ആര്‍ക്കും വരാം, എഴുതിത്തെളിയാം; തിരുവനന്തപുരത്തെ എഴുത്തുകൂട്ടായ്മ LWT-യുടെ വിശേഷങ്ങള്‍

ലെറ്റ്സ് റൈറ്റ് ട്രിവാൻഡ്രം കൂട്ടായ്മ എഴുതാനായി ഒത്തുകൂടിയപ്പോൾ | ഫോട്ടോ: ഹരിപ്രസാദ് യു / മാതൃഭൂമി
ലെറ്റ്സ് റൈറ്റ് ട്രിവാൻഡ്രം കൂട്ടായ്മ എഴുതാനായി ഒത്തുകൂടിയപ്പോൾ | ഫോട്ടോ: ഹരിപ്രസാദ് യു / മാതൃഭൂമി

ത്മനാഭസ്വാമി ക്ഷേത്രത്തിലെ അളവറ്റ സ്വര്‍ണം മാത്രമല്ല, മറ്റ് പലതുകൊണ്ടും സമ്പന്നമാണ് നമ്മുടെ തലസ്ഥാനമായ തിരുവനന്തപുരം. സാംസ്‌കാരികമായി വലിയ ചരിത്രമാണ് തിരുവനന്തപുരത്തിനുള്ളത്. 1829-ല്‍ സ്ഥാപിക്കപ്പെട്ട പബ്ലിക്ക് ലൈബ്രറിയും 1881-ല്‍ ആരംഭിച്ച ഫൈന്‍ ആര്‍ട്‌സ് കോളേജും 1939-ല്‍ ആരംഭിച്ച സ്വാതി തിരുനാള്‍ സംഗീത കോളേജുമെല്ലാം അനന്തപുരിയുടെ സാംസ്‌കാരിക പാരമ്പര്യം വിളിച്ചോതുന്നവയാണ്. സാഹിത്യരംഗത്തും തിരുവനന്തപുരം മലയാളത്തിന് നല്‍കിയ സംഭാവനകള്‍ വലുതാണ്. 

പണ്ടുപുരാതനകാലം മുതലേ മഹാകവികള്‍ ഉള്‍പ്പെടെ നിരവധി എഴുത്തുകാര്‍ക്ക് ജന്മം നല്‍കിയിട്ടുണ്ട് തിരുവനന്തപുരം. കവിയും കലാകാരനുമായ കുഞ്ചന്‍ നമ്പ്യാരെ പോലെ മറ്റുദേശങ്ങളില്‍ നിന്ന് ഇവിടേക്ക് വന്നുകൂടിയ എഴുത്തുകാരും ഏറെയാണ്. ആധുനിക മലയാള ഗദ്യത്തിന്റെ പിതാവ്, കേരള കാളിദാസന്‍ എന്നീ വിശേഷണങ്ങളാല്‍ അറിയപ്പെടുന്ന കേരള വര്‍മ വലിയകോയിത്തമ്പുരാനും മലയാളഭാഷയുടെ വ്യാകരണം ചിട്ടപ്പെടുത്തിയ എ.ആര്‍. രാജരാജവര്‍മയുമെല്ലാം ജീവിതത്തിന്റെ ഭൂരിഭാഗവും തിരുവനന്തപുരത്താണ് ചെലവഴിച്ചത്. മഹാകവി കുമാരനാശാന്‍, നോവലിസ്റ്റ് സി.വി. രാമന്‍ പിള്ള, ശബ്ദതാരാവലിയുടെ കര്‍ത്താവായ ശ്രീകണ്‌ഠേശ്വരം പത്മനാഭപിള്ള എന്നിവര്‍ തിരുവനന്തപുരത്തിന്റെ മണ്ണിലാണ് ജനിച്ചത്. 

കാലം മാറി. എഴുത്തിനോടും വായനയോടുമെല്ലാമുള്ള ആളുകളുടെ സമീപനത്തിലും വലിയ മാറ്റങ്ങളുണ്ടായി. സ്മാര്‍ട്ട്‌ഫോണിന്റേയും സോഷ്യല്‍ മീഡിയയുടേയും വരവോടെ വായന കുറയുന്നുവെന്ന് പൊതുവേ ഇന്നത്തെ കാലത്തെ കുറിച്ച് പലരും ഉന്നയിക്കുന്ന പരാതി. അത് പരിഹരിക്കുക എന്ന ലക്ഷ്യത്തോടെ വായനയെ പ്രോത്സാഹിക്കാനായി 'ട്രിവാന്‍ഡ്രം റീഡ്‌സ്' പോലുള്ള കൂട്ടായ്മകള്‍, സാഹിത്യവുമായി പൊക്കിള്‍കൊടി ബന്ധമുള്ള തിരുവനന്തപുരത്ത് നിലവിലുണ്ട്. 

എന്നാല്‍ എഴുത്തിന്റെ കാര്യത്തിലോ? ഉത്തരം തിരുവനന്തപുരത്ത് തന്നെയുണ്ട്. അതാണ് എല്‍.ഡബ്ല്യു.ടി. എന്നറിയപ്പെടുന്ന ലെറ്റ്‌സ് റൈറ്റ് ട്രിവാന്‍ഡ്രം (Let's Write Trivandrum) എന്ന എഴുത്തുകൂട്ടായ്മ. എല്ലാവരുടേയും ഉള്ളില്‍ എഴുത്തിന്റെ വിത്ത് ഒളിഞ്ഞിരിപ്പുണ്ടെന്നും മുളപൊട്ടാനും വളരാനും പാകമായ മണ്ണ് കിട്ടിയാല്‍ അത് തഴച്ചുവളരുമെന്നുമുള്ള സങ്കല്‍പ്പം അടിസ്ഥാനമാക്കിയാണ് എല്‍.ഡബ്ല്യു.ടി. മുന്നോട്ടുപോകുന്നത്. അടുത്തറിയാം, അക്ഷരങ്ങളാല്‍ പരസ്പരം ബന്ധിക്കപ്പെട്ടവരുടെ കൂട്ടായ്മയെ.

ലെറ്റ്‌സ് റൈറ്റ് ട്രിവാന്‍ഡ്രത്തിന്റെ പിറവി

ഒരുവര്‍ഷം മുമ്പാണ് എല്‍.ഡബ്ല്യു.ടി. പിറവിയെടുക്കുന്നത്. ശാസ്തമംഗലം സ്വദേശി കെ. നാരായണ്‍ മേനോനാണ് തിരുവനന്തപുരത്തെ എഴുതുന്നവര്‍ക്കായുള്ള കൂട്ടായ്മ എന്ന ആശയത്തിന് പിന്നില്‍. തനിക്ക് എഴുതാനും തന്നെപ്പോലെ എഴുതണമെന്ന് ആഗ്രഹമുണ്ടായിട്ടും പലവിധ കാരണങ്ങളാല്‍ അത് സാധിക്കാത്തവരെ തൂലിക ചലിപ്പിക്കാന്‍ സഹായിക്കാനുമായാണ് അദ്ദേഹം ഇത്തരമൊരു കൂട്ടായ്മയ്ക്ക് രൂപം കൊടുത്തത്. 

എം.ബി.എ. ബിരുദധാരിയായ നാരായണ്‍ മേനോന്‍ ബെംഗളൂരുവില്‍ ഐ.ടി. മേഖലയില്‍ മാനേജ്‌മെന്റ് ജോലിയാണ് ചെയ്തിരുന്നത്. കോര്‍പ്പറേറ്റ് മേഖലയിലെ തിരക്കേറിയ ജോലിയുടെ പരിമിതികള്‍ക്കിടയിലും അക്ഷരങ്ങളോടും എഴുത്തിനോടുമുള്ള ഇഷ്ടം അദ്ദേഹം മനസില്‍ സൂക്ഷിച്ചിരുന്നു. എന്നാല്‍ അതൊന്നും മതിയായ രീതിയില്‍ പ്രകടിപ്പിക്കാന്‍ അദ്ദേഹത്തിന് പലപ്പോഴും കഴിഞ്ഞിരുന്നില്ല. 

സ്വന്തം സംരംഭമായ ടെക്- ട്രാവല്‍ കമ്പനിയുമായി മുന്നോട്ട് പോകവെയാണ് ലോകം മറക്കാനാഗ്രഹിക്കുന്ന കോവിഡ് മഹാമാരി എത്തുന്നത്. അതുവരെ ലോകം കാണാനായി യാത്ര ചെയ്തിരുന്ന മനുഷ്യര്‍ വീട്ടില്‍ നിന്ന് പുറത്തിറങ്ങാന്‍ പോലും ഭയപ്പെട്ട കാലത്ത് മറ്റ് പലതും പോലെ നാരായണ്‍ മേനോന്റെ സ്ഥാപനത്തിനും അത് കനത്ത തിരിച്ചടിയായി. ആ തിരിച്ചടി  ഉര്‍വശി ശാപമായി കണ്ടാല്‍ അത് എല്‍.ഡബ്ല്യു.ടിയുടെ പിറവിയെന്ന ഉപകാരത്തിലേക്കാണ് നയിച്ചത്. 

ബെംഗളൂരുവില്‍ നിന്ന് തിരുവനന്തപുരത്തേക്ക് മാറിയ നാരായണ്‍ മേനോന്‍ ആദ്യം അന്വേഷിച്ചത് എഴുതുന്നവര്‍ക്ക് ഒത്തുകൂടാനുള്ള ഏതെങ്കിലും കൂട്ടായ്മ ഇവിടെ ഉണ്ടോ എന്നായിരുന്നു. എന്നാല്‍ എത്ര തിരഞ്ഞിട്ടും അദ്ദേഹത്തിന് അത്തരമൊന്ന്‌ കണ്ടെത്താന്‍ കഴിഞ്ഞില്ല. തുടര്‍ന്നാണ്  ഒരു എഴുത്തുകൂട്ടായ്മ  ആരംഭിക്കുന്നതിനെ കുറിച്ചുള്ള ചിന്ത അദ്ദേഹത്തിന്റെ മനസില്‍ രൂപപ്പെടുന്നത്. 

 തന്റെ സുഹൃത്തായ ഹിമയോടാണ് നാരായണ്‍ മേനോന്‍ ഈ ആശയം പങ്കുവെയ്ക്കുന്നത്. തിരുവനന്തപുരത്ത് ഇംഗ്ലീഷ് പരിശീലന സ്ഥാപനം നടത്തുന്ന ഹിമയ്ക്കും ആശയം വളരെ ഇഷ്ടപ്പെട്ടു. എഴുതാനായെത്തുന്നവര്‍ക്ക് തന്റെ സ്ഥാപനത്തില്‍ ഒത്തുകൂടാം എന്ന ഹിമയുടെ വാക്കുകള്‍ കൂടിയായപ്പോള്‍ അവിടെ പിറവിയെടുക്കുകയായിരുന്നു എല്‍.ഡബ്ല്യു.ടി. 

'എഴുതാന്‍ ആഗ്രഹമുണ്ടായിട്ടും പലവിധ  കാരണങ്ങളാല്‍ അതിന് സാധിക്കാത്തവരെ ഒന്നിച്ച് ചേര്‍ത്ത് എഴുതാനുള്ള അവസരം ഉണ്ടാക്കുക എന്നതായിരുന്നു ലക്ഷ്യം. ഒറ്റനോട്ടത്തില്‍തന്നെ കാണുന്നവര്‍ക്ക് ആ ലക്ഷ്യം മനസിലാകാനായാണ് 'ലെറ്റ്‌സ് റൈറ്റ് ട്രിവാന്‍ഡ്രം' എന്ന പേര് കൂട്ടായ്മയ്ക്ക് നല്‍കിയത്. എഴുതാന്‍ താത്പര്യമുള്ള ആളുകളെ കണ്ടെത്തി ഇതിലേക്ക് കൊണ്ടുവരാനായി ഇന്‍സ്റ്റഗ്രാം ഉള്‍പ്പെടെയുള്ള സാമൂഹികമാധ്യമങ്ങളാണ് ഉപയോഗിച്ചത്. ഒപ്പം കൂടാന്‍ താത്പര്യമുള്ളവര്‍ക്ക് വിവരങ്ങള്‍ നല്‍കാനായി ഒരു ഓണ്‍ലൈന്‍ ഫോമിന്റെ ലിങ്കും ഒരു പോസ്റ്ററും പ്രചരിപ്പിച്ചു. എന്നെ പോലെ എഴുതാന്‍ ആഗ്രഹിച്ചിരിക്കുന്ന ഒരുപാട് പേര്‍ താത്പര്യം പ്രകടിപ്പിച്ച് മുന്നോട്ടുവന്നു.' - നാരായണ്‍ മേനോന്‍ മാതൃഭൂമി ഡോട് കോമിനോട് പറഞ്ഞു.

പ്രായമായവർ മുതൽ സ്കൂൾ വിദ്യാർഥികൾ വരെ LWT-യുടെ ഭാഗമാണ് | Photo: Hariprasad U / Mathrubhumi

സമൂഹത്തിന്റെ വ്യത്യസ്ത തുറകളിലുള്ളവരാണ് കൂട്ടായ്മയുടെ ഭാഗമായുള്ളത്. അധ്യാപകര്‍, അഭിഭാഷകര്‍, ഡോക്ടര്‍മാര്‍, സംരംഭകര്‍ തുടങ്ങി വീട്ടമ്മമാരും വിദ്യാര്‍ഥികളും ഉള്‍പ്പെടെയുള്ളവര്‍ തങ്ങളുടെ സര്‍ഗാത്മക പ്രകടിപ്പിക്കാനായി ലെറ്റ്‌സ് റൈറ്റ് ട്രിവാന്‍ഡ്രത്തിലേക്ക് എത്തി. എല്ലാവരേയും ഉള്‍പ്പെടുത്തി വാട്ട്‌സ്ആപ്പ് ഗ്രൂപ്പ് ആരംഭിച്ച് അതുവഴിയാണ് എല്ലാവരേയും ഏകോപിപ്പിച്ചത്. 

ഔപചാരികതയുടെ കെട്ടുപാടുകളില്ലാതെയാണ് എല്‍.ഡബ്ല്യു.ടി. പ്രവര്‍ത്തിക്കുന്നത്. കേശവദാസപുരത്തുള്ള ഹിമയുടെ സ്ഥാപനത്തില്‍ ഉച്ചതിരിഞ്ഞ് രണ്ടുമണിയോടെയാണ് എഴുത്തുകൂട്ടം ഒത്തുചേരുക. പലവിഷയങ്ങളെ കുറിച്ച് പരസ്പരം സംസാരിച്ചും തമാശകള്‍ പറഞ്ഞും സമയം ചെലവഴിച്ച ശേഷമാണ് അവര്‍ എഴുത്തിലേക്ക് കടക്കുക. 

ഓരോ സെഷനിലും ഒരു വിഷയം (പ്രോംപ്റ്റ്) അടിസ്ഥാനമാക്കിയാണ് എല്ലാവരും എഴുതുക. കൂട്ടായ്മയെ നയിക്കുന്ന നാരായണ്‍ മേനോന്‍ തന്നെയാണ് പ്രോംപ്റ്റ് നല്‍കുക. ശേഷം അദ്ദേഹം ഉള്‍പ്പെടെ കൂട്ടായ്മയിലെ എല്ലാവരും എഴുതും.

 എഴുത്തും പ്രോത്സാഹനവുമെല്ലാം എല്‍.ഡബ്ല്യു.ടി.

'ഒന്നിടവിട്ട ശനിയാഴ്ചകളില്‍ ഉച്ചതിരിഞ്ഞാണ് ഞങ്ങള്‍ ഒത്തുചേരുക. തുടര്‍ന്ന് പ്രോംപ്റ്റ് നല്‍കും. ഒന്നോ രണ്ടോ മണിക്കൂറില്‍ എഴുതി പൂര്‍ത്തിയാക്കിയത്, അത് എന്തുതന്നെയായാലും, ഓരോരുത്തരും ഒപ്പമുള്ളവര്‍ക്ക് മുന്നില്‍ ഉറക്കെ വായിക്കും. ഓരോരുത്തരുടേയും എഴുത്തിനെ കയ്യടിച്ച് പ്രോത്സാഹിപ്പിക്കാനും വിമര്‍ശിക്കാനും അതിന്മേല്‍ ചര്‍ച്ചചെയ്യാനുമെല്ലാം ഇവിടെ അവസരമുണ്ട്.' 

'പ്രോംപ്റ്റ് ലഭിച്ചുകഴിഞ്ഞാല്‍ എന്താണ് എഴുതേണ്ടത് എന്നത് പൂര്‍ണമായും എഴുത്തുകാരുടെ മാത്രം സ്വാതന്ത്ര്യമാണ്. യാതൊരു തരത്തിലുള്ള നിയന്ത്രണങ്ങളും ഇവിടെ ഇല്ല. കഥയായോ കവിതയായോ ലേഖനമായോ മറ്റേത് സാഹിത്യരൂപമായോ നിങ്ങളുടെ സര്‍ഗാത്മകത ഇവിടെ പ്രകടിപ്പിക്കാം.'

'നോട്ടുപുസ്തകത്തില്‍ പേന ഉപയോഗിച്ച് തന്നെ എഴുതണമെന്ന നിര്‍ബന്ധവും ഇവിടെയില്ല. മൊബൈല്‍ ഫോണിലോ ലാപ്‌ടോപ്പിലോ ടൈപ്പ് ചെയ്തും നിങ്ങള്‍ക്ക് ഇവിടെ എഴുതാം. ഒരുതുണ്ട് കടലാസില്‍ കുത്തിക്കുറിച്ചാല്‍പോലും ഒരു പ്രശ്‌നവുമില്ല. കാരണം, നിങ്ങള്‍ എങ്ങനെ എഴുതുന്നു എന്നതല്ല, എന്തെഴുതുന്നുവെന്നത് മാത്രമാണ് ഇവിടെ പ്രധാനം. ഭാഷയുടെ കാര്യത്തിലും നിര്‍ബന്ധബുദ്ധിയൊന്നുമില്ല. മലയാളമോ ഇംഗ്ലീഷോ ഇനി ഹിന്ദിയോ തമിഴോ പോലുള്ള മറ്റ് ഭാഷകളിലാണെങ്കിലും നിങ്ങള്‍ക്ക് എഴുതാം.' 

എഴുത്തിനൊപ്പം വിവിധ വിഷയങ്ങളിൽ ചർച്ചകളും ഇവിടെ നടക്കുന്നു | Photo: Hariprasad U / Mathrubhumi

'എല്‍.ഡബ്ല്യു.ടിയില്‍ എഴുതാനായി എത്തുന്നവര്‍ക്ക് യാതൊരു ഭയമോ ആശങ്കയോ കൂടാതെ കടന്നുവരാന്‍ കഴിയും. കൂട്ടായ്മയ്ക്കുള്ളില്‍ ഒതുങ്ങിനില്‍ക്കുമെന്നതിനാല്‍ എഴുത്തിനെ സ്വയം സെന്‍സര്‍ ചെയ്യേണ്ടിവരുമെന്ന ആശങ്കയോ വിവാദമാകുമെന്ന ഭയമോ ഒന്നും ഇവിടെയില്ല. എഴുത്തെന്ന സര്‍ഗാത്മകപ്രക്രിയയെ പോസിറ്റീവായി കാണുന്നവര്‍ മാത്രമാണ് ഇവിടെയുള്ളത്.'

'സൂര്യന് താഴെയും മുകളിലുമായുള്ള എന്തും ഞങ്ങള്‍ക്ക് പ്രോംപ്റ്റാണ്. A bookmark, Air/Breath എന്നീ രണ്ട് പ്രോംപ്റ്റുകളാണ് ലെറ്റ്‌സ് റൈറ്റ് ട്രിവാന്‍ഡ്രത്തിന്റെ ആദ്യ ഒത്തുകൂടലില്‍ നല്‍കിയത്. ഇതില്‍ ഏതെങ്കിലും ഒരു പ്രോംപ്റ്റ് ഒറ്റയ്‌ക്കോ രണ്ടും ഒന്നിച്ചുചേര്‍ത്തോ ആണ് അന്ന് എല്‍.ഡബ്ല്യു.ടിയിലെ എഴുത്തുകാര്‍ തൂലിക ചലിപ്പിച്ചത്.'

നാരായൺ മേനോൻ

2023 ജനുവരി ഒന്നിനാണ് എല്‍.ഡബ്ല്യു.ടി. ആദ്യമായി ഒത്തുകൂടുന്നത്. അന്ന് പത്തോ പന്ത്രണ്ടോ പേര്‍ മാത്രമാണ് എഴുതാനായി എത്തിയത്. എണ്ണത്തില്‍ കുറവായിരുന്നുവെങ്കിലും പങ്കെടുത്ത എല്ലാവരും സജീവമായിരുന്നു. മികച്ച രചനകളാണ് അന്ന് പിറന്നത്. അന്നത്തെ ആ ചെറിയ കൂട്ടം വളര്‍ന്ന് 150-ലേറെ പേരുള്ള വലിയ കൂട്ടമായി മാറി.'

'സെഷനുകളില്‍ നേരിട്ട് പങ്കെടുക്കുന്നവര്‍ കുറവാണ്. അധികം പേരും ഓണ്‍ലൈനായാണ് പങ്കെടുക്കുക. ഒത്തുകൂടിയവര്‍ക്ക് നല്‍കുന്ന അതേ പ്രോംപ്റ്റ് അതേ സമയത്ത് തന്നെ വാട്ട്‌സ്ആപ്പ് ഗ്രൂപ്പിലും പോസ്റ്റ് ചെയ്യും. അങ്ങനെ ഗ്രൂപ്പിലെ എല്‍.ഡബ്ല്യു.ടി. അംഗങ്ങള്‍ക്ക് ലോകത്തിന്റെ ഏതുകോണില്‍ നിന്നും സെഷന്റെ ഭാഗമാകാം. അവരുടെ രചനകള്‍ ഗ്രൂപ്പില്‍ പങ്കുവെയ്ക്കും. രചകളിന്മേല്‍ ഓഫ്‌ലൈനായി നടക്കുന്നതുപോലെ,  ഓണ്‍ലൈനായും ഗ്രൂപ്പില്‍ ചര്‍ച്ചകള്‍ നടക്കും.'

'എല്‍.ഡബ്ല്യു.ടിയുടെ പ്രാഥമികമായ ലക്ഷ്യം എഴുതുക എന്നതാണെങ്കിലും സാമൂഹികമായ കൂട്ടായ്മ കൂടിയാണ് ഇത്. സങ്കോചമില്ലാതെ സംസാരിക്കാനും അഭിപ്രായങ്ങള്‍ തുറന്നുപറയാനുമെല്ലാം ഇവിടെയെത്തുന്നവര്‍ക്ക് അവസരമുണ്ട്. എഴുത്തിന്റെ കാര്യത്തിലായാലും പറയുന്ന കാര്യത്തിലായാലും, ഇവിടെയാരും നിങ്ങളെ മുന്‍വിധിയോടെ കാണില്ല. തുറന്ന് സംസാരിക്കാന്‍ മടിയായിരുന്ന പലര്‍ക്കും അതിനെ മറികടക്കാന്‍ എല്‍.ഡബ്ല്യു.ടി. സഹായിച്ചിട്ടുണ്ട്.'
 

ലക്ഷ്യം എഴുത്ത്, മാര്‍ഗം വായന

'എഴുത്ത് മാത്രമല്ല, വായനയും സര്‍ഗാത്മകമായ പ്രവൃത്തിയാണ്. ഞാന്‍ കുട്ടിക്കാലം മുതല്‍ വായിച്ചുതുടങ്ങിയ ആളാണ്. അതാണ് എന്നെ എഴുത്തിലേക്ക് കൊണ്ടുവന്നത്. എഴുതാന്‍ നമുക്ക് ഏറ്റവും ആവശ്യം വായനാശീലമാണ്. വായനാശീലം കൊണ്ട് ഒട്ടേറെ ഗുണങ്ങളുണ്ട്.' - നാരായണ്‍ മേനോന്‍ പറഞ്ഞു. 

ഏത് ജോലിയ്ക്കും ഭാവന ആവശ്യമാണ്. ആദ്യം ഭാവനയില്‍ കണ്ടാല്‍ മാത്രമേ എന്തുകാര്യവും നമുക്ക് യാഥാര്‍ഥ്യമാക്കാന്‍ സാധിക്കൂ. ഭാവനയുണ്ടാകണമെങ്കില്‍ അതിന് വായന അനിവാര്യമാണ്. അതാണ് വായന കൊണ്ടുള്ള ഏറ്റവും പ്രധാന ഗുണം.' 

'കൂടാതെ വായന നമ്മുടെ ഭാഷ മെച്ചപ്പെടുത്താന്‍ സഹായിക്കും. കുട്ടികളുടെ അത്ഭുതലോകമായാലും പ്രേതഭവനമായാലും അങ്ങനെ വായനയിലൂടെ ഇതുവരെ കാണാത്ത പല സ്ഥലങ്ങളിലൂടെയും നമുക്ക് സഞ്ചരിക്കാന്‍ കഴിയും. ' -അദ്ദേഹം തുടര്‍ന്നു. 

എല്‍.ഡബ്ല്യു.ടി. എഴുതാന്‍ താത്പര്യമുള്ളവരുടെ കൂട്ടമാണെങ്കിലും വായനയേയും പ്രോത്സാഹിപ്പിക്കുക തങ്ങളുടെ ലക്ഷ്യമാണെന്നും നാരായണ്‍ മേനോന്‍ പറയുന്നു. ഇതിന്റെ ഭാഗമായി ഭാവിയില്‍ പ്രവര്‍ത്തനം വിപുലമാക്കാന്‍ ടീം എല്‍.ഡബ്ല്യു.ടി. ഉദ്ദേശിക്കുന്നുണ്ട്. ആര്‍ക്കും സൗജന്യമായി പുസ്തകം ലഭ്യമാക്കാനും വായിക്കാന്‍ അവസരമൊരുക്കാനുമുള്ള പദ്ധതിയാണ് ഇതില്‍ പ്രധാനപ്പെട്ടത്. കൂടാതെ വിദ്യാര്‍ഥികളില്‍ വായനാശീലം വളര്‍ത്താനായി സ്‌കൂളുകളില്‍ വര്‍ക്ക്‌ഷോപ്പുകള്‍ സംഘടിപ്പിക്കാനും എല്‍.ഡബ്ല്യു.ടി. ലക്ഷ്യമിടുന്നുണ്ട്. ലെറ്റ്‌സ് റൈറ്റ് ട്രിവാന്‍ഡ്രത്തിലൂടെ പിറവിയെടുത്ത രചനകള്‍ പ്രസിദ്ധീകരിക്കാനുള്ള ആലോചനയും നടക്കുന്നുണ്ടെന്ന് നാരായണ്‍ മേനോന്‍ പറയുന്നു. 

ഇക്കഴിഞ്ഞ മാതൃഭൂമി അന്താരാഷ്ട്ര അക്ഷരോത്സവത്തില്‍ എല്‍.ഡബ്ല്യു.ടിയുടേതുമാത്രമായ സെഷനും ഉണ്ടായിരുന്നു. മറ്റുപരിപാടികളില്‍ നിന്ന് വ്യത്യസ്തമായി പ്രോംപ്റ്റ് നല്‍കി അതേക്കുറിച്ച് എഴുതുക തന്നെയാണ് ഇവിടേയും നടന്നത്. എല്‍.ഡബ്ല്യു.ടി. അംഗങ്ങള്‍ക്ക് പുറമെ അക്ഷരോത്സവത്തിന് എത്തിയവര്‍ക്കും ഇവിടെ എഴുതാന്‍ അവസരമുണ്ടായിരുന്നു. 

ദേശവ്യത്യാസമില്ലാതെ ആര്‍ക്കും എല്‍.ഡബ്ല്യു.ടിയുടെ ഭാഗമാകാനും ഒപ്പം എഴുതാനും അവസരമുണ്ട്. അതിനായി letswritetvm@gmail.com എന്ന ഇ -മെയില്‍ വിലാസത്തിലോ @lets_write_tvm എന്ന ഇന്‍സ്റ്റഗ്രാം അക്കൗണ്ടിലോ ബന്ധപ്പെടാവുന്നതാണ്. 

Content Highlights: Let's Write Trivandrum (LWT), a writers' community in Thiruvananthapuram by Narayan Menon K