ശബരിമലയില്‍ കനത്ത മഴയും കോടമഞ്ഞും; മലകയറാന്‍ പ്രയാസം

ശബരിമല: ഞായറാഴ്ച ശബരിമല സന്നിധാനത്തും പമ്പയിലും തീര്‍ഥാടകരെ വലച്ച് കനത്ത മഴ. ഇതിനൊപ്പം ഉച്ചകഴിഞ്ഞ് കോടമഞ്ഞുമുണ്ടായിരുന്നു. രാവിലെ ആരംഭിച്ച മഴ ഉച്ചയോടെ ശമിച്ചെങ്കിലും ഉച്ചകഴിഞ്ഞ് വീണ്ടും ശക്തിപ്പെട്ടു. രാവിലെ തീര്‍ഥാടകരുടെ തിരക്കുണ്ടായില്ല. എന്നാല്‍, ഉച്ചകഴിഞ്ഞ് തിരക്കനുഭവപ്പെട്ടു.
മഴയെത്തുടര്‍ന്ന് ഞായറാഴ്ച സന്നിധാനത്ത് ദര്‍ശനത്തിനെത്തിയ അയ്യപ്പഭക്തരുടെ എണ്ണം കുറവായിരുന്നു. 60,983 പേരാണ് രാത്രി പത്തുവരെ പമ്പയില്‍നിന്ന് എത്തിയത്. കേന്ദ്ര കാലാവസ്ഥാ വകുപ്പ് പത്തനംതിട്ട ജില്ലയില്‍ ഞായറാഴ്ച ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിരുന്നു. ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാല്‍ തിങ്കളാഴ്ച പത്തനംതിട്ട ജില്ലയില്‍ ചുവപ്പ് അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. ശനിയാഴ്ച രാത്രിയും ഞായറാഴ്ച പുലര്‍ച്ചെയും മഴ പെയ്തതോടെ പമ്പയില്‍നിന്ന് മലകയറുന്നതിന് പ്രയാസമായി.
അയ്യപ്പന്മാര്‍ വിരിവെയ്ക്കാന്‍ ഇടമില്ലാതെ പ്രയാസപ്പെട്ടു. മുമ്പ്, മാളികപ്പുറത്തേക്ക് മേല്‍പ്പാലം വഴി എത്തുമ്പോള്‍ നേരേയുള്ള ഗേറ്റുവഴി അയ്യപ്പന്മാരെ താഴേക്ക് കടത്തിവിടുമായിരുന്നു. ഇത്തവണ നടയടച്ചിടുന്ന സമയത്ത് ഈ ഗേറ്റുവഴി കടത്തിവിടുന്നില്ല. പകരം, സമീപത്തെ ചെറിയ ഗേറ്റുവഴി മാളികപ്പുറം മേല്‍ശാന്തിമഠത്തിനടുത്തുകൂടി അന്നദാനമണ്ഡപത്തിന് മുന്നിലൂടെയാണ് കടത്തിവിടുന്നത്.
ഈഭാഗത്ത് മേല്‍ക്കൂരയില്ലാത്തതിനാല്‍ ശനിയാഴ്ച രാത്രി വന്ന അയ്യപ്പന്മാര്‍ നനഞ്ഞുപോകേണ്ടിവന്നു. മാത്രമല്ല, മാളികപ്പുറത്തേക്കുള്ള മേല്‍പ്പാലത്തിന്റെ ഒരുവശം 'എമര്‍ജന്‍സി വഴി'യായി പോലീസ് മാറ്റിയിട്ടിരിക്കുകയുമാണ്. ഞായറാഴ്ച പുലര്‍ച്ചെ ഇവിടെയും അയ്യപ്പന്മാര്‍ വിരിവെച്ചത് പോലീസുകാരെ വലച്ചു. വെള്ളി, ശനി ദിവസങ്ങളില്‍ മണിക്കൂറില്‍ 3000 അയ്യപ്പന്മാര്‍ മലകയറിയിരുന്നു. എന്നാല്‍, ഞായറാഴ്ച ഉച്ചവരെ ഒരുമണിക്കൂറില്‍ മലകയറിയ അയ്യപ്പന്മാരുടെ എണ്ണം 3000-ത്തില്‍ താഴെയാണ്.
Content Highlights: heavy rain and fog in sabarimala