‘എന്താ സാർ, ടിപ്സാണോ? മലപ്പുറമുള്ളിടത്തോളം അതെളുപ്പമാകില്ല, രാജസ്ഥാൻ മരുഭൂമിയിലേക്ക് മണലയക്കാൻ നോക്കരുത്’| VIDEO

ശശി തരൂരും സഞ്ജു സാംസണും സൂപ്പർലീഗ് കേരളയുടെ പ്രൊമോ വീഡിയോയിൽ
ശശി തരൂരും സഞ്ജു സാംസണും സൂപ്പർലീഗ് കേരളയുടെ പ്രൊമോ വീഡിയോയിൽ

തിരുവനന്തപുരം: സൂപ്പര്‍ ലീഗ് കേരളയുടെ പുതിയ പ്രൊമോ വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ തരംഗമാകുന്നു. മലപ്പുറം എഫ്‌സി സഹഉടമയും ക്രിക്കറ്റ് താരവുമായ സഞ്ജു സാംസണും തിരുവനന്തപുരം കൊമ്പന്‍സ് എഫ്‌സി രക്ഷാധികാരിയും എംപിയുമായ ശശി തരൂരും തമ്മിലുള്ള സംഭാഷണമാണ് ദൃശ്യങ്ങളിലുള്ളത്. സഞ്ജു ഇതാദ്യമായാണ് സൂപ്പര്‍ലീഗ് കേരളയുടെ പ്രൊമോ വീഡിയോയില്‍ വരുന്നത്. നര്‍മം കലര്‍ത്തിയാണ് ഇരുവരും തമ്മിലുള്ള സംഭാഷണം മുന്നോട്ടുപോവുന്നത്.

'സര്‍, ബാറ്റിങ്ങില്‍ എന്തെങ്കിലും ടിപ്‌സ് തരാന്‍ വിളിച്ചതാണോ?' എന്ന സഞ്ജുവിന്റെ ചോദ്യത്തോടെയാണ് വീഡിയോ തുടങ്ങുന്നത്. രണ്ടുപേരും രണ്ടിടങ്ങളില്‍നിന്ന് ഫോണ്‍കോളിലൂടെയാണ് ബന്ധപ്പെടുന്നത്. 'അല്ല സഞ്ജു, ക്രിക്കറ്റല്ല. ഇന്ന് ഞാന്‍ ഫുട്‌ബോളിനെക്കുറിച്ച് സംസാരിക്കാനാണ് വിളിക്കുന്നത്' എന്ന് തരൂര്‍. സൂപ്പര്‍ ലീഗ് കേരളയില്‍ ഇത്തവണ തിരുവനന്തപുരമാണ് കപ്പടിക്കുന്നതെന്ന് പറയാനാണ് വിളിക്കുന്നതെന്നുകൂടി തരൂര്‍ പറഞ്ഞുവയ്ക്കുന്നു. 'പക്ഷേ സാര്‍, മലപ്പുറമുള്ളിടത്തോളം തിരുവനന്തപുരത്തിന് അതെളുപ്പമാകില്ലെ'ന്ന് സഞ്ജു നല്ല ഹിന്ദിയില്‍ത്തന്നെ മറുപടിയും നല്‍കി. എന്നാല്‍ നമുക്ക് കാണാമെന്ന് തരൂര്‍.

'ഫൈനലിന് ഗ്രൗണ്ടില്‍ വാ, ജയിക്കുന്നതാരാണെന്ന് നമുക്ക് നോക്കാം' എന്ന് തരൂര്‍ പറയുമ്പോള്‍, അതെന്താ സാര്‍, ഒരു ഭീഷണിയുടെ സ്വരമെന്ന് സഞ്ജു തിരിച്ചുചോദിക്കുന്നു. തുടര്‍ന്ന് തരൂര്‍ കടുകട്ടി ഇംഗ്ലീഷിലാണ് സംസാരിക്കുന്നത്. ഇതുകേട്ട് മറുപുറത്ത് അന്ധാളിച്ചു നില്‍ക്കുന്ന സഞ്ജുവിനെയും വീഡിയോയില്‍ കാണാം. തരൂര്‍ പറഞ്ഞു നിര്‍ത്തിയതോടെ സഞ്ജു ഹിന്ദിയില്‍ തിരിച്ചും: 'തരൂര്‍ സാറേ, നിങ്ങളെന്തിനാണ് രാജസ്ഥാന്‍ മരുഭൂമിയിലേക്ക് മണല്‍ കയറ്റിയയക്കാന്‍ നോക്കുന്നത്?' അതോടെ മുഖത്തെ ചിരി മാഞ്ഞ തരൂര്‍ ഫോണിലൂടെ ഒരു നീണ്ട വിസില്‍ കേള്‍ക്കുന്നു, വീഡിയോ അവിടെ അവസാനിക്കുന്നു.

Content Highlights: Sanju Samson and Shashi Tharoor Engage in Witty Banter