വിദേശരാജ്യങ്ങള്‍ക്ക് 5483 കോടി; മാലദ്വീപിനുള്ള സഹായം ഉയര്‍ത്തി, അഫ്ഗാനും മ്യാന്മറിനുമുള്ളത് കുറച്ചു

ന്യൂഡല്‍ഹി: ബജറ്റില്‍ വിദേശ സഹായത്തിനായി വിദേശകാര്യ മന്ത്രാലയത്തിന് 5,483 കോടി രൂപ അനുവദിച്ച് കേന്ദ്ര സര്‍ക്കാര്‍. കഴിഞ്ഞ വര്‍ഷം അനുവദിച്ച തുകയെക്കാള്‍ കുറവാണ് ഈവര്‍ഷം അനുവദിച്ചത്. കഴിഞ്ഞ വര്‍ഷം 5,806 കോടി രൂപയാണ് വിവിധ രാജ്യങ്ങള്‍ക്കായി അനുവദിച്ചിരുന്നത്. വിദേശകാര്യ മന്ത്രാലയത്തിനുള്ള മൊത്തത്തിലുള്ള ബജറ്റ് 20,516 കോടി രൂപയാണ്. ഇതില്‍ പ്രധാന ഭാഗമമാണ് അയല്‍ രാജ്യങ്ങളെയും തന്ത്രപ്രധാന രാജ്യങ്ങളെയും സഹായിക്കുന്നതിനായി നീക്കിവച്ചിരിക്കുന്നത്.
ഭൂട്ടാനാണ് ഇന്ത്യ ഏറ്റവുമധികം വിദേശസഹായം നല്‍കുന്നത്. 2,150 കോടി രൂപയാണ് ഭൂട്ടാന് അനുവദിച്ചിരിക്കുന്നത്. കഴിഞ്ഞ വര്‍ഷം ഇത് 2,068 കോടി രൂപയായിരുന്നു. അടിസ്ഥാന സൗകര്യങ്ങള്‍, ജലവൈദ്യുത പദ്ധതികള്‍, സാമ്പത്തിക സഹകരണം എന്നിവയില്‍ ധനസഹായം നല്‍കിക്കൊണ്ട് ഇന്ത്യ ഭൂട്ടാന്റെ പ്രാഥമിക വികസന പങ്കാളിയായി തുടരുന്നു. നേപ്പാളിനുള്ള വിഹിതം 700 കോടി രൂപയായി നിലനിര്‍ത്തി.
മാലദ്വീപിനുള്ള സഹായത്തില്‍ വര്‍ധനവുണ്ട്. മാലദ്വീപിനുള്ള ഇന്ത്യയുടെ വിഹിതം 470 കോടിയില്‍ നിന്ന് 600 കോടി രൂപയായി ഉയര്‍ത്തി. പ്രസിഡന്റ് മുഹമ്മദ് മുയിസുവിന്റെ തിരഞ്ഞെടുപ്പ് വിജയത്തിനുശേഷം ചൈന അനുകൂല നിലപാടിനെച്ചൊല്ലിയുള്ള സംഘര്‍ഷങ്ങളെത്തുടര്‍ന്ന് മോശമായ ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം മെച്ചപ്പെട്ടു വരുന്ന സമയത്താണ് അവര്‍ക്കുള്ള സഹായം ഉയര്‍ത്തിയിരിക്കുന്നത്. തകര്‍ച്ചയില്‍ നിന്ന് കരകയറുന്ന ശ്രീലങ്കയ്ക്കുള്ള വിഹിതം 245 കോടിയില്‍ നിന്ന് 300 കോടി രൂപയായി ഉയര്‍ത്തി.
200 കോടി രൂപയായിരുന്ന അഫ്ഗാനിസ്താനുള്ള സഹായ വിഹിതം 100 കോടി രൂപയായി കുറച്ചു. താലിബാന്‍ സര്‍ക്കാരുമായുള്ള ഇടപാടുകളില്‍ ഇന്ത്യ ജാഗ്രത പാലിക്കുന്ന പശ്ചാത്തലത്തിലാണ് സാമ്പത്തിക സഹായം പരിമിതപ്പെടുത്തിയിരിക്കുന്നത്. രാഷ്ട്രീയ അസ്ഥിരത നിലനില്‍ക്കുന്ന പശ്ചാത്തലത്തില്‍ മ്യാന്മറിനുള്ള സഹായത്തിലും കുറവുണ്ട്. മ്യാന്മറിനുള്ള സഹായം 400 കോടി രൂപയില്‍ നിന്ന് 350 കോടി രൂപയായി കുറച്ചു. അതേസമയം നയതന്ത്ര വിള്ളലുകള്‍ക്കിടയിലും ബംഗ്ലാദേശിനുള്ള സഹായം 120 കോടിയായി തുടരുന്നു.
ആഫ്രിക്കന്‍ രാജ്യങ്ങള്‍ക്കുള്ള സഹായം 200 കോടി രൂപയില്‍ നിന്ന് 225 കോടി രൂപയായി ഉയര്‍ന്നു. ലാറ്റിന്‍ അമേരിക്കയുടെ വിഹിതം 90 കോടി രൂപയില്‍ നിന്ന് 60 കോടി രൂപയായി കുറച്ചു. ഇറാനിലെ ചാബഹാര്‍ തുറമുഖത്തിനുള്ള വിഹിതം 100 കോടി രൂപയായി തുടരുന്നു. ദുരന്ത നിവാരണ ഫണ്ട് 60 കോടിയില്‍ നിന്ന് 64 കോടിയായും ഉയര്‍ത്തിയിട്ടുണ്ട്.
Content Highlights: Union Budget 2025, India Increases Foreign Aid To Maldives