ഉത്സവകാലം ഇങ്ങെത്തി; ഉണര്‍ന്ന് വസ്ത്രമേഖലയും

കോഴിക്കോട്: പ്രളയവും കോവിഡുമെല്ലാം തീര്‍ത്ത പ്രതിസന്ധികളെ പിന്തള്ളി സജീവമായി വസ്ത്രവിപണി. വിഷു, ഈസ്റ്റര്‍, റംസാന്‍ ആഘോഷങ്ങളുടെ തിരക്കിലേക്ക് കടന്നുകഴിഞ്ഞു വിപണി. പരീക്ഷാകാലമായിരുന്നിട്ടും പൊള്ളുന്ന ചൂടിലും കോഴിക്കോടിന്റെ ഗ്രാമീണപ്രദേശങ്ങളില്‍ നിന്നുപോലും ജനങ്ങള്‍ വിഷുക്കോടിയെടുക്കാന്‍ മിഠായിത്തെരുവില്‍ എത്തുന്നുണ്ട്. ആവശ്യക്കാരെ ആകര്‍ഷിക്കാന്‍ പലതരം ഓഫറുകളും ഒരുക്കിയിട്ടുണ്ട്. കോവിഡ് കാലത്ത് അധികം സ്റ്റോക്ക് എടുക്കാത്തതിനാലും അന്ന് ആവശ്യക്കാരില്ലാത്തതിനാലും വിപണിയില്‍ പുതിയ ട്രെന്‍ഡ് ഇറക്കാന്‍ കച്ചവടക്കാര്‍ക്ക് കഴിഞ്ഞിട്ടുണ്ട്.
വിഷു പ്രമാണിച്ച് കോട്ടന്‍സാരികളും കൈത്തറിവസ്ത്രങ്ങളുമാണ് ഏറ്റവുമധികം വിറ്റഴിക്കപ്പെടുന്നത്. കസവുസാരികളില്‍ മുമ്പ് ഗോള്‍ഡന്‍ കസവിനോടായിരുന്നു താത്പര്യമെങ്കില്‍ ഇപ്പോഴത് മാറി. സില്‍വര്‍മാറ്റ് ഡിസൈനര്‍ സാരിയും കോട്ടന്‍ കളര്‍സാരിയും ടിഷ്യു സാരികളും ആ സ്ഥാനത്ത് ഇടംപിടിച്ചിരിക്കുന്നു. ക്രോപ്പ് ടോപ്പുകളും ഡെനിമുകളുമാണ് യുവതലമുറക്കാര്‍ക്ക് പ്രിയം. കുഞ്ഞുങ്ങള്‍ക്കുള്ള വ്യത്യസ്തങ്ങളായ ഉടുപ്പുകളുമുണ്ട്. പലതരത്തിലുള്ള ട്രെന്‍ഡി പാര്‍ട്ടിവെയറുകളും വിപണിയില്‍ സ്ഥാനംപിടിച്ചിട്ടുണ്ട്.
കോവിഡ് നിയന്ത്രണങ്ങളില്ലാത്തതിനാല്‍ പകലുകളെക്കാള്‍ തിരക്കേറിയതാണ് മിഠായിത്തെരുവിലെ രാത്രികള്‍. ശനിയാഴ്ചകളില്‍ വ്യാപാരോത്സവം നടത്തുന്നതും തെരുവിലെ വിപണിക്ക് ഉണര്‍വേകിയിട്ടുണ്ട്. നഗരത്തിലെ മറ്റുകടകളിലും തിരക്കായിട്ടുണ്ട്. കുടുംബമൊന്നാകെ വസ്ത്രങ്ങളുംമറ്റും വാങ്ങാന്‍ എത്തുന്നുണ്ട്.
രണ്ടുവര്‍ഷമായി പ്രയാസത്തിലായ തെരുവുകച്ചവടക്കാരും നിരത്തിലെത്തിയതോടെ കച്ചവടം പൊടിപ്പൊടിക്കുമെന്നാണ് കരുതുന്നത്. എന്നാല്‍ ഇടയ്ക്ക് പെയ്യുന്ന മഴയും കച്ചവടത്തിന് തിരിച്ചടിയാകുന്നുണ്ട്. നീണ്ട ഇടവേളയ്ക്കുശേഷം വിപണി പിന്നെയും സജീവമായതില്‍ ആശ്വാസത്തിലാണ് കച്ചവടമേഖല. വിഷുവിനും റംസാനുംശേഷം കച്ചവടം കുറയുമെങ്കിലും ഉത്സവകാലം പ്രതീക്ഷ തരുന്നതാണെന്ന് നഗരത്തിലെ വ്യാപാരികളില്‍ ഒരാള്‍ പറഞ്ഞു.
Content Highlights: festival season started kozhikode sm streert textile, vishu 2022