തരിശുകിടന്ന പറമ്പിൽ വെള്ളരിയും കക്കിരിയും കൃഷി ചെയ്ത് വിളവെടുത്ത് കണിവെച്ചിരുന്ന ഓർമകള്‍

വിഷുവിന് പ്രധാന്യം വിഷുക്കണിക്കും കൈനീട്ടത്തിനും തന്നെ, വിഷുക്കണി ഒരുക്കാനുള്ളതെല്ലാം കടയിൽനിന്നും നേരിട്ട് എത്തിയ്ക്കും. മറ്റുവീടുകളിൽ കണിവെച്ചതിനേക്കാൾ നല്ല കളർഫുൾ കണി ഒരുക്കാൻ വേണ്ടി ഡ്രാഗൺ ഫ്രൂട്ട് പോലുള്ള ന്യൂജനറേഷൻ ഫലങ്ങൾ കണിവെക്കാൻ ഉൾപ്പെടുത്തി വാട്ട്സ് ആപ്പ് സ്റ്റാറ്റസ് ഇടുന്നവരുടെ കാലമാണിത്.
എന്റെ തറവാട്ടുവീടിനു തൊട്ടടുത്ത് തരിശുകിടന്ന പറമ്പിൽ വെള്ളരിയും കക്കിരിയും കൃഷി ചെയ്ത് വിളവെടുത്ത് കണിവെച്ചിരുന്ന ഓർമകളോട് വല്ലാത്ത അത്ഭുതമാണിന്നു തോന്നുന്നത്. ആ കൃഷിക്ക് നനക്കുന്നതിനുവേണ്ടി എത്രയോ വെള്ളം എന്റെ കുഞ്ഞികൈകളിൽ ചെറിയ പാത്രങ്ങളിലാക്കി കൊണ്ടുപോയിട്ടുണ്ട്. ചെരുപ്പിലെല്ലാം വെള്ളവും അവിടുത്തെ ചുവപ്പ് മണ്ണും കുഴഞ്ഞു പറ്റിപ്പിടിച്ച് കാലിനു ഇരട്ടികനമായാലും വെള്ളം എടുക്കാനും നനക്കാനും ഓടിനടക്കാനും ഒരുപാടിഷ്ടമായിരുന്നു. അവിടെ ആ ചെയ്തുകൊടുക്കുന്ന സഹായത്തിനു പുറമെ ആരും കാണാതെ പാകമാകാത്ത കുഞ്ഞുവെള്ളരിക്ക പൊട്ടിച്ച് വായിലിടും അങ്ങനെയുള്ള എന്റെതായ ചില കള്ളപണികളും ചെയ്യും. വീട്ടിലെ ആദ്യത്തെ കൺമണിയായ എന്നെ എത്ര മുതിർന്നാലും "വാവേ"യെന്നാണ് ഇന്നും ഇളയച്ഛൻ വിളിക്കുന്നത്. ആ വാവ ചെയ്യുന്ന കുസൃതികൾക്ക് അതുകൊണ്ട് തന്നെ വടിയും അടിയുമില്ല.
ഞങ്ങൾ വിഷുവിന് സദ്യ കഴിഞ്ഞിട്ട് അമ്മയുടെ വീട്ടിൽ പോകുന്നതാണ് പതിവ്. പക്ഷെ ആ വർഷത്തെ വിഷുവിനു മുൻപ് അമ്മയും സഹോദരങ്ങളും അമ്മയുടെ വീട്ടിൽ പോയി എന്തോ ചില കാരണങ്ങളാൽ ഞാൻ അച്ഛന്റെ വീട്ടിൽ നിന്നു. അന്നെനിക്ക് ഏകദേശം ഏഴ് വയസ് പ്രായം ഉണ്ടാകും.
സാധാരണ അച്ഛൻ പടക്കങ്ങളൊന്നും വാങ്ങിക്കാറില്ല അതെല്ലാം വിഷുവിനടുത്ത ദിവസങ്ങളിൽ ഇളയച്ഛന്റെയും അച്ഛാച്ചന്റെയും വകയാണ്. ആ വർഷം ഇളയച്ഛന്റെ ആദ്യത്തെ കുഞ്ഞിന്റെ പുത്തൻ വിഷുവായിരുന്നു. അത് കൂടെ കരുതി ശബ്ദം കുറവുള്ള പടക്കങ്ങളാണ് അവര് വാങ്ങിച്ചിരുന്നത്. വിഷുവിനു തലേന്ന് രാത്രി ജോലികഴിഞ്ഞു വരുമ്പോഴാണ് പടക്കങ്ങൾ കൊണ്ട് വന്നത്, അതെല്ലാം എനിക്കും കാണിച്ചു തന്നു. കമ്പിത്തിരി, മത്താപ്പൂ, പൂത്തിരി, പാമ്പ് ഗുളിക, നിലചക്രം, മേശപ്പൂ അങ്ങനെ കത്തിക്കുമ്പോൾ കാണാൻ ഭംഗിയുള്ളവ മാത്രം. "രാവിലെ നേരത്തെ എണീക്കണേ വാവേ എന്നിട്ട് ഇതെല്ലാം പൊട്ടിക്കണംട്ടോ... " ഇളയച്ഛൻ കിടക്കുന്നതിന് മുൻപ് എന്നോട് പറഞ്ഞു.
അതിരാവിലെ അച്ഛമ്മ വരാന്തയുടെ ഒരറ്റത്തു ദൈവങ്ങളുടെ ഫോട്ടോകൾക്ക് താഴെ ചെറിയൊരു കണി ഒരുക്കിവെക്കും. അതിൽ അഞ്ച് തിരിയിട്ട് വെട്ടിത്തിളങ്ങി കത്തുന്ന നിലവിളക്കും അതിനടുത്ത് വീട്ടിൽ തന്നെ ചുട്ടെടുത്ത നെയ്യപ്പവും പിന്നെ പറമ്പിലുണ്ടായ കണിവെള്ളരിയും കുറച്ച് നാണയങ്ങളും ഒരു പാത്രത്തിലാക്കി തറയിൽ വെച്ചിട്ടുണ്ടാകും. വീട്ടുകാരെല്ലാം കണി കണ്ടതിനുശേഷം ആ കണിയെടുത്ത് കണ്ണന്റെ സ്വന്തം ഗോക്കൾക്ക് തൊഴുത്തിലേക്ക് കാണിക്കും.
പുത്തൻ വിഷു കാണാൻ കുഞ്ഞാവ എണീക്കാൻ വൈകിയതിനാൽ ഇളയച്ഛനും ഇളയമ്മയും പടക്കമൊന്നും പൊട്ടിക്കാതെ കാത്തിരുന്നു. ഇതൊന്നും അറിയാതെ എന്നോട് പറഞ്ഞ കാര്യം മാത്രം അനുസരിച്ച് എന്നെ കൊണ്ട് പറ്റുന്നതുപോലെ ഞാൻ എല്ലാം ഒറ്റയ്ക്ക് ആഘോഷിച്ചു. "വാവേ വാ.... "എന്നും വിളിച്ച് ഇളയച്ഛനും ഇളയമ്മയും അവളെ കൊണ്ട് പുറത്തേക്ക് വന്നു.
പടക്കങ്ങൾ വെച്ച സ്ഥലത്തു ഇന്നലെ കുഞ്ഞാവയെ കാണിക്കാൻ വേണ്ടി വാങ്ങിയ കത്തുന്നതൊന്നും കാണാഞ്ഞിട്ട് എന്നെ നോക്കി... അപ്പോഴും ഒരു ഭാവമാറ്റവും ഇല്ലാതെ നിന്ന എന്നെ എനിക്ക് ഇന്നും ഓർമ്മയുണ്ട്. "രാവിലെ നേരത്തെ എണീച്ചു ഇതെല്ലാം പൊട്ടിക്കണമെന്ന് എന്നോട് പറഞ്ഞോണ്ട്" ഞാൻ പൊട്ടിച്ചെന്ന് പറഞ്ഞു. ഒന്നും പറയാതെ ഒരു ചിരിമാത്രം തന്ന് അവർ അകത്തേക്ക് പോയി. അന്ന് ആ പ്രായത്തിൽ അതൊരു തെറ്റായിപ്പോയെന്ന് എനിക്ക് തോന്നിയില്ല, പിന്നീടുള്ള വർഷങ്ങളിൽ പടക്കങ്ങളെടുക്കുമ്പോൾ അതൊരു വല്ലാത്ത ചമ്മലായി മനസ്സിലേക്ക് ആദ്യം ഓടിവരും.
Content Highlights: Vishu, Vishu Memory, Vishu Celebration, Vishu 2024