നിയമങ്ങളില്ല, നിയന്ത്രണങ്ങളില്ല; വായനയെ ആഘോഷമാക്കുന്ന കേരളത്തിലെ കൂട്ടായ്മകൾ

'ഞായറാഴ്ച വൈകുന്നേരമാവാന്‍ കോഴിക്കോട്ടെ ചിലര്‍ കാത്തിരിക്കും. ജോലിയുടെ സമ്മര്‍ദവും രാവിലെ മുതലുള്ള ഓട്ടപാച്ചിലും ഒന്നുമില്ലാത്ത ആ ദിവസം ഉച്ചയ്ക്ക് മൂന്നുമണിയാകുമ്പോള്‍ അവര്‍ ഓരോരുത്തരായി സരോവരം ബയോപാര്‍ക്കിലേക്കെത്തും. ഇഷ്ടമുള്ള ഒരിടത്ത് ഇരിക്കും. പിന്നെ കൈയിലുള്ള പുസ്തകം തുറന്ന് വായിക്കാന്‍ തുടങ്ങും. മതില്‍കെട്ടുകളിലാത്ത, തുറന്ന ആകാശത്തിനുകീഴെ മണിക്കൂറുകളോളം നിശബ്ദമായൊരു വായന. പിന്നീട് ചര്‍ച്ചയാണ്. വായിച്ച പുസ്തകത്തില്‍ തുടങ്ങി സിനിമയിലേക്കും രാഷ്ട്രീയത്തിലും അങ്ങനെ പല വിഷങ്ങളിലേക്കും ചര്‍ച്ച നീളും. ഒടുക്കം അടുത്തയാഴ്ച കാണാമെന്ന് ഉറപ്പില്‍ പിരിയും...'
'കോഴിക്കോട് റീഡ്‌സ്' എന്ന വായനാക്കൂട്ടായ്മയുടെ പതിവ് രീതിയാണിത്. പക്ഷേ സാഹിത്യനഗരമായ കോഴിക്കോട് മാത്രമേ വായനക്കൊരു കൂട്ടായ്മയുള്ളതെന്ന് കരുതരുത്. കേരളത്തിലെ മിക്ക ജില്ലകളിലും ഇന്ന് സജീവമായി പ്രവര്‍ത്തിക്കുന്ന നിരവധി വായനാകൂട്ടായ്മകളുണ്ട്. സ്ഥലത്തിനും സമയത്തിനും മാറ്റമുണ്ടെങ്കിലും എല്ലായിടത്തും വായനയ്ക്കായി ഒരുമിച്ചവരെ, വായനയെ ആഘോഷമാക്കുന്നവരെ കാണാം. എല്ലാവരും ഫോണിലാണെന്ന് പരാതിപ്പെടുന്നവരും വെര്‍ച്വല്‍ കാലത്ത് എന്ത് വായനയെന്ന് പറഞ്ഞ് സഹതപിക്കുന്നവരും ഈ കൂട്ടായ്മകളെ പരിചയപ്പെടണം. വായന ഇല്ലാതാവുകയല്ല, ഇവരിലൂടെയെല്ലാം വായന വളരുന്നതും വിടരുന്നതും നേരില്‍ കാണാം.
കബ്ബണ്‍ റീഡ്‌സ്
കേരളത്തിലെ പല വായനാ കൂട്ടായ്മകള്‍ക്കും പ്രചോദനമായത് 'കബ്ബണ്‍ ONG' എന്ന ബാംഗ്ലൂരിലെ കൂട്ടായ്മയാണ്. 2022 ഡിസംബറില്‍ രണ്ടുസുഹൃത്തുക്കള്‍ തുടങ്ങിയ പതിവുശീലങ്ങളാണ് ഇന്ന് രാജ്യാന്തര തലത്തില്‍ വളര്‍ന്ന ഈ കൂട്ടായ്മ. സുഹൃത്തുക്കളായ ശ്രുതി സാഹും ഹര്‍ഷ് സ്നേഹാന്‍ഷുവും വാരാന്ത്യങ്ങളില്‍ കബ്ബണ്‍ പാര്‍ക്കിലേക്ക് സൈക്കിള്‍ സവാരി നടത്തുകയും അവിടെയിരുന്ന് പുസ്തകം വായിക്കുകയും ചെയ്തിരുന്നു. ഇതിന്റെ ചിത്രങ്ങള്‍ ഇന്‍സ്റ്റ്ഗ്രാമിലൂടെ പങ്കുവെച്ചപ്പോള്‍ ഇരുവരുടെയും സുഹൃത്തുക്കള്‍കൂടി അടുത്തയാഴ്ച വായനയില്‍ പങ്കുചേര്‍ന്നു. പതിയെ പതിയെ അപരിചിതരായ നിരവധിയാളുകള്‍ വായനക്കായി കബ്ബണ്‍ പാര്‍ക്കിലേക്ക് എത്തുകയുമായിരുന്നു.
പ്രത്യേകിച്ച് ഒരു നിയമാവലികളുമില്ലാതെ ആര്‍ക്കും ഭാഗമാവാന്‍ കഴിയുന്നു എന്നതാണ് കൂട്ടായ്മയെ ഏറെ വ്യത്യസ്തമാക്കുന്നത്. അംഗത്വമെടുക്കേണ്ട, വരിസംഖ്യ ആവശ്യമില്ല, പ്രായ- ലിംഗ വ്യത്യാസമില്ല. ആരുടെയും പേരുവിവരങ്ങള്‍ ശേഖരിക്കപ്പെടില്ല. പരസ്പരം പരിചയപ്പെടണമെന്നും നിര്‍ബന്ധമില്ല. സംസാരിക്കേണ്ടവര്‍ക്ക് സംസാരിക്കാം, പുതിയ ബന്ധങ്ങളുണ്ടാക്കാം. മിണ്ടാന്‍ താല്‍പര്യമില്ലെങ്കില്‍ എന്തേ മിണ്ടാത്തതെന്ന് ആരും ചോദിക്കില്ല. എപ്പോള്‍ വരണം, എപ്പോള്‍ പോകണം, എവിടെ ഇരിക്കണം, എന്ത് വായിക്കണം ഇതെല്ലാം വായിക്കുന്നവര്‍ക്ക് തീരുമാനിക്കാം. എല്ലാം ഓരോരുത്തരുടെയും ഇഷ്ടമനുസരിച്ചാണ്.
കൂട്ടായ്മയെക്കുറിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി എക്‌സില്‍ പങ്കുവെച്ചതോടെ ദേശീയ ശ്രദ്ധയും ലഭിച്ചു. മാസങ്ങള്‍ക്കുള്ളില്‍ രാജ്യത്തിനകത്തും പുറത്തുമായി അറുപതിലധികം നഗരങ്ങളില്‍ കബ്ബണ്‍ റീഡ്മിന്റെ ചാപ്റ്ററുകള്‍ തുടങ്ങി. എല്ലായിടത്തും കബ്ബണ്‍ റീഡ്‌സിന്റേത് പോലെ തന്നെ, നിയമങ്ങളോ നടപടിക്രമങ്ങളോ ഒന്നുമില്ല. വായിക്കാനിഷ്ടമുള്ളവര്‍ക്കാര്‍ക്കും വരാം, വായിക്കാം.
തിരുവനന്തപുരം റീഡ്‌സ്
2023 ജൂണിലാണ് ടെക്‌നിക്കല്‍ റൈറ്ററായ ബിന്നി ബാബുരാജും രേവതി, ഗായത്രി എന്നിവരും ചേര്‍ന്നാണ് തിരുവനന്തപുരത്ത് കബ്ബണ്‍ റീഡ്‌സിന്റെ
ചാപ്റ്റര്‍ തുടങ്ങുന്നത്. എല്ലാ ശനിയാഴ്ചയും രാവിലെ എട്ടു മണിമുതല്‍ 11 മണിവരെ തലസ്ഥാനത്തെ മ്യൂസിയം പാര്‍ക്കിലാണ് ഇവരുടെ ഒത്തുചേരല്‍. ആദ്യത്തെ എഡിഷനില്‍ 15 പേരാണ് ഭാഗമായതെങ്കില്‍ പിന്നീടത് മുപ്പതും നാല്‍പ്പതുമായി ഉയര്‍ന്നു. ഇന്ന് കുറഞ്ഞത് 40-45 പേരെങ്കിലും പുസ്തകവുമായി വായിക്കാനെത്തുന്നുണ്ട്.
മൂന്നുമണിക്കൂര്‍ നേരം വായനയാണ്. ശേഷം എല്ലാവരുടെയും പുസ്തകമെല്ലാം അടുക്കിവെച്ച് ഫോട്ടോയെടുക്കും, പിന്നീട് വന്നവരുടെ ഒരു ഗ്രൂപ്പ് ഫോട്ടോ. എല്ലാം കഴിഞ്ഞാല്‍ ഒരു ചായ കുടിച്ച് പിരിയും. ഇതാണ് തിരുവനന്തപുരം റീഡ്‌സിന്റെ പതിവ്. ഇവിടെ ചര്‍ച്ചകള്‍ വളരെ കുറവാണ്. മനഃപൂര്‍വം ചര്‍ച്ചകള്‍ കുറയ്ക്കാന്‍ ശ്രമിക്കാറുണ്ടെന്ന് ക്യുറേറ്റര്‍ ബിന്നി തന്നെ പറയുന്നു. 'ഇവിടെ വായിക്കാനെത്തുന്നവരില്‍ മിക്കവരും അന്തര്‍മുഖരും സമൂഹത്തില്‍ ഇടപെടാന്‍ അധികം താല്‍പര്യമില്ലാത്തവരുമാണ്. അവരെ ചര്‍ച്ചയുടെ ഭാഗമാക്കുന്നത് ശരിയല്ല. നിശബ്ദമായി വായിച്ചു മടങ്ങാം', ബിന്നി വ്യക്തമാക്കി.
എല്ലാ ആഴ്ചയും കൂടുന്നവരുടെ ഫോട്ടോ ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്യുമെന്നല്ലാതെ മറ്റു പ്രൊമോഷന്‍ പരിപാടികളൊന്നും ഇവര്‍ നടത്താറില്ല. വാട്ട്‌സ്ആപ്പ് ഗ്രൂപ്പില്ല. ഇന്‍സ്റ്റഗ്രാമില്‍ പോലും സംശയങ്ങള്‍ ചോദിക്കാമെന്നേയുള്ളൂ. ഈ തീരുമാനത്തിനും ശനിയാഴ്ച രാവിലെ എട്ടുമണിക്ക് തന്നെ കൂടുന്നതിനുമെല്ലാം വ്യക്തമായ ഉത്തരവും ഇവര്‍ക്കുണ്ട്.
'രാവിലെ നേരം വൈകുന്നതിനനുസരിച്ച് കൂടുതല്‍ ആളുകള്‍ പാര്‍ക്കിലേക്ക് എത്താന്‍ തുടങ്ങും. വലിയ പ്രൊമോഷന്‍ കൊടുത്താലും ഇതുതന്നെയാണ് പ്രശ്‌നം. ഈ കൂട്ടായ്മ എന്തിനാണെന്ന് അറിഞ്ഞ്, വായിക്കാന്‍ ഇഷ്ടമുള്ളവര്‍ മാത്രം വന്നാല്‍ മതി. അങ്ങനെ എത്രപേര്‍ വന്നാലും കുഴപ്പമില്ല. ഒരു അവധി ദിവസം രാവിലെ ഇത്രനേരത്തെ വായിക്കണമെന്ന് ഉറപ്പുള്ളവര്‍ മാത്രമേ വരികയുള്ളൂ', ബിന്നി പറയുന്നു.
തൃശ്ശൂര്‍ റീഡ്‌സ്
തിരുവനന്തപുരം റീഡ്‌സ് തുടങ്ങിയതിനു പിന്നാലെ സാംസ്‌കാരിക തലസ്ഥാനത്ത് എൻജിനീയറായ ഗൗതം തുടങ്ങിയ വായനാകൂട്ടായ്മയാണ് തൃശ്ശൂര്‍ റീഡ്‌സ്. തേക്കിന്‍ക്കാട് മൈതാനത്തില്‍ എല്ലാ ഞായറാഴ്ചയും രാവിലെ ഒന്‍പത് മണിമുതല്‍ 12 മണിവരെയാണ് ഇവിടത്തെ വായന. ആദ്യത്തെ എഡിഷനില്‍ ഏഴുപേരായിരുന്നത് പിന്നീട് ഇരുപത്തിയഞ്ച് പേരിലേക്ക് വരെ എത്തി. തിരുവനന്തപുരത്തും കൊച്ചിയിലുമൊക്കെ ജോലിചെയ്യാനും പഠിക്കാനുമായി ആ നഗരങ്ങളിലേക്ക് കുടിയേറിയവരും കൂട്ടായ്മയുടെ ഭാഗമാണെങ്കില്‍ ഇവിടെ അധികവും തൃശ്ശൂര്‍ സ്വദേശികള്‍ തന്നെയാണുള്ളത്. ചാലക്കുടിയില്‍ നിന്നും കുന്ദംകുളത്തുനിന്നും രണ്ട് മണിക്കൂറോളം യാത്ര ചെയ്ത് വരുന്നവരുമുണ്ട്.
അംഗങ്ങളുടെ എണ്ണം പരിമിതമായതിനാല്‍ വട്ടത്തിലിരുന്നൊക്കെയാണ് പലപ്പോഴും ഇവിടെ വായന. വരുമ്പോള്‍ സംസാരമൊന്നുമില്ല, വന്ന് ഇഷ്ടപ്പെട്ട സ്ഥലത്തിരുന്ന് വായന തുടങ്ങും. തുടര്‍ച്ചയായി വായിക്കാന്‍ ഇഷ്ടമില്ലാത്തവര്‍ അല്പസമയം ഇടവേളയെടുക്കും. ആ സമയം വരയ്ക്കുന്നവരുമുണ്ട്. വായനയ്ക്ക് ശേഷമുള്ള അവസാനത്തെ അരമണിക്കൂര്‍ ചര്‍ച്ചക്കായി മാറ്റിവെച്ചിരിക്കുകയാണ്. വായിച്ച പുസ്തകങ്ങളെ കുറിച്ചോ, വായിച്ചുകൊണ്ടിരിക്കുന്ന പുസ്തകങ്ങളെ കുറിച്ചോ ആവും ചര്‍ച്ച.
ഒരു പുസ്തകം വായിക്കുന്നതിന് അപ്പുറത്തേക്ക് വായനക്കായി നിരവധി കാര്യങ്ങളും ഇവര്‍ ചെയ്യുന്നുണ്ട് എന്നതാണ് ഈ കൂട്ടായ്മയെ മറ്റുള്ളവയില്‍ നിന്നും വ്യത്യസ്തമാക്കുന്നത്. മലയാളം പുസ്തകത്തിന് പ്രാധാന്യം കൊടുത്തുതുടങ്ങിയത് അത്തരത്തില്‍ ഒരു ശ്രമമായിരുന്നു. ആദ്യത്തെ ആഴ്ചകളില്‍ ഇംഗ്ലീഷ് പുസ്തകങ്ങളായിരുന്നു കൂടുതല്ലെങ്കില്‍ ഇപ്പോള്‍ മലയാളവും സ്ഥാനം പിടിച്ചു. ഇതോടൊപ്പം പുസ്തകവുമായി ബന്ധപ്പെട്ട ക്വിസുകളും കളികളും ഇവര്‍ സംഘടിപ്പിക്കാറുണ്ട്. പുസ്തകമേളകള്‍ വന്നാല്‍ ഒരുമിച്ച് പോകുന്നതും, ഓണ്‍ലൈനില്‍ നിന്ന് പുസ്തകം വാങ്ങുന്നതിന് പകരം നേരിട്ട് നാട്ടിലെ കടകളില്‍ നിന്ന് പുസ്തകം വാങ്ങുന്നതുമെല്ലാം ഇവരുടെ ഇത്തരം കുഞ്ഞുശ്രമങ്ങളാണ്.
'Genre of the Month' ആണ് അടുത്തൊരു പ്രത്യേകത. നന്നായി സംസാരിക്കുന്ന ആളുകള്‍ മാത്രം ചര്‍ച്ചകളില്‍ കൂടുതലും സംസാരിക്കാന്‍ തുടങ്ങിയതോടെയാണ് എല്ലാവരുടെയും പങ്കാളിത്തം ഉറപ്പാക്കുന്നതിനായി 'Genre of the Month' തുടങ്ങിയത്. ഓരോ മാസവും ഓരോ വിഭാഗം തിരഞ്ഞടുക്കും. ജൂണില്‍ ക്രൈം ത്രില്ലര്‍
വിഭാഗമാണ് തിരഞ്ഞെടുത്തത്. ആ ആഴ്ചയിലെ ചര്‍ച്ചയെല്ലാം ഈ വിഭാഗത്തിലെ പുസ്തകങ്ങളെകുറിച്ചും വിഭാഗത്തെകുറിച്ചുമാവും. ഇഷ്ടമുണ്ടെങ്കില്‍ ആ വിഭാഗത്തിലുള്ള പുസ്തകങ്ങള്‍ വായിക്കുകയും ചെയ്യാം. പക്ഷേ നിര്‍ബന്ധമായും ഭാഗമാകണമെന്നില്ല. വരുന്നവര്‍ക്ക് വായിച്ചുമടങ്ങാം. ഇഷ്ടമുള്ളവര്‍ മാത്രം പങ്കെടുത്താല്‍ മതി.
കോഴിക്കോട് റീഡ്‌സ്
2023 ജൂണില്‍ തന്നെയാണ് കോഴിക്കോടും വായനാകൂട്ടായ്മ തുടങ്ങുന്നത്. എയറോസ്‌പെയ്‌സ് എന്‍ജിനീയറായ ആര്‍.ജീവയും ഓര്‍ത്തോപീഡിക് സര്‍ജനായ എന്‍.എം നവീനും ചേര്‍ന്നാണ് കോഴിക്കോടിന്റെ ഹൃദയഭാഗത്തുള്ള മാനാഞ്ചിറ സ്വകയറില്‍ വായനാക്കൂട്ടം തുടങ്ങിയത്. എന്നാല്‍ മാനാഞ്ചിറയിലെ ആള്‍ക്കൂട്ടവും ശബ്ദവും പാട്ടുമെല്ലാം വായനയ്ക്ക് തടസമായതോടെ ജൂലായില്‍ നഗരത്തില്‍ നിന്നും മാറി സരോവരം ബയോപാര്‍ക്കില്‍ വെച്ച് കൂടാന്‍ തീരുമാനിച്ചു. അതോടെ അംഗങ്ങളുടെ എണ്ണവും കൂടാന്‍ തുടങ്ങി. ആദ്യ സെഷനില്‍ മൂന്നുപേര്‍ ഉണ്ടായിരുന്നത് പിന്നീട് ഇരുപത് പേരായി. ഇപ്പോള്‍ എല്ലാ ഞായറാഴ്ചയും ഉച്ചയ്ക്ക് രണ്ട് മുതല്‍ മൂന്ന് വരെ അവര്‍ സരോവരെത്തെത്തി വായിക്കാന്‍ തുടങ്ങും.
അഞ്ചരയൊക്കെയാവുമ്പോള്‍ പുസ്തകമെല്ലാം അടച്ച് സംസാരിക്കാന്‍ തുടങ്ങും. വായിച്ച പുസ്തകത്തില്‍ തുടങ്ങി സിനിമയിലേക്കും സാമൂഹ്യവിഷയത്തിലേക്കുമെല്ലാം സംസാരം നീളും. ആറുമണിക്ക് സരോവരം അടയ്ക്കാനാവുമ്പോള്‍ പല നേരങ്ങളിലായി വന്നവര്‍ ഒരുമിച്ച് ഇറങ്ങും. ചായ കുടിച്ച് പിരിയും. ആ ആഴ്ചയിലെ ചിത്രം ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്യുന്ന പതിവ് കോഴിക്കോട് റീഡ്‌സിനുമുണ്ട്.
ചുമരുകളില്ല, ഒറ്റയ്ക്കല്ല
ഒറ്റയ്ക്ക് നാലുചുമരുകള്‍ക്കുള്ളിലിരുന്ന് വായന ആസ്വദിച്ച പലരും ഇന്ന് കൂട്ടായും പൊതുസ്ഥലത്തുമിരുന്ന വായനയെ അനുഭവിക്കാന്‍ തുടങ്ങിയത് ഇത്തരം കൂട്ടായ്മകളുടെ ഭാഗമായതിന് ശേഷമാണ്. അത് തന്നെയാണ് പലരെയും ആകര്‍ഷിക്കുന്ന കാര്യവും. 'ഒരു പൊതുസ്ഥലത്ത് നമ്മള്‍ ഒറ്റയ്ക്ക് പോയി ഇരുന്ന് വായിച്ചാല്‍ എല്ലാവരും തുറിച്ചുനോക്കും. ജാഡ കാണിക്കുകയാണെന്ന് വിചാരിക്കും. എന്നാല്‍ ഇവിടെ ആ പ്രശ്‌നമില്ല. ആരും ശ്രദ്ധിക്കാനില്ല. എല്ലാവരും കൂടെയല്ലേ വായിക്കുന്നത്'; കോഴിക്കോട് റീഡ്‌സിന്റെ ഭാഗമായ സിവില്‍ സപ്ലൈസ് വകുപ്പിലെ സീനിയര്‍ അസിസ്റ്റന്റ് അനിത പറയുന്നു.
മുറിയിലിരുന്ന് ഒതുങ്ങികൂടി വായിച്ചിരുന്ന തനിക്ക് ഇന്ന് സരോവരത്ത് കൂട്ടമായി ഇരുന്ന് വായിക്കാനാണ് ഏറ്റവും ഇഷ്ടമെന്ന് അഭിഭാഷകയായ ഉണ്ണിമായയും പറയുന്നു. 'മുറിയിലിരിക്കുന്ന സൗകര്യത്തോടെ തന്നെ ഇവിടെയിരുന്നും വായിക്കാം. പ്രകൃതിരമണീയമായ സ്ഥലത്ത് കിടന്നും ഇരുന്നുമെല്ലാം വായിക്കാം. എന്ത് ചെയ്താലും ആരും നിങ്ങളെ വിലയിരുത്താനില്ല'- ഉണ്ണിമായ പറയുന്നു.
വായന വളരുന്നു
ചുറ്റുമുള്ളവരെല്ലാം വായിക്കുന്നത് കണ്ടാല്‍ നമുക്കും വായിക്കാനുള്ള താത്പര്യം വര്‍ധിക്കുമെന്നാണ് കൂട്ടായ്മയിലെ അംഗങ്ങള്‍ അവകാശപ്പെടുന്നുണ്ട്. 'ചിലര്‍ക്ക് വായിക്കാന്‍ ആഗ്രഹമുണ്ടാകും. പക്ഷേ വായിച്ചുതുടങ്ങില്ല. ഇനി വായിക്കാന്‍ തുടങ്ങിയാലും പല കാരണങ്ങള്‍ കൊണ്ട് ബ്രേക്ക് വരും. എന്നാല്‍ ഇവിടേക്ക് വരുമ്പോള്‍ ചുറ്റുമുള്ളവരെല്ലാം വായിക്കുകയാണ്. അപ്പോള്‍ വായിക്കണമെന്ന ഒരു തോന്നല്‍ നമുക്കും തോന്നിതുടങ്ങും. നമ്മളും വായിച്ചുതുടങ്ങും. പലര്‍ക്കും വായനാശീലം വീണ്ടെടുക്കാന്‍ പറ്റിയെന്നാണ് മിക്കവരും പറയുന്നത്. ഞായറാഴ്ച ഇവിടെ വരുമ്പോള്‍ മാത്രം വായിക്കുന്നവരുണ്ടാകും. എന്നാലും പുസ്തകങ്ങള്‍ മുുഴുവനായി വായിക്കാന്‍ പറ്റും'- തൃശ്ശൂര്‍ റീഡ്‌സിലെ ഗൗതം പറയുന്നു.
വീട്ടിലിരുന്ന് വായിക്കുന്നതിനേക്കാള്‍ ഇവിടെ വന്ന് വായിക്കുമ്പോള്‍ കൂടുതല്‍ വായിക്കാന്‍ കഴിയുമെന്ന് തിരുവനന്തപുരം റീഡ്‌സിലെ അംഗവും ഗ്രാഫിക് ഡിസൈനറുമായ സന്ദീപ് എസ് പ്രദീപും സമ്മതിക്കുന്നുണ്ട്. ഒരു വര്‍ഷത്തിനുള്ളില്‍ 45 ബുക്ക് സന്ദീപ് വായിച്ചുക്കഴിഞ്ഞു. 'ആദ്യം വായിക്കുന്ന കാര്യത്തില്‍ നല്ല ഉഴപ്പുണ്ടായിരുന്നു. എന്നാല്‍ ഇപ്പോള്‍ ആഴ്ചയില്‍ എന്തായാലും മൂന്ന് മണിക്കൂര്‍ വായിക്കുമെന്നായി. അല്ലാത്ത സമയത്തും വായിക്കുന്നത് കൂടിയിട്ടുണ്ട്'- സന്ദീപ് പറഞ്ഞു.
പഠനത്തിന്റെ ജോലിയുടെയും തിരക്കില്‍ നിന്നുപോയതും കുറഞ്ഞു പോയതുമായ വായന തിരിച്ചുകൊണ്ടുവരാനായ സന്തോഷത്തിലാണ് മിക്കവരും. എല്ലാ തിരക്കുകളില്‍ നിന്നും ഇന്ന് മാറി ആഴ്ചയില്‍ രണ്ടുമൂന്നു മണിക്കൂറെങ്കിലും അവര്‍ക്ക് ഇന്ന് വായനക്കായി മാറ്റിവെക്കാനാവുന്നുണ്ട്. രണ്ട് മൂന്ന് പുസ്തകങ്ങള്‍ മാത്രം വര്‍ഷത്തില്‍ വായിച്ചിരുന്ന പലരും ഇതിൻറെ ഭാഗമായതിനുശേഷം 20- 22 പുസ്തകങ്ങള്‍ വായിക്കുന്നുണ്ട്. പതിയെ പതിയെ വായന ഒരു ശീലവും ജീവിതത്തിന്റെ ഭാഗവുമാവുകയാണ്.
പുതിയ പുസ്തകങ്ങളറിയാം, പങ്കിടാം
കൂട്ടായ്മയ്ക്കിടയില്‍ പുതിയ പുസ്തകങ്ങള്‍ പരിചയപ്പെടുത്തലും പങ്കുവെയ്ക്കലുമെല്ലാം നടക്കുന്നുണ്ടെന്ന് എല്ലാവരും ഒരുപോലെ സമ്മതിക്കുന്ന കാര്യമാണ്. റാം കെയര്‍ ഓഫ് ആനന്ദിയും ഒരിക്കലും പോലെ പുസ്തകങ്ങള്‍ വലിയ വായിക്കപ്പെടുന്നതിലും ചര്‍ച്ചാവിഷയമാകുന്നതിലും വായനാകൂട്ടായ്‌നമകളും സഹായിച്ചിട്ടുണ്ടെന്നാണ് തോന്നുന്നതെന്ന് ഗൗതം പറയുന്നു. പുതിയ പുസ്തകങ്ങള്‍ ചിലര്‍ നിര്‍ദേശിക്കുന്നത് സഹാകരമായിട്ടുണ്ടെന്ന് സന്ദീപും പറയുന്നു.
ഒരു നോവലുകള്‍ വായിച്ചിരുന്ന പലരും മറ്റുപല യാത്രാവിവരണങ്ങളിലേക്കും ക്രൈംമിലേക്കും തിരിഞ്ഞു. മറ്റു പല ജോണറുകളും ആളുകള്‍ വായിക്കാന്‍ തുടങ്ങി. ഇതിനെല്ലാം പുറമെ തങ്ങളുടെ പുസ്തകങ്ങള്‍ വായിച്ച് അഭിപ്രായം പറയണമെന്ന് ആവശ്യപ്പെട്ട് പുതിയ എഴുത്തുകാരും ചില കൂട്ടായ്മകളെ ബന്ധപ്പെടാറുണ്ട്.
വേണം വായനാകൂട്ടായ്മകള്‍
എല്ലാ നാട്ടിലും ഇത്തരത്തിലുളള വായനാകൂട്ടായ്മകള്‍ വേണമെന്നാണ് എല്ലാവരുടെയും ആവശ്യം. കൊച്ചിയിലും കോഴിക്കോടുമെല്ലാം ഇന്ന് ഒന്നിലധികം കൂട്ടായ്മകളുണ്ട്. പല പ്രായത്തിലുള്ള, വ്യത്യസ്ത മേഖലകളില്‍ നിന്നുള്ള എല്ലാവരും വായനകൊണ്ട് മാത്രം കൂടിചേരുന്നത് അത്രയേറെ പ്രിയപ്പെട്ടതാണെന്ന് ഇവർ പറയുന്നു.
'വായന ഇഷ്ടപ്പെട്ട് മാത്രം വരുന്നവരാണ്. അവിടെ വേറൊരു രീതിയിലുള്ള വേര്‍തിരിവും ഇല്ല. വായന മാത്രമാണ് എല്ലാവരെയും ഒന്നിക്കുന്നത്. വായനയെ ഇഷ്ടപ്പെടുന്നവര്‍ ഇത്രപേരുണ്ടെന്ന് അറിയുന്നത് കൂട്ടായ്മ തുടങ്ങിയതിനുശേഷമാണ്. കുറേ അന്തര്‍മുഖരായിട്ടുള്ളവര്‍ മുന്നോട്ടുവന്നിട്ടുണ്ട്. സെലന്റ് റീഡിങ് ആവുമ്പോള്‍ അവര്‍ക്കത് സൗകര്യപ്രദമാണ്. താരങ്ങളുടെയോ ബാന്റിന്റെയോ ആരാധകരെ പോലെയല്ല, വായന കൊണ്ട് ഒരുമിച്ചവരാണ്. ഒരു പുസ്തകത്തെയോ ഒരു എഴുത്തുകാരനെയോ പിന്തുടരുന്നവരല്ല, വായന പിന്തുടരുന്നവരാണ്', ഗൗതം പറയുന്നു.
സാമൂഹ്യമാധ്യമങ്ങളുടെ ഉപയോഗം കൂടിയപ്പോള്‍ വായന എത്രത്തോളം നടക്കുന്നുണ്ടെന്ന സംശയം എല്ലാവര്‍ക്കുമുണ്ട്. കൂട്ടായ്മയുടെ ഭാഗമാകുമ്പോള്‍ മറ്റു ആള്‍ക്കാരും വായിക്കുന്നുണ്ടെന്ന് അറിയുന്നതും വായനയെ കുറിച്ച് ചര്‍ച്ച ചെയ്യുന്നതും വലിയ പ്രചോദനമാണ്. കൂടാതെ വായനയിലൂടെ ലഭിച്ച നല്ല സൗഹൃദവും ഏറെ വിലപ്പെട്ടതാണ്, കൂട്ടായ്മകളെ വേണമെന്നാവശ്യപ്പെട്ട് സന്ദീപ് പറയുന്നു.
Content Highlights: Reading group in kerala