ഇതുവരെ വായിച്ചുതീര്‍ത്തത് 2500-ലേറെ പുസ്തകങ്ങള്‍; തിരൂരിലെ ദക്ഷിണയ്ക്ക് എല്ലാ ദിവസവും വായനാദിനം

വായിച്ചുവളരണമെന്നാണ് എല്ലാവരും കുട്ടിക്കാലം മുതലേ കേള്‍ക്കുന്നത്. ഇക്കാലംകൊണ്ട് നമ്മള്‍ എത്ര പുസ്തകം വായിച്ചിട്ടുണ്ടാകും? വായിക്കാന്‍ പോലും സമയമില്ലാത്ത ഇന്നത്തെ കാലത്ത് മുമ്പ് വായിച്ച പുസ്തകങ്ങളുടെ എണ്ണം ആര് ഓര്‍ത്തുവെയ്ക്കും, അല്ലേ... എന്നാല്‍ ഏഴാം ക്ലാസെത്തുമ്പോഴേക്ക് മൂവായിരത്തോളം പുസ്തകങ്ങള്‍ വായിച്ചുതീര്‍ത്ത, ഇപ്പോഴും വായിച്ചുകൊണ്ടിരിക്കുന്ന ഒരു കൊച്ചുമിടുക്കിയുണ്ട്. സാക്ഷാല്‍ തുഞ്ചന്റെ നാടായ തിരൂരിലുള്ള ദക്ഷിണ. എല്ലാ ദിവസവും വായനാദിനമായ ദക്ഷിണ സംസാരിക്കുന്നു.
വായനയിലേക്കുള്ള വഴി
കിന്റര്‍ഗാര്‍ട്ടണ്‍ മുതല്‍ തന്നെ വായിക്കുമായിരുന്നു. അമര്‍ചിത്രകഥ പോലെ കുട്ടികള്‍ക്കുള്ള പുസ്തകങ്ങളാണ് ആദ്യം വായിച്ചത്. കുഞ്ഞായിരിക്കുമ്പോള്‍ അമ്മയും അച്ഛനും എനിക്ക് കഥകള്‍ പറഞ്ഞുതരുമായിരുന്നു. അച്ഛനൊപ്പം സ്‌കൂട്ടറില്‍ പോകുമ്പോള്‍ ഞാന്‍ ഉറങ്ങിപ്പോകാതിരിക്കാനായി അച്ഛന്‍ കഥകളുണ്ടാക്കി പറഞ്ഞുതരും. അങ്ങനെ കഥകള്‍ കേട്ടാണ് ഞാന്‍ വായനയുടെ ലോകത്തേക്ക് എത്തിയത്. ഏത് പുസ്തകമാണ് ആദ്യം വായിച്ചതെന്ന് ഓര്‍മയില്ല. ഒരിക്കല്‍ തിരൂരില്‍ നിന്നുവാങ്ങിയ മഹാഭാരതം പുസ്തകം തീവണ്ടിയിലിരുന്ന് ഒറ്റയിരുപ്പിന് വായിച്ചു. പിന്നെ തുഞ്ചന്‍ പറമ്പിലെ ബുക്ക്സ്റ്റാളില്‍ നിന്നുവാങ്ങിയ വിക്രമാദിത്യ കഥകള്‍ എന്ന പുസ്തകം. ഇത് രണ്ടുമാണ് കുട്ടിക്കാലത്തെ വായിച്ചതില്‍ ആദ്യം ഓര്‍മയില്‍ വരുന്ന പുസ്തകങ്ങള്‍. പക്ഷേ അതിനും മുമ്പേ വായിക്കുമായിരുന്നു.
എണ്ണമില്ലാത്ത പുസ്തകങ്ങള്‍
ഇതുവരെ എത്ര പുസ്തകങ്ങള്‍ വായിച്ചുവെന്ന് എനിക്കുതന്നെ അറിയില്ല. അഞ്ചാം ക്ലാസില്‍ വെച്ചാണ് 2,000-ാമത്തെ പുസ്തകം വായിച്ചത്. അതിന് ശേഷം എണ്ണിയിട്ടില്ല. ഇപ്പൊ ഏഴാം ക്ലാസിലെത്തി. 2500-ല്‍ കൂടുതല്‍ പുസ്തകങ്ങളായിട്ടുണ്ടാകും. ഒരുവര്‍ഷം ആയിരം പുസ്തകങ്ങള്‍ വായിച്ചതിന് ഇന്റര്‍നാഷണല്‍ ബുക് ഓഫ് റെക്കോര്‍ഡ്‌സ് ലഭിച്ചിട്ടുണ്ട്.
പുസ്തകങ്ങള്‍ വരുന്ന വഴി
അച്ഛനും അമ്മയുമാണ് പുസ്തകങ്ങള്‍ വാങ്ങിത്തരുന്നത്. പിന്നെ നേരിട്ടും ഫേസ്ബുക്കിലൂടെയുമെല്ലാം അറിയുന്നവര്‍ സമ്മാനമായും തരും. ലൈബ്രറികളില്‍ നിന്നും പുസ്തകങ്ങളെടുത്ത് വായിക്കും. ബാലസമാജത്തില്‍ നിന്നാണ് വായിക്കാനായി ആദ്യം പുസ്തകമെടുത്തത്. ഗ്രാമബന്ധു, തിരൂര്‍ മുന്‍സിപ്പല്‍ ലൈബ്രറി, തിരുവനന്തപുരം സെന്‍ട്രല്‍ ലൈബ്രറി,തുഞ്ചന്‍ പറമ്പ് ലൈബ്രറി... ഇവിടെയെല്ലാം മെമ്പര്‍ഷിപ്പുണ്ട്. തുഞ്ചന്‍ പറമ്പ് ലൈബ്രറിയിലെ മുഴുവന്‍ മലയാളം പുസ്തകങ്ങളും ഞാന്‍ വായിച്ചുതീര്‍ത്തു.
ഇപ്പൊ വായിക്കുന്നത്
രവിവര്‍മ തമ്പുരാന്റെ 'ആന്‍മരിയ -പ്രണയത്തിന്റെ മേല്‍വിലാസം' എന്ന പുസ്തകമാണ് ഇപ്പോള്‍ വായിക്കുന്നത്. പിന്നെ സുധാമൂര്‍ത്തിയുടെ മഹാശ്വേത എന്ന പുസ്തകവും.
പുസ്തകം വായിച്ചുകഴിഞ്ഞാല്‍
പുസ്തകം വായിച്ചുകഴിഞ്ഞ് ആസ്വാദനക്കുറിപ്പ് എഴുതാറുണ്ട്. കിട്ടുന്ന കടലാസിലും പഴയ നോട്ടുബുക്കിലുമെല്ലാമാണ് പണ്ട് എഴുതിയിരുന്നത്. അതൊക്കെ നഷ്ടപ്പെട്ടു. ഇപ്പൊ ഫേസ്ബുക്കിലാണ് ആസ്വാദനക്കുറിപ്പ് എഴുതി പോസ്റ്റ് ചെയ്യുന്നത്. അച്ഛനും അമ്മയും എന്റെ ആസ്വാദനക്കുറിപ്പുകള്‍ ശേഖരിച്ച് സൂക്ഷിച്ചുവെയ്ക്കുന്നുണ്ട്. അത് പുസ്തകമാക്കി പ്രസിദ്ധീകരിക്കണമെന്നാണ് അവര്‍ പറയുന്നത്. 400-ലേറെ പുസ്തകങ്ങള്‍ക്ക് ആസ്വാദനകുറിപ്പ് എഴുതിട്ടിട്ടുണ്ട്.
ആസ്വാദനക്കുറിപ്പിന് പുറമെ ഫേസ്ബുക്ക് കുറിപ്പുകളും കഥയും കവിതയുമെല്ലാം എഴുതാറുണ്ട്. ഫേസ്ബുക്കിലൂടെ എന്നെ അറിഞ്ഞ പലരും വിലാസം വാങ്ങി പുസ്തകങ്ങള്‍ അയച്ചുതരാറുണ്ട്. പല എഴുത്തുകാരേയും പരിചയപ്പെടാനും ഫേസ്ബുക്ക് സഹായിച്ചു. അങ്ങനെ പരിചയപ്പെട്ട 'സീരാമേട്ടന്‍' (വി.കെ. ശ്രീരാമന്‍) എന്റെ അടുത്ത കൂട്ടുകാരനാണ്. അദ്ദേഹം കഴിഞ്ഞ ദിവസം എന്റെ വീട്ടില്‍ വന്നു. അതിന്റെ ഫോട്ടോയും വീട്ടില്‍ വന്നതിനെ കുറിച്ചുമെല്ലാം സീരാമേട്ടന്‍ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്.
വായിച്ചതില്‍ ഏറ്റവും ഇഷ്ടപ്പെട്ട പുസ്തകം
എനിക്ക് എല്ലാ പുസ്തകങ്ങളും ഇഷ്ടമാണ്. അങ്ങനെ ഒരു പുസ്തകമായി പറയാന്‍ കഴിയില്ല. പിന്നെ കുറേ എഴുത്തുകാരുടെ രചനാശൈലി ഇഷ്ടമാണ്. ബാലസാഹിത്യത്തില്‍ ഡോ. കെ. ശ്രീകുമാറിന്റെ എഴുത്താണ് ഇഷ്ടം. പിന്നെ കെ.ആര്‍. മീര, കല്‍ക്കി, ജോസഫ് അന്നംകുട്ടി ജോസ്, ബെന്യാമിന്‍, അരുന്ധതി റോയ്, വി.കെ. ശ്രീരാമന്‍, അമീഷ് ത്രിപാഠി, ഡാന്‍ ബ്രൗണ്‍ അങ്ങനെ ഒരുപാട് എഴുത്തുകാരെ ഇഷ്ടമാണ്.
ഇംഗ്ലീഷ് പുസ്തകങ്ങള്‍
ഇംഗ്ലീഷ് പുസ്തകങ്ങളുടെ മലയാളം പരിഭാഷ വായിച്ചശേഷം ആ ഇംഗ്ലീഷ് പുസ്തകം വായിക്കും. ഇംഗ്ലീഷ് പുസ്തകങ്ങളും വായിച്ച് തുടങ്ങാന്‍ ആലോചിക്കുന്നുണ്ട്.
വായന പഠനത്തെ ബാധിക്കില്ല
ഏയ്, ഒരിക്കലുമില്ല. ഒരുപാട് വായിക്കുന്നതുകൊണ്ടാകും, ക്ലാസൊക്കെ ഒരുതവണ കേട്ടാല്‍ മതി എനിക്ക് മനസിലാകാന്‍. പിന്നെ പരീക്ഷ അടുക്കുമ്പോള്‍ ഒന്നുവായിച്ചാല്‍ മതി.
വായനയ്ക്ക് പുറമെ
ചിത്രം വരയ്ക്കും. ലോക്ക്ഡൗണ്‍ സമയത്ത് 400-ല്‍ കൂടുതല്‍ ചിത്രങ്ങള്‍ വരച്ചതിന് ഇന്ത്യ ബുക് ഓഫ് റെക്കോര്‍ഡ്‌സും ഏഷ്യ ബുക് ഓഫ് റെക്കോര്‍ഡ്‌സും ഇന്റര്‍നാഷണല്‍ ബുക് ഓഫ് റെക്കോര്‍ഡ്‌സും കിട്ടിയിട്ടുണ്ട്. ഞാന്‍ വരച്ച 300-ല്‍ കൂടുതല്‍ ചിത്രങ്ങള്‍ കോഴിക്കോട് പ്രദർശനം നടത്തി വിറ്റ് കിട്ടിയ 20,000 രൂപ സമയത്ത് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് നല്‍കിയിട്ടുണ്ട്. പ്രളയകാലത്തായിരുന്നു ഇത്. അമ്മയാണ് ചിത്രം വരയ്ക്കാന്‍ പഠിപ്പിച്ചത്. വായിച്ച കഥകളിലെ കഥാപാത്രങ്ങളെ വരച്ചുനോക്കുന്നതും ശീലമാണ്. ബോട്ടില്‍ ആര്‍ട്ടും ചെയ്യാറുണ്ട്.
പിന്നെ ഭരതനാട്യം, കുച്ചുപ്പുടി, മോഹിനിയാട്ടം പോലുള്ള ക്ലാസിക്കല്‍ നൃത്തരൂപങ്ങള്‍ പഠിക്കുന്നുണ്ട്. നീന്തും, പാചകം ചെയ്യും. അച്ഛന്റെ കൂടെ പറമ്പില്‍ അത്യാവശ്യം കൃഷി ചെയ്യും. സിനിമകള്‍ കാണും. എന്റെ വരയ്ക്കും വായനയ്ക്കുമായി വനിതാ-ശിശുക്ഷേമ വകുപ്പിന്റെ 2022-ലെ ഉജ്ജ്വലബാല്യം പുരസ്‌കാരം ലഭിച്ചിട്ടുണ്ട്. മന്ത്രി വീണാ ജോര്‍ജാണ് പുരസ്‌കാരം സമ്മാനിച്ചത്.
എന്നെക്കുറിച്ച്...
ദക്ഷിണ എസ്.എന്‍. എന്നാണ് മുഴുവന്‍ പേര്. അച്ഛന്‍ നോബിള്‍ സി. അമ്മ ഷൈനി നോബിള്‍. തിരൂര്‍ പൂക്കയില്‍ ബസാറിലാണ് വീട്. അച്ഛന്‍ പുത്തനത്താണിയില്‍ കെ.എസ്.ഇ.ബി. ഓവര്‍സിയര്‍ ആണ്. അമ്മ അധ്യാപികയായിരുന്നു. ഒറ്റമോളായ എന്നെ നോക്കാന്‍ വേണ്ടിയാ അമ്മ ജോലി ഉപേക്ഷിച്ചത്. ഇപ്പൊ ഞാന്‍ വലുതായതുകൊണ്ട് വീണ്ടും ജോലി പോകാന്‍ ആലോചിക്കുന്നുണ്ട്. താനൂരിലെ എം.ഇ.എസ്. സെന്‍ട്രല്‍ സ്‌കൂളിലെ ഏഴാം ക്ലാസ് വിദ്യാര്‍ഥിനിയാണ് ഞാന്‍. സ്‌കൂളിലെ ലൈബ്രറിയില്‍ നിന്നും പുസ്തകമെടുക്കാറുണ്ട്. അവിടത്തെ ലൈബ്രേറിയന്‍ ഫുള്‍ സപ്പോര്‍ട്ടാണ്.
വായനാദിനത്തില്‍ പറയാനുള്ളത്
എല്ലാവരും വായിക്കണം എന്നുതന്നെയാണ് പറയാനുള്ളത്. വായന നമ്മളെ നന്നാക്കാനേ ഉപകരിക്കൂ. വായന നമ്മളെ ഒരിക്കലും ഒറ്റപ്പെടുത്തില്ല. സ്‌കൂളിലെ പാഠപുസ്തകങ്ങളില്‍ നിന്നുള്ളതിനേക്കാള്‍ പഠിക്കാനുള്ളത് മറ്റ് പുസ്തകങ്ങളില്‍ നിന്നാണ്. നമ്മുടെയുള്ളിലെ ചീത്തക്കാര്യങ്ങള്‍ മാറ്റി നന്നാക്കാന്‍ വായന സഹായിക്കും. വായിക്കുമ്പോള്‍ നമ്മുടെ ലോകം കൂടുതല്‍ കൂടുതല്‍ വിശാലമാകും. അതുകൊണ്ട് ഒന്നൂടെ പറയുന്നു, എല്ലാരും പുസ്തകം വായിക്കണം.
Content Highlights: Every day is reading day for Dakshina from Tirur, a seventh standard student, who read 2500+ books