വൈക്കത്ത് പിഴുതെറിഞ്ഞ തീണ്ടൽപ്പലക

"ഞാൻ ഒരു ഹിന്ദുവാണ്. തീണ്ടലും അയിത്തവും അകറ്റുന്നതിനുള്ള ആവശ്യകതയിലും നീതിയിലും ഞാൻ പൂർണമായി വിശ്വസിക്കുന്നു. തീണ്ടൽ ജാതിക്കാർക്ക് പൊതുസ്ഥലങ്ങളിൽ കൂടി സഞ്ചാര സ്വാതന്ത്ര്യം ഉണ്ടാക്കി കൊടുക്കുന്നതിനായി ഞാൻ നിരന്തരം പരിശ്രമിക്കുന്നതാണ് " , ഒരു നൂറ്റാണ്ട് മുമ്പ് കൃത്യം ഈ ദിവസം ഈ പ്രതിജ്ഞ ചെയ്തു കൊണ്ടാണ് സത്യാഗ്രഹ വാളണ്ടിയർമാർ , ജാത്യാധികാരത്തിന്റെയും അയിത്തത്തിന്റെയും നെടുങ്കോട്ടയായ വൈക്കത്ത് സത്യാഗ്രഹം തുടങ്ങിയത്. വൈക്കം ക്ഷേത്രത്തിലും സമീപത്തുള്ള പൊതുവഴിയിലും അവർണർക്ക് പ്രവേശനം ലഭിക്കുന്നതിനായി നടത്തിയ 603 ദിവസം നീണ്ടു നിന്ന ആ ഐതിഹാസിക സമരം
കേരളത്തിന്റെ യാഥാസ്ഥിതിക ജാതി ബോധത്തിന്റെ അഹന്തയെയും ക്രൗര്യത്തെയും നെടുകെ പിളർന്നു കൊണ്ടാണ് അവസാനിച്ചത്. രൂഢമൂലമായ ജാത്യാധികാരത്താൽ നിർമ്മിക്കപ്പെട്ട അനീതിയുടെ 'തീണ്ടൽപലക' വൈക്കത്തിന്റെ മണ്ണിൽ നിന്നു മാത്രമല്ല ജാതിക്കോമരങ്ങളുടെ മനസ്സിൽ നിന്നു കൂടിയാണ് അന്ന് പൊളിച്ചു നീക്കിയത് . അയിത്തത്തിനെതിരെ രാജ്യത്ത് നടന്ന ആദ്യത്തെ ഐതിഹാസിക സമരത്തിന് ക്രിയാത്മകമായ നേതൃത്വം കൊടുക്കാനായത് ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ ചരിത്രപരമായ നേട്ടമാണ്.
കേരളത്തിൽ മാത്രമല്ല, ഇന്ത്യയിൽ തന്നെ അയിത്തം അവസാനിപ്പിച്ച് പൊതുവഴിയിലൂടെ അവർണന് സഞ്ചരിക്കാനുള്ള സ്വാതന്ത്ര്യത്തിന് വേണ്ടി നടത്തിയ ആദ്യത്തെ സംഘടിത സമരമാണ് വൈക്കം സത്യാഗ്രഹം.
1924 മാർച്ച് 30 മുതൽ 1925 നവംബർ 23 വരെ നീണ്ടു നിന്ന ഈ സത്യാഗ്രഹം പോലെ മറ്റൊരു അയിത്തോച്ചാടന സമരം ഇത്ര ശക്തമായി. രാജ്യത്ത് പിന്നീട് ഉണ്ടായിട്ടില്ല എന്നുതന്നെ പറയാം . (സമാനമായ രീതിയിൽ നടന്നിട്ടുള്ളത് രാജാറാം മോഹൻ റോയ് സതിക്കെതിരെ ബംഗാളിൽ നടത്തിയ സമരം മാത്രമാണ്.)
വൈക്കത്തിനും തിരുവിതാംകൂറിനുമപ്പുറം രാജ്യത്താകമാനം മനുഷ്യ മന:സാക്ഷിയെ വിളിച്ചുണർത്തിയതായിരുന്നു വൈക്കം സത്യാഗ്രഹം. ഈഴവർ മുതൽ പട്ടികയിൽ താഴോട്ടുള്ള അവർണർക്ക് വൈക്കം മഹാദേവ ക്ഷേത്രത്തിലും അതിനോട് ചേർന്നുള്ള പ്രധാന വീഥിയിലും പ്രവേശനം നിഷേധിച്ചിരുന്നു എന്നു മാത്രമല്ല, അബദ്ധത്തിൽ അയിത്തം ഉണ്ടാക്കുന്നവർക്ക് അതികഠിനമായ ശിക്ഷ സവർണർ കരുതി വച്ചിരുന്നു. ക്ഷേത്രത്തെ തീണ്ടാതിരിക്കാൻ
അവർണർ മൈലുകൾ ചുറ്റി വളഞ്ഞുള്ള മറ്റ് ചെറുവഴികളെ ആശ്രയിക്കേണ്ടിയിരുന്നു. ജാതിയുടെ അപകർഷതാ ബോധം ഇരട്ടിപ്പിക്കാൻ വഴിയിൽ പലയിടത്തും അവർണർക്ക് നടപ്പു നിരോധനം ഏർപ്പെടുത്തിക്കൊണ്ടുള്ള തീണ്ടൽപ്പലകൾ തല പൊക്കി നിന്നു. 1875 ലെ തിരുവിതാംകൂർ സെൻസസ്സിൽ 420 ജാതികളെയും ഉപജാതികളെയും കണ്ടെത്തിയിരുന്നു. ഇവരാകട്ടെ തൊട്ടുകൂടാത്തവരും തീണ്ടിക്കൂടാത്തവരും ! എന്നാൽ ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ പലരും അറിവും വിദ്യാഭ്യാസവും ആർജിച്ചതോടെ ഇവരിൽ അഭിമാന ബോധം ഉണർന്നു.
"ക്ഷേത്ര പ്രവേശനം എന്റെ ജന്മാവകാശം ", എന്ന് നിയമനിർമ്മാണ സഭയിൽ നിന്നുകൊണ്ട് ഉച്ചത്തിൽ പ്രഖ്യാപിച്ച ആദ്യത്തെ അവർണൻ ടി കെ മാധവൻ ആയിരുന്നു.മന്നത്തു കൃഷ്ണൻ നായർ ദിവാനായിരുന്ന കാലത്താണ് ക്ഷേത്ര പ്രവേശനത്തെ പറ്റി ടി.കെ മാധവൻ പ്രജാ സഭയിൽ ആദ്യമായി നിവേദനം നൽകിയത്.പരിഹാസത്തോടെയാണ് സഭയിലെ മറ്റുള്ളവർ അത് കേട്ടത്.
നിവേദനം സമർപ്പിച്ചതിന്റെ തൊട്ടടുത്ത ദിവസം പ്രജാസഭാ ഹാളിൽ ഇരിക്കവേ ടി കെ മാധവന് ഒരു കമ്പി സന്ദേശം വന്നു. അദ്ദേഹത്തിന്റെ ഭാര്യയുടെ കണ്ണിന്റെ കാഴ്ച പോയി എന്നതായിരുന്നു ഉള്ളടക്കം. ഇതു കണ്ട് തൊട്ടടുത്തിരുന്ന ജന്മി പ്രതിനിധിയായ നമ്പൂതിരി മെമ്പറുടെ പ്രതികരണം, "ഇന്നലെയല്ലേ ക്ഷേത്രത്തിൽ കയറണം എന്നു പറഞ്ഞത്. കണ്ടോ, എത്രയെളുപ്പത്തിൽ ഫലം കിട്ടി ! കലിയിൽ അനുഭവം ഉടനെയാണ് കേട്ടോ " എന്നായിരുന്നു. ഇക്കാര്യം ടി കെ മാധവൻ 'ക്ഷേത്രപ്രവേശനത്തിന്റെ ചരിത്രം - ഒരവലോകനം ' എന്ന ലേഖനത്തിൽ പറയുന്നുണ്ട്.
പടിഞ്ഞാറെ കൊല്ലത്തു നിന്ന് പ്രസിദ്ധീകരിച്ച ഒരു മലയാള പത്രത്തിൽ ടി.കെ മാധവന്റെ ക്ഷേത്രപ്രവേശന നിവേദനം സംബന്ധിച്ച് വന്ന നിരൂപണം, " ഈഴവർ ക്ഷേത്ര പ്രവേശനം വേണമെന്നു പറയുന്നു. ഈഴവർക്ക് കൊടുക്കണം , ക്ഷേത്ര പ്രവേശനമല്ല, അടി കൊടുക്കണം ! " എന്നായിരുന്നു. സവർണ്ണാധിപത്യത്തിലുണ്ടായിരുന്ന മാധ്യമങ്ങളുടെ നിലപാടിന്റെ പരിഛേദമായിരുന്നു ഈ കുറിപ്പ് .
ഈ ഘട്ടത്തിലാണ് മഹാത്മാ ഗാന്ധി തിരുനൽവേലിയിൽ വന്നത്. ടി കെ മാധവൻ അവിടെയെത്തി ഗാന്ധിജിയോട് ക്ഷേത്ര പ്രവേശനം സംബന്ധിച്ച് വിശദമായി സംസാരിച്ചു. ഈ കൂടിക്കാഴ്ചയാണ് പുരോഗമന ചിന്തയുള്ള സവർണ്ണ ഹിന്ദുക്കളെ ക്ഷേത്ര പ്രവേശനത്തിന് അനുകൂല നിലപാടെടുപ്പിക്കാൻ സഹായിച്ചത് . ടി കെ മാധവൻ മഹാത്മാ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തിയതിന്റെ വാർത്തയും ഗാന്ധിജി കൈമാറിയ ക്ഷേത്ര പ്രവേശന സന്ദേശവും പത്രങ്ങളിൽ പ്രാധാന്യത്തോടെ പ്രസിദ്ധീകരിച്ചു. ക്ഷേത്ര പ്രവേശനം എന്ന ആവശ്യത്തിന് ഗാന്ധിജിയുടെ ആശീർവാദം ഉണ്ടെന്ന അറിവാണ് സവർണ ഹിന്ദുക്കളെ പോലും സ്വാധീനിക്കാൻ ഇടയാക്കിയത്. ഈ സംഭവത്തിന് ശേഷം എസ് എൻ ഡി പി യോഗം ക്ഷേത്ര പ്രവേശനത്തെ അനുകൂലിച്ച് പ്രമേയം പാസാക്കി.
പ്രജാസഭയിലെ ടി കെ മാധവന്റെ ഒറ്റയാൾ പ്രതിഷേധം ഫലം കണ്ടില്ല. ക്ഷേത്ര പ്രവേശനം സംബന്ധിച്ച് ദിവാൻ രാഘവയ്യയുമായി തെറ്റിപ്പിരിഞ്ഞതിനെ തുടർന്ന് ടി കെ മാധവൻ കാക്കിനഡയിൽ ചേർന്ന ഇന്ത്യൻ നാഷണൽ കോൺഗ്രസ് സമ്മേളനത്തിൽ തൊട്ടുകൂടായ്മ നിർമാർജ്ജ പ്രമേയം അവതരിപ്പിച്ചു. 1923 ലെ കാക്കിനഡ കോൺഗ്രസിൽ അധ്യക്ഷത വഹിച്ചത് മൗലാനാ മുഹമ്മദാലി ആയിരുന്നു.
അയിത്തോച്ചാടനത്തിൽ കോൺഗ്രസ് ഗൗരവകരമായി ഇടപെടണം എന്നാവശ്യപ്പെട്ട് ടി കെ മാധവൻ മൗലാനായ്ക്കും ഓൾ ഇന്ത്യാ പാർട്ടി മെമ്പർമാർക്കും അപേക്ഷ നൽകി. സി ആർ ദാസ് , പണ്ഡിറ്റ് മോട്ടിലാൽ നെഹൃ , ആചാര്യ റേ തുടങ്ങിയവരോടെല്ലാം തിരുവിതാംകൂറിലെ അയിത്തത്തിന്റെ ഭീകരവും ദയനീയവുമായ അവസ്ഥ അദ്ദേഹം വിവരിച്ചു. ഇതേ തുടർന്ന് മൗലാനാ വേണ്ടതെല്ലാം ചെയ്യാമെന്ന് ടി കെ മാധവന് നൽകിയ ഉറപ്പാണ് അയിത്തോച്ചാടനത്തിനായി വൈക്കം സത്യഗ്രഹം ആരംഭിച്ചതിന് അടിത്തറ പാകിയത്.
കേരളത്തിലെ പ്രദേശ് കോൺഗ്രസ് കമ്മിറ്റി അയിത്തോച്ചാടന സമരം ഏറ്റെടുക്കണം എന്ന് മഹാത്മാ ഗാന്ധി നിർദ്ദേശിച്ചപ്പോൾ അന്നത്തെ സെക്രട്ടറിയായ കെ പി കേശവമേനോനും കെ കേളപ്പനും സമരം ഏറ്റെടുത്തു.അങ്ങനെ കേരള കോൺഗ്രസ് കമ്മറ്റിയുടെ ചുമതലയിലും കോൺഗ്രസിന്റെ ആഭിമുഖ്യത്തിലും വൈക്കം സത്യാഗ്രഹം ആരംഭിച്ചു.
കേരള സംസ്ഥാന അയിത്തോച്ചാടന കമ്മറ്റിയിൽ ടി കെ മാധവൻ, കുറൂർ നീലകണ്ഠൻ നമ്പൂതിരിപ്പാട് , ടി ആർ കൃഷ്ണ സ്വാമി അയ്യർ, കെ വേലായുധ മേനോൻ എന്നിവരായിരുന്നു ഉണ്ടായിരുന്നത്. കെ കേളപ്പൻ ആയിരുന്നു കൺവീനർ. വൈക്കം സത്യാഗ്രഹത്തെ കുറിച്ച് പ്രചാരണം നടത്തുന്നതിനായി എ കെ പിള്ള , ഹസൻ കോയ പൂമല്ല , കെ പി കേശവ മേനോൻ , കുറൂർ , ടി കെ മാധവൻ എന്നിവരടങ്ങിയ പ്രചാരണ കമ്മറ്റിയേയും ( കോൺഗ്രസ് ഡപ്യൂട്ടേ ഷൻ )തീരുമാനിച്ചു.
കൊല്ലം സ്വരാജ്യാശ്രമത്തിൽ കൂടിയ കേരള സംസ്ഥാന കോൺഗ്രസ് അയിത്തോച്ചാടന കമ്മറ്റി അയിത്തം എന്ന അനാചാരത്തെ നാട്ടിൽ നിന്ന് നീക്കം ചെയ്യാൻ എല്ലാ വിധ പരിശ്രമങ്ങളും നടത്താൻ തീരുമാനിച്ചു കൊണ്ട് പ്രമേയം പാസാക്കി. 1924 ഫെബ്രുവരി 29 ന് വൈക്കത്തെത്തി പ്രചാരണ കമ്മറ്റി വലിയ പൊതുയോഗം സംഘടിപ്പിച്ചു. തുടർന്നാണ് നിരോധിക്കപ്പെട്ട വഴികളിലൂടെ അവർണരുടെ ജാഥ നടത്താൻ തീരുമാനിച്ചത്. കോൺഗ്രസ് ജാഥയുടെ വാർത്ത അറിഞ്ഞതോടെ സവർണ നേതാക്കൾക്ക് ഹാലിളകി. അവർ മജിസ്ട്രേറ്റ്, പോലീസ് ഇൻസ്പെക്ടർ , തഹസിൽദാർ തുടങ്ങിയ അധികാര കേന്ദ്രങ്ങളെ കൂട്ടുപിടിച്ച് ജാഥ മാറ്റിവയ്ക്കാൻ ആവശ്യപ്പെട്ടു. മുന്നറിയിപ്പില്ലാതെ ജാഥ നടത്തിയാൽ സാമുദായിക സൗഹാർദ്ദം തകരുമെന്ന് അവർ കോൺഗ്രസ് നേതൃത്വത്തെ അറിയിച്ചു. അങ്ങനെ പുതുക്കി നിശ്ചയിച്ച തിയതിയിൽ , 1924 മാർച്ച് 30 ന് അവർണ ജാഥ നടത്താൻ തീരുമാനിച്ചു. പക്ഷേ അധികാരത്തിന്റെ ബലത്തിൽ സവർണർ നിരോധനാജ്ഞ കൊണ്ട് അവർണ ജാഥയെ തടഞ്ഞു. അതോടെ കോൺഗ്രസും തന്ത്രം മാറ്റി പയറ്റി . ജാഥയ്ക്ക് പകരം എല്ലാ ദിവസവും വ്യത്യസ്ത ജാതിയിലുള്ള മൂന്നുപേരെ വീതം ക്ഷേത്രത്തിന് സമീപത്തെ നിരോധിക്കപ്പെട്ട വഴികളിലേക്ക് വിടാൻ തീരുമാനിച്ചു. അങ്ങനെഅയിത്തോച്ചാടന നിശ്ചയിച്ച ദിവസം തന്നെ സമരം തുടങ്ങി.
ആദ്യ സത്യഗ്രഹികൾ പുലയ, ഈഴവ, നായർ സമുദായങ്ങളിൽ നിന്നുള്ള കുഞ്ഞപ്പി, ബാഹുലേയൻ, ഗോവിന്ദപ്പണിക്കർ എന്നിവരായിരുന്നു.സവർണാധിപത്യത്തിന്റെയും ജാത്യാധികാരത്തിന്റെയും നെഞ്ചിലൂടെയാണ് അവർ നടന്നു നീങ്ങിയത് .വൈക്കം സത്യാഗ്രഹത്തിന്റെ ആദ്യ ചുവട് വയ്പ് !
"നിങ്ങൾ സിവിൽ അനുസരണക്കേട് സ്വീകരിക്കണം. പരിപൂർണമായ ആത്മ നിയന്ത്രണത്തോടെ പ്രവർത്തിക്കാമെന്ന് ധൈര്യമുണ്ടെങ്കിൽ ക്ഷേത്രത്തിൽ കയറണം. കോടതികൾ വിരോധമായി നിൽക്കുന്നെങ്കിൽ ജയിലിൽ പോകാൻ തയ്യാറായിരിക്കണം ", ഇതായിരുന്നു അന്ന് മഹാത്മാ ഗാന്ധിയുടെ ആഹ്വാനം സമരക്കാർ ഏറ്റെടുത്തു. ജയിൽ ശിക്ഷയും പ്രതിഷേധ സമരങ്ങളും തുടർന്നു. സെപ്റ്റംബർ 27 ന് ശ്രീനാരായണ ഗുരു സത്യാഗ്രഹ സ്ഥലത്തെത്തിയതോടെ സത്യാഗ്രഹികൾക്ക് ആത്മവിശ്വാസമേറി. സത്യാഗ്രഹത്തിന് ബലം നൽകി അദ്ദേഹം ഏതാനും ദിവസങ്ങൾ സത്യാഗ്രഹാശ്രമത്തിൽ താമസിച്ചു. വൈക്കത്തുള്ള ആ ശ്രമം ഗുരു സത്യാഗ്രഹികൾക്കായി വിട്ടു നൽകി. സത്യാഗ്രഹനിധിയിലേക്ക് 1000 രൂപ സംഭാവന നൽകിയ ശ്രീനാരായണ ഗുരു ശിവഗിരിയിൽ സത്യാഗ്രഹനിധി ആരംഭിക്കുകയും ചെയ്തു. ഗുരുവിന്റെ സാന്നിദ്ധ്യം ഈഴവർക്കിടയിൽ ആത്മവിശ്വാസം ഉണ്ടാക്കി.
മന്നത്ത് പത്മനാഭന്റെ നേതൃത്വത്തിൽ നടന്ന സവർണ്ണ പദയാത്രയും വൈക്കം സത്യാഗ്രഹ ചരിത്രത്തിന്റെ ഒരു പ്രധാന അദ്ധ്യായമാണ്. സവർണർ മാത്രമടങ്ങുന്ന ജാഥ എന്നത് ഗാന്ധിജിയുടെ ആശയമായിരുന്നു. മന്നത്തിന്റെ നേതൃത്വത്തിൽ അഞ്ഞൂറോളം പേർ പങ്കെടുത്ത സവർണ്ണ പദയാത്ര 1924 നവംബർ ഒന്നിന് വൈക്കത്തു നിന്ന് ആരംഭിച്ചു. ജാഥയ്ക്ക് വഴി നീളെ വലിയ സ്വീകരണങ്ങളാണ് ലഭിച്ചത്. ടി കെ മാധവനും കെ പി കേശവമേനോനും ജാഥയുടെ പൈലറ്റ് എന്ന പോലെ സഞ്ചരിച്ചിരുന്നു. തിരുവനന്തപുരത്തെത്തുമ്പോൾ പദയാത്ര അയ്യായിരത്തോളം ആളുകളാൽ വിപുലപ്പെട്ടിരുന്നു. നവംബർ 13 ന് സവർണ ജാഥയുടെ പ്രതിനിധി സംഘം മഹാറാണി സേതു ലക്ഷമി ഭായിയെ കണ്ട് ഈ വിഷയത്തിൽ 25000 സവർണർ ഒപ്പിട്ട മെമ്മോറാണ്ടം സമർപ്പിച്ചു.
അയിത്താചാരം സംബന്ധിച്ച് നിയമസഭയിൽഎസ് എൻ ഡി പി കാര്യദർശി കൂടിയായ മഹാകവി കുമാരനാശാൻ 1925 ഫെബ്രുവരി 7 ന് ഒരു പ്രമേയം അവതരിപ്പിച്ചെങ്കിലും അത് പരാജയപ്പെട്ടു. അതിന് മുമ്പും അയിത്താചാരം സംബന്ധിച്ച തന്റെ പ്രതിഷേധങ്ങൾ നിയമസഭയിൽ കുമാരനാശാൻ ശക്തിയുക്തം അവതരിപ്പിച്ചിരുന്നു. തീണ്ടൽ പലകകൾ സംബന്ധിച്ചുള്ള ആശാന്റെ ചോദ്യങ്ങളോട് നിരുത്തരവാദപരമായ രീതിയിലാണ് അധികാരികൾ പ്രതികരിച്ചിരുന്നത്.
സത്യാഗ്രഹികളുടെ ആത്മവീര്യം തകർക്കുന്ന രീതിയിൽ കടുത്ത മർദ്ദന മുറകളാണ് യാഥാസ്ഥിതിക പക്ഷം വൈക്കത്ത് സ്വീകരിച്ചിരുന്നത്. യാഥാസ്ഥിതികരുടെ നേതാവായ ഇണ്ടംതുരുത്തിൽ നീലകണ്ഠൻ നമ്പ്യാതിരി സത്യാഗ്രഹികളെ വാടക ഗുണ്ടകളെ ഉപയോഗിച്ച് തല്ലിച്ചതച്ചു. ക്രൂരമായ മർദ്ദനമുറകളാണ് സത്യാഗ്രഹികൾ നേരിട്ടത്. ചിറ്റേടത്ത് ശങ്കുപിള്ള സത്യാഗ്രഹത്തിൽ രക്തസാക്ഷിയായത് ഈ ഐതിഹാസിക സമരത്തിലെ
ഒരു പ്രധാന സംഭവമാണ്. തിരുവിതാംകൂറിലെ ആദ്യകാല കോൺഗ്രസ് പ്രവർത്തകനായ അദ്ദേഹം സത്യാഗ്രഹ സമരത്തിൽ ആവേശം വിതച്ച നേതാവായിരുന്നു. അദ്ദേഹത്തിന്റെ പ്രസംഗങ്ങളിൽ അധികാരികൾ വിറളി പൂണ്ടു . പൊതുയോഗങ്ങളിൽ സംസാരിക്കുന്നതിൽ നിന്ന് അദ്ദേഹത്തെ വിലക്കിക്കൊണ്ട് കൊല്ലം മജിസ്ട്രേറ്റ് ഉത്തരവിറക്കി. മിസ്സിസ് ജോർജ് ജോസഫിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ വച്ച് ഈ ഉത്തരവ് ലംഘിച്ച ചിറ്റേടത്തു ശങ്കുപിള്ളയെ അറസ്റ്റ് ചെയ്യുകയും അതിക്രൂരമായി മർദ്ദിച്ച് കൊലപ്പെടുത്തുകയും ചെയ്തു. സത്യാഗ്രഹികൾക്ക് പിന്തുണയേകിയ മൂവാറ്റുപുഴക്കാരൻ രാമൻ ഇളയതിന്റെയും പെരുമ്പളം ആമചാടി തുരുത്തിൽ നിന്നെത്തിയ പുലയ സമുദായക്കാരനായ തേവന്റെയും കണ്ണിൽ ചുണ്ണാമ്പെഴുതി അന്ധരാക്കി. ചോതി എന്ന ധീരനായ സമര നേതാവിനെ ധർമ്മ പ്രസ്ഥാനക്കാർ തല്ലിച്ചതച്ച് കെട്ടിത്തൂക്കി . നാരായണൻ നായർ എന്ന സത്യാഗ്രഹിയെ മുക്കാലിൽ കെട്ടി തല്ലിച്ചതച്ചതും കായലോര യോഗങ്ങളുടെ വിളംബരം നടത്തിയിരുന്ന മുത്തുസ്വാമിയെ ക്രൂരമായി മർദ്ദിച്ചതുമെല്ലാം സത്യാഗ്രഹ സമരത്തെ അടിച്ചമർത്തിയതിന്റെ ചില ഉദാഹരണങ്ങൾ മാത്രമാണ്. ഇങ്ങനെ എത്ര പേരുടെ ചോരയിൽ ചാലിച്ചെടുത്തതാണ് നമ്മൾ ഇപ്പോൾ അനുഭവിക്കുന്ന സഞ്ചാര സ്വാതന്ത്ര്യം !
സത്യാഗ്രഹ സമരത്തിൽ ആകൃഷ്ടരായി രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് നിരവധി നേതാക്കളും പ്രവർത്തകരും വൈക്കത്തേക്ക് എത്തിക്കൊണ്ടിരുന്നു. അതിൽ എടുത്തു പറയേണ്ട പേരുകളിലൊന്നാണ് തമിഴ്നാട്ടിൻ നിന്നുള്ള ഇ.വി രാമസ്വാമി നായ്ക്കരുടേത്. ശക്തമായ പോലീസ് നടപടി നേരിട്ടിട്ടും ഉലയാത്ത പോരാട്ട വീര്യമായിരുന്നു സത്യാഗ്രഹ സമരത്തിൽ ഇ വി രാമസ്വാമി നായ്ക്കർ പുലർത്തിയിരുന്നത്. ഒരു മാസത്തെ തടവിനു ശിക്ഷിച്ച് വൈക്കം പോലീസ് ലോക്കപ്പിലും പിന്നീട് അരൂർ ലോക്കപ്പിലും പാർപ്പിച്ചു. ശിക്ഷ കഴിഞ്ഞ് തിരികെയെത്തിയ അദ്ദേഹത്തെ വീണ്ടും അറസ്റ്റു ചെയ്ത് ആറു മാസത്തേക്ക് ശിക്ഷിച്ച് പൂജപ്പുര സെൻട്രൽ ജയിലിലേക്കയച്ചു. പഞ്ചാബിൽ നിന്നുള്ള സിഖുകാരുടെ സംഘം ഭക്ഷണപ്പുര തുറന്ന് സത്യാഗ്രഹികൾക്ക് പിന്തുണയേകി. ബാരിസ്റ്റർ ജോർജ് ജോസഫ്, അബ്ദുൽ റഹ്മാൻ, മാത്തുണ്ണി തുടങ്ങിയ അഹിന്ദുക്കളായ നിരവധി പേർ സമരത്തിന് നേതൃത്വം കൊടുത്തിരുന്നെങ്കിലും അഹിന്ദുക്കൾ പിന്മാറണമെന്ന ഗാന്ധിജിയുടെ അഭ്യർത്ഥനയെ തുടർന്ന് പിന്മാറുകയായിരുന്നു.
1925 മാർച്ച് 10 ന് സഹായി മഹാദേവ ദേശായി, മകൻ രാംദാസ് , അലാഡി കൃഷ്ണസ്വാമി അയ്യർ , സി രാജഗോപാലാചാരി തുടങ്ങിയവർക്കൊപ്പം ഗാന്ധിജി കേരളത്തിലെത്തി. ഒത്തുതീർപ്പു ശ്രമവുമായി വൈക്കത്തെത്തിയ ഗാന്ധിജി ഇണ്ടംതുരുത്തി മനയിൽ എത്തിയെങ്കിലും ഫലമുണ്ടായില്ല. അവർണരുടെ അവസ്ഥ അവരുടെ മുൻജൻമ പാപത്തിന്റെ ഫലം എന്നായിരുന്നു നമ്പൂതിരിയുടെ നിലപാട്. (ഗാന്ധിജി അവർണ സ്പർശം ഏറ്റതിനാൽ അദ്ദേഹത്തിന് മനയ്ക്ക കത്തേക്ക് പ്രവേശനം ലഭിച്ചില്ല എന്നത് പ്രത്യേകം ഓർക്കേണ്ടതാണ്). ഗാന്ധിജിയുടെ ആശിർവാദവും കേരളാ പ്രദേശ് കോൺഗ്രസിന്റെ ശക്തമായ നേതൃത്വവും സമരപോരാളികളുടെ അതുല്യമായ ആത്മവീര്യവും ചേർത്തുരുക്കിയ വൈക്കത്തിന്റെ സമരഭൂമിക ഒട്ടും ഉലഞ്ഞില്ല.
അവർണ സമുദായങ്ങൾക്ക് വൈക്കം ക്ഷേത്രത്തോട് ചേർന്നുള്ള പൊതുവഴിയിൽ സഞ്ചരിക്കാനുള്ള സ്വാതന്ത്ര്യം ആവശ്യപ്പെട്ടുകൊണ്ട് ആരംഭിച്ച സമരം എല്ലാ പൊതു നിരത്തുകളും എല്ലാവർക്കുമായി തുറന്നു കൊടുക്കുന്ന ഉത്തരവോടു കൂടിയാണ് അവസാനിച്ചത്.
വൈക്കം സത്യാഗ്രഹം രാജ്യത്ത് സമരത്തിന്റെ പുതിയ ചരിത്രമാണ് രചിച്ചത്. ആധുനിക കേരളത്തിന്റെ രാഷ്ട്രീയവും സാമൂഹികവും സാംസ്കാരികവുമായ വളർച്ചയിൽ നിർണായക സ്ഥാനം അടയാളപ്പെടുത്തുന്നതാണ് വൈക്കം സത്യാഗ്രഹം.
( കെ പി സി സി വൈസ് പ്രസിഡന്റും വൈക്കം സത്യാഗ്രഹ ശതാബ്ദി ആഘോഷ കമ്മറ്റിയുടെ ചെയർമാനുമാണ് )
Content Highlights: vaikom satyagraha centenary celebration articles