ഇഫ്താർ വിഭവം തയ്യാറാക്കാം... മുട്ട സ്റ്റെപ്പ് തയ്യാറാക്കുന്നവിധം

ഇഫ്താർ മധുരമായി മുട്ട സ്റ്റെപ്പ് തയ്യാറാക്കാം.
മുട്ട സ്റ്റെപ്പ്
:മുട്ട - മൂന്ന്, ബ്രെഡ് -മൂന്നെണ്ണം, ചെറിയ സവാള -ഒന്ന്, ചെറിയ ചിക്കൻ പീസ് -രണ്ടോ മൂന്നോ എണ്ണം, ബ്രക്കോളി-ആവശ്യത്തിന്, ചീസ്: ആവശ്യത്തിന്, ടൊമാറ്റോ കെച്ചപ്പ്-ആവശ്യത്തിന്, ഉപ്പ്: ആവശ്യത്തിന്, കശ്മീരി മുളകുപൊടി -ഒരു ടീസ്പൂൺ, മഞ്ഞൾപൊടി-അരടീസ്പൂൺ, കുരുമുളക്- 12 എണ്ണം, വെളിച്ചെണ്ണ-മൂന്ന് ടേബിൾ സ്പൂൺ.
തയ്യാറാക്കുന്ന വിധം
:ആറ് പീസ് മുട്ട സ്റ്റെപ്പാണ് തയ്യാറാക്കുന്നത്. മുട്ട നന്നായി പുഴുങ്ങിയെടുത്ത് തോട് മാറ്റി ഓരോ മുട്ടയും നീളത്തിൽ നേർ പകുതിയാക്കിയശേഷം മഞ്ഞക്കരു എടുത്തുവെക്കുക. കശ്മീരി മുളകുപൊടിയും മഞ്ഞളും ആവശ്യത്തിന് ഉപ്പും ചേർത്ത് വെള്ളം തളിച്ച് ചിക്കൻ കഷണങ്ങൾക്ക് തേച്ചുപിടിപ്പിച്ച് വെളിച്ചെണ്ണയിൽ ഫ്രൈപാനിൽ പൊരിച്ചെടുത്തശേഷം മിക്സിയിലിട്ട് ചിക്കിയെടുക്കുക.
സവാള ചെറിയ രീതിയിൽ അരിഞ്ഞെടുത്തതും മുട്ടയുടെ മഞ്ഞക്കരുവും ചിക്കിയെടുത്ത ചിക്കനും ആവശ്യത്തിനു ഉപ്പും ചേർത്ത് ഫ്രൈ പാനിൽ രണ്ട് ടീസ്പൂൺ വെളിച്ചെണ്ണയിൽ വറുത്തെടുക്കുക. മൂന്ന് കഷ്ണം ബ്രെഡും ഒരു പ്ലേറ്റിൽ അടുക്കിവെച്ച് നേർപകുതിയാക്കുക. വറുത്തെടുത്ത ചിക്കൻ ചേരുവ മുട്ടവെള്ളയുടെ മഞ്ഞക്കരു മാറ്റിയ കുഴിയിൽ നിറച്ച് ബ്രെഡ് പീസുകൾക്ക് മുകളിൽ കമിഴ്ത്തിവെക്കുക.
ബ്രക്കോളി ചെറുതായി അരിഞ്ഞെടുത്ത് ബ്രെഡിന് മുകളിൽ വിതറുക. ചീസും ടൊമാറ്റോ കെച്ചപ്പും ബ്രഡുകളുടെ ഇടയിൽ ചേർക്കുക. ഓരോ മുട്ട പീസിനു മുകളിലും രണ്ട് കുരുമുളക് അമർത്തിവെക്കുക. തയ്യാറാക്കിവെച്ചശേഷം ഓവനിൽ പ്ലേറ്റടക്കം വെച്ച് രണ്ടുനിമിഷം ചൂടാക്കുക. ചീസ് വലിഞ്ഞുമുറുകുന്നതിന് അത് സഹായകമാകും. ഇഫ്താറിന് ചൂടോടെ കഴിക്കാൻ നല്ല വിഭവമാണിത്
(തയ്യാറാക്കിയത്: റംല മഹമൂദ്, സിറ്റിസൺസ്, അടുത്തില ഈസ്റ്റ്, ഏഴോം)
Content Highlights: iftar food recipes egg step