എന്തിനുമേതിനും ഒന്നാമൻ

കണ്ടുവളർന്നത് റൊണാൾഡോയെയും റിവാൾഡോയെയുമൊക്കെയാണ്. എന്നാൽ, കുട്ടിക്കാലംമുതൽക്കെ കഥകളിലൂടെ കേട്ടറിഞ്ഞ ഏറെപ്പേരുണ്ട്. ദിദി, വാവ, ഗരിഞ്ച... അങ്ങനെയങ്ങനെ. ആ തലമുറയിലെ അവസാന കണ്ണിയാണ് മുറിഞ്ഞത്. പെലെ, ഞങ്ങൾക്ക് എന്തിനുമേതിനും ഒന്നാമനായിരുന്നു. അത്രയും ഉയരത്തിൽ മറ്റാരുമുണ്ടായിരുന്നില്ല.
തലസ്ഥാനമായ റിയോ ഡി ജനെയ്റോയിലാണ് ഞങ്ങൾ ജീവിക്കുന്നത്. പെലെ കളിച്ചതും താമസിച്ചതുമൊക്കെ അയൽസംസ്ഥാനമായ സാവോപൗലോയിലെ സാന്റോസിലും. എന്നാൽ, ഞങ്ങൾക്കെല്ലാവർക്കും പെലെ സ്വന്തം നാട്ടുകാരനായിരുന്നു. അദ്ദേഹം ഗുരുതരാവസ്ഥയിലായതുമുതൽ സാന്റോസിൽമാത്രമല്ല, ഫ്ലമംഗോയിലും ഫ്ളുമിനൻസിലും കൊറിന്ത്യൻസിലും പാൽമീറാസിലുമൊക്കെ ഗാലറികളിൽ മുഴങ്ങിയത് പെലെയുടെ വായ്‌ത്താരികളായിരുന്നു. ജേഴ്സികളുടെ വ്യത്യാസമില്ലാതെ എല്ലാ ക്ലബ്ബുകളുടെയും ആരാധകരും ആ വിയോഗത്തിൽ അതിയായി ദുഃഖിക്കുന്നു.
ബ്രസീലിന് പെലെ തനിത്തങ്കമായിരുന്നു. മെസ്സിയും ക്രിസ്റ്റ്യാനോയും പോലുള്ള പുതിയ കാലത്തെ വലിയ താരങ്ങളും ബ്രസീലിലെ വിശ്വോത്തരതാരങ്ങളായ റൊണാൾഡോയും റൊണാൾഡീന്യോയും നെയ്‌മറുമൊക്കെ വന്നെങ്കിലും പെലെയുടെ പ്രഭാവത്തിന് തെല്ലും മങ്ങലേറ്റില്ല. ഫുട്ബോളിലൂടെ ബ്രസീലിനെ ഏറ്റവുമേറെ ആനന്ദിപ്പിച്ച മഹാനാണ് പെലെ. ബ്രസീലിലെ കൊച്ചുകുട്ടികൾമുതൽ പ്രായമായവർവരെ സോഷ്യൽ മീഡിയയിലൂടെ ആ വിയോഗത്തിലെ നിരാശയും സങ്കടവും പ്രകടിപ്പിക്കുന്നത് അതുകൊണ്ടാണ്. ടി.വി.യിലും പത്രങ്ങളിലും റേഡിയോയിലുമൊക്കെ, അദ്ദേഹം കൈവരിച്ച നേട്ടങ്ങളും അടിച്ചുകൂട്ടിയ ഗോളുകളും മാത്രം.
വ്യക്തിപരമായ ചില കാരണങ്ങളുടെ പേരിൽ പെലെയെ വിമർശിച്ചവരുണ്ടായിരുന്നു. വിവാഹേതര ബന്ധത്തിലൂടെ പിറന്ന മകളെ അംഗീകരിക്കാൻ അദ്ദേഹം തയ്യാറാകാതിരുന്നത് ഇവിടെ പലരുടെയും എതിർപ്പിനുകാരണമായി. പെലെയൊടുള്ള ആരാധനപോലും ഈ ഒറ്റക്കാരണത്താൽ ഉപേക്ഷിച്ചവരെ എനിക്കറിയാം. പക്ഷേ, അദ്ദേഹം രോഗഗ്രസ്തനായപ്പോൾ, ആ വിമർശകരും എതിരഭിപ്രായമുണ്ടായിരുന്നവരും അവരുടെ പ്രാർഥനകളിൽ പെലെയെ ഉൾപ്പെടുത്തിയിരുന്നു.
ജീവിതംകൊണ്ടും മാതൃക കാണിച്ചയാളാണ് പെലെ. മറ്റു പലരും, പ്രത്യേകിച്ച് ഗരിഞ്ചയെപ്പോലുള്ളവർ കുടിച്ചു ജീവിതം നശിപ്പിച്ചപ്പോൾ, പെലെ ജീവിച്ചു വിജയിച്ച് മാതൃകയായി. അതായിരുന്നു അദ്ദേഹത്തിന്റെ മഹത്ത്വം. ബ്രസീലുകാരനായിട്ടും പെലെയെ നേരിട്ടുകണ്ടിട്ടില്ലെന്ന നിരാശ എനിക്കുണ്ട്. കഴിഞ്ഞ പത്തുവർഷത്തോളമായി അദ്ദേഹം കൂടുതൽ സമയവും വീട്ടിൽത്തന്നെയാണ് ചെലവിട്ടത്. ഫിഫയുടെ എന്തെങ്കിലും ഔദ്യോഗിക പരിപാടികളിലൊഴിച്ച് പങ്കെടുത്തിരുന്നില്ല.
ഞങ്ങളുടെ മേൽവിലാസങ്ങളിലൊന്നാണ് ഇല്ലാതായത്. ഇനി പെലെയുടെ നാട്ടുകാർ എന്ന ഖ്യാതിയിലാകും ഞങ്ങളുടെ ജീവിതം.
Content Highlights: who was pele for Brazilians writes willian Lopez from rio de janeiro