പി.എന്‍. പണിക്കര്‍ എന്ന അക്ഷരസ്‌നേഹിയും ശങ്കരമാരാരുടെ സ്വര്‍ണമതിരവും

മലയാളികളെ വായനസംസ്‌കാരം പഠിപ്പിച്ച, വായനയിലൂടെ മാത്രമേ നന്മ കൈവരുത്താന്‍ കഴിയൂ എന്ന് വിശ്വസിച്ച പി.എന്‍. പണിക്കരുടെ ചരമദിനമായ ജൂണ്‍ 19ന് കേരളീയര്‍ വായനദിനമായി ആചരിക്കുന്നു. അമ്പലപ്പുഴയിലും സമീപദേശങ്ങളിലും ഒട്ടേറെ ഗ്രന്ഥശാലകള്‍ സ്ഥാപിച്ചതിനുശേഷം ഗ്രന്ഥശാലാസംഘം രൂപവത്കരിക്കാന്‍ ശ്രമം തുടങ്ങി. 1945ല്‍ ആ സ്വപ്നം യാഥാര്‍ഥ്യമാക്കുകയും ചെയ്തു. തുടര്‍ന്ന് നിരക്ഷരത നിര്‍മാര്‍ജനം ചെയ്യുന്നതിനായി അനൗപചാരിക വിദ്യാഭ്യാസവികസനസമിതിക്ക് (കാന്‍ഫെഡ്) പണിക്കര്‍ രൂപംനല്‍കി. ഒരു പുരുഷായുസ്സ് മുഴുവന്‍ അറിവിന്റെ വെളിച്ചം വിതറി നവകേരളത്തെ പ്രകാശമാനമാക്കിയ പണിക്കര്‍ 1995 ജൂണ്‍ 19നാണ് അന്തരിച്ചത്. അദ്ദേഹത്തിന്റെ ജീവിതത്തിലെ ശ്രദ്ധേയമായ രണ്ടു സംഭവങ്ങള്‍ വായിക്കാം.
സ്വര്‍ണമോതിരം
അമ്പലപ്പുഴ ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തോടനുബന്ധിച്ച് ഒരു വായനശാല ആരംഭിക്കണമെന്ന് പണിക്കര്‍ തീരുമാനിച്ചു. പുസ്തകങ്ങളും വായനശാലയ്ക്കുവേണ്ട സാമഗ്രികളും സംഭാവനയായി സമാഹരിക്കാന്‍ പലരെയും സന്ദര്‍ശിച്ചു. പലരും സന്തോഷത്തോടെ നല്‍കുകയും ചെയ്തു. അമ്പലപ്പുഴ മുന്‍സിഫായിരുന്ന ശങ്കരമാരാര്‍ പരിഹസിച്ചുകൊണ്ട് പണിക്കരോട് പറഞ്ഞു. അമ്പലപ്പുഴയില്‍ ഒരു വായനശാല ആറുമാസം പ്രവര്‍ത്തിച്ചാല്‍ പണിക്കര്‍ക്ക് താന്‍ ഒരു സ്വര്‍ണമോതിരം സമ്മാനമായി നല്‍കുന്നതാണെന്ന്.
ശങ്കരമാരാര്‍ കരുതിയതിലും അപ്പുറമായിരുന്നു പണിക്കരുടെ പ്രവര്‍ത്തനമികവ്. അത് വായനശാല വിജയിപ്പിച്ചുകൊണ്ട് അദ്ദേഹം തെളിയിച്ചു. ജീവിതത്തിന്റെ സായാഹ്നകാലത്ത് പലപ്പോഴും പണ്ട് തനിക്ക് ശങ്കരമാരാര്‍ സമ്മാനിച്ച സ്വര്‍ണമോതിരത്തിലേക്കു നോക്കി പണിക്കര്‍ ചിരിക്കാറുണ്ടായിരുന്നു.
കേരള സ്റ്റേറ്റ് 53
പി.എന്‍. പണിക്കര്‍ രാവിലെ വീട്ടില്‍നിന്ന് പുറത്തേക്കിറങ്ങാനുള്ള ഒരുക്കത്തിലാണ്. കേരള സ്റ്റേറ്റ് 53 എന്ന നമ്പറില്‍ ഒരു സര്‍ക്കാര്‍ കാര്‍ മുറ്റത്തുവന്നുനില്‍ക്കുന്നു. കാര്‍ കണ്ട് പണിക്കര്‍ അദ്ഭുതപ്പെട്ടു. കാറില്‍നിന്ന് ഡ്രൈവര്‍മാത്രം ഇറങ്ങിവന്നു. ഡ്രൈവറോട് കാര്യം തിരക്കി. ഗ്രന്ഥശാലാ ജനറല്‍ സെക്രട്ടറി എന്ന നിലയില്‍ താങ്കള്‍ക്ക് സര്‍ക്കാര്‍ അനുവദിച്ച കാറാണെന്ന് ഡ്രൈവര്‍ പറഞ്ഞു. പണിക്കര്‍ അതേ കാറില്‍ കയറി വിദ്യാഭ്യാസമന്ത്രിയായിരുന്ന സി.എച്ച്. മുഹമ്മദ് കോയയുടെ ഔദ്യോഗികവസതിയിലെത്തി. ഇങ്ങനെയൊരു കാര്‍ ഉപയോഗിക്കാന്‍ തനിക്ക് അര്‍ഹതയില്ലെന്ന് പണിക്കര്‍ വിനയപുരസ്സരം മന്ത്രിയെ അറിയിച്ചു.
ഞങ്ങളെപ്പോലുള്ള രാഷ്ട്രീയക്കാര്‍ക്ക് വാസ്തവത്തില്‍ ഇതിനൊന്നും അര്‍ഹതയില്ലെന്നും ജനങ്ങള്‍ക്കുവേണ്ടി നിസ്വാര്‍ഥസേവനം ചെയ്യുന്ന താങ്കളെപ്പോലുള്ളവരാണ് ഇതിനര്‍ഹരെന്നും മന്ത്രി പറഞ്ഞു. മന്ത്രിയുടെ സ്‌നേഹനിര്‍ബന്ധത്തിനു വഴങ്ങി സര്‍ക്കാര്‍ കാര്‍ ഉപയോഗിക്കാന്‍ പണിക്കര്‍ നിര്‍ബന്ധിതനാവുകയായിരുന്നു.
Content Highlights: reading day 2022 pn panicker