂര്യസഞ്ചാരവും
'വിഷുവം' എന്ന പദം ലോപിച്ചുണ്ടായതാണ് ''വിഷു''. വിഷുവിന് ''തുല്യമായത്'' എന്നാണ് അര്‍ത്ഥം. അതായത്, രാത്രിയും പകലും തുല്യമായി വരുന്ന ദിവസം. മേടവിഷുവും തുലാവിഷുവും ഉണ്ട്. നാം മേടത്തിന്റെ ആദിയില്‍തന്നെ വിഷു ആഘോഷിക്കുകയും വിഷുക്കണി കാണുകയും വിഷുഫലം നോക്കുകയുമൊക്കെ ചെയ്യുമെങ്കിലും യഥാര്‍ത്ഥ വിഷു അന്നല്ല! അടുത്ത കാലത്തായി യഥാര്‍ഥ സമരാത്രദിനം മീനം 7ന് (മാര്‍ച്ച് 21) ആണ്. ദിനരാത്രങ്ങള്‍ തുല്യമായി വരുന്ന മറ്റൊരു വിഷു കൂടിയുണ്ട്. കൃത്യം ആറുമാസത്തിനുശേഷം, അതായത് കന്നി 7ന് (സെപ്റ്റംബര്‍ 23). അതായത്, തുലാവിഷു ഇപ്പോള്‍ തുലാദിയിലല്ല, കന്നി മാസം 7ന് ആണ്! ഈ വ്യത്യാസം എങ്ങിനെ വന്നു? ഇത് മനസ്സിലാക്കണമെങ്കില്‍ അല്പം ജ്യോതിശാസ്ത്രം അറിയണം. നിലവിലുള്ള ആചാരക്രമമനുസരിച്ച് വിഷു, മേടം രണ്ടാം തിയതിയും ആകാം. ചില വര്‍ഷങ്ങളില്‍ അങ്ങിനെ വരുന്നത് ശ്രദ്ധിച്ചിരിക്കുമല്ലോ? സൂര്യസംക്രമണം ഉദയത്തിന് മുമ്പോ പിമ്പോ എന്നു നോക്കിയിട്ടാണ് വിഷു, മേടം ഒന്നിനോ രണ്ടിനോ ആകുന്നത്.
ഭൂമിക്കു ചുറ്റും ഒരു വലിയ ഗോളമായി ആകാശത്തെ സങ്കല്‍പ്പിക്കാം. ഇതാണ് ഖഗോളം (celestial sphere). അതില്‍ കിഴക്കു-പടിഞ്ഞാറു ദിശയില്‍ ഭൂമധ്യരേഖയ്ക്കു സമാന്തരമായി സങ്കല്പിക്കാവുന്ന ഖഗോള മധ്യരേഖയുണ്ട് (celestial equator). ഇതൊരു ആകാശവൃത്തം രൂപപ്പെടുത്തുന്നു. സൂര്യന്‍ ഭൂമിക്കു ചുറ്റും ഒരു വര്‍ഷംകൊണ്ട് പൂര്‍ത്തിയാക്കുന്നതായി അനുഭവപ്പെടുന്ന സഞ്ചാരപഥമാണ് ക്രാന്തിവൃത്തം (ecliptic) എന്നറിയപ്പെടുന്നത്. ഈ രണ്ടു വൃത്തങ്ങളും തമ്മില്‍ 23.5ഡിഗ്രി ചരിവുള്ളതിനാല്‍ അവ രണ്ടു സ്ഥാനങ്ങളില്‍ സന്ധിക്കും. ഇങ്ങനെയുണ്ടാകുന്ന സന്ധികളാണ് വിഷുവസ്ഥാനങ്ങള്‍. ഭൂമിയുടെ ഇരുവശങ്ങളിലുമായി 180ഡിഗ്രി വ്യത്യാസത്തിലാണ് ഇവ രണ്ടും കാണുക. ആദ്യത്തേത് വസന്ത വിഷുവം (vernal equinox) എന്നും രണ്ടാമത്തേത് ശരത് വിഷുവം (autumnal equinox) എന്നും അറിയപ്പെടുന്നു.
സൂര്യന്‍ ക്രാന്തിപഥത്തിലൂടെയുള്ള സഞ്ചാരത്തിനിടയില്‍ മാര്‍ച്ച് 21ന് (മീനം7) വസന്തവിഷുവത്തിലെത്തും. അന്ന് സൂര്യന്‍ ഭൂമധ്യരേഖയ്ക്കു മുകളിലായതുകൊണ്ട് ഭൂമധ്യരേഖാപ്രദേശത്ത് സൂര്യരശ്മികള്‍ കുത്തനെ പതിക്കുന്നു. ആ ദിവസം ഭൂമിയില്‍ എല്ലായിടത്തും രാത്രിയും പകലും തുല്യമായി അനുഭവപ്പെടും. അന്നുമുതല്‍ ഉത്തരായനം തുടങ്ങുകയായി; മാര്‍ച്ച് 21 കഴിഞ്ഞാല്‍ സൂര്യന്റെ ഉദയാസ്തമയ സ്ഥാനങ്ങള്‍ ദിവസേന ഏകദേശം നാലിലൊന്ന് ഡിഗ്രി വീതം വടക്കോട്ട് നീങ്ങിത്തുടങ്ങും. അങ്ങിനെ, ജൂണ്‍ 22-ന് (മിഥുനം 8) 23.5 ഡിഗ്രി വടക്കുമാറിയുള്ള ഉത്തരായന രേഖയുടെ മുകളിലെത്തും. അന്നാണ് ഉത്തരായനാന്തം (summer solstice). അതായത്, മാര്‍ച്ച് 21 മുതല്‍ ഉത്തരാര്‍ധ ഗോളത്തില്‍ പകലിന്റെ നീളം ക്രമാനുഗതമായി വര്‍ദ്ധിച്ച് ജൂണ്‍ 22-ന് പാരമ്യത്തിലെത്തുന്നു. ചൂടിന്റെ ആധിക്യവും കൂടിവരും. രാത്രിയുടെ ദൈര്‍ഘ്യം കുറയുകയും ചെയ്യും. ഇക്കാലത്ത് കേരളത്തില്‍ കാലവര്‍ഷമായതുകൊണ്ട് ചൂടിന്റെ കാഠിന്യം നമുക്ക് അനുഭവപ്പെടുന്നില്ലന്ന് മാത്രം. പക്ഷേ, കാലവര്‍ഷം കാലം തെറ്റിയാല്‍ പ്രശ്‌നമാകും! ദക്ഷിണാര്‍ദ്ധ ഗോളത്തില്‍ ഇതിനു നേരെ വിപരീതമായ കാര്യങ്ങളാണ് സംഭവിക്കുക.
ജൂണ്‍ 22 മുതല്‍ സൂര്യന്‍ തിരിച്ച് ദക്ഷിണായനം തുടങ്ങുകയായി. സെപ്റ്റംബര്‍ 23ന് (കന്നി 7) ഭൂമധ്യരേഖയില്‍ തിരിച്ചെത്തും. അന്ന് ശരത് വിഷുവം (autumnal equinox). ഈ സമരാത്ര ദിനത്തിനുശേഷം തെക്കോട്ടിറക്കം തുടരുന്നു. ഡിസംബര്‍ 22-ന് (ധനു 7) ദക്ഷിണായന രേഖയിലെത്തും, അന്ന് ദക്ഷിണായനാന്തം (winter solstice). ഉത്തരാര്‍ദ്ധ ഗോളത്തില്‍ ഏറ്റവും നീളംകുറഞ്ഞ പകല്‍ അന്നാണ്, പരമാവധി തണുപ്പും അനുഭവപ്പെടും. ഉത്തരാര്‍ദ്ധ ഗോളത്തില്‍ സംഭവിക്കുന്നതിന് നേരേ വിരുദ്ധമായ അവസ്ഥയായിരിക്കും ദക്ഷിണാര്‍ദ്ധ ഗോളത്തില്‍. ഡിസംബര്‍ 22-നു ശേഷം സൂര്യന്‍ ദക്ഷിണായനം അവസാനിപ്പിച്ച് തിരിച്ച് ഉത്തരായനം തുടങ്ങും!
വിഷുവും ഋതുസംക്രമണവും
സൂര്യന്റെ അയനചലനങ്ങള്‍ ഋതുക്കളിലുണ്ടാക്കുന്ന മാറ്റങ്ങളും, ചെടികളിലും മൃഗങ്ങളിലും അതുണ്ടാക്കുന്ന പ്രത്യേകതകളും, നമ്മുടെ പൂര്‍വ്വികര്‍ ശ്രദ്ധിക്കുകയും പഠിക്കുകയും ചെയ്തതിന്റെ ഫലമായാണ് സൂര്യസഞ്ചാരംകൊണ്ട് മാറി വരുന്ന കാലാവസ്ഥയെ ആസ്പദമാക്കി സംവത്സരത്തെ വിഭജിക്കുന്ന സമ്പ്രദായം ഉടലെടുക്കുന്നത്. ഋതുക്കളുടെ വരവും പോക്കുമനുസരിച്ചാണ് ലോകമെമ്പാടും കൃഷിപ്പണികളുടെ സമയം തീരുമാനിക്കുന്നത്. കലണ്ടറുകളുണ്ടായിരിക്കുന്നതും അങ്ങിനെ തന്നെ. പ്രാദേശിക കാലാവസ്ഥാ ഘടകങ്ങളനുസരിച്ച് അല്പം ഏറ്റക്കുറച്ചിലുകള്‍ ഉണ്ടാകാമെന്ന് മാത്രം.
ഋതുസംക്രമണങ്ങള്‍ നോക്കി ഭാരതീയാചാര്യന്മാര്‍ സംവത്സരത്തെ ആറൂ ഋതുക്കളായി വിഭജിച്ചു. ഓരോന്നിനും രണ്ടുമാസം വീതം കാലവും നിശ്ചയിച്ചു. വസന്തവിഷുവം മുതല്‍ രണ്ടുമാസം വസന്തകാലമാണ്. പിന്നീടു വരുന്ന രണ്ടുമാസം (ഉത്തരായനനാന്തത്തിന് ഒരു മാസം മുമ്പും, പിമ്പും) ഗ്രീഷ്മം. തുടര്‍ന്ന്, ഈരണ്ടു മാസങ്ങള്‍ വീതം വര്‍ഷം, ശരത്, ഹേമന്തം, ശിശിരം എന്നീകാലങ്ങളാണ്. അതായത്, ചൈത്ര, വിശാഖങ്ങള്‍ വസന്തവും; ജ്യേഷ്ഠ, ആഷാഢങ്ങള്‍ ഗ്രീഷ്മവും; ശ്രാവണ, ഭാദ്രപഥങ്ങള്‍ വര്‍ഷവും; ആശ്വിന, കാര്‍ത്തികകള്‍ ശരതും; മാര്‍ഗശീര്‍ഷ, പൗഷങ്ങള്‍ ഹേമന്തവും; മാഘ, ഫാല്‍ഗുനങ്ങള്‍ ശിശിരവും ആണ്.
മലയാളം കലണ്ടറിനെക്കാള്‍ ജ്യോതിശാസ്ത്രപരമായി വളരെ അടിസ്ഥാനമുള്ള കാലഗണനയാണ് ഭാരതീയരുടെ സ്വന്തം കലണ്ടറായ ശകവര്‍ഷത്തിനുള്ളത്. വസന്തവിഷുവത്തിന്റെ പിറ്റെന്നാള്‍ (മാര്‍ച്ച് 22) ആണ് സാധാരണ ചൈത്രം തുടങ്ങുന്നത്, 30 ദിവസമുണ്ടാകും. പക്ഷേ, അധിവര്‍ഷത്തില്‍ (leap year) മാര്‍ച്ച് 21 നു തുടങ്ങും; 31 ദിവസവുമുണ്ടാകും. ഈ വര്‍ഷം (2024) അധിവര്‍ഷമാണ്, അതുകൊണ്ടു ചൈത്രം മാര്‍ച്ച് 21-നു തന്നെ തുടങ്ങുകയാണ്! ആഷാഢം ജൂണ്‍ 22-നും (ഉത്തരായനാന്തം), ആശ്വിനം സെപ്റ്റംബര്‍ 23-നും (ശരത് വിഷുവം), പൗഷം ഡിസംബര്‍ 22-നും (ദക്ഷിണായനാന്തം) ആണ്. യഥാര്‍ഥ വിഷുദിനങ്ങള്‍ ശകവര്‍ഷത്തിന്റെ ശില്പികള്‍ കണക്കിലെടുക്കുന്നുവെന്നാണല്ലോ ഇതില്‍നിന്ന് മനസിലാക്കേണ്ടത്?
വിഷു എന്തുകൊണ്ട് മേഷാദിയില്‍ തുടരുന്നു?
ഇനി, മലയാളിയുടെ വിഷു, മീനം 7നു പകരം മേടം 1നു തന്നെ എന്ത് കൊണ്ട് നിലനില്‍ക്കുന്നു എന്ന്കൂടി നോക്കാം. ഇത് ശരിക്ക് മനസിലാകണമെങ്കില്‍ ഭൂഅക്ഷത്തിന്റെപുനസ്സരണം (precession) എന്ന പ്രതിഭാസം പഠിക്കണം. ബി.സി. 120-ല്‍ ഹിപ്പാര്‍ക്കസ് എന്ന ഗ്രീക്ക് ശാസ്ത്രജ്ഞനാണ് പുനസ്സരണം എന്ന പ്രതിഭാസം ആദ്യമായി വിവരിക്കുന്നത്. ഭൂമി സ്വയം കറങ്ങുന്നതോടൊപ്പം സൂര്യനു ചുറ്റും പ്രദക്ഷിണം വയ്ക്കുകയും ചെയ്യുന്നുണ്ടല്ലോ? സാങ്കല്പികമായി വടക്കോട്ടും തെക്കോട്ടും നീട്ടിയാല്‍ ഈ ചലനങ്ങള്‍കൊണ്ട് ഖഗോളത്തില്‍ ഏകദേശം 26,000 വര്‍ഷംകൊണ്ട് ഒരു വൃത്തം വരയ്ക്കും എന്നായിരുന്നു ഹിപ്പാര്‍ക്കസ് പറഞ്ഞത്. പണ്ടുകാലത്ത് കണ്ടിരുന്ന നക്ഷത്രങ്ങളെ ഇപ്പോള്‍ അതേസ്ഥാനത്ത് കാണാന്‍ പറ്റാത്തതിന്റെ കാരണം ഈ പുനസ്സരണമാണ്.
പുനസ്സരണം എന്ന പ്രതിഭാസം കാരണം വിഷുവസ്ഥാനങ്ങളും ക്രമേണ മാറിക്കൊണ്ടിരിക്കും. കൃത്യമായി പറഞ്ഞാല്‍ 72 വര്‍ഷംകൊണ്ട് ഒരു ഡിഗ്രി എന്ന തോതില്‍ പടിഞ്ഞാറോട്ടാണ് ഈ പുനസ്സരണം. ഒരു ഡിഗ്രി എന്നത് ഏകദേശം ഒരു ദിവസമായിരിക്കുമല്ലോ. ഏകദേശം 1600 വര്‍ഷങ്ങള്‍ക്കു മുമ്പ് വിഷുവസ്ഥാനം മേടം രാശിയുടെ തുടക്കത്തില്‍ എത്തിയതായി കരുതപ്പെടുന്നു. മേടം ഒന്നിന് വിഷുവെന്നും അന്ന് വര്‍ഷാരംഭം എന്ന രീതിയുമൊക്കെ അക്കാലത്ത് രൂപപ്പെട്ടതായിരിക്കണം. ഇന്നും കേരളത്തിന്റെ ചില ഭാഗങ്ങളില്‍, പ്രത്യേകിച്ച് ഉത്തര കേരളത്തില്‍ വര്‍ഷാരംഭം മേടം ഒന്നിന് തന്നെ ആണ്! വിഷുവസ്ഥാനങ്ങള്‍ക്ക് പിന്നീടുണ്ടായ മാറ്റം മലയാള മാസത്തിന്റെ കാര്യത്തില്‍, പക്ഷേ, കണക്കിലെടുക്കാതെ പോയി എന്നാണ് ഇക്കാര്യങ്ങള്‍ വെളിവാക്കുന്നത്.
വസന്തവിഷുവബിന്ദു ഇപ്പോള്‍ മേടം രാശിയില്‍നിന്ന് 23 ഡിഗ്രിയോളം (23 ദിവസം) പിന്നോക്കം പോയി മീനം രാശിയിലാണുള്ളത്. ചുരുക്കത്തില്‍ യഥാര്‍ത്ഥ വിഷു ഇപ്പോള്‍ മീനം 7 നാണ്! ലോകമെമ്പാടും അങ്ങനെ തന്നെ. വിഷുവസ്ഥാനങ്ങള്‍ ഇനിയും മാറിക്കൊണ്ടിരിക്കും. വിഷുപ്പക്ഷിയും കണിക്കൊന്നയുമൊക്കെ ഈ വിവരം നന്നായി മനസ്സിലാക്കിയിട്ടുണ്ട്. വിഷുപ്പക്ഷിയുടെ 'വിത്തും കൈക്കോട്ടും' പാട്ട് നേരത്തേ കേട്ടുതുടങ്ങുന്നതും കണിക്കൊന്ന നേരത്തെ പൂത്തുലയുന്നതിന്റെയും കാരണം മറ്റൊന്നുമാകാന്‍ ഇടയില്ല!
വിഷുപ്പക്ഷി
വിഷുപ്പക്ഷിയെക്കുറിച്ച് കൂടി ചിലത് പറയേണ്ടിയിരിക്കുന്നു. മലയാളികള്‍ക്ക് വളരെ പരിചിതമായ ഒരു പക്ഷിയാണ് വിഷുപ്പക്ഷി (Indian Cuckoo). ഈ പക്ഷിക്ക് ''കതിരു കാണാക്കിളി'', ''ഉത്തരായണക്കിളി'', ''ചക്കക്കുപ്പുണ്ടോ കുയില്‍'' എന്നിങ്ങനെയും പേരുകളുണ്ട്. ശാസ്ത്രനാമം കുക്കുലസ് മൈക്രോപ്റ്ററസ് (Cuculus micropterus). നല്ല ഉയരമുള്ള മരങ്ങളില് വസിക്കുന്ന ഈ കുയിലിന്റെ ശബ്ദം വളരെ ദൂരത്തില് വരെ കേൾക്കാം. പക്ഷേ, ഇവയുടെ ശബ്ദം പലര്‍ക്കും പല തരത്തിലാണ് അനുഭവപ്പെടുക!
'വിത്തും കൈക്കോട്ടും'
'ചക്കക്കുപ്പുണ്ടോ?'
''ഒക്കെ തെക്കോട്ട്''
'അച്ഛന് കൊമ്പത്ത്', ''അമ്മ വരമ്പത്ത്'',
''കള്ളന് ചക്കേട്ടു'', 'കണ്ടാ മിണ്ടണ്ട', ''കൊണ്ടോയി തിന്നോട്ടെ'
വിത്ത് വിതക്കുന്നതും, അച്ഛന്‍ ചക്കയും മാങ്ങയുമിടാന്‍ മരം കേറുന്നതും, പാടവും വരമ്പുമൊക്കെ സജീവമാകുന്നതും, ചക്ക വേവിക്കുന്നതുമൊക്കെ ഇക്കാലത്താകയാല്‍ ഇതിലേതും സ്വീകാര്യം തന്നെ! നിവൃത്തികേട് കൊണ്ട് ചക്ക മോഷ്ടിക്കുന്ന കള്ളന്മാര് അവ കൊണ്ട് പോയി തിന്നോട്ടെ എന്ന് കരുതുന്നവരും പണ്ടുകാലത്ത് ധാരാളമുണ്ടായിരുന്നു! വിഷുപ്പക്ഷിയുടെ പ്രജനന കാലത്താണ് ഉയര്‍ന്ന ശബ്ദത്തില് ഇവ ഇങ്ങിനെ പാട്ടു പാടുന്നത്. മാന്യവായനക്കാര്‍ക്കെല്ലാം വസന്ത വിഷു ആശംസകള്‍!
Content Highlights: Vishuvam Vishu And Science