'നിനക്കറിയുമോ യഥാർഥസ്നേഹമെന്നാൽ എന്റെയെന്ന് ഉറപ്പായശേഷവും നിന്നെ വിട്ടുകൊടുക്കലാണ്'

ഇന്ദു മേനോൻ
ഇന്ദു മേനോൻ

പറഞ്ഞാൽ തീരാത്ത, പറയാതെ ഒളിപ്പിച്ച എന്തോ. അതാണ് പ്രണയം. പ്രണയദിനത്തിൽ കഥാകാരി ഇന്ദു മേനോൻ എഴുതിയ പ്രണയലേഖനം...

എന്റെ പ്രിയനേ...
ഡോണോ പൗളോ, ഗോവ 14/02/2023

നീലവിഷാദനക്ഷത്രം കടലുകൾക്കുമീതെ കണ്ണീരുറഞ്ഞുതിളങ്ങവെ, ഞാനിന്നും നിന്നെയോർത്തു, ഒരു കടലകലെ എന്നെക്കുറിച്ചു സദാ ഓർക്കുന്ന നിന്നെ. തീപ്പെട്ട അരൂതവിത്തുകൾപോലെ നിന്റെയിരട്ട കാക്കപ്പുള്ളികൾ ഓർമയിൽ, എന്റെ മുഖത്ത് പൊട്ടിത്തെറിച്ചു. നിന്റെ ചോരച്ചവർപ്പുള്ള ചുംബനം വീഞ്ഞുപോലെ മധിർത്തു. നിന്റെ കണ്ണുകളിലെ പ്രേമമുണ്ണെ, ആത്മാവിന്റെ ആഴങ്ങളിൽ കൊടുംലഹരിയോടെ ഞാൻ ചിരിക്കുന്നത് പ്രതിബിംബിച്ചു. നിന്റെ പ്രേമതീവ്രതയിൽ ഞാനുമെന്റിരട്ടയും വിഷാദംപൂണ്ട പെൺപക്ഷികളെപ്പോലെ കുറുകി. തണുപ്പു നമ്മളെ പരസ്പരം ഉടുപ്പുകളാക്കി.

ഈ പ്രപഞ്ചങ്ങൾക്കപ്പുറം, ആയിരംകാതമാകാശങ്ങൾക്കപ്പുറം കടലുകൾക്കും പരശ്ശതം നക്ഷത്രങ്ങൾക്കുമപ്പുറം എന്റെ ആത്മാവിനെ സാക്ഷ്യംവെച്ചത് നിന്നെപ്രതിയാണ്. പൂപൂക്കുന്ന ഒച്ചകളും നിലാവുനനയുന്ന ഒച്ചകളും കേൾക്കെ നക്ഷത്രക്കാവലിലും നമ്മൾ ഞെട്ടുന്നു.

നിന്റെ പ്രേമം, ചുണ്ടുകൊണ്ട് നീ പച്ചകുത്തിയ ആത്മാവിന്റെ കഷണം മാത്രമല്ല, ഈ ലോകം ഭയക്കുന്ന അന്ത്യപ്രളയനാളിലും ഭൂകമ്പമഹാമാരി വരൾച്ചകളിലും അഗ്നിപർവതവിസ്ഫോടനങ്ങളിലും ഞാൻ കെണിപ്പെട്ടുപോയാലും എന്നെ വീണ്ടെടുക്കുന്ന എന്റെതന്നെ പ്രാണന്റെ പൂർണതയാണ്.

ഞാനോർക്കുന്നു... എന്തൊരു മധുരമുള്ള മിഠായിയായിരുന്നു അത്! അത് രുചിച്ചതും എന്റെ സകല കുട്ടിക്കാലവും കൗമാരവും യൗവനവും ഞാനോർമിച്ചു. കാട്ടുതേനിന്റെ പലജാതിത്തുള്ളിരുചിയിൽ വസന്തം പൊട്ടിത്തിമിർക്കുകയും പഴരസത്തോട്ടം ഉണ്ടാവുകയും ചെയ്തു.

‘‘ഒന്നുകൂടി തരൂ’’ -ഞാൻ കെഞ്ചി

‘‘എന്ത്?’’

‘‘നീതന്ന ആ മധുരമിട്ടായി’’

‘‘ഓഹ് അതോ? അത് മിഠായിയായിരുന്നില്ല’’

‘‘പിന്നെ?’’

‘‘അതെന്റെ പ്രാണചുംബനമായിരുന്നു’’

നിന്റെ വാക്കുകൾ!!! ഹോ... എന്റെ ആദമേ, നിന്റെയസ്ഥി രാകിയെനിക്കായുണ്ടാക്കിയ ആദിമപ്പുല്ലാങ്കുഴലിൽ കാറ്റുതൊട്ടപോലെ മദകരമായിരുന്നു. സംഗീതമല്ലേ നമ്മുടെ ഭാഷ? കിളികളുടെയും അരഞ്ഞാണവെള്ളച്ചാട്ടങ്ങളുടെയും കുഞ്ഞിലകളുടെയും മൺപൊത്തുകൾ തേടിയ സർപ്പങ്ങളുടെയും സീൽക്കാരംപോലെ വന്യമായ ആദിസംഗീതം... നമ്മൾ സ്നേഹിക്കുന്നുവെന്നതാണ് ഈ ലോകത്തിലെ ഒരേയൊരു ഋതു. നീ നോക്ക്, നമ്മൾ പരസ്പരമോർമിക്കുമ്പോൾ മരുഭൂമിപൂത്ത് വയലറ്റാകുന്നത്. ഭൂമി സ്വർണമണലാവുന്നത്. നദികളിൽ പ്രേമജലം ചുറയുന്നത്, ആകാശഗോളങ്ങൾ വെള്ളിമഞ്ഞുനനഞ്ഞ് പെറ്റുപെരുകുന്നത്‌.

നമ്മളിനി കാണുമോ? കടൽദൂരങ്ങളും ഭൂഖണ്ഡങ്ങളും താണ്ടി നീ നിന്റെ സ്ത്രീകളെയും കുട്ടികളെയും കൊണ്ട്, എന്നെക്കാണാൻ പലായനംചെയ്തു വരുമോ? അവരുടെ തേനൂറിയ പാൽവായകൊണ്ട് ‘അമ്മയ്ക്കുമ്മകൊടുക്കൂ’ എന്നുപറഞ്ഞ് നിന്റെ ചുംബനങ്ങളുടെ സന്തതിപരമ്പരകളെ തലമുറകളിൽനിന്നു തലമുറകളിലേക്ക്‌, എന്റെ ആത്മാവിലേക്ക്‌ കുത്തിയാഴ്ത്തുമോ?

ഞാനിവിടെ ഡോണോപോളോയുടെയും കാമുകന്റെയും ജഡമടിഞ്ഞ കടൽത്തീരത്തിരുന്നാണ് നിനക്കെഴുതുന്നതെന്നത് യാദൃച്ഛികമായിരിക്കും. ഒരിക്കലും പൂർത്തീകരിക്കപ്പെടാതെ അവർ മരിച്ചൊരുമിച്ച കണ്ണാടിക്കടൽ... പ്രേമത്തിന്റെ പ്രേതങ്ങൾ ഒഴുകിനടക്കുന്ന, ഇരട്ടനദികൾ കെട്ടിപ്പുണരുന്ന സങ്കടക്കടൽ... അതിന്റെ പഞ്ചാരമണൽത്തീരത്ത് നനഞ്ഞ് ഞാനിരിക്കുന്നു.

എത്ര ടാഞ്ചറിൻ സന്ധ്യകൾ ഓറഞ്ചുരുക്കിയാലും എത്ര പനിക്കാലങ്ങൾ നീ നെറ്റിയിൽത്തൊട്ടു മായ്ച്ചാലും ജ്വരബാധിതമായി നമ്മൾ പകുത്ത ആ ചുംബനം എന്നെയിന്നും ചൂട്ടുപഴുപ്പിക്കുന്നു... നീ എത്രതന്നെ പിൻവിളിച്ചാലും ഞാൻ തിരിഞ്ഞുനോക്കയില്ല. നീ ലോകത്തിൽ എന്തുനേടി വന്നാലും എന്തുപേക്ഷിച്ചു വന്നാലും ഞാൻ നിന്നെ നോക്കുകപോലുമില്ല. എനിക്ക്‌ നീ സമ്മാനിച്ച ഈ അനാഥത്വംതന്നെ എത്രയോ ധാരാളം. നിനക്കറിയുമോ യഥാർഥസ്നേഹമെന്നാൽ നീയെന്റെയെന്ന് ഉറപ്പായശേഷവും നിന്നെ വിട്ടുകൊടുക്കലാണ്. നിന്റെ സ്വാസ്ഥ്യങ്ങളും സമാധാനങ്ങളും സന്തോഷങ്ങളും കാലാകാലങ്ങളോളം നിലനിൽക്കലാണെന്റെ ആഹ്ലാദം. എന്റെയോമനച്ചെറുക്കാ... എന്റെ അത്തറുകുപ്പിയേ... ലോകസുഗന്ധമായവനേ... നിന്റെ ചുണ്ടുകളുടെ ഓർമയിൽ ഒരീജിപ്ഷ്യൻ റാണിമമ്മിയെപ്പോലെ ലോകാവസാനംവരെ ഞാൻ ജീവിക്കും.

നിന്റെ ആത്മാവിന്റെമാത്രമായ, പരിണാമമില്ലാത്ത ഒരു പ്രാതഃകാല പെൺപക്ഷി...

പെരും പ്രേമമല്ലാതെ മറ്റെന്ത്?

സ്വന്തം ഇന്ദു

Content Highlights: indu menon love letter, valentines day