പലപ്പോഴും ആഗ്രഹം പ്രകടിപ്പിച്ചു; പക്ഷേ, വലിയ ഇടയന്റെ മടക്കം ഇന്ത്യന്‍ മണ്ണിലെത്താതെ

#രാജേഷ് ജോർജ്
ഫ്രാന്‍സിസ് മാര്‍പാപ്പ | ഫയല്‍ചിത്രം | ഫോട്ടോ: എഎഫ്പി
ഫ്രാന്‍സിസ് മാര്‍പാപ്പ | ഫയല്‍ചിത്രം | ഫോട്ടോ: എഎഫ്പി

കൊച്ചി: 'മഹാമാരിയുടെ കാലത്ത് ഇന്ത്യന്‍ ജനതയെ എന്റെ ഹൃദയത്തോട് ചേര്‍ത്തുനിര്‍ത്തുന്നു' -2020-ല്‍ ഭാരത കത്തോലിക്കാസഭ (സിബിസിഐ) അധ്യക്ഷന്‍ കര്‍ദിനാള്‍ ഓസ്വള്‍ഡ് ഗ്രേഷ്യസിന് അയച്ച സന്ദേശത്തില്‍ ഇങ്ങനെയായിരുന്നു ഫ്രാന്‍സിസ് മാര്‍പാപ്പ കുറിച്ചത്. ഇന്ത്യയിലേക്ക് വരാന്‍ പലപ്പോഴായി അദ്ദേഹം താത്പര്യമറിയിച്ചു. ഇന്ത്യന്‍ പ്രതിനിധിസംഘങ്ങള്‍ വത്തിക്കാന്‍ സന്ദര്‍ശിച്ചപ്പോഴും അദ്ദേഹം ഈ ആഗ്രഹം പ്രകടിപ്പിച്ചു. എന്നാല്‍, പലകാരണങ്ങളാല്‍ അത് യാഥാര്‍ഥ്യമായില്ല. ഒടുവില്‍ ഇന്ത്യന്‍മണ്ണ് സന്ദര്‍ശിക്കാതെ അദ്ദേഹം വിടചൊല്ലി.

2017 നവംബര്‍, ഡിസംബര്‍ മാസങ്ങളില്‍ പാപ്പ മ്യാന്‍മാറിലും ബംഗ്ലാദേശിലും ഒരാഴ്ച പര്യടനം നടത്തിയിരുന്നു. റോമിലേക്കുമടങ്ങുമ്പോള്‍ പ്രത്യേക പേപ്പല്‍ വിമാനത്തില്‍ നടത്തിയ പത്രസമ്മേളനത്തില്‍ ഇന്ത്യയിലെ വിശ്വാസികളെ കാണാനാഗ്രഹമുണ്ടെന്നും പറഞ്ഞിരുന്നു.

2014-ലാണ് ഭാരത കത്തോലിക്കാസഭയുടെ അധ്യക്ഷനായിരുന്ന കര്‍ദിനാള്‍ മാര്‍ ബസേലിയോസ് ക്ലീമിസ് കാതോലിക്കാബാവയുടെ നേതൃത്വത്തിലുള്ള സംഘം പ്രധാനമന്ത്രിയെ സന്ദര്‍ശിച്ച് ഇന്ത്യ സന്ദര്‍ശിക്കാന്‍ പാപ്പയെ ക്ഷണിക്കണമെന്ന ആവശ്യമുന്നയിച്ചത്. 2021 ജനുവരിയിലും കര്‍ദിനാള്‍മാര്‍ പ്രധാനമന്ത്രിക്കുമുന്‍പില്‍ ഇതേ ആവശ്യമുന്നയിച്ചപ്പോള്‍ സഭയുടെ ആഗ്രഹം തന്റെ മനസ്സിലുണ്ടെന്ന് പ്രധാനമന്ത്രിയും വ്യക്തമാക്കി. തുടര്‍ന്ന്, അതേവര്‍ഷമാണ് പ്രധാനമന്ത്രി പാപ്പയെ ഇന്ത്യയിലേക്ക് ഔദ്യോഗികമായി ക്ഷണിച്ചത്.

കേരളം, മുംബൈ, കൊല്‍ക്കത്ത എന്നിവയ്‌ക്കൊപ്പം മേഘാലയയോ വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളോ ഉള്‍പ്പെടുന്ന ഒരാഴ്ചത്തെ സന്ദര്‍ശനമെന്നരീതിയിലായിരുന്നു ഇതിന് പ്രാരംഭ ഒരുക്കം തുടങ്ങിയത്. 2024-ല്‍ റോമന്‍ ഉച്ചകോടിയില്‍ പങ്കെടുത്തപ്പോഴും പ്രധാനമന്ത്രി നരേന്ദ്രമോദി ഫ്രാന്‍സിസ് മാര്‍പാപ്പയെ ഇന്ത്യയിലേക്ക് ക്ഷണിച്ചിരുന്നു. എന്നാല്‍, ആരോഗ്യകാരണങ്ങളാല്‍ സന്ദര്‍ശനം നീണ്ടുപോയി. കാലംെചയ്ത ജോണ്‍പോള്‍ രണ്ടാമനാണ് ഒടുവില്‍ കേരളം സന്ദര്‍ശിച്ച പാപ്പ.

Content Highlights: Pope Francis`s planned India visit, but never materialized due to various reasons