തൃശ്ശൂര്‍പൂരം കാണാന്‍ തീവണ്ടിയില്‍ പോകാം; 10-നും 11-നും പൂങ്കുന്നത്ത് താത്കാലിക സ്റ്റോപ്പ്

Photo: Mathrubhumi
Photo: Mathrubhumi

തൃശ്ശൂര്‍: പൂരം ദിവസങ്ങളില്‍ തൃശ്ശൂരിലെത്താന്‍ വിപുലമായ സൗകര്യങ്ങളൊരുക്കി റെയില്‍വേ. പൂരം ദിവസങ്ങളായ 10-നും 11-നും പൂങ്കുന്നത്ത് താത്കാലിക സ്റ്റോപ്പ് അനുവദിച്ചു. കോവിഡിന് മുമ്പുള്ളതുപോലെയുള്ള സൗകര്യങ്ങളാണ് പൂരപ്രേമികള്‍ക്കായി റെയില്‍വേ ഇക്കുറി ഒരുക്കിയിട്ടുള്ളത്. പൂരത്തിരക്ക് ഒഴിവാക്കി യാത്രചെയ്യാം.

എറണാകുളം-കണ്ണൂര്‍ ഇന്റര്‍സിറ്റി, കണ്ണൂര്‍-ആലപ്പുഴ എക്‌സിക്യുട്ടീവ്, തിരുനെല്‍വേലി-പാലക്കാട് പാലരുവി, മംഗലാപുരം-നാഗര്‍കോവില്‍ പരശുറാം എന്നീ തീവണ്ടികള്‍ക്ക് ചൊവ്വാഴ്ചയും ബുധനാഴ്ചയും ഇരുദിശകളിലുമായാണ് പൂങ്കുന്നത്ത് താത്കാലിക സ്റ്റോപ്പ് അനുവദിച്ചത്. തൃശ്ശൂരിലും പൂങ്കുന്നത്തും അധിക ടിക്കറ്റ് കൗണ്ടറുകള്‍, കൂടുതല്‍ പ്രകാശസംവിധാനം, സുരക്ഷാ ഉദ്യോഗസ്ഥര്‍, സൂചനാകേന്ദ്രത്തില്‍ കൂടുതല്‍ ജീവനക്കാര്‍, പ്രത്യേക അനൗണ്‍സ്മെന്റ്, കുടിവെള്ളത്തിന് അധികസൗകര്യം തുടങ്ങിയവ ഒരുക്കും.

പൂരം കണ്ട് മടങ്ങുന്നവര്‍ക്ക് തൃശ്ശൂരിലെ ബുക്കിങ് ഓഫീസില്‍ അഞ്ചും റിസര്‍വേഷന്‍ കേന്ദ്രത്തില്‍ മൂന്നും രണ്ടാംകവാടത്തില്‍ ഒന്നും ടിക്കറ്റ് വിതരണ കൗണ്ടറുകളും രണ്ട് ഓട്ടോമാറ്റിക് ടിക്കറ്റ് വെന്‍ഡിങ് മെഷീനുകളും പ്രവര്‍ത്തിക്കും. 11-ന് പുലര്‍ച്ചെ മൂന്നുമുതല്‍ 11 വരെ പൂങ്കുന്നത്ത് രണ്ട് കൗണ്ടറുകളും പ്രവര്‍ത്തിക്കും. ദിവാന്‍ജിമൂല മുതല്‍ തൃശ്ശൂര്‍ സ്റ്റേഷനിലേക്ക് കൂടുതല്‍ ലൈറ്റുകളും സ്ഥാപിക്കും.

തൃശ്ശൂര്‍ റെയില്‍വേ സ്റ്റേഷന്‍ മാനേജര്‍ പി. ശശീന്ദ്രന്‍, ഡെപ്യൂട്ടി സ്റ്റേഷന്‍ മാനേജര്‍ (കമേഴ്‌സ്യല്‍) ബാലകൃഷ്ണന്‍, ചീഫ് ബുക്കിങ് സൂപ്പര്‍വൈസര്‍ മീനാംബാള്‍, ചീഫ് കമേഴ്‌സ്യല്‍ ഇന്‍സ്‌പെക്ടര്‍ പ്രസൂണ്‍ എസ്. കുമാര്‍, ആര്‍.പി.എഫ്. ഇന്‍സ്‌പെക്ടര്‍ കേശവദാസ് എന്നിവരാണ് പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നത്.

Content Highlights: thrissur pooram: temporary stop at poonkunnam on 10 and 11 th of may