മലയാളമെന്നാല്‍ മാതൃഭാഷയേക്കാള്‍ ഹരം; അല്പന വായിക്കുന്നു, സ്വന്തം ജീവിതംപോലൊരു 'ബംഗാളിക്കഥ'

#വൈ ഷെറിന്‍
കൈപ്പട്ടൂർ സെയ്ന്റ് ജോർജ് മൗണ്ട് ഹൈസ്‌കൂളിൽ ശ്രീലക്ഷ്മിയും അല്പനയും (വലത്ത്).
കൈപ്പട്ടൂർ സെയ്ന്റ് ജോർജ് മൗണ്ട് ഹൈസ്‌കൂളിൽ ശ്രീലക്ഷ്മിയും അല്പനയും (വലത്ത്).

പത്തനംതിട്ട: കൈപ്പട്ടൂര്‍ സെയ്ന്റ് ജോര്‍ജ് മൗണ്ട് ഹൈസ്‌കൂളിലെ 10 ഡി ക്ലാസ് മുറുയിലിരുന്ന് ശ്രീലക്ഷ്മി ഒരു പുസ്തകം തുറന്നു. ഏതാനും താളുകള്‍ മറിച്ചശേഷം അടുത്തിരുന്ന സുഹൃത്ത് അല്പന ഷില്ലിനോട് പറഞ്ഞു; ''ഇത് നിന്റെ ജീവിതം പോലെതന്നെ.'' ബംഗാളില്‍നിന്ന് അഞ്ചുവര്‍ഷത്തിനുമുന്‍പ് കേരളത്തിലെത്തിയ അല്പനയ്ക്ക് ആകാംക്ഷയായി. സുഹൃത്ത് സഹായിച്ചു, അല്പന നോവല്‍ വായിച്ചുതുടങ്ങി. അതേപ്പറ്റി മലയാളത്തില്‍തന്നെ അവള്‍ ഇങ്ങനെ കുറിച്ചു- ''ഞാന്‍ അല്പന ഷില്‍. ബംഗാള്‍ സ്വദേശിനിയാണ്. മലയാളിയെയും മലയാള ഭാഷയെയും ഇഷ്ടപ്പെടുന്നു. പുസ്തകങ്ങള്‍ വായിക്കാന്‍ അതീവആഗ്രഹമാണ്. 'മണ്‍പാവ' എന്ന പുസ്തകമാണ് വായിച്ചത്. എന്നെപ്പോലെ പശ്ചിമബംഗാളില്‍ ജനിച്ചുവളര്‍ന്ന് കേരളത്തിലെ സര്‍ക്കാര്‍ സ്‌കൂളില്‍ എത്തിയ ബാലുവിന്റെ കഥ.''

2019-ല്‍ ബംഗാളില്‍നിന്നു കുടുംബത്തോടൊപ്പം എത്തി കൊച്ചാലുമൂട് സ്ഥിരതാമസമാക്കിയ അല്പനയ്ക്ക് മലയാളമെന്നാല്‍ മാതൃഭാഷയേക്കാള്‍ ഹരമാണ്. എട്ടാം ക്ലാസിലാണ് കൈപ്പട്ടൂര്‍ സെയ്ന്റ് ജോര്‍ജ് മൗണ്ട് ഹൈസ്‌കൂളില്‍ ചേര്‍ന്നത്. പുസ്തകങ്ങളോട് ഏറെ പ്രിയമുള്ള ശ്രീലക്ഷ്മിയെ കൂട്ടുകാരിയായി കിട്ടിയതോടെ മലയാളം പഠിക്കണമെന്നും എഴുതണമെന്നുമുള്ള ആഗ്രഹം വളര്‍ന്നു. മലയാളം അക്ഷരങ്ങള്‍ പഠിച്ചു, എഴുതിത്തെളിഞ്ഞു.

കൃപ അമ്പാടി രചിച്ച 'മണ്‍പാവ@സിനിഫൈല്‍സ്' എന്ന നോവല്‍ കഴിഞ്ഞാഴ്ചയാണ് അധ്യാപകനായ പ്രീത് ചന്ദനപ്പള്ളി, ശ്രീലക്ഷ്മിക്ക് നല്‍കിയത്. ഇപ്പോള്‍ രണ്ടുപേരും വായന തുടരുന്നു. അല്പന വായിക്കാന്‍ ബുദ്ധിമുട്ടുമ്പോള്‍ ശ്രീലക്ഷ്മി സഹായിക്കും. തന്റേതിന് സമാനമായ ജീവിതകഥ മലയാളത്തില്‍ വായിക്കാനായതിന്റെ സന്തോഷമുണ്ട് അല്പനയ്ക്ക്. അച്ഛന്‍ ദീപക്കിന് കിണറില്‍ റിങ് ഇറക്കുന്ന ജോലിയാണ്. അമ്മ: രൂപാലി. സഹോദരി: തൃഷ ഇതേ സ്‌കൂളില്‍ ആറാം ക്ലാസ് വിദ്യാര്‍ഥി.

ക്ലാസ്ടീച്ചറും മലയാളം അധ്യാപികയുമായ ബി. ലീനയുടെ പ്രേരണയും അല്പനയുടെ മലയാളംപ്രേമത്തിന് പിന്നിലുണ്ട്. സ്‌കൂള്‍ലൈബ്രറിയില്‍നിന്ന് മലയാളം പുസ്തകങ്ങളുമായി ഇറങ്ങിവന്ന അല്പന 'പച്ചമലയാള'ത്തില്‍ പറഞ്ഞു- മലയാളത്തോട് പെരുത്തിഷ്ടമാണ്. ഭാഷയ്ക്കും വായനയ്ക്കും അതിരുകളില്ലല്ലോ; സൗഹൃദത്തിനും.


 

Content Highlights: Reading day 2024 Alpana's reading habit of Malayalam books