'പുതിയൊരു മതത്തിന്റെ മാനിഫെസ്റ്റോ'; നിരോധനത്തിന്റെ കൈപ്പറിഞ്ഞ 'ഔലാദു ഹാറതുനാ'

നജീബ് മെഹ്ഫൂസ് Photo: AP
നജീബ് മെഹ്ഫൂസ് Photo: AP

ണ്ണെത്താ ദൂരത്തോളം പരന്നു കിടക്കുന്ന മരുഭൂമി, ചുട്ടുപൊള്ളുന്ന മണല്‍, ഈജിപ്തിലെ മുഖത്തം മരുഭൂമിയെക്കുറിച്ചുള്ള വര്‍ണ്ണനകള്‍ക്കപ്പുറം പറയേണ്ടിയിരിക്കുന്നത് മരുഭൂമിയുടെ ഒത്ത കോണില്‍ കൂറ്റന്‍ മതിലുകളാല്‍ ചുറ്റപ്പെട്ടു കിടക്കുന്ന ഒരു പടുകൂറ്റന്‍ മണിമാളിക കണ്ടോ? നജീബ് മെഹ്ഫൂസ് എന്ന മാന്ത്രിക എഴുത്തുകാരന്‍ തന്റെ ഭാവനകളാല്‍ നിര്‍മ്മിച്ച നിര്‍മ്മിതി, അതിനെക്കുറിച്ചാണ്. ഒരു വലിയ സമൂഹം രൂപപ്പെടാന്‍ കാരണക്കാരനായ മെഹ്ഫൂസിന്റെ സൃഷ്ടിയായ ജബലാവിയുടെ ആ മണിമാളികയെക്കുറിച്ച്. ഒരു രാജ്യത്തിന്റെ കോപത്തിനിരയാകാന്‍ വിധിക്കപ്പെട്ട മണിമാളിക. ഒരു എഴുത്തുകാരന്റെ, നോബല്‍ പ്രൈസ് ജേതാവിന്റെ മരണത്തിന് (നേരിട്ടല്ലെങ്കിലും) കാരണമായ ജബലാവിയുടെ മണി മാളിക.

എപ്പോഴും നമ്മള്‍ പറയാറില്ലേ, എല്ലാം നഷ്ടപ്പെട്ടവന്‌ വഴികാട്ടാന്‍ ആരെങ്കിലും ഒരാള്‍ വരുമെന്ന്. അത്തരത്തില്‍, അടിച്ചമര്‍ത്തപ്പെട്ട ഒരു ജനത, തങ്ങളുടെ രക്ഷകന്‍ വരുമെന്ന പ്രതീക്ഷയോടെ ചൂഷണത്തിനിരയാക്കപ്പെട്ടവര്‍. ചൂഷണത്തിനിരയായിക്കൊണ്ടിരിക്കെ ആരെങ്കിലും വരുമെന്ന പ്രതീക്ഷയില്‍ ജീവിക്കുന്നവര്‍. ഒടുവില്‍ സഹികെട്ട് അവര്‍ക്കിടയില്‍ നിന്ന് തന്നെ ഒരു രക്ഷകന്‍ ഉദയം കൊള്ളുന്നത്. വര്‍ഗ സമരങ്ങളെ സെമിറ്റിക് മതങ്ങളുടെ പശ്ചാത്തലം നല്‍കി 'അലിഗറി' (ഉപമകള്‍ കൊണ്ട്, പ്രതീകാത്മക ഭംഗിയോട വിവരിക്കുന്ന രീതി) വിഭാഗത്തില്‍ അവതരിപ്പിക്കുകയാണ് ഈജിപ്ത്യന്‍ എഴുത്തുകാരന്‍ നജീബ് മെഹ്ഫൂസ് തന്റെ ഔലാദു ഹാറതുന (Children of Gebelawi പിന്നീട് Children of Our Alley എന്ന പേരില്‍ പ്രസിദ്ധീകരിച്ച (1959)  أولاد حارتنا നോവലില്‍ കൂടി. സാങ്കല്‍പ്പിക ലോകത്തെ സൃഷ്ടികളെ, സാങ്കല്‍പ്പികമായൊരു തെരുവിനെ സൃഷ്ടിച്ചു കൊണ്ട് കഥാപാത്രങ്ങളേയും ഒപ്പം വായനക്കാരനേയും പരസ്പരം കലഹിപ്പിക്കുകയാണ് എഴുത്തുകാരന്‍. 

മണിമാളികയെ ചുറ്റിപ്പറ്റി നില്‍ക്കുന്ന ആ തെരുവുണ്ടല്ലോ, അതാണ് ജബലാവിത്തെരുവ്. ജബലാവിയുടെ മണിമാളികളുടെ ഒത്തമുകളില്‍ നിന്ന് ഇടക്കിടെ വാതില്‍ പഴുതിലൂടെ ജബലാവി തന്റെ മണിമാളികക്കരികിലുള്ള തെരുവിനെ നോക്കാറുണ്ടത്രേ, എന്നാല്‍ ആരും ഇതുവരെ ജബലാവിയെ കണ്ടിട്ടില്ല. രൂപം, ഭാവം പോലും തിരിച്ചറിയാത്ത ജബലാവിയെക്കുറിച്ച് തെരുവിലുള്ള കഥകള്‍ക്ക് പഞ്ഞമില്ല. ജബലാവിയുടെ പരമ്പരകളാല്‍ രൂപപ്പെടുന്ന ആ തെരുവും തെരുവിലെ ജനങ്ങള്‍ക്കുമിടയില്‍ ഓരോ കാലഘട്ടതിലും ഒരു രക്ഷകന്‍ അവതരിക്കുന്നുണ്ട്. ജനങ്ങള്‍ക്കിടയില്‍ അരാജകത്വത്തിന്റെ കണികകള്‍ ഇല്ലാതാക്കാന്‍ വേണ്ടി അവര്‍ പ്രയത്‌നിക്കുകയും അതിലുപരിയായി തങ്ങളുടെ പിതാമഹന്റെ സ്ഥാനം ഉറപ്പിക്കാന്‍ വേണ്ടി, ജന നന്മ ലക്ഷ്യം വെച്ച് പോരാടുകയും ചെയ്യുന്നുണ്ട്.

എത്രയോ നൂറ്റാണ്ടുകളായി ജബലാവി ജീവിച്ചിരിക്കുന്നുവെന്നാണ് എഴുത്തുകാരന്‍ കഥയിലുടനീളം പറഞ്ഞുവെക്കുന്നത്. എന്നാല്‍ അദ്ദേഹത്തെക്കുറിച്ച് നല്‍കുന്ന വിവരണങ്ങള്‍പ്പുറമായി യാതൊന്നും പറയുന്നുമില്ല. തന്റെ മക്കളായ അദ്ഹമിനേയും ഇദ്‌രീസിനേയും തന്റെ ആജ്ഞകള്‍ ധിക്കരിച്ചതിന്റെ പേരില്‍ മാളികയില്‍ നിന്നും ജബലാവി പുറത്താക്കുന്നു. ഇവരുടെ പിന്‍മുറക്കാരാണ് പില്‍ക്കാലത്ത് തെരുവില്‍ വളര്‍ന്നു വന്ന ജനത. ജബലാവിയുടെ വിശാലമായ ഭൂസ്വത്തിന്റെ നോക്കി നടത്തിപ്പിനായി നിയമിക്കപ്പെടുന്ന കങ്കാണി (ഗുമസ്ഥന്‍). അയാളാകട്ടെ, ജബലാവി തെരുവിലുള്ളവരെ അടിച്ചമര്‍ത്തി തന്റെ അടിമകളാക്കാനായി ഗുണ്ടകളെ തന്റെ ചൊല്‍പ്പടിയില്‍ വളര്‍ത്തിത്തുടങ്ങുന്നു. ഗുണ്ടാപ്പിരിവ് നല്‍കാത്തവരൊക്കെ ക്രൂരമായി അടിച്ചമര്‍ത്തപ്പെടും. തങ്ങളുടെ പിതാമഹന്റെ ഭൂസ്വത്തില്‍ നിന്നും ലഭിക്കുന്ന വരുമാനമൊക്കെ കങ്കാണിയും ഗുണ്ടകളും ചേര്‍ന്ന് കവര്‍ന്നെടുക്കുമ്പോള്‍ തെരുവിലുള്ളവര്‍ ഉന്തുവണ്ടി തള്ളി അന്നം കണ്ടെത്താന്‍ കഷ്ടപ്പെടുന്നതു തങ്ങളെ രക്ഷപ്പെടുത്താന്‍ ആരെങ്കിലും വരുമെന്ന പ്രതീക്ഷ വായനക്കാരിലും ജനിപ്പിക്കും വിധം എഴുത്തുകാരന്‍ എഴുത്തിലൂടെ പ്രതിഫലിപ്പിക്കുന്നുണ്ട്. 

അവരുടെ പ്രതീക്ഷ പോലെത്തന്നെ ഓരോ കാലത്തും കങ്കാണിയുടേയും തെരുവുഗുണ്ടകളുടേയും അടിച്ചമര്‍ത്തലുകള്‍ക്കെതിരെ രക്ഷകന്മാര്‍ തെരുവിന്റെ മക്കള്‍ക്കിടയില്‍ നിന്നും ഉയര്‍ന്നു വരികയും ചെയ്യുന്നുണ്ട്. ജബല്‍, രിഫാഅ, ഖാസിം, അറഫ തുടങ്ങിയ വീരനായകരെ വിവിധ കാലങ്ങളിലായി എഴുത്തുകാരന്‍ രക്ഷകനായി അവതരിപ്പിക്കുന്നുണ്ട്. ഇത്തരത്തിലുള്ള രക്ഷകന്മാരായി അവതരിക്കുന്നവര്‍ എങ്ങിനെയാണ് കങ്കാണിക്കും തെരുവു ഗുണ്ടകള്‍ക്കുമെതിരെ പൊരുതിയതെന്നും നീതി നടപ്പിലാക്കാന്‍ ശ്രമിച്ചതെന്നുമുള്ള യോചിപ്പിച്ചു പോകുന്ന കഥകളുടെ ഒരു കൂട്ടമാണ് ഔലാദു ഹാറതുന.

'തെരുവിന്റെ മക്കള്‍' എന്ന പേരിലാണ് അധ്യാപകനായ ഡോ. എന്‍. ഷംനാദ് ഗ്രീന്‍ ബുക്‌സിന് വേണ്ടി മലയാളത്തിലേക്ക് ഇത് പരിഭാഷപ്പെടുത്തിയിട്ടുള്ളത്.

'ഞാന്‍ എഴുതുന്ന കാര്യങ്ങള്‍ക്ക് കഥകള്‍ മാത്രമാണാധാരം' മുഖത്തം മരുഭൂമിയില്‍ ഒരു തെരുവ് സൃഷ്ടിച്ച്, അറബി ചരിത്രത്തിലെ ഏറ്റവും വലിയ വിവാദ കൃതി 'ഔലാദു ഹാറതുന'യ്ക്ക് തുടക്കമിട്ടു കൊണ്ട് നജീബ് മെഹ്ഫൂസ് എഴുതിത്തുടങ്ങിയത് ഇങ്ങനെയായിരുന്നു. ഭാവിയില്‍ തന്റെ രചനകൊണ്ട് എന്തൊക്കെ സംഭവിക്കും എന്നത് മുന്‍കൂട്ടി കണ്ട് എഴുതിയതു പോലെയായിരുന്നു അദ്ദേഹത്തിന്റെ ആരംഭം. നോബല്‍ പ്രൈസ് സ്വന്തമാക്കിയ കൃതി, അറബ് നാടുകളില്‍ നിരോധനമേര്‍പ്പെടുത്തിയപ്പോള്‍ പുറം രാജ്യത്തുള്ള പ്രസാധകര്‍ വിറ്റു കാശാക്കിയ പുസ്തകം, ഒരു എഴുത്തുകാരന്റെ ജീവന് തന്നെ ഹാനി സംഭവിക്കാവുന്ന തരത്തില്‍ പ്രതിഷേധങ്ങളുയര്‍ന്ന അറബി ചരിത്രത്തിലെ ഏറ്റവും വലിയ പുസ്തകം, എന്തിനേറെ പറയണം, മറ്റൊരു സെമിറ്റിക് മതം ഉണ്ടാക്കിയെടുക്കാനുള്ള മാനിഫെസ്റ്റോ എന്നു കൂടി പ്രചരിച്ചൊടുവില്‍ നിരോധിക്കപ്പെട്ട പുസ്തകം... ഔലാദു ഹാറതുനയെക്കുറിച്ചുള്ള വിശേഷണങ്ങള്‍ അങ്ങനെ നീണ്ടു പോകും.

ജബലാവി എന്നൊരു സാങ്കല്‍പ്പിക പ്രഭുവിനേയും മക്കളേയും മുഖത്തം മരുഭൂമിയിലൊരു ജബലാവിത്തെരുവും ജനങ്ങളേയും ഓരോ തലമുറകളിലുമെത്തുന്ന രക്ഷകരേയുമാണ് നോവലില്‍ കാണാന്‍ സാധിക്കുക. കഥ നടക്കുന്ന കാലഘട്ടവും നോവലില്‍ പരമാമര്‍ശിക്കുന്നില്ലെങ്കിലും സെമിറ്റിക് മതങ്ങളോട് സാമാന്യത തോന്നുന്ന തരത്തില്‍ പ്രതീകാത്മകമായി നോവലില്‍ പരാമര്‍ശിക്കുന്നു എന്നതാണ് നോവലിലെ പ്രധാന സവിശേഷത. എന്നാല്‍ സാങ്കല്‍പ്പിക ലോകം സൃഷ്ടിച്ചു കൊണ്ട് കഥപറഞ്ഞു പോകുന്ന തരത്തിലാണ് ആഖ്യാനം എന്നത് കൊണ്ട് തന്നെ നോവലിന് മതവുമായോ മതചിഹ്നങ്ങളുമായോ നേരിട്ട് യാതൊരു ബന്ധവുമില്ല എന്നതും ഏറെ ശ്രദ്ധേയമാണ്. വായിച്ചു തുടങ്ങുമ്പോള്‍ പല സെമിറ്റിക് മതങ്ങളുടെ കഥകളുമായി കണക്ട് ചെയ്തു പോകുന്ന തരത്തിലാണ് നജീബ് മെഹ്ഫൂസിന്റെ എഴുത്ത്. എന്നാല്‍ തികച്ചും സാങ്കല്‍പ്പിക ലോകത്തെ കഥയും കഥാപാത്രങ്ങളും ഒരിക്കലും ഒരു മതവുമായോ ചേര്‍ന്നു നില്‍ക്കുന്ന എഴുത്തുകളല്ല എന്നതും ചേര്‍ത്ത് വായിക്കപ്പെടേണ്ടതാണ്.

അറബി സാഹിത്യത്തിലെ ആദ്യ 'അലിഗറി' നോവല്‍ എന്നാണ് ഔലാദുനാ ഹാറതുനാ (Children of Gebelawi പിന്നീട് Children of Our Alley എന്ന പേരില്‍ പ്രസിദ്ധീകരിച്ചു (1959) أولاد حارتنا ) അറിയപ്പെടുന്നത്. എന്നാല്‍ പിന്നീട് ഇത് Children of Our Alley എന്ന പേരില്‍ ഇംഗ്ലീഷിലേക്ക് സമാന്തരമായി തര്‍ജ്ജമ ചെയ്യപ്പെടുകയായിരുന്നു. 

1959ലാണ് നോവല്‍ ഓരോ ലക്കങ്ങളായി അല്‍  അഹ്‌റം എന്ന പത്രത്തില്‍ പ്രസിദ്ധീകരിച്ചു വന്നത്. എന്നാല്‍ മത നേതാക്കളുടെ ഭാഗത്ത് നിന്നുണ്ടായ വിമര്‍ശനങ്ങളുടെ പശ്ചാത്തലത്തില്‍ പകുതിയില്‍ വെച്ച് നിര്‍ത്തേണ്ട അവസ്ഥ വന്നുവെങ്കിലും പ്രമുഖ ചരിത്രകാരന്‍ കൂടിയായ അല്‍  അഹ്‌റം പത്രത്തിന്റെ പത്രാധിപര്‍ മുഹമ്മദ് ഹസനൈന്‍ ഹൈകല്‍ ശക്തമായ നിലപാടെടുക്കുകയും തുടര്‍ന്ന് നോവല്‍മുഴുവന്‍ പത്രത്തില്‍ ഖണ്ഡശയായി അച്ചടിച്ചുവരികയും ചെയ്തു. എന്നാല്‍ നോവല്‍ പുസ്തക രൂപത്തില്‍ പ്രസിദ്ധീകരിക്കുന്നതിന് വിലക്കേര്‍പ്പെടുത്തുകയായിരുന്നു.

1952ലെ ഈജിപ്തിലെ പട്ടാള വിപ്ലവത്തെത്തുടര്‍ന്നാണ് നജീബ് മെഹ്ഫൂസ് 'ഔലാദ് ഹാറതിനാ' എഴുതിത്തുടങ്ങുന്നത്. വിപ്ലവത്തിന്റെ മറയില്‍ അധികാരികളും ഉദ്യോഗസ്ഥരും ചേര്‍ന്ന് നടത്തിയ ക്രൂര വാഴ്ചകളെ തന്റെ സാങ്കല്‍പ്പിക ലോകത്തേക്ക് പുനരാഖ്യാനം ചെയ്യുകയായിരുന്നു അദ്ദേഹം. ജബലാവിത്തെരുവുകള്‍ അക്കാലത്തുണ്ടായിരുന്ന സാമൂഹിക അനീതിയുടെ ഉറവിടമായി എഴുത്തുകാരന്‍ ചിത്രീകരിച്ചു. ജബലാവി തെരുവിലെ ജനങ്ങളുടെ യാതനകളും, തെരുവ് ഗുണ്ടകളുടെയും കങ്കാണിമാരുടെയും ചൂഷണങ്ങളും അക്കാലത്തുണ്ടായ സാമൂഹിക അനീതിയായിരുന്നു. എന്നാല്‍ ഇതൊക്കെ വസ്തുത എന്ന് നില്‍ക്കെ, സാങ്കല്‍പ്പിക ലോകവും കഥാപാത്രങ്ങളും സെമിറ്റിക് മതങ്ങളോട് ചേര്‍ന്നു നില്‍ക്കുന്നു എന്ന ഒറ്റ കാരണം കൊണ്ട് പുസ്തക പ്രസിദ്ധീകരണത്തിന് വിലക്കേര്‍പ്പെടുത്തുകയായിരുന്നു. 

നീണ്ട കാലങ്ങളോളം ഒന്നും എഴുതാതിരുന്ന നജീബിന്റെ പുതിയ നോവല്‍ തങ്ങളുടെ പത്രത്തില്‍ പ്രസിദ്ധീകരിക്കാനൊരുങ്ങുന്നു എന്ന് അല്‍ അഹ്‌റം പത്രം പരസ്യം നല്‍കിയപ്പോള്‍ തന്നെ ആളുകള്‍ ആകാംക്ഷഭരിതരായിരുന്നു. പത്രത്തിന്റെ എട്ടാം പേജിലായിട്ടായിരുന്നു കഥ പ്രസിദ്ധീകരിച്ചിരുന്നത്. പിന്നീട് എഴുത്തിനെതിരെ മതനേതാക്കള്‍ രംഗത്തെത്തുകയായിരുന്നു. വിവാദമായതോടെ നോവല്‍ പുസ്തക രൂപത്തില്‍ പ്രസിദ്ധീകരിക്കുന്നതിനെതിരേ ശക്തമായ പ്രതിഷേധങ്ങളുയര്‍ന്നപ്പോള്‍ അന്നത്തെ ഈജിപ്ത് പ്രസിഡന്റ് ജമാല്‍ അബ്ദുല്‍ നാസര്‍ അല്‍അസ്ഹര്‍ സര്‍വകലാശാലയിലെ പ്രമുഖ പണ്ഡിതന്മാരടങ്ങുന്ന ഒരു സമിതിയെ വിഷയം പഠിക്കാന്‍ ചുമതലപ്പെടുത്തി. സമിതിയുടെ തീരുമാനം നജീബ് മഹ്ഫൂസിനെതിരായിരുന്നു. അതിനെ തുടര്‍ന്ന് പ്രസിഡന്റിന്റെ ദൂതനായ ഹസന്‍ സ്വബ്‌രി അല്‍ ഖൂരി മഹ്ഫൂസിനെ കാണുകയും അല്‍ അസ്ഹറിന്റെ അനുമതിയോടെയല്ലാതെ നോവല്‍ ഈജിപ്തിനുള്ളില്‍ പുസ്തക രൂപത്തില്‍ പ്രസിദ്ധീകരിക്കരുതെന്ന് ആവശ്യപ്പെടുകയും ചെയ്തു. ഇത് അക്ഷരം പ്രതി നജീബ് മെഹ്ഫൂസ് അനുസരിക്കുകയും തന്റെ കഥ അദ്ദേഹം പ്രസിദ്ധീകരിക്കുന്നതില്‍ നിന്ന് പിന്തിരിയുകയും ചെയ്തു. അത് മരണം വരെ അദ്ദേഹം അംഗീകരിക്കുകയും ചെയ്തു.

എന്നാല്‍ 1967ല്‍ ലെബനോനില്‍ ആദ്യമായി നോവല്‍ പുസ്തക രൂപത്തില്‍ പ്രസിദ്ധീകരിച്ചു. ഫിലിപ്പ് സ്റ്റുവര്‍ട്ട് 1981ല്‍ ഇത് ഇംഗ്ലീഷിലേക്ക് പരിഭാഷപ്പെടുത്തുകയും വൈകാതെ തന്നെ അച്ചടിച്ചു പുറത്തിറക്കുകയും ചെയ്തു. ഈജിപ്തില്‍ ഈ നോവലിന് വിലക്കേര്‍പ്പെടുത്തിയിട്ടുണ്ടെങ്കിലും നിരവധി കണക്കിന് ഇവ കരിഞ്ചന്തയില്‍ കൂടി വിറ്റഴിക്കുന്നുണ്ടായിരുന്നു. 

പിന്നീട് ഈ പുസ്തകത്തിന്റെ പ്രസാധനവുമായി ബന്ധപ്പെട്ട് പ്രമുഖ പ്രസാധകര്‍ തമ്മില്‍ ഒരു യുദ്ധം തന്നെയാണ് നടന്നത്. അല്‍ അസ്ഹറിന്റെ അനുവാദത്തോടെയല്ലാതെ ഈജിപ്തില്‍ തന്റെ കൃതി പുസ്തകരൂപത്തില്‍ പ്രസിദ്ധീകരിക്കുവാന്‍ അനുവദിക്കുകയില്ലെന്ന് മഹ്ഫൂസും വാശിപിടിച്ചതോടെ പത്രങ്ങള്‍ ലക്കങ്ങളായും, ഒറ്റപ്രതിയായും പ്രസിദ്ധീകരിച്ചു.

2006 ഓഗസ്റ്റ് 30നാണ് മഹ്ഫൂസ് മരിക്കുന്നത്. പിന്നീട് അതേവര്‍ഷം തന്നെ ദാര്‍ അല്‍ഷുറൂഖ് 'ഔലാദു ഹാറതിനാ' യുടെ പുസ്തകരൂപത്തിലുള്ള അറബി പതിപ്പ് ആദ്യമായി ഈജിപ്തില്‍ പ്രസിദ്ധീകരിക്കുകയായിരുന്നു.

പുസ്തകത്തിന്റെ പേരില്‍ നിരവധി കോണില്‍ നിന്ന് എഴുത്തുകാരന് ആക്രമണങ്ങളേല്‍ക്കേണ്ടി വന്നിട്ടുണ്ട്. കെയ്‌റോ തെരുവില്‍ മെഹ്ഫൂസിനെ കത്തികൊണ്ട് ആക്രമിച്ചു. കഴുത്തില്‍ കുത്തേറ്റ അദ്ദേഹം, മരണം വരെ അതിന്റെ പരിക്ക് അദ്ദേഹത്തെ അലട്ടിയിരുന്നു എന്നാണ് അടുത്തവൃത്തങ്ങള്‍ വ്യക്തമാക്കിയിരുന്നത്.

ജീവിച്ചിരിക്കുമ്പോള്‍ പുറത്തിറക്കാന്‍ സാധിക്കാത്ത പുസ്തകം പിന്നീട് എഴുത്തുകാരന്റെ മരണ ശേഷം പുറത്തിറക്കുകയും ലോകം അംഗീകരിക്കുകയും ചെയ്ത കൃതി. ലോകത്തെ ഒരു തെരുവില്‍ കെട്ടിയിട്ട് എല്ലാ ജനങ്ങളുടേയും ശബ്ദമായി പ്രതീക്ഷ കാത്ത് നില്‍ക്കുന്ന, നിലവിലെ പലയിടങ്ങളിലേയും സാഹചര്യങ്ങളോട്, അടിച്ചമര്‍ത്തപ്പെട്ടവരോട് ഒടുവില്‍ നജീബ് മെഹ്ഫൂസ് പ്രതീക്ഷ നല്‍കി വെക്കുന്നതും അത് തന്നെയാണ്; 'ഈ അനീതിക്കൊരന്ത്യം ഉണ്ടായേ തീരു. രാത്രിക്കൊടുവില്‍ പകലെത്തുന്നത് പോലെ, ഈ ക്രൂര ഭരണത്തിന്റെ അന്ത്യം നമ്മുടെ തെരുവ് കാണുക തന്നെ ചെയ്യും. ഒപ്പം വെളിച്ചത്തിന്റേയും അത്ഭുതങ്ങളുടേയും പ്രഭാതം ഉദിച്ചുയരുക തന്നെ ചെയ്യും...'

Content Highlights: Children of Gebelawi Novel by Naguib Mahfouz reading