സാംസ്‌കാരിക വംശഹത്യകളില്‍ പരസ്യമായി മാപ്പപേക്ഷിച്ച പോപ്പ് ഫ്രാന്‍സിസ്

പോപ്പ് ഫ്രാന്‍സിസ്, കത്തോലിക്ക സഭയില്‍ ഇതുവരെ ഉണ്ടായതില്‍നിന്ന് തീര്‍ത്തും വ്യത്യസ്തനായ മാര്‍പ്പാപ്പയാണ്. സാധാരണ പോപ്പുമാര്‍ വരുന്നത് മുഴുവന്‍ യൂറോപ്യന്‍ രാജ്യങ്ങളില്‍ നിന്നായിരിക്കും. എട്ടാം നൂറ്റാണ്ടിന് ശേഷം യൂറോപ്പില്‍ നിന്നല്ലാതെ വന്ന പോപ്പ് ആണ് ഇദ്ദേഹം. ബ്യൂണസ് അയേഴ്‌സില്‍ ജനിച്ച് അമേരിക്കന്‍ സംസ്‌കാരത്തില്‍ വളര്‍ന്ന മനുഷ്യനാണ്. ജസ്യൂട്ട് സഭയില്‍ നിന്നെത്തുന്ന ആദ്യത്തെ പോപ്പ് ആണ്. 1936 ഡിസംബര്‍ 17-ന് ലാറ്റിന്‍ അമേരിക്കന്‍ രാജ്യമായ അര്‍ജന്റീനയുടെ തലസ്ഥാന നഗരമായ ബ്യൂണസ് അയേഴ്‌സിലാണ് പോപ്പ് ഫ്രാന്‍സിസിന്റെ ജനനം.
ഒരു പോപ്പ് എന്ന നിലയില്‍ അദ്ദേഹത്തെ വ്യത്യസ്തനാക്കുന്ന പല കാരണങ്ങളുണ്ട്. പ്രത്യേകമായും കാരുണ്യം, ഉള്‍കൊള്ളല്‍ അഥവാ Compassion & Inclusivity. ഇത് രണ്ടും പ്രയോഗത്തിലെത്തിക്കാനാണ് അദ്ദേഹം പരിശ്രമിച്ചത്.
കാരുണ്യം എന്ന് പറയുമ്പോള്‍ ആരോട് എന്ന ചോദ്യം വളരെ പ്രസക്തമാണ്. അതില്‍ അദ്ദേഹം യേശുദേവന്‍ പറഞ്ഞ തത്വം തന്നെയാണ് പിന്തുടരുന്നത്. 'The last in the row', നിങ്ങളില്‍ ഏറ്റവും എളിയവന് വേണ്ടി ചെയ്യുന്നതാണ് കാരുണ്യം. അതിനാല്‍ തന്നെ പുവര്‍ ചര്‍ച്ച് ഫോര്‍ ദ പുവര്‍ (Poor church for the poor) എന്ന ആപ്തവാക്യം വച്ചാണ് അദ്ദേഹം പ്രവര്‍ത്തനം ആരംഭിച്ചത്. ദാരിദ്ര്യം ക്രിസ്ത്യാനികള്‍ക്കിടയില്‍ ഒരു വലിയ മൂല്യവ്യവസ്ഥ കൂടിയാണ്. വിധേയത്വവും ദാരിദ്ര്യവും (Obedience and poverty), ഇതു രണ്ടുമാണ് ഒരു കത്തോലിക്ക പുരോഹിതനാകാന്‍ തീരുമാനിക്കുമ്പോള്‍ എടുക്കുന്ന വൃതങ്ങള്‍. അത് ലംഘിക്കാന്‍ പാടില്ല. ദാരിദ്ര്യം എവിടെ നിന്നാണ് വരുന്നത് ? 'ആത്മാവില്‍ ദരിദ്രരായവര്‍ ഭാഗ്യവാന്മാര്‍, എന്തെന്നാല്‍ സ്വര്‍ഗരാജ്യം അവര്‍ക്കുള്ളത്' എന്ന് യേശുദേവന്‍ പറയുന്നുണ്ട്. ആത്മാവിലെ ദാരിദ്രൃം എന്നാല്‍ അഹങ്കാരമില്ലാത്ത ജീവിതം എന്നാണ് അര്‍ഥം. അങ്ങനെയുള്ളവര്‍ സ്വര്‍ഗരാജ്യത്തെത്തും എന്നുള്ള ആ സങ്കല്‍പം ജീവിതത്തില്‍ പ്രയോഗിക്കേണ്ടി വരുമ്പോഴാണ് ഒരുവന്‍ ഈ പ്രോ പുവര്‍ എന്ന സമീപനം സ്വീകരിക്കുന്നത്. ഏറ്റവും ദരിദ്രനായവന് വേണ്ടി എന്തെങ്കിലും ചെയ്യുക. ദാരിദ്ര്യം എന്നാല്‍ സമ്പത്തിന്റെ കാര്യത്തില്‍ മാത്രമല്ല. ജീവിതത്തില്‍ ഒറ്റപ്പെട്ട് പോവുന്നതും വലിയ ദാരിദ്ര്യം തന്നെയാണ്. 'എനിക്ക് വിശന്നു നിങ്ങള്‍ ആഹാരം തന്നില്ല, എനിക്ക് ദാഹിച്ചു നിങ്ങള്‍ വെള്ളം തന്നില്ല, ഞാന്‍ രോഗിയായിരുന്നു നിങ്ങളെന്നെ ശുശ്രൂഷിച്ചില്ല, ഞാന്‍ കാരാഗൃഹത്തിലായിരുന്നു നിങ്ങളെന്നെ സന്ദര്‍ശിച്ചില്ലെ'ന്ന് യേശുദേവന്‍ പറയുന്നുണ്ട്. വിശക്കുന്നവന് മുന്നില്‍ ആഹാരമായും ദാഹിക്കുന്നവന് കുടിനീരായും ഏകാകിക്ക് ചങ്ങാത്തമായും മാറുന്ന ജീവിതമാണ് ക്രിസ്തുവിന്റെ ജീവിതം എന്ന് തിരിച്ചറിഞ്ഞിരുന്ന ഒരു വൈദിക ശ്രേഷ്ഠനാണ് ഫാദര്‍ ഫ്രാന്‍സിസ്.
എല്ലാവരെയും ഉള്‍ക്കൊള്ളുക എന്നത് കത്തോലിക്ക സഭയില്‍ അപൂര്‍വമായി സംഭവിക്കുന്ന കാര്യമാണ്. Sinner & Saint എന്നാണ് സങ്കല്‍പം. പാപികളെ വീണ്ടെടുക്കുന്നതാണ് യഥാര്‍ഥ ക്രിസ്തുജീവിതം എന്ന് വിശ്വസിച്ച ആളാണ് പോപ്പ് ഫ്രാന്‍സിസ്. യേശുദേവന്‍ രക്ഷകനായിത്തീരുന്നത് ആര്‍ക്ക് എന്ന ചോദ്യത്തിന് അത് ഏറ്റവും പാപം ചെയ്തവനായിരിക്കും എന്ന സങ്കല്‍പത്തില്‍ അദ്ദേഹം വിശ്വസിച്ചു. അതുകൊണ്ട് ആരേയും പുറന്തള്ളാതെ എല്ലാത്തിനെയും ഉള്‍ക്കൊള്ളുന്ന ഒരു സമീപനം അദ്ദേഹം സ്വീകരിച്ചു.
മുതലാളിത്തത്തെ അദ്ദേഹം എതിര്‍ത്തു. പക്ഷേ അത് സ്വകാര്യ സമ്പാദനത്തെ അല്ല. നിയന്ത്രണമില്ലാത്ത രീതിയില്‍ പ്രവര്‍ത്തിച്ചുക്കൊണ്ടിരിക്കുന്ന മുതലാളിത്തമുണ്ടല്ലോ അതിനെയാണ് അദ്ദേഹം രൂക്ഷമായി എതിര്‍ത്തത്. അറ്റമില്ലാത്ത, ആര്‍ത്തി വളര്‍ത്തുന്ന ജീവിതരീതിയെയാണ് എതിര്‍ത്തത്. ലോകം മുഴുവന്‍ തനിക്ക് വേണ്ടി സൃഷ്ടിക്കപ്പെട്ടതാണെന്നും ഈ ലോകത്തെ മുഴുവന്‍ തന്റെ അധീനതയിലാക്കുന്നതാണ് ഉചിതമെന്നും തോന്നല്‍ ഒരു മുതലാളിത്ത സമ്പ്രദായത്തില്‍ സ്വാഭാവികമായും വന്നു ചേരാവുന്ന വിപത്താണ്. ആ വിപത്തിനെയാണ് അദ്ദേഹം എതിര്‍ത്തത്. അതിനെ എതിര്‍ക്കുന്നതിന്റെ ഭാഗമായാണ് അദ്ദേഹം സാമൂഹിക നീതിയെക്കുറിച്ച് പറഞ്ഞത്. എല്ലാ മനുഷ്യര്‍ക്കും അവരായി ജീവിക്കാനുള്ള ഉറപ്പ് വരുത്തുന്നതിനെയാണ് നീതി എന്ന് പറയുന്നത്. ഒരാള്‍ മറ്റൊരാളായി ജീവിക്കുന്ന ജീവിതരീതിയില്‍ നീതിയില്ല. നിങ്ങള്‍ക്ക് ഞാന്‍ എല്ലാം തരാം, ആഹാരം, വസ്ത്രം, പാര്‍പ്പിടം, വൈദ്യസഹായം, എല്ലാം തരാം. നിങ്ങള്‍ പക്ഷേ ഇന്ന രീതിയില്‍ ജീവിക്കണം, നിങ്ങള്‍ നിങ്ങളല്ലാതായി മാറണം... ഇതില്‍ എവിടെയാണ് നീതി ? നിങ്ങള്‍ക്ക് ഞാന്‍ സ്വര്‍ഗരാജ്യം തരാം, പക്ഷേ മതം മാറണം എന്ന് പറയുന്നിടത്തും നീതിയില്ല. ഓരോ മനുഷ്യനും അവനവനായി സമൂഹത്തില്‍ ജീവിക്കാനുള്ള അവകാശം സംരക്ഷിക്കപ്പെടുന്നതിനെയാണ് സാമൂഹികനീതി എന്ന് പറയുന്നത്. അത് ഉള്‍ക്കൊള്ളാനാണ് പോപ്പ് ഫ്രാന്‍സിസ് ശ്രമിച്ചത്.
ഇക്കണോമിക് ഇക്വാലിറ്റി എന്ന ഒരു സങ്കല്‍പം അദ്ദേഹം പറയുന്നുണ്ട്. അത് സോഷ്യലിസം പറയുന്ന ഇക്കണോമിക് ഇക്വാലിറ്റി അല്ല. എല്ലാ മനുഷ്യര്‍ക്കും അവരുടെ അടിസ്ഥാന ജീവിത ആവശ്യങ്ങള്‍ നിറവേറ്റപ്പടാനുള്ള അവസ്ഥ സൃഷ്ടിക്കുന്നതാണ് സാമ്പത്തികമായ തുല്യത. ആഹാരം, പാര്‍പ്പിടം, വസ്ത്രം, വൈദ്യസഹായം, വിദ്യാഭ്യാസം, ഇത്രയും കാര്യങ്ങള്‍ ഉറപ്പുവരുന്ന ജീവിതരീതി കൈവരുമ്പോഴാണ് സാമ്പത്തിക തുല്യത വരുന്നത്. എല്ലാം എല്ലാവര്‍ക്കും തുല്യം എന്നതല്ല സങ്കല്‍പം. ഉദാഹരണത്തിന് ഭക്ഷണം കൂടുതല്‍ വേണ്ടവന് കുറവ് കൊടുക്കുന്നത് ന്യൂനത ആണ്. കുറവ് വേണ്ടവന് കൂടുതല്‍ കൊടുക്കുമ്പോള്‍ ബാഹുല്യവും. അപ്പോഴവിടെ തുല്യത വരില്ല. ഓരോരുത്തര്‍ക്കും അവരവര്‍ അര്‍ഹിക്കുന്നതും ആഗ്രഹിക്കുന്നതും അഭികാമ്യവുമായ വിധത്തില്‍ ഇവ ലഭ്യമാകുന്ന വ്യവസ്ഥ പോപ്പ് ഫ്രാന്‍സിസിന്റെ സ്വപ്നത്തിലുണ്ടായിരുന്ന കാര്യമാണ്.
കുടിയേറ്റക്കാരോടും അഭയാര്‍ഥികളോടുമുള്ള അദ്ദേഹത്തിന്റെ സമീപനമാണ് എടുത്ത് പറയേണ്ട മറ്റൊരു കാര്യം. എങ്ങനെയാണ് അഭയാര്‍ഥികളുണ്ടാവുന്നതെന്ന ചോദ്യം അദ്ദേഹം ചോദിക്കുന്നുണ്ട്.ഏതെങ്കിലും ഒരു സമ്പന്ന രാജ്യത്തേക്ക് എല്ലാവരും ചേര്‍ന്ന് പോവുക എന്നിട്ട് ആ സമ്പത്തിന്റെ ഭാഗമാവുന്നവരെ അഭയാര്‍ഥികളെന്ന് പറയാനാവില്ല, അവന്‍ അത്യാര്‍ത്തിക്കാരനാണ്. ഒരാള്‍ അഭയം തേടി സ്വന്തം രാജ്യത്ത് നിന്ന് വേറൊരു രാജ്യത്ത് പോകേണ്ടി വരുന്നത് അയാള്‍ക്കവിടെ ഭയരഹിതമായി ജീവിക്കാന്‍ കഴിയാത്ത സാഹചര്യം വരുമ്പോഴാണ്. അത്തരമൊരു അവസ്ഥ ഉണ്ടാകാന്‍ പാടില്ല. ജനിച്ച് ജീവിക്കേണ്ട രാജ്യത്ത് ഭയരഹിതമായി ജീവിക്കാന്‍ കഴിയാത്ത അവസ്ഥ വരിക. ഈ അഭയാര്‍ഥികള്‍ സംരക്ഷിക്കപ്പെടേണ്ടവരാണെന്ന് പോപ്പ് ഫ്രാന്‍സിസ് പറയുമ്പോള്‍ അവരെല്ലാം മറ്റൊരു രാജ്യത്ത് സംരക്ഷിക്കപ്പെടേണ്ടവരാണെന്നല്ല അതിനര്‍ഥം. അവനവന്റെ രാജ്യത്ത് ഭയരഹിതമായി ജീവിക്കാനുള്ള അവസ്ഥ ഉണ്ടാക്കണം എന്നാണ് അര്‍ഥമാക്കുന്നത്.
'ഷൂസ് ഓഫ് ദ ഫിഷര്‍മാന്‍' എന്നൊരു പഴയ സിനിമയുണ്ട്. അന്തോണി ക്വിന്‍ എന്ന മഹാനടന്‍ അഭിനയിച്ച സിനിമയാണ്. പോപ്പിനെ തിരഞ്ഞെടുക്കാന്‍ ഒത്തുകൂടിയിരിക്കുകയാണ്. എത്രയായിട്ടും പോപ്പ് ആരെന്ന് തീരുമാനം ആകുന്നില്ല. ആഫ്രിക്കന്‍ രാജ്യത്ത് നിന്ന് ഒരു കര്‍ദിനാളും അവിടെ എത്തിയിട്ടുണ്ട്. രാത്രി തെരുവിലൂടെ പോകുമ്പോള്‍ അദ്ദേഹം കാണുന്ന ഒരു ജീവിതമുണ്ട്. തെരുവ് അതിദരിദ്രരുടേതായി മാറുന്നതായി അദ്ദേഹത്തിന് തോന്നുന്നു. അത്താഴത്തിനിരിക്കുമ്പോള്‍ കര്‍ദിനാള്‍മാര്‍ അദ്ദേഹത്തോട് ചോദിക്കുന്നുണ്ട്, ആഹാരം മോഷ്ടിക്കുന്നത് കുറ്റമല്ലേ എന്ന്. അതിന് അദ്ദേഹം നല്‍കുന്ന മറുപടി ഇപ്രകാരമാണ്- ''ഈ പ്രപഞ്ചത്തില്‍ ദൈവം എല്ലാവര്‍ക്കും വിശപ്പ് തീര്‍ക്കാനുള്ള ആഹാരം നല്‍കിയിട്ടുണ്ട്. ഒരുവന് അത് കിട്ടുന്നില്ലെങ്കില്‍ അതിന് അര്‍ഥം അവന് അര്‍ഹമായത് മറ്റാരോ എടുത്തിട്ടുണ്ട് എന്നതാണ്, അവരാണ് യഥാര്‍ഥ കള്ളന്മാര്‍'' എന്ന്. ആ സിനിമ സങ്കല്‍പത്തിലെ പോപ്പ് ആയാണ് പോപ്പ് ഫ്രാന്‍സിസ് വരുന്നത്.
ഇതിനെല്ലാം പുറമേ പള്ളിക്കകത്ത് അദ്ദേഹം വരുത്തിയ പ്രധാന മാറ്റമുണ്ട്. പോപ്പിന് എല്ലാക്കാര്യത്തിലും തെറ്റാവരമില്ലെന്ന് പറയുന്നത് അദ്ദേഹമാണ്. തെറ്റാവരം അഥവാ Infaliability. പോപ്പിന്റെ തീരുമാനം തെറ്റാത്ത തീരുമാനമാണ് അതാണ് തെറ്റാവരം. പക്ഷേ അദ്ദേഹം പ്രഖ്യാപിച്ചു പോപ്പിനും തെറ്റാവരമില്ല, പോപ്പ് പറഞ്ഞാലും തെറ്റ് പറ്റിയേക്കാം. 'To error is humane and to forgive is divine' എന്ന സങ്കല്‍പത്തില്‍ അദ്ദേഹം വിശ്വസിച്ചു. അതിന്റെ ഒരു തുടര്‍ച്ചയെന്നോണം സഭയുടെ കാര്യങ്ങളില്‍ ഒരാള്‍ ഒറ്റയ്ക്ക് തീരുമാനം എടുക്കുന്നത് മാറി സിനിഡാരിറ്റി കൊണ്ടുവന്നു. അതുപോലെ വത്തിക്കാനിലെ അധികാര സ്ഥാനത്ത് സ്ത്രീകളെ പ്രതിഷ്ഠിച്ചു. കത്തോലിക്ക സഭയില്‍ സ്ത്രീകള്‍ക്ക് അങ്ങനെയൊരു സ്ഥാനം ഇല്ല, വലിയ സ്ഥാനങ്ങളില്‍ സ്ത്രീകള്‍ വരുന്ന അവസ്ഥ കത്തോലിക്ക പള്ളികളില്‍ അനുവദിക്കുന്നതല്ല. ഒരുപടി താഴെയാണ് സ്ത്രീകള്‍ക്ക് സ്ഥാനം. അച്ചന്മാരേക്കാള്‍ ഒരുപടി താഴെയാണ് കന്യാസ്ത്രീകള്‍ ഇന്നും. അതിനൊരു മാറ്റം വരുത്താന്‍ ശ്രമിച്ച ആളാണ് പോപ്പ് ഫ്രാന്‍സിസ്.
അതുപോലെ പ്രധാനപ്പെട്ടതാണ് അദ്ദേഹത്തിന്റെ ഇന്റര്‍ഫെയ്ത്ത് ഡയലോഗ്.. നിങ്ങള്‍ നിങ്ങളുടെ മതത്തില്‍ ഉറച്ചു നില്‍ക്കുക, പക്ഷേ ഞങ്ങളുടെ മതവുമായി ഒരു സംവാദത്തിലേര്‍പ്പെടാം. ഡിബേറ്റ് അല്ല ഡയലോഗ് ആണ് അദ്ദേഹം ഉദ്ദേശിച്ചത്. ആ ഒരു സങ്കല്‍പം വികസിപ്പിച്ചെടുത്തത് അദ്ദേഹമാണ്. അതുപോലെ കത്തോലിക്ക ചര്‍ച്ച് നടത്തിയിട്ടുള്ള സാംസ്‌കാരിക വംശഹത്യകള്‍ (കള്‍ച്ചറല്‍ ഹോമിസൈഡ്‌സ്) ഉണ്ട്. അതില്‍ പരസ്യമായി മാപ്പു പറഞ്ഞ പോപ്പ് ആണ് അദ്ദേഹം. ഇത്തരം കാര്യങ്ങളിലെല്ലാം വളരെ മാനുഷികമായ, ദൈവികമായ രീതികളില്‍ പണിയെടുത്ത പോപ്പ് ആണ് പോപ്പ് ഫ്രാന്‍സിസ്.
Content Highlights: Pope Francis dies