ഇരുമുടിക്കെട്ടില്‍ പ്ലാസ്റ്റിക്; നിര്‍ദ്ദേശങ്ങള്‍ പാലിക്കപ്പെടുന്നില്ല

ശബരിമല : തന്ത്രിയുടെയും ദേവസ്വം ബോര്‍ഡിന്റെയും നിര്‍ദേശങ്ങള്‍ പാലിക്കാതെ ഇപ്പോഴും ഇരുമുടിക്കെട്ടില്‍ പ്ലാസ്റ്റിക് കൊണ്ടുവരുന്നു. ഇതിന് പുറമേ പ്ലാസ്റ്റിക് സഞ്ചിയും മറ്റും ധാരാളമായി കൊണ്ടുവരുന്നുണ്ട്. ഓരോദിവസവും ക്വിന്റല്‍ കണക്കിന് പ്ലാസ്റ്റിക് മാലിന്യമാണ് വന്നുകൊണ്ടിരുക്കുന്നത്.
ഇത് മനുഷ്യന് മാത്രമല്ല പ്രകൃതിക്കും പക്ഷിമൃഗാദികള്‍ക്കും ഒരുപോലെ ദോഷമാണ്. പ്ലാസ്റ്റിക് സഞ്ചികളും ചെറിയ കൂടുകളുമൊക്കെ പെറുക്കിയെടുത്ത് കാടിനുള്ളിലേക്ക് പോകുന്ന വാനരന്മാര്‍ നീലിമല പാതയിലും സ്വാമി അയ്യപ്പന്‍ റോഡിലും പതിവ് കാഴ്ചയാണ്. ചന്ദനത്തിരി, കര്‍പ്പൂരം, കുരുമുളക് തുടങ്ങിയ പൂജാസാധനങ്ങളും പ്ലാസ്റ്റിക് കുപ്പികളും ശബരിമലയിലേക്ക് കൊണ്ടുവരരുതെന്ന് തന്ത്രി പലതവണ നിര്‍ദേശിച്ചതാണ്. ഇതേ തുടര്‍ന്ന് ദേവസ്വം ബോര്‍ഡിന്റെ നേതൃത്വത്തില്‍ സംസ്ഥാനത്തും ഇതര സംസ്ഥാനങ്ങളിലും അടക്കം വ്യാപകമായ ബോധവത്കരണവും നടത്തിയിരുന്നു. പവിത്രം ശബരിമല എന്ന പേരില്‍ ബോധവത്കരണ-ശുചീകരണ പരിപാടിയും നടത്തിവരുന്നുണ്ട്. ഇതരസംസ്ഥാന ദേവസ്വം വകുപ്പുകളും ബോര്‍ഡുകളുമായി ചേര്‍ന്ന് പ്രചാരണ പരിപാടി നടത്താനുള്ള നീക്കത്തിലുമാണ്.
ഇപ്പോഴും പ്ലാസ്റ്റിക് ഉത്പന്നങ്ങള്‍ സന്നിധാനത്തേക്ക് കൊണ്ടുവരുന്നുണ്ടെന്നതിന് തെളിവാണ് സന്നിധാനത്തിന്റെ പല ഭാഗങ്ങളിലായി കുമിഞ്ഞുകൂടുന്ന പ്ലാസ്റ്റിക് മാലിന്യങ്ങള്‍. 20 മൈക്രോണില്‍ താഴെയുള്ള പ്ലാസ്റ്റിക് മാലിന്യങ്ങള്‍ വരെ സംസ്‌കരിക്കാന്‍ ശേഷിയുള്ള പ്ലാന്റ് സന്നിധാനം പാണ്ടിത്താവളത്തിന് സമീപം പ്രവര്‍ത്തിക്കുന്നുണ്ട്. പ്രതിദിനം 22 മണിക്കൂര്‍ പ്രവര്‍ത്തിക്കുന്ന ഈ പ്ലാന്റില്‍ മണിക്കൂറില്‍ 700 ടണ്‍ വരെ മാലിന്യം സംസ്‌കരിക്കാനാവും. എന്നാല്‍ ഇതിന്റെ ഇരട്ടിയോളം വരുന്ന മാലിന്യങ്ങള്‍ ആണ് മുന്‍വര്‍ഷങ്ങളില്‍ അടക്കം സന്നിധാനത്ത് കുമിഞ്ഞുകൂടുന്നത്.
സന്നിധാനത്ത് ആഴിക്ക് സമീപമുള്ള കൗണ്ടറുകളില്‍നിന്ന് സ്വാമിമാര്‍ക്ക് പായസം, വെള്ളനിവേദ്യം എന്നിവ നല്‍കുന്നത് പ്ലാസ്റ്റിക് പൊതിഞ്ഞ പാത്രത്തിലാണെന്ന് പരാതി ഉയര്‍ന്നിട്ടുണ്ട്. ഇക്കാര്യം പരിശോധിക്കണമെന്ന് ശബരിമല സ്‌പെഷ്യല്‍ കമ്മിഷണര്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ഇക്കാര്യം പരിശോധിച്ച് നടപടിയെടുക്കുമെന്ന് ദേവസ്വം എക്‌സിക്യുട്ടീവ് ഓഫീസര്‍ മുരാരി ബാബു മാതൃഭൂമിയോട് പറഞ്ഞു.
Content Highlights: Sabarimala Pilgrimage no plastic zone sabarimala temple