പത്തര മാറ്റാണ് ഈ തങ്കം; പുതുപാതയില്‍ ഒരു സസ്‌പെന്‍സ് ത്രില്ലര്‍ | Thankam Movie Review

'തങ്ക'ത്തില്‍ ബിജു മേനോനും വിനീതും | photo: special arrangements
'തങ്ക'ത്തില്‍ ബിജു മേനോനും വിനീതും | photo: special arrangements

സസ്‌പെന്‍സ് ത്രില്ലറുകള്‍ക്ക് യാതൊരു പഞ്ഞവുമില്ല തെന്നിന്ത്യന്‍ സിനിമയില്‍. ഈ ഗണത്തില്‍പ്പെട്ട ഓരോ ചിത്രവും തിയേറ്ററുകളിലെത്തുമ്പോഴും അതിലെന്താണ് വ്യത്യസ്തമായി അടങ്ങിയിരിക്കുന്നത് എന്ന് ചികയുന്നവയാണ് സിനിമാപ്രേമികള്‍. അത്തരക്കാരെ സംബന്ധിച്ചിടത്തോളം  കണ്ടുശീലിക്കാത്ത കാഴ്ചാനുഭവം പകരുന്ന ചിത്രമാണ് സഹീദ് അറാഫത്ത് സംവിധാനം ചെയ്ത 'തങ്കം'.

സ്വര്‍ണം പ്രമേയമായി മുന്‍പ് ചിത്രങ്ങള്‍ വന്നിട്ടുണ്ടെങ്കിലും ഇത്രമേല്‍ റിയലിസ്റ്റിക്കും അതേസമയം ഉദ്വേഗത്തിന്റെ മുള്‍മുനയില്‍ കാഴ്ചക്കാരെ നിര്‍ത്തുന്നതുമായ ചിത്രങ്ങള്‍ അപൂര്‍വമെന്ന് പറയാം. സ്വര്‍ണപ്പണിക്കാരെയും സ്വര്‍ണക്കടത്തുകാരെയുമെല്ലാം വെള്ളിത്തിരയില്‍  കണ്ടു ശീലിച്ചിട്ടുണ്ടെങ്കിലും സ്വര്‍ണ ഏജന്റുമാര്‍ എന്ന വിഭാഗം പടിക്ക് പുറത്തായിരുന്നു. അവരുടെ ജീവിതം എത്ര മാത്രം റിസ്‌കു നിറഞ്ഞതാണെന്ന് 'തങ്കം' വരച്ചിടുന്നു.

'തങ്ക'ത്തില്‍ ബിജു മേനോനും വിനീതും | photo: special arrangements

മുത്ത്, കണ്ണന്‍ എന്നിവരാണ് തങ്കത്തിലെ പ്രധാന കഥാപാത്രങ്ങള്‍. ഉറ്റസുഹൃത്തുക്കളായ ഇവരുടെ ജീവിതത്തില്‍ സംഭവിക്കുന്ന ചില അപ്രതീക്ഷിത സംഭവങ്ങളാണ്‌ 'തങ്ക'ത്തിന്റെ കഥാഗതിയെ മുന്നോട്ടുനയിക്കുന്നത്. ടൈറ്റില്‍ കാര്‍ഡ് മുതല്‍ ഇവരുടെ ജീവിതം നമുക്ക് കാണാം. കൂടുതല്‍ വളച്ചുകെട്ടലുകളില്ലാതെ നേരിട്ട് കഥയിലേക്കു കടന്ന് ആസ്വാദകനെ ഒപ്പംകൂട്ടുന്നുണ്ട് ചിത്രം. തുടക്കം മുതലേ തന്നെ സ്വര്‍ണ ഏജന്റുമാരുടെ പിരിമുറുക്കം നിറഞ്ഞ ജീവിതം പ്രേക്ഷകനുമായി കണക്റ്റ് ചെയ്യാന്‍ 'തങ്ക'ത്തിന് സാധിക്കുന്നുണ്ട്. ഏതു നിമിഷവും എന്തു വേണമെങ്കിലും സംഭവിക്കാമെന്ന ആകാംക്ഷ അവസാനം വരെ നിലനിര്‍ത്താനും ചിത്രത്തിനാവുന്നുണ്ട്. 

ബിജു മേനോന്റെ മുത്തു, വിനീത് ശ്രീനിവാസന്റെ കണ്ണന്‍ എന്നിവരാണ് ചിത്രത്തെ മുന്നോട്ടുനയിക്കുന്ന കഥാപാത്രങ്ങള്‍. എന്ത് പ്രശ്‌നം വന്നാലും ഹാപ്പിയല്ലേ എന്നു ചോദിച്ച് പരസ്പരം ആശ്വസിപ്പിക്കുകയും താങ്ങാവുകയും ചെയ്യുന്ന കഥാപാത്രങ്ങളെ ഇരുവരും ഭംഗിയാക്കിയിട്ടുണ്ട്. എങ്കിലും ചിലയിടങ്ങളില്‍ വിനീത് ശ്രീനിവാസന്റെ കണ്ണന്‍ പ്രേക്ഷകമനസിലേക്ക് ആഴ്ന്നിറങ്ങുന്നുണ്ട്. മുകുന്ദനുണ്ണി വക്കീലില്‍നിന്ന് ഒരു ബന്ധവുമില്ലാത്ത കണ്ണനെ വിനീത് ഗംഭീരമാക്കിയിട്ടുണ്ട്. സിനിമവിട്ടിറങ്ങിയാലും നിഷ്‌കളങ്കനായ കണ്ണനും ആസ്വാദകന്റെ കൂടെപ്പോരും.

'തങ്ക'ത്തില്‍ ബിജു മേനോനും വിനീതും | photo: special arrangements

കൂര്‍മബുദ്ധിശാലിയായ ജയന്ത് സഖല്‍ക്കര്‍ എന്ന മഹാരാഷ്ട്ര പോലീസ് ഉദ്യോഗസ്ഥനെ ഗിരീഷ് കുല്‍ക്കര്‍ണി അനായാസം കൈകാര്യം ചെയ്തിട്ടുണ്ട്. ഒരു ഘട്ടത്തില്‍ സിനിമയെ ഒറ്റയ്ക്ക് മുന്നോട്ടുനയിക്കുന്നുണ്ട് ഈ കഥാപാത്രം. വിനീത് തട്ടില്‍ അവതരിപ്പിച്ച കൂട്ടുകാരന്‍ വേഷം പലപ്പോഴും ചിരിയും കയ്യടിയും വാങ്ങുന്നുണ്ട്. കൊച്ചുപ്രേമന്‍, അപര്‍ണ ബാലമുരളി എന്നിവരും അവരവരുടെ ഭാഗങ്ങള്‍ നന്നായിത്തന്നെ ചെയ്തു.

മലയാളത്തില്‍ മുമ്പ് ഇറങ്ങിയിട്ടുള്ള ത്രില്ലറുകളില്‍നിന്നു 'തങ്ക'ത്തെ വ്യത്യസ്തമാക്കുന്നത് പ്രേക്ഷകരെ അകറ്റിനിര്‍ത്താത്ത, അതേസമയം അവരെ തന്നിലേക്ക് വലിച്ചടുപ്പിക്കുംവിധമുള്ള അവതരണമാണ്. കഥാപാത്രങ്ങളും അതുപോലെ തന്നെ. അക്കാര്യത്തില്‍ തിരക്കഥാകൃത്ത് ശ്യാംപുഷ്‌ക്കരന് നല്‍കാം ഒരു കയ്യടി. ഇങ്ങനെയൊരു പ്രമേയത്തെ അതിന്റെ ഗൗരവം ഒട്ടും ചോരാതെ കയ്യടക്കത്തോടെ കൈകാര്യം ചെയ്ത സംവിധായകനും അഭിനന്ദനമര്‍ഹിക്കും. ഒരു കാര്യം ഉറപ്പാണ്. മലയാളത്തിലെ വ്യത്യസ്തമായ സസ്‌പെന്‍സ് ത്രില്ലറുകളുടെ പട്ടികയെടുത്താല്‍ ഇനി ആ കൂട്ടത്തില്‍ 'തങ്ക'വുമുണ്ടാകും.

Content Highlights: biju menon and vineeth sreenivasan in thankam movie review