ബാഗില്‍ പുസ്തകവുമെടുത്ത് ആടുമേക്കാന്‍ മലകയറുന്ന വായനക്കാരി

സതീദേവി  തന്റെ  വീട്ടില്‍ | ചിത്രങ്ങള്‍: രാമനാഥ് പൈ
സതീദേവി തന്റെ വീട്ടില്‍ | ചിത്രങ്ങള്‍: രാമനാഥ് പൈ

ദ്യം വായിച്ച പുസ്തകം ഏതാ?
''അതെനക്ക് ഓര്‍മില്ലപ്പ... നിങ്ങ ഇങ്ങനെ വന്ന് എന്നേലും ഈ ചോദ്യം ചോയ്ക്കുംന്ന് ഞാന്‍ കര്തില്ലല്ലോ...''
വരയിട്ട നോട്ടുബുക്കിലെ തന്റെ തന്നെ അക്ഷരങ്ങളില്‍നിന്ന് മുഖമുയര്‍ത്തി സതി പറഞ്ഞു.
''പഠിക്കണ്ടേ... നാലാംക്ലാസ് എഴുതേണ്ടേ...?'' അതിനുമുണ്ട് മറുപടി.
''അയ്‌നെനക്ക് പാങ്ങില്ലപ്പ. മനസ്സിലുള്ളത് കൈയില് വരില്ലേന്...'' ബീഡിതെറുത്ത് ശീലിച്ച വിരലുകള്‍ക്ക് അക്ഷരം വഴങ്ങില്ല എന്ന് പറഞ്ഞ് സതി പുസ്തകം അടച്ചു.

താമസിക്കുന്ന കൂരയുടെ ചോരാത്ത മൂലയില്‍നിന്ന് അവര്‍ ഒരു ഫലകം എടുത്തു: ''വായനശാലക്കാര് തന്നതാണ്. ഏറ്റോംകൂടുതല്‍ പുസ്തകം വായിച്ചേനുള്ള ട്രോഫി...'' തൊട്ടടുത്ത് എവിടെ നിന്നോ പാട്ട് കേട്ടു... 'ഒരു പുഷ്പം മാത്രമെന്‍...' ആട്ടിന്‍കൂടില്‍ നിന്നാണ്. ''രാവിലെ പള്ള നെറഞ്ഞാല് ഓര്ക്ക് പാട്ട് കേക്കണം. പാട്ട് കേട്ട് തലയാട്ടി ആടെ കിടക്കും. അപ്പഴേക്ക് ഞാന്‍ പണിയെല്ലാം തീര്‍ത്ത് റെഡിയാവും. ബാഗില്‍ വെള്ളവും കത്തിയും പുസ്തകവുമൊക്കെയെടുത്ത് ആടുകളേം കൂട്ടി മലകയറും. പണ്ട് കൂട്ടുകാര്ക്ക് ഒപ്പരം ഉസ്‌കൂളില്‍ പോയപോലെ...'' ആടിന്റെ സുരക്ഷയ്ക്ക് കൈസര്‍ എന്നൊരു നായയുമുണ്ട്. കൊമയിലെ കുന്നിന്‍ ചെരിവുകളില്‍ സതിയുടെ പതിനൊന്ന് ആടുകളും മേഞ്ഞു നടക്കും. ആ നേരത്ത് സതി ഏതേലും മരച്ചുവട്ടിലിരുന്ന് പുസ്തകം വായിക്കും. അത് വായിച്ചുതീരുമ്പോഴേക്കും ആടുകള്‍ക്കുവയറു നിറഞ്ഞിട്ടുണ്ടാവും. ആടുകളില്‍ ഏതെങ്കിലുമൊന്ന് കൂട്ടംതെറ്റിയാല്‍ കൈസര്‍ കുരച്ച് വിവരം അറിയിക്കും. വായിച്ച പുസ്തകം ബാഗില്‍ െവച്ച് കൂട്ടംതെറ്റിയ കുഞ്ഞാടിനെ സതി നേര്‍വഴി നടത്തും. കഴിഞ്ഞ പത്തുവര്‍ഷമായി ഇതാണ് പതിവ്. കൊമയിലെ വായനശാലയില്‍നിന്ന് സതിക്കൊപ്പം കുന്നുകയറാത്ത പുസ്തകങ്ങളില്ല.

സതീദേവി  ആടുകളെ മേയ്ക്കുന്നു

ആടില്‍ തുടങ്ങിയ വായന

നാടന്‍പാട്ട് കലാകാരനായ രാമകൃഷ്ണനാണ് സതിയുടെ ഭര്‍ത്താവ്. കല്യാണം കഴിഞ്ഞ് ഏറെ വൈകി മകന്‍ ജനിച്ചു. രതു കൃഷ്ണന്‍. രതു ആറാംക്ലാസില്‍ പഠിക്കുമ്പോള്‍ സ്‌കൂളില്‍നിന്ന് ഒരു ആടിനെ കിട്ടി. അയല്‍വാസിയായ ശശി അതിനൊപ്പം ഒരു ആടിനെക്കൂടി അവര്‍ക്ക് കൊടുത്തു. ആട് പെറ്റു. ആല നിറഞ്ഞു. സതി ആടുവളര്‍ത്തല്‍കാരിയായി. അങ്ങനെയൊരു ദിവസം മകന്‍ അമ്മയോട് ചോദിച്ചു: ''അമ്മേ വായനശാലയില്‍നിന്ന് ഒരു പുസ്തകം എടുത്തുതരാമോ?'' ''വായനശാലയോ അതെന്താ?'' അതായിരുന്നു അന്ന് സതി ചോദിച്ച മറുചോദ്യം. വായനശാലയില്‍ വായിക്കാന്‍ പുസ്തകങ്ങളൊക്കെ കിട്ടുമെന്ന് മകന്‍ അമ്മയെ പറഞ്ഞ് മനസ്സിലാക്കി. എന്തായാലും അറുപതുരൂപ അടച്ച് സതി വായനശാലയില്‍ അംഗത്വമെടുത്തു.

മകനുവേണ്ടി എടുത്തുകൊണ്ടുവന്ന പുസ്തകം വെറുതേ തുറന്ന് ഒന്ന് വായിക്കാന്‍ ശ്രമിച്ചു. ''പറ്റണില്ലപ്പാ'' എന്ന് പറഞ്ഞ് അവരത് താഴൈവച്ചു. അക്ഷരങ്ങള്‍ മെരുങ്ങുന്നില്ല. കണ്ണുറപ്പിക്കുമ്പോള്‍ ചിഹ്നങ്ങളൊക്കെ ചിതറി നൃത്തം ചെയ്യുംപോലെ. പക്ഷേ, ജീവിതത്തെ മെരുക്കാന്‍ പഠിച്ച സതി അക്ഷരങ്ങളെ അങ്ങനങ്ങ് വെറുതേ വിടുമോ. ''ഞാന്‍ എന്റെ കുഞ്ഞീനോട് ഇതെന്താ അതെന്താ എന്നൊക്കെ ചോയ്ച്ച് മെല്ലെനെ വായിക്കാന്‍ പഠിച്ചു.'' അങ്ങനെ മൂന്നാംക്ലാസുകാരി സതി മകന്റെ കൈത്താങ്ങില്‍ കൂട്ടിവായന തുടങ്ങി. പിന്നെ സതിക്ക് ഓരോ വരിയും സമ്മാനിച്ചത് കൊമയ്ക്ക് അപ്പുറമുള്ള വിശാലലോകത്തിന്റെ കാഴ്ചകളാണ്. അങ്ങനെയങ്ങനെ സതി പുസ്തകങ്ങളുമായി കുന്നുകയറാന്‍ തുടങ്ങി. ''വായിക്കുന്നത് മോശാണെന്ന് ചിലോര് പറയും. അക്ഷരം അറിയാത്ത നീയെങ്ങനെ വായിച്ചൂന്ന് നടുവഴിയില്‍ തടഞ്ഞു നിര്‍ത്തി ചോദിച്ചോരുമുണ്ട്.'' അങ്ങനെയൊരാള്‍ക്ക് നിന്ന നില്‍പ്പില്‍ ആടുജീവിതത്തിന്റെ കഥ മുഴുവനും വള്ളിപുള്ളിതെറ്റാതെ പറഞ്ഞുകൊടുത്തതോര്‍ത്ത് സതി ചിരിച്ചു. ആടുജീവിതവും എന്‍മകജെയും തക്ഷന്‍കുന്ന് സ്വരൂപവുമാണ് വായിച്ച പുസ്തകങ്ങളില്‍ ഏറ്റവും പ്രിയപ്പെട്ടത്. ഖസാക്കിന്റെ ഇതിഹാസം പലതവണ വായിക്കാന്‍ ശ്രമിച്ചു. പക്ഷേ, അതിലെ ഭാഷ വഴങ്ങുന്നില്ല. ആടുജീവിതം മൂന്നാംതവണയും വായിക്കാനായി എടുത്തുെവച്ചിട്ടുണ്ട് സതി. മഞ്ഞവെയില്‍ മരണങ്ങളും എന്‍മകജെയും മനുഷ്യന് ഒരു ആമുഖവും മനസ്സില്‍നിന്ന് ഇറങ്ങിപ്പോകുന്നില്ല. എന്‍മകജെ വായിച്ച് കഥ ഇഷ്ടപ്പെട്ടപ്പോള്‍ ആയിടെ പിറന്ന രണ്ട് ആടുകള്‍ക്ക് നീലാണ്ടനെന്നും ശിവാനിയെന്നും പേരുകൊടുത്തു സതി. ആരാച്ചാര്‍ വായിക്കാനെടുത്തപ്പോള്‍ ഈ ആരാച്ചാര് എന്നുപറഞ്ഞാല്‍ എന്താ? എന്നൊരു സംശയമാണ് ആദ്യം മനസ്സില്‍ വന്നത്. ആ സംശയം ഭര്‍ത്താവ് രാമകൃഷ്ണന്‍ തീര്‍ത്തുകൊടുത്തു.

കഥയും ജീവിതവും

അങ്ങനെയൊരിക്കല്‍ യു.കെ. കുമാരന്റെ ഒരു ചെറുകഥ വായിച്ച് സതി ശരിക്കുമൊന്ന് ഞെട്ടി. കഥാപാത്രം താന്‍ തന്നെയല്ലേ എന്നൊരു തോന്നല്‍. പാത്തുമ്മയുടെ ആടില്‍ ആട് പുസ്തകം ചവയ്ക്കുമ്പോള്‍ സതി ഓര്‍ത്തത് കുട്ടനെന്ന് പേരിട്ടുവിളിച്ച മുട്ടനാട് ചവച്ചു രുചിച്ച പഴയൊരു പുസ്തകമാണ്. അന്ന് തന്റെ ആട് പുസ്തകം തിന്ന കഥയല്ലേ ഈ എഴുതിെവച്ചിരിക്കുന്നത് എന്ന് ചോദിക്കാന്‍ കഥാകൃത്തിന്റെ ഫോണ്‍നമ്പര്‍ തേടി സതി വായനശാലയില്‍ പോയിരുന്നു. പക്ഷേ, ആ കഥയെഴുതിയ വൈക്കംകാരന്‍ ബഷീര്‍ ചോദ്യത്തിന് ഉത്തരം തരാന്‍ ഇന്നീ ലോകത്ത് ജീവിച്ചിരിപ്പില്ല എന്ന നിരാശയോടെ സതി വീട്ടിലേക്കുമടങ്ങി. ഇപ്പോള്‍ ഞെട്ടിച്ച ഈ കഥയിലും ആടുകളുണ്ട്. ഒരു ആടുവളര്‍ത്തല്‍കാരി ഭംഗിയുള്ള പേരിട്ട് ഓമനിച്ചുവളര്‍ത്തിയ ആടുകളൊക്കെ ചത്തുപോകുന്ന കഥ. കഥയിലെ അതേ അനുഭവം സതിക്ക് ജീവിതത്തില്‍ ഉണ്ടായിട്ടുണ്ട്. സുന്ദരി എന്ന് ഓമനപ്പേരിട്ട് വിളിച്ച മിടുക്കിയാട്, ചുവപ്പു കുപ്പായം മാതിരി ദേഹമാകെ ചുവന്നരോമം നിറഞ്ഞ ചോക്കച്ചി. അവ രണ്ടും ചത്തതിന്റെ വിഷമത്തിലാണ് സതി കഥ വായിച്ചത്. സതിക്ക് അദ്ഭുതം അടക്കാനായില്ല. ചന്തമുള്ള പേരാണ് ആടുകളുടെ അകാലമരണത്തിന് കാരണം എന്ന തോന്നലില്‍ സതി മോശം പേരുകള്‍ ആടുകള്‍ക്കിട്ട കാലമാണ് അത്. കഥയിലും ആടുവളര്‍ത്തുകാരി ഇതേ വിശ്വാസം പിന്തുടര്‍ന്ന് ഇങ്ങനെ പേരിടുന്നുണ്ട്. ഇത് എന്തദ്ഭുതം. ഇവിടെ നടക്കുന്ന കാര്യങ്ങളൊക്കെ ഇദ്ദേഹം ഇതെങ്ങനെ അറിയുന്നു എന്ന അമ്പരപ്പ്. പുസ്തകത്തില്‍ തപ്പി കഥാകൃത്തിന്റെ നമ്പറെടുത്തു. വിളിച്ചു. ആ സംസാരത്തില്‍ മറ്റൊരു കഥ പിറന്നു. 'ആടുകളെ വളര്‍ത്തുന്ന വായനക്കാരി' എന്ന പേരില്‍ യു.കെ. കുമാരന്‍ ഒരു കഥ എഴുതി. കഥാപാത്രത്തിന് സതി എന്നുതന്നെ പേരും നല്‍കി. അങ്ങനെ സതി കഥാപാത്രമായ കഥ മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ അച്ചടിച്ചുവന്നു. കൊമയിലെ കുന്നിന്‍ചെരിവില്‍ നിന്ന് ഒരുപാടുപേരുടെ വായനാലോകത്തേക്ക് കഥാപാത്രമായി ചെന്നതിന്റെ സന്തോഷം അവരുടെ വാക്കുകളിലുണ്ട്.

താന്‍ വായിച്ച പുസ്തകങ്ങള്‍ സതീദേവി നോട്ട് ബുക്കില്‍ കുറിച്ചു വെച്ചപ്പോള്‍

ഇണങ്ങാത്ത അക്ഷരം

ചെറുകഥകളും നോവലുകളുമൊക്കെയായി സതിയുടെ വായന പരന്നു. വായിച്ചതൊക്കെയും മറന്നുപോകാതിരിക്കാന്‍ പുസ്തകത്തിന്റെ സൂചനകള്‍ എഴുതിവെക്കണമെന്ന് പലരും സതിയോട് പറഞ്ഞു. അങ്ങനെ ഒരു നോട്ട്ബുക്കില്‍ എഴുതിത്തുടങ്ങി. ബീഡി ചുരുട്ടി ശീലിച്ച വിരലുകള്‍ പിണങ്ങി നിന്നു. പക്ഷേ, ഒടുവില്‍ അക്ഷരം വഴങ്ങി. ചിതറി വലിഞ്ഞുനിന്ന അക്ഷരങ്ങള്‍ക്ക് താളുകള്‍ കടക്കുമ്പോള്‍ ഒതുക്കം വന്നിട്ടുണ്ട്. കഥകളുടെയും കഥാകൃത്തുക്കളുടെയും പേരുകള്‍ അടുക്കിയ പുസ്തകത്തിന്റെ ഒരതിരില്‍ സതി തന്റെ ജീവിതം എഴുതിത്തുടങ്ങിയിട്ടുണ്ട്. വായിച്ച കഥകളും അതിലെ കഥാപാത്രങ്ങളും നിറഞ്ഞ ആത്മകഥ. മറുവശത്ത് രണ്ടിടങ്ങഴിയും ഏഴിലംപാലയും ഊരുകാവലും ബംഗ്ലാദേശ്‌കോളനിയും അക്ഷയപാത്രവും നാലുകെട്ടും... ഉള്‍പ്പെടെ എണ്ണിയാലൊടുങ്ങാത്ത കഥകള്‍. യു.കെ. കുമാരനും അംബികാസുതന്‍ മാങ്ങാടും മുതിര്‍ന്ന പത്രപ്രവര്‍ത്തകന്‍ വി.വി. പ്രഭാകരനുമൊക്കെ കൂടുതല്‍കൂടുതല്‍ വായിക്കാന്‍ പ്രോത്സാഹിപ്പിക്കാറുണ്ടെന്ന് സതി പറയുന്നു.

നിലച്ച പഠനം

''പണ്ട് പഠിക്കാന്‍ പറ്റാത്തതില്‍ നല്ലോണം വെഷമം ഉണ്ട്. പഠിക്കാനുള്ള സൗകര്യം ഇല്ല. അച്ഛന് പാട്ടത്തിനെടുത്ത വയലില്‍ നെല്‍ക്കൃഷി ആയിരുന്നു. പാടത്ത് പണിക്കിറങ്ങും. വിശപ്പ്മാറ്റണമല്ലോ.'' അതിനിടെ പഠനം മുടങ്ങി. അക്ഷരം എഴുതാന്‍ അറിയാത്ത, വാക്കുകള്‍ വഴങ്ങാത്ത സതി അമ്പതാം വയസ്സില്‍ തുടങ്ങിയ വായന. പത്തുവര്‍ഷംകൊണ്ട് ഒരുപാടൊരുപാട് കഥകള്‍ വായിച്ചു. ഒരു കഥയില്‍ കഥാപാത്രമായി. ഒരിക്കലും കാണാനിടയില്ലാത്ത ലോകങ്ങളിലൂടെ കഥകളിലൂടെ യാത്രപോയി. അടുത്തിടെ സതിക്ക് ആരോ ഒരു മൊബൈല്‍ഫോണ്‍ സമ്മാനം കൊടുത്തു. പാട്ടുകേള്‍ക്കാം വീഡിയോ കാണാം. പക്ഷേ, തന്റെ ലോകം അതൊന്നുമല്ലെന്ന് സതി ഉറപ്പിച്ചു. ഒന്നുംവായിക്കാതെ ഒരുരാത്രിപോലും ഉറങ്ങാന്‍ പറ്റാറില്ലെന്ന് അവര്‍ പറയുന്നു. പകല്‍ കുന്നിന്‍മുകളിലിരുന്ന് വായിക്കും. രാത്രി പന്ത്രണ്ടുമണിവരെയൊക്കെ വായിച്ചിട്ടേ ഉറങ്ങൂ. താമസിച്ചിരുന്ന വീട് കാലപ്പഴക്കം കാരണം നിലംപൊത്താറായപ്പോ പൊളിച്ചുമാറ്റി. തറകെട്ടിയിട്ട പുതിയ വീടിന് മേല്‍ക്കൂര ഉയരുന്നതും അതില്‍ പുസ്തകങ്ങള്‍ അടുക്കിവെക്കുന്നതും സ്വപ്നം കണ്ട് സതി കുന്നിനു മുകളിലെത്തി. അവര്‍ ഒരു പുസ്തകം ബാഗില്‍നിന്നെടുത്തു. സന്തോഷ് ഏച്ചിക്കാനത്തിന്റേതാണ്. ബിരിയാണി വായിക്കണം എന്നുണ്ടായിരുന്നു... പക്ഷേ, വായനശാലയില്‍ ഇല്ല. നരനായും പറവയായും എന്ന തലക്കെട്ടുള്ള പുസ്തകത്തിന്റെ താളുകളിലേക്ക് അവര്‍ മുഖംപൂഴ്ത്തി. ചില മനുഷ്യരിങ്ങനെയാണ്. ജീവിതം കൊണ്ട് അവര്‍ പറവകളാകും..

Content Highlights: reading day 2022