ഫാസ്റ്റ് സ്‌പെയിൻ, പാസ് ഇറ്റലി !

ക്രൊയേഷ്യയ്‌ക്കെതിരേ ഗോള്‍ നേട്ടം ആഘോഷിക്കുന്ന സ്‌പെയിന്‍ ടീം , Photo:AP
ക്രൊയേഷ്യയ്‌ക്കെതിരേ ഗോള്‍ നേട്ടം ആഘോഷിക്കുന്ന സ്‌പെയിന്‍ ടീം , Photo:AP

136 മത്സരങ്ങൾക്കുശേഷം സ്പാനിഷ് ഫുട്‌ബോളിന്‌ ബോൾപൊസഷനിൽ ആധിപത്യം നഷ്ടമാകുന്നു. പ്രതിരോധാത്മക ഫുട്‌ബോളിന്റെ ആശാന്മാരായ ഇറ്റലി പന്ത് കൈവശംവെച്ച് എതിരാളിയെ വട്ടംകറക്കുന്ന പാസിങ് ഗെയിം പറത്തെടുക്കുന്നു. യൂറോകപ്പ് ഫുട്‌ബോളിന്റെ ആദ്യറൗണ്ട് വേറിട്ട കളിയനുഭവം സമ്മാനിച്ചാണ് കടന്നുപോകുന്നത്.

2008-ലെ യൂറോകപ്പ് ഫൈനലിൽ ജർമനിക്കെതിരേ 46 ശതമാനമായിരുന്നു സ്പെയിനിന്റെ ബോൾപൊസഷൻ. അതിനുശേഷം ടീം കളിച്ച ഒരു മത്സരത്തിലും അവർക്ക് പന്ത് വരുതിയിൽവെക്കുന്നതിലെ ആധിപത്യം നഷ്ടമായിട്ടില്ല. എന്നാൽ, ഇത്തവണത്തെ യൂറോകപ്പിൽ ക്രൊയേഷ്യക്കെതിരായ മത്സരത്തിൽ 46 ശതമാനമാണ് ടീമിന്റെ ബോൾപൊസഷൻ.

ഖത്തർ ലോകകപ്പിലെ കോസ്റ്ററീക്കക്കെതിരേ സ്‌പെയിനിന്റെ പാസിങ്‌ മാപ്പ്‌

കുറിയ പാസുകളുമായി ഒരുകാലത്ത് ഫുട്‌ബോൾ ലോകത്തെ വട്ടംകറക്കിയ സ്പാനിഷ് ഫുട്‌ബോളിന്റെ മാറുന്ന മുഖമാണ് ആദ്യകളിയിൽ കാണുന്നത്. ടിക്കി-ടാക്കയെ അതിമനോഹരമാക്കിയവർ അത് വിട്ട് പ്രായോഗിക ഫുട്‌ബോളിലേക്കു മാറുന്നതിന്റെ സൂചനയാണിത്. പരിശീലകൻ ലൂയി ഡി ഫ്യൂന്തെ ക്വിക്ക് പാസിങ് ഗെയിമിൽ വിശ്വസിക്കുന്നയാളാണ്. ഹൈപ്രസ്സിലൂടെ എതിരാളിയുടെ താളം തെറ്റിക്കുന്നതാണ് ഗെയിംപ്ലാൻ. പന്ത് വരുതിയിൽവെച്ച് കളിക്കുന്നതിനേക്കാൾ കളിയുടെ വേഗംകൂട്ടിയുള്ള ആക്രമണഗെയിം ക്രൊയേഷ്യക്കെതിരേ കണ്ടു. അതിന് ഫലവുമുണ്ടായി. എതിരില്ലാത്ത മൂന്നു ഗോളിന്റെ തകർപ്പൻജയം ടീമിനു ലഭിച്ചു. കഴിഞ്ഞ ഖത്തർ ലോകകപ്പിലാണ് പാസിങ് ഗെയിമിൽ സ്പെയിൻ റെക്കോഡിട്ടത്. കോസ്റ്ററീക്കയ്ക്കെതിരായ ആദ്യമത്സരത്തിൽ ലൂയി എൻ റീക്കെ പരിശീലിപ്പിച്ച ടീം 1043 പാസുകളാണ് കളിച്ചത്. 74 ശതമാനമായിരുന്നു ബോൾ പൊസഷൻ. ടൂർണമെന്റിൽ മൊറോക്കോയോട് തോറ്റ് ടീം പ്രീക്വാർട്ടറിൽ പുറത്തായി. അതോടെ, പാസിങ് ഗെയിം വിമർശനത്തിന് വിധേയമാകുകയും ചെയ്തു. പുതിയ പരിശീലകനായെത്തിയ ഫ്യൂന്തെ പതിയെ ഗെയിംപ്ലാനിൽ മാറ്റം വരുത്താനുള്ള ശ്രമം തുടങ്ങുകയും ചെയ്തു. ക്രൊയേഷ്യക്കെതിരേ 457 പാസുകൾമാത്രമാണ് ടീമിൽ നിന്നുണ്ടായത്.

യൂറോകപ്പിൽ അൽബേനിയക്കെതിരായ മത്സരത്തിൽ ഫൈനൽ തേഡിലെ ഇറ്റലിയുടെ പാസിങ്‌ മാപ്പ്‌

ലൂസിയാനോ സ്പല്ലെറ്റിക്കു കീഴിൽ നാപ്പോളി ഇറ്റാലിയൻ സീരി എ കിരീടം നേടിയ 2022-23 സീസണിൽ ടീമിന്റെ ശരാശരി ബോൾ പൊസഷൻ 61.31 ശതമാനമായിരുന്നു. നാപ്പോളി വിട്ട് സ്പല്ലെറ്റി ഇറ്റാലിയൻ ദേശീയടീമിന്റെ പരിശീലകനായി. യൂറോകപ്പിൽ ആദ്യകളിയിൽ അൽബേനിയക്കെതിരേ ടീം പുറത്തെടുത്ത കളി കണ്ടപ്പോൾ ആരും അമ്പരന്നില്ല. കാരണം സ്പല്ലെറ്റിയുടെ ഗെയിംപ്ലാനും തന്ത്രങ്ങളും അങ്ങനെയാണ്. അൽബേനിയക്കെതിരേ 69 ശതമാനാണ് ബോൾ പൊസഷൻ. 809 പാസുകളാണ് ടീമിൽ നിന്നുണ്ടായത്. ഒരുകാലത്ത് പ്രതിരോധാത്മക ഫുട്‌ബോളിന്റെ വക്താക്കളായ ടീമിനെയാണ് സ്പല്ലെറ്റി മാറ്റിയെടുത്ത്. കുറിയ പാസുകളുമായി കളിക്കുന്ന ഇറ്റലിയെയാണ് കണ്ടത്. മത്സരത്തിൽ 2-1 ന് അവർ ജയിക്കുകയും ചെയ്തു. അലസാൻഡ്രോ ബസ്തോനി, നിക്കോളെ ബാരല്ലെ എന്നിവർ ഇറ്റലിക്കായി ഗോൾ നേടി. അൽബേനിയയുടെ ഗോൾ നദിം ബെജറമിയുടെ ബൂട്ടിൽനിന്നായിരുന്നു.

മധ്യനിരക്കാരൻ ജോർജീന്യോയായിരുന്നു പാസുകളുടെ പ്രഭവകേന്ദ്രം. 131 പാസുകളാണ് താരത്തിൽ നിന്നുണ്ടായത്. ഇതിൽ 120 എണ്ണവും വിജയകരമാകുകയും ചെയ്തു. 92 ശതമാനമാണ് കൃത്യത.

Content Highlights: spain italy new playing tactics euro cup 2024