പയ്യനാട്ട് വീണ്ടും ജയമില്ലാതെ മലപ്പുറം എഫ്.സി.; തൃശ്ശൂര്‍ മാജിക്കിനെതിരേ ഗോളില്ലാ സമനില

മലപ്പുറം എഫ്.സി.-തൃശ്ശൂര്‍ മാജിക് എഫ്.സി. മത്സരത്തില്‍നിന്ന്‌
മലപ്പുറം എഫ്.സി.-തൃശ്ശൂര്‍ മാജിക് എഫ്.സി. മത്സരത്തില്‍നിന്ന്‌

മലപ്പുറം: സൂപ്പര്‍ ലീഗ് കേരള ഫുട്‌ബോളില്‍ മലപ്പുറം എഫ്.സി.-തൃശ്ശൂര്‍ മാജിക് എഫ്.സി. മത്സരം സമനിലയില്‍. ഇരുടീമിന്റെയും ഹോംഗ്രൗണ്ടായ പയ്യനാട് സ്റ്റേഡിയത്തില്‍ നടന്ന മത്സരം ഗോള്‍രഹിത സമനിലയില്‍ കലാശിക്കുകയായിരുന്നു. ഹോം ഗ്രൗണ്ടിലെ ആദ്യമത്സരത്തില്‍ കാലിക്കറ്റ് എഫ്.സി.യോട് മൂന്ന് ഗോളിന്റെ ദയനീയ തോല്‍വി ഏറ്റുവാങ്ങിയ മലപ്പുറം എഫ്.സി.ക്ക്, സ്വന്തം ആരാധകര്‍ക്കുമുന്നില്‍ വിജയാഘോഷം നടത്താന്‍ ഇനിയും കാത്തിരിക്കണം. 

തിങ്ങിനിറഞ്ഞ ഗാലറിയില്‍ ആദ്യ പകുതിയില്‍ മലപ്പുറം എഫ്.സി.യുടെ മുന്നേറ്റമാണ് കാണാനായത്. മികച്ച പന്തടക്കവും ആക്രമണവും നടത്തിയെങ്കിലും ഫിനിഷിങ്ങിലെ പോരായ്മ വീണ്ടും മലപ്പുറത്തിന് ജയമില്ലാതാക്കി. ചില അവസരങ്ങള്‍ തൃശ്ശൂര്‍ എഫ്.സി.യുടെ മികച്ച പ്രതിരോധത്തില്‍ തട്ടി നിഷ്ഫലമായി. 

രണ്ടാംപകുതിയുടെ അവസാനത്തില്‍ മലപ്പുറം എഫ്.സി. മൂര്‍ച്ഛയുള്ള നീക്കങ്ങള്‍ നിരവധി നടത്തിയെങ്കിലും ഗോള്‍ അകന്നുനിന്നു. മുന്നേറ്റംവരെ കൃത്യതയോടെ പന്തെത്തിച്ച മലപ്പുറത്തിന് ഫിനിഷിങ്ങില്‍ ആ മികവ് ആവര്‍ത്തിക്കാനായില്ല. ഹോംഗ്രൗണ്ടില്‍ കാലിക്കറ്റ് എഫ്.സി.ക്കെതിരായ മത്സരത്തിലും ഫിനിഷിങ് പോരായ്മയാണ് മലപ്പുറത്തിന് തിരിച്ചടിയായിരുന്നത്.

ലീഗില്‍ ആദ്യ രണ്ട് കളികളും പരാജയപ്പെട്ട തൃശ്ശൂര്‍ ഒരു പോയിന്റ് സ്വന്തമാക്കി. മൂന്ന് കളിയില്‍ മലപ്പുറത്തിന് നാലു പോയിന്റ്. വന്‍ മാറ്റത്തോടെയാണ് മലപ്പുറം കളത്തിലിറങ്ങിയത്. ഗോള്‍ക്കീപ്പറായി ടെന്‍സിനെയും മുന്നേറ്റത്തില്‍ ബുജൈറിനെയും ആദ്യ ഇലവനില്‍ ഇറക്കി. പെഡ്രോ, ഫസലുര്‍റഹ്‌മാന്‍ എന്നിവരും മുന്നേറ്റത്തില്‍ ഇറങ്ങി. ബ്രസീല്‍ താരങ്ങളായ ലൂക്കാസ്, മെല്‍സണ്‍ എന്നിവരെ പ്രതിരോധത്തില്‍ ഏല്‍പ്പിച്ചാണ് തൃശ്ശൂര്‍ തന്ത്രങ്ങള്‍ മെനഞ്ഞത്. 

തുടക്കം മുതല്‍ തകര്‍ത്തു കളിച്ച മലപ്പുറത്തിന്റെ പതിനാലാം നമ്പര്‍ താരം ബുജൈര്‍ പത്താം മിനിറ്റില്‍ പറത്തിയ പൊള്ളുന്ന ഷോട്ട് നേരിയ വ്യത്യാസത്തില്‍ പുറത്തുപോകുന്നത് കണ്ടാണ് ആരാധകര്‍ നിറഞ്ഞ മഞ്ചേരി സ്റ്റേഡിയം കളിയിലേക്ക് ഉണര്‍ന്നത്. ആദ്യ അരമണിക്കൂറിനിടെ നിര്‍ണായകമായ ഫ്രീകിക്കുകള്‍ നേടിയെടുക്കാന്‍ തൃശൂരിന് കഴിഞ്ഞെങ്കിലും രണ്ടുതവണയും ലൂക്കാസിന്റെ ശ്രമങ്ങള്‍ക്ക് ലക്ഷ്യബോധം ഉണ്ടായിരുന്നില്ല. മുപ്പത്തി അഞ്ചാം മിനിറ്റില്‍ തൃശൂര്‍ നായകന്‍ സി കെ വിനീതിന് തുറന്ന അവസരം കൈവന്നു. ഗോളി മാത്രം മുന്നില്‍ നില്‍ക്കെ പന്തിലേക്ക് ഓടിയെത്താന്‍ മുന്‍ ഇന്ത്യന്‍ താരത്തിന് കഴിഞ്ഞില്ല. നാല്പതാം മിനിറ്റില്‍ മലപ്പുറത്തിന്റെ ശ്രമം ബാറില്‍ തട്ടി തെറിച്ചതോടെ ആദ്യപകുതി ഗോള്‍ രഹിതമായി അവസാനിച്ചു.

Content Highlights: super league kerala malappuram fc vs thrissur magic fc