തങ്ങളെ ഉപേക്ഷിച്ച മനുഷ്യര്‍ക്ക് വേണ്ടി ഉഴലാത്ത പെണ്ണുങ്ങളെ കാണുമ്പോള്‍, ഓര്‍ത്തുപോകുന്ന കാവ്യം!

വായനയുടെ ആനന്ദത്തിലേക്ക് എന്നെ ആദ്യം കൈപിടിച്ചു കൂട്ടിക്കൊണ്ടുപോയത് ആശാന്റെ കൃതികളാണ്. ആ കവിതകളോടെന്നും ഒരു പ്രത്യേക താല്‍പ്പര്യം തോന്നിയിട്ടുണ്ട്. ഒരുപക്ഷേ, ജീവിതത്തില്‍ ആദ്യമായി കേട്ട കവിത ആശാന്റേതായത് കൊണ്ടാകാം. ഈ വല്ലിയില്‍ നിന്നു ചെമ്മേ പൂക്കള്‍ എന്ന് പാടി, എന്റെ കട്ടിയുള്ള മുടി വഴവുകഴിലൂടെ വിരലോടിക്കുന്ന നേരത്താണ് അമ്മ, എനിക്ക് ആശാന്റെ മിക്ക കവിതകളും ചൊല്ലി തന്നത്. പനിയുടെ, പാരസെറ്റമോള്‍ ഗന്ധമുള്ള രാത്രികളില്‍ അമ്മയുടെ ശബ്ദത്തില്‍ പൂക്കുന്നിതാ മുല്ല എന്ന് ചൊല്ലി കേള്‍ക്കുന്നതില്‍ ആശ്വാസം തോന്നിയിട്ടുണ്ട്. കണ്ണേ മടങ്ങുക എന്നു ചൊല്ലുമ്പോള്‍, ഉള്ളിലെപ്പോഴോ ഒരു കുഞ്ഞുനീറ്റല്‍ പിടഞ്ഞിട്ടുണ്ട്. അമ്മയില്‍ നിന്നാണ് ആശാനിലേക്ക് നടന്നു തുടങ്ങിയത്.
'സ്ഫുടതാരകള്‍ കൂരിരുട്ടിലുണ്ടിടയില്‍ ദ്വീപുകളുണ്ടു സിന്ധുവില്‍ ഇടര്‍തീര്‍പ്പതിനേകഹേതു വന്നിടയാമേതു മഹാവിപത്തിലും...'
ഏറ്റവും പ്രിയം തോന്നിയിട്ടുള്ളത് ആശാന്റെ സീതാകാവ്യത്തോടാണ്. ജീവിതത്തിന്റെ ഇടര്‍ച്ചകളില്‍ വഴികാട്ടി നിന്ന വരികളാണിത്. വായിക്കുമ്പോള്‍ അറിയാതെ മനപ്പാഠമാകുന്ന വരികള്‍, അര്‍ഥത്തിലേക്കു നീങ്ങുമ്പോള്‍ പ്രതീക്ഷയും ആത്മവിശ്വാസവും പകരുന്ന ജീവിതപാഠം... അങ്ങനെ ആശാന്റെ ചിന്താവിഷ്ടയായ സീത എന്ന കാവ്യത്തോട് മനസ്സിനെ ഇന്നും ചേര്‍ത്തുനിര്‍ത്തുന്ന കാര്യങ്ങള്‍ അനവധിയാണ്.
കടല്‍ പോലെ അലയടിക്കുന്ന നിമിഷത്തിലും, ഉപേക്ഷിച്ചവനോട് 'ശരി, പാവയോയിവള്‍' എന്നു തിരിച്ചു ചോദിക്കാന്‍ ഒരു സ്ത്രീയ്ക്ക് തന്റേടമുണ്ടാകുന്നു. അത് അവള്‍ തന്നോട് തന്നെ കാണിക്കുന്ന ഏറ്റവും വലിയ നീതിയാണ്. തന്റെ അവസാന നിമിഷങ്ങളിലേക്ക് അടുക്കുമ്പോള്‍ പ്രമദം പൂണ്ടിവള്‍ യാത്ര ചൊല്‍വൂ ഞാന്‍ എന്നു പറഞ്ഞ്, തനിക്ക് വെളിച്ചവും വേരുമായ എല്ലാത്തിനോടും നിര്‍മലമായ സ്നേഹത്തോടെ അവള്‍ യാത്രമൊഴി അര്‍പ്പിക്കുന്നു. ഒന്നിനോടും വിരോധമില്ലാതെ, വിദ്വേഷമില്ലാതെ, എന്നാല്‍ തന്റേടത്തോടെ കടന്നുപോകുന്ന സീതയുടെ മാനസികമായ പക്വത ഏറെ അമ്പരപ്പിച്ചിട്ടുണ്ട്.
പഠിക്കുന്ന കാലത്ത്, വേനല്‍ച്ചൂടിലേക്ക് അടുക്കുന്ന ഒരു പകലില്‍ എന്റെ മലയാളം അധ്യാപിക ചുവന്ന പുറംച്ചട്ടയുള്ള ഒരു വലിയ പുസ്തകവുമായി ക്ലാസ്സിലേക്ക് വന്നത് ഇന്നും ഞാന്‍ ഓര്‍ക്കുന്നുണ്ട്. കവിത ചൊല്ലുന്ന ഭംഗിയോടെ അല്ലെങ്കിലും, അവരത് വായിച്ചു. ഉഷ്ണത്തിന്റെ വീര്‍പ്പുമുട്ടലുകളില്‍, ഹൃദയത്തിലേക്ക് ലാവ പൊട്ടിയൊഴുകും കണക്കാണ് ആ വരികള്‍ വീണത്. ചിന്താവിഷ്ടയായ സീത ആരും എന്നെ പഠിപ്പിച്ചിട്ടില്ല, പകരം പരിചയപ്പെടുത്തിയിട്ടേയുളളൂ... ആ കാര്യത്തില്‍ എന്റെ അധ്യാപകരോട് എനിക്ക് സ്നേഹമുണ്ട്.
കവിത അതിന്റെ അവസാന ഭാഗങ്ങളിലേക്ക് കടക്കുമ്പോള്‍, ആശങ്കകളുടെ അലറിക്കരച്ചിലുകള്‍ നേര്‍ത്തുവരുന്നത് പോലെ അനുഭവപ്പെട്ടിട്ടുണ്ട്. സകലതിനേയും സ്നേഹിക്കുന്ന ഒരു സ്ത്രീയുടെ വാക്കുകള്‍, മുറിവുകള്‍ക്ക് തണുപ്പേകുന്ന അനുഭൂതി....തിരിയാ ലോകരഹസ്യമാര്‍ക്കുമേ എന്നു പറഞ്ഞപോലെ, ആശാന്റെ വാക്കിന്റെ വിസ്മയം ഇനിയും മനസ്സിലാകുന്നില്ല.
തങ്ങളെ ഉപേക്ഷിച്ച മനുഷ്യര്‍ക്ക് വേണ്ടി വീണ്ടും ഉഴലാത്ത പെണ്ണുങ്ങളെ കാണുമ്പോള്‍, കേള്‍ക്കുമ്പോള്‍ ഈ കാവ്യം ഓര്‍ത്തുപോകാറുണ്ട്. ജീവിതത്തിന്റെ അത്ഭുതങ്ങളെ സ്വാംശീകരിച്ച, ആശാന്റെ സീതയെ ഞാന്‍ വായിക്കുകയായിരുന്നില്ല. ഞാന്‍ എന്റെ ഉള്ളുകൊണ്ട് തൊടുകയായിരുന്നു...
വായിച്ചാലും ചൊല്ലിയാലും വീണ്ടും വീണ്ടും വലിച്ചടുപ്പിക്കുന്ന കാവ്യഭംഗിയെ കുറിച്ചും ആശയഗാംഭീര്യത്തെ കുറിച്ചും പറഞ്ഞാല്‍ മതിയാകില്ല. ഇന്നും എന്റെ വായനയെ വിസ്മയിപ്പിച്ചു കൊണ്ടിരിക്കുന്നത്, ആശാനും ആശാന്റെ സീതയും തന്നെ!
Content Highlights: vayanadinam 2024 sreeba m writes about kumaranasan poem chinthavishtayaya seetha