പൂരത്തിന് ആനയെ അയയ്ക്കണം; അന്ന് സാമൂതിരിപ്പാടിന് കളക്ടറുടെ കത്ത്...

തൃശ്ശൂര്‍ പൂരത്തിന് ഗുരുവായൂരപ്പന്റെ ആനയെ നല്‍കണമെന്ന് വ്യവസ്ഥ ചെയ്തുകൊണ്ട് സാമൂതിരിപ്പാടിന് കളക്ടര്‍ കച്ചേരിയില്‍നിന്ന് അയച്ച കത്ത് (ഗുരുവായൂര്‍ ദേവസ്വം റിട്ട. മാനേജര്‍ ആര്‍. പരമേശ്വരന്റെ ശേഖരത്തില്‍നിന്ന്)
തൃശ്ശൂര്‍ പൂരത്തിന് ഗുരുവായൂരപ്പന്റെ ആനയെ നല്‍കണമെന്ന് വ്യവസ്ഥ ചെയ്തുകൊണ്ട് സാമൂതിരിപ്പാടിന് കളക്ടര്‍ കച്ചേരിയില്‍നിന്ന് അയച്ച കത്ത് (ഗുരുവായൂര്‍ ദേവസ്വം റിട്ട. മാനേജര്‍ ആര്‍. പരമേശ്വരന്റെ ശേഖരത്തില്‍നിന്ന്)

ഗുരുവായൂര്‍: 95 വര്‍ഷം മുമ്പ് എസ്റ്റേറ്റ് കളക്ടര്‍ കോഴിക്കോട് സാമൂതിരിപ്പാടിന് ഒരു കത്തെഴുതി. തൃശ്ശൂര്‍ പൂരത്തിന് ഗുരുവായൂരപ്പന്റെ ആനയെ നല്‍കണമെന്നറിയിച്ചുകൊണ്ടുള്ളതായിരുന്നു അത്. കത്ത് ഇങ്ങനെ ''എസ്റ്റേറ്റ് കളക്ടര്‍ കച്ചേരിയില്‍നിന്നും മഹാരാജ മാന്യശ്രീ കോഴിക്കോട് മാനവിക്രമ സാമൂതിരി മഹാരാജ അവര്‍കള്‍ക്ക്;-തൃശ്ശിവപേരൂര്‍ പൂരത്തിന് ഗുരുവായൂരിലെ പദ്മനാഭന്‍ ആനയെ പാറമേക്കാവ് ദേവസ്വത്തിന് അയച്ചുകൊടുക്കണ കല്‍പ്പന ക്ഷേത്രം മാനേജര്‍ക്ക് അയച്ചു കൊടുത്തിട്ടുണ്ട്. കുറച്ചുകാലമായി ഗുരുവായൂരിലെ ആനകളെ പാറമേക്കാവിനും തിരുവമ്പാടിക്കും ഒന്നരയിട്ടാണ് (ഓരോ വര്‍ഷം ഇടവിട്ട്) അയച്ചുകൊടുക്കാറ്. അതുപ്രകാരം ഇക്കൊല്ലം പാറമേക്കാവിനാണ് ആനയെ നല്‍കേണ്ടത്.''

1927 ജനുവരി 26-നാണ് സാമൂതിരിക്ക് ആ കത്ത് അയച്ചത്. അക്കാലത്ത് ഗുരുവായൂര്‍ ക്ഷേത്രം റിസീവര്‍ ഭരണത്തിന് കീഴിലായിരുന്നു. എസ്റ്റേറ്റ് കളക്ടര്‍ കച്ചേരിയില്‍നിന്നായിരുന്നു തീരുമാനങ്ങളെടുത്തിരുന്നത്. മേയ് മാസത്തിലെ പൂരത്തിന്റെ മുന്നോടിയായുള്ള കത്തായിരുന്നു അത്. അക്കാലത്ത് പാറമേക്കാവിനും തിരുവമ്പാടിക്കും ഓരോ വര്‍ഷവും ഇടവിട്ടായിരുന്നു ആനകളെ നല്‍കിയിരുന്നത്. ആ വ്യവസ്ഥപ്രകാരം ആദ്യകാലങ്ങളില്‍ പഴയ പദ്മനാഭനെയായിരുന്നു പൂരത്തിന് അയച്ചിരുന്നത്. പിന്നീട് ഗജരാജന്‍ ഗുരുവായൂര്‍ കേശവനും വര്‍ഷങ്ങള്‍ക്കുശേഷം ഗജരത്നം പദ്മനാഭനും ഗുരുവായൂരിന്റെ തലയെടുപ്പായി തൃശ്ശൂര്‍ പൂരത്തില്‍ താരങ്ങളായി.

ആ പാരമ്പര്യം ഇപ്പോഴും തുടര്‍ന്നുപോരുന്നുണ്ട്.

പാറമേക്കാവിലമ്മയുടെ തിടമ്പേറ്റാന്‍ ഗുരുവായൂര്‍ നന്ദന്‍ എത്തുന്നതോടെ ഗുരുവായൂരപ്പന്റെ ഗജസാന്നിധ്യം പൂരക്കാഴ്ചകളില്‍ നിറയുന്നു. വര്‍ഷങ്ങളായി പത്തോളം ആനകളാണ് ഗുരുവായൂരില്‍നിന്ന് പങ്കെടുക്കുന്നത്.
 

Content Highlights: thrissur pooram 2022