'ഞാന്‍ നിങ്ങളെ ആശീര്‍വദിക്കുംമുമ്പ് നിങ്ങളെന്നെ ആശീര്‍വദിക്കുക'; മാർപാപ്പയുടെ ആദ്യവാക്കുകൾ

ഫ്രാന്‍സിസ് മാര്‍പാപ്പ | Photo: PTI
ഫ്രാന്‍സിസ് മാര്‍പാപ്പ | Photo: PTI

'ഞാന്‍ നിങ്ങളെ ആശീര്‍വദിക്കുംമുമ്പ് നിങ്ങളെന്നെ ആശീര്‍വദിക്കുക'- 2013 മാര്‍ച്ച് 13-ാം തീയതി ആഗോള കത്തോലിക്കാ സഭയുടെ പുതിയ മാര്‍പാപ്പയായി തിരഞ്ഞെടുക്കപ്പെട്ട ശേഷം സെന്റ് പീറ്റേഴ്‌സ് ബസലിക്കയുടെ പ്രധാന മട്ടുപ്പാവില്‍ നിന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ ലോകത്തോട് ആദ്യം പറഞ്ഞത് ഈ വാക്കുകളാണിത്. ലോകത്തിന്റെ മറ്റൊരറ്റത്തുനിന്നുമാണ് താന്‍ വരുന്നതെന്നും സ്‌നേഹത്തിലും സാഹോദര്യത്തിലുമുള്ള ആത്മീയയാത്രയില്‍ ഒരുമിച്ചു ചേരാമെന്നും പാപ്പ പ്രഖ്യാപിച്ചപ്പോള്‍ ആഗോള കത്തോലിക്കാ സഭയെ സംബന്ധിച്ച് അക്ഷരാര്‍ഥത്തില്‍ പുതിയൊരു യുഗം തുടങ്ങുകയായിരുന്നു.

ശാരീരിക അവശതകള്‍ മൂലം ബെനഡിക്ട് പതിനാറാമന്‍ മാര്‍പാപ്പ 2013 ഫെബ്രുവരി 28-ന് രാജിവെച്ചതിനെ തുടര്‍ന്നാണ് പുതിയ തിരഞ്ഞെടുപ്പ് നടത്തുകയും കത്തോലിക്കാസഭയുടെ 266-ാമത് മാര്‍പാപ്പയായി ഹോര്‍ഹെ മാരിയോ ബെര്‍ഗോളിയോ എന്ന പോപ്പ് ഫ്രാന്‍സിസിനെ തിരഞ്ഞെടുക്കുകയും ചെയ്തത്. ഫ്രാന്‍സിസ് എന്ന പേപ്പല്‍ പേരും അദ്ദേഹം സ്വീകരിച്ചു. ഈ സമയം അര്‍ജന്റീനയുടെ തലസ്ഥാനമായ ബ്യൂണസ് ഐറിസിലെ ആര്‍ച്ച് ബിഷപ്പായിരുന്നു അദ്ദേഹം.

1272 വര്‍ഷങ്ങള്‍ക്കു ശേമാണ് യൂറോപ്പിനുപുറത്തുനിന്ന് ഒരാള്‍ മാര്‍പാപ്പയായി തിരഞ്ഞെടുക്കപ്പെടുന്നത്. ഇതു മാത്രമല്ല ലാറ്റിന്‍ അമേരിക്കയില്‍ നിന്നുള്ള ആദ്യപാപ്പയും ഫ്രാന്‍സിസ് തന്നെയായിരുന്നു. സാധ്യതാപട്ടികയൊരുക്കി കാത്തിരുന്ന നിരീക്ഷകരെ അമ്പരപ്പിച്ച തിരഞ്ഞെടുപ്പുകൂടിയായിരുന്നു അത്. ആഗോള സഭയുടെ നാഥനെ തിരഞ്ഞെടുക്കാന്‍ ചേര്‍ന്ന കര്‍ദിനാള്‍മാരുടെ കോണ്‍ക്ലേവിന്റെ രണ്ടാം ദിവസമായ മാര്‍ച്ച് 13-ാം തീയതി, അഞ്ചാംവട്ട വോട്ടെടുപ്പിനുശേഷമാണ് അന്ന് സിസ്റ്റൈന്‍ ചാപ്പലിന്റെ ചിമ്മിനിയില്‍ നിന്ന് വെളുത്ത പുകയുയര്‍ന്നത്. അസീസ്സിയിലെ വിശുദ്ധ ഫ്രാന്‍സിസിന്റെ നാമവും മാധ്യസ്ഥ്യവും സ്വീകരിച്ച ശേഷം അദ്ദേഹം ബസലിക്കയിലെ മട്ടുപ്പാവില്‍ ലോകത്തിനു മുന്നില്‍ പ്രത്യക്ഷപ്പെട്ടത്.

ബ്യൂണസ് ഐറിസിലെ ആര്‍ച്ച് ബിഷപ്പായിരുന്ന ഹോര്‍ഹെ മാരിയോ ബെര്‍ഗോളിയോ ലാറ്റിനമേരിക്കയില്‍ നിന്നുള്ള ആദ്യ പാപ്പയായി തിരഞ്ഞെടുക്കപ്പെട്ടത് തീര്‍ത്തും അപ്രതീക്ഷിതമായിട്ടായിരുന്നു. അന്ന് 78 വയസായിരുന്നു അദ്ദേഹത്തിന് പ്രായം. 2001-ലാണ് ബെര്‍ഗോളിയോ കര്‍ദ്ദിനാള്‍ പദവിയിലേക്ക് ഉയര്‍ത്തപ്പെട്ടത്. 1998-ലാണ് ബ്യൂണസ് ഐറിസിന്റെ ആര്‍ച്ച് ബിഷപ്പായി ചുമതലയേല്‍ക്കുന്നത്.

ജോണ്‍പോള്‍ രണ്ടാമന്‍ മാര്‍പാപ്പയാണ് 2001-ല്‍ ബെര്‍ഗോളിയോയെ വത്തിക്കാനിലേക്ക് കൊണ്ടുവരുന്നത്. തുടര്‍ന്ന് റോമിലെ സെയിന്റ് റോബര്‍ട്ട് ബെല്ലാര്‍മിനോ ദേവാലയത്തിന്റെ കര്‍ദ്ദിനാളായി നിയമിക്കുകയും ചെയ്തു. കര്‍ദ്ദിനാള്‍ എന്ന നിലയില്‍ ഒട്ടേറെ ഭരണപരമായ ചുമതലകള്‍ വഹിച്ച അദ്ദേഹം തീര്‍ത്തും വ്യത്യസ്തനായിരുന്നു. വിനയാന്വിതമായ പെരുമാറ്റം, സാമൂഹ്യനീതിക്കുവേണ്ടിയുള്ള പ്രവര്‍ത്തനങ്ങള്‍ എന്നിവയും കര്‍ദ്ദിനാള്‍ എന്ന നിലയില്‍ അദ്ദേഹത്തെ വ്യത്യസ്തനാക്കി. ആഢംബര വാഹനം ഒഴിവാക്കി പൊതുഗതാഗത സംവിധാനത്തിലായിരുന്നു അദ്ദേഹത്തിന്റെ യാത്രകള്‍. ഭക്ഷണം സ്വയം പാചകം ചെയ്യുന്നതായിരുന്നു അക്കാലത്ത് അദ്ദേഹത്തിന്റെ രീതി.

ജോണ്‍പോള്‍ രണ്ടാമനുശേഷം പാപ്പയാകും എന്ന് കരുതപ്പെട്ടിരുന്ന ഹോര്‍ഹെ മാരിയോ ബെര്‍ഗോളിയോ, ബെനഡിക്ട് പതിനാറാമനെ തിരഞ്ഞെടുക്കുന്ന കോണ്‍ക്ലേവില്‍ റാറ്റ് സിങ്ങര്‍ക്ക് കടുത്ത വെല്ലുവിളി ഉയര്‍ത്തിയെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ബെനഡിക്ട് പതിനാറാമന്‍ മാര്‍പാപ്പയായ കോണ്‍ക്ലേവിനുശേഷം, ബെര്‍ഗോളിയോ 2005-ല്‍ വന്‍ ഭൂരിപക്ഷത്തോടെ അര്‍ജന്റീനയുടെ എപ്പിസ്‌കോപ്പല്‍ കോണ്‍ഫറന്‍സിന്റെ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടു. 2008-ല്‍ ഇതേ സ്ഥാനത്ത് വീണ്ടും അവരോധിതനായി. ഈ പദവിയില്‍ തുടരുമ്പോഴാണ് കത്തോലിക്ക സഭയുടെ പരമോന്നത പദവിയിലേക്ക് തെരഞ്ഞെടുക്കപ്പെടുന്നത്.

Content Highlights: pope francis marpappa first words and death news updates