കണ്‍വെട്ടം മായുംമുമ്പേ പരമാവധി പുസ്തകങ്ങള്‍ വായിക്കണം; രാഹുല്‍ പോരാട്ടത്തിലാണ്

തൃശ്ശൂര്‍: ''സമയമേറെയില്ല. അതുകൊണ്ട് വേഗം വായിച്ചുതീര്‍ക്കുകയാണ് ഞാന്‍'' -വായനദിനത്തിന്റെ തലേന്ന് തന്റെ ഏറ്റവുംവലിയ ആഗ്രഹം പങ്കുവെച്ചപ്പോള്‍ രാഹുലിന്റെ മുഖത്തും വാക്കുകളിലും കണ്ടത് പുസ്തകങ്ങള്‍ പകര്‍ന്ന അനുഭവത്തിന്റെ ആവേശം. ചേലക്കര ഗ്രാമം സ്വദേശി പി.സി. രാഹുലിന് അക്ഷരം കാണുമ്പോഴും സ്വയംവായിക്കുമ്പോഴും ലഭിക്കുന്നതിലപ്പുറം മറ്റൊരാനന്ദമില്ല, കാഴ്ച മങ്ങിക്കൊണ്ടിരിക്കുകയാണെങ്കിലും.
പൊളിറ്റിക്കല്‍ സയന്‍സില്‍ എം.എ.യും നെറ്റ് യോഗ്യതയുമുള്ള രാഹുല്‍ കാഴ്ചപരിമിതി മറികടന്ന് 28 വയസ്സിനുള്ളില്‍ വായിച്ചുകൂട്ടിയ പുസ്തകങ്ങള്‍ അനവധിയാണ്. പുല്ലാട്ടുപറമ്പില്‍ പരേതനായ ചന്ദ്രന്റെയും സീതാലക്ഷ്മിയുടെയും മകനായ രാഹുലിന് കുഞ്ഞുപ്രായംമുതലേ പുസ്തകങ്ങള്‍ കൂട്ടായിരുന്നു.
ചെറിയൊരു കട നടത്തിയിരുന്ന അച്ഛന്‍തന്നെയാണ് മക്കള്‍ക്കായി പുസ്തകങ്ങള്‍ വാങ്ങിക്കൊടുത്തിരുന്നത്. ജന്മനാതന്നെ ഞരമ്പുകള്‍ ക്ഷയിച്ച് കാഴ്ചപരിമിതി നേരിട്ടിരുന്നു. കുട്ടിക്കാലത്ത് ചേട്ടനും അച്ഛനും അമ്മയും പുസ്തകങ്ങള്‍ വായിച്ചുകൊടുത്തു.
മുതിര്‍ന്നപ്പോള്‍ വലിയ അക്ഷരങ്ങള്‍ നല്ലവെളിച്ചത്തില്‍ കണ്ണിനോടടുപ്പിച്ച് പിടിച്ച് സ്വയംവായിച്ച് ശീലിച്ചു. ഇപ്പോള്‍ മൊബൈല്‍ ഫോണില്‍ പേജുകളുടെ ഫോട്ടോയെടുത്ത് സൂം ചെയ്തും വായിക്കും.
മുതിര്‍ന്നപ്പോള്‍ ചേലക്കര ഗ്രാമീണ വായനശാലയിലെ അംഗമായി. ഇപ്പോള്‍ അതിന്റെ ജോയിന്റ് സെക്രട്ടറിയാണ്. ബിരുദാനന്തരബിരുദംവരെ പഠിച്ച കേരളവര്‍മ കോളേജില്‍ കഴിഞ്ഞവര്‍ഷം ഗസ്റ്റ് ലക്ചററായി. എം.എ.ക്ക് പഠിക്കുമ്പോള്‍ ജില്ലയിലെ ലൈബ്രറികളെക്കുറിച്ചാണ് പഠനപ്രബന്ധം തയ്യാറാക്കിയത്. ഇതേവിഷയത്തില്‍ ഗവേഷണം നടത്തണമെന്നാണാഗ്രഹം. പഠിപ്പിച്ച വിദ്യാര്‍ഥികളുടെ ആവശ്യപ്രകാരം, വായിക്കുന്ന പുസ്തകങ്ങളെക്കുറിച്ച് റീലും പോസ്റ്റും തയ്യാറാക്കി സാമൂഹികമാധ്യമങ്ങളിലൂടെ പങ്കുവെക്കാറുമുണ്ട്. അങ്ങനെ സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ളുവന്‍സറുമായി.
ഇപ്പോള്‍ ഇടതുകണ്ണിന് കാഴ്ച വളരെക്കുറഞ്ഞു. വലതുകണ്ണുകൊണ്ടാണ് വായന. പെട്ടെന്ന് വായിച്ചുതീരുമെന്നതിനാല്‍ കവിതകളാണിഷ്ടം. കാഴ്ച കൂടുതല്‍ മങ്ങുംമുമ്പ് പരമാവധി പുസ്തകങ്ങള്‍ വായിച്ചുതീര്‍ക്കാനുള്ള പോരാട്ടത്തിലാണ് രാഹുല്‍.
Content Highlights: Reading day 2024 Rahul reader in Thirssur