പെലെയുടെ നാട്ടില്‍, കളിയുടെ തമ്പുരാന്റെ വീട്ടുമുറ്റത്ത് നിന്നപ്പോള്‍

വില ബെല്‍മിറോ സ്‌പോര്‍ട്സ് പാര്‍ക്കിലേക്ക് കാലെടുത്തുവെച്ചപ്പോള്‍ ഉള്ളൊന്നു കാളി. രാജാവ് എത്രയോവട്ടം ചവിട്ടിമെതിച്ചുനടന്ന മണ്ണാണ്. തൊട്ടുതലയില്‍വെക്കുകയല്ലാതെ ആ മണ്ണിലൂടെ ചവിട്ടിനടക്കാന്‍ നമുക്കെന്തുയോഗ്യത. സ്‌പോര്‍ട്സ് പാര്‍ക്കില്‍നിന്ന് കുറച്ചപ്പുറമുള്ള മ്യൂസിയത്തിലേക്ക്. മ്യൂസിയത്തിന്റെ കവാടം തുറന്നുതന്ന പെണ്‍കുട്ടി നിലത്തേക്ക് കൈചൂണ്ടി. അവിടെ, ഒരു ഫലകം. സാന്റോസിനൊപ്പം 1962-ലെയും 1963-ലെയും ലോകചാമ്പ്യന്‍ എന്ന് ആലേഖനംചെയ്ത ഫലകം. എഡ്സണ്‍ അരാന്റസ് ഡോ നാസിമെന്റോയെന്ന പെലെയുടെ നേട്ടങ്ങളിലേക്ക് സ്വാഗതം ചെയ്യുകയാണ് ആ വാക്കുകള്‍. വരൂ, രാജാവിനെ അടുത്തറിയാമെന്ന ക്ഷണം.
രാജാവിനെ അടുത്തറിയാനാണ് വിശുദ്ധന്മാരുടെ നഗരമായ സാന്റോസിലേക്ക് പോയത്. കത്തോലിക്കാ രാജ്യമായ ബ്രസീലിലെ പുണ്യനഗരങ്ങളിലൊന്ന്. തുറമുഖത്തോടുചേര്‍ന്ന വൈറ്റ് ഹൗസിലാണ് പെലെ ഫുട്ബോള്‍ മ്യൂസിയം.
പെലെയുടെ വഴിയേ റൊബീന്യോയും നെയ്മറുമൊക്കെ വന്നെങ്കിലും സാന്റോസുകാരുടെ ഹൃദയമിടിപ്പ് പെലെയായിരുന്നു. രണ്ടുവട്ടം സാന്റോസ് ക്ലബ്ബിനെ ലോകചാമ്പ്യന്മാരാക്കിയത് അവരുടെ പ്രിയപ്പെട്ട ഒ റെയി ആയിരുന്നു. സാവോപോളോയിലെ ബാവുറു ക്ലബ്ബില്‍നിന്ന് ദേശീയ ഫുട്ബോള്‍ ടീമിലെ പഴയതാരം വാല്‍ഡിമെര്‍ ഡി ബ്രിറ്റോ സാന്റോസിന് സമ്മാനിച്ചതാണ് ഒ റെയി എന്ന് അവര്‍ പ്രിയത്തോടെ വിളിക്കുന്ന പെലെയെ.
'ഞാന്‍ പെലെ. ജനിച്ചത് ഫുട്ബോള്‍ കളിക്കാന്‍ വേണ്ടി. ബിഥോവന്‍ സംഗീതത്തിനുവേണ്ടി ജനിച്ചതുപോലെ...' - സാന്റോസിലെ വൈറ്റ് ഹൗസില്‍, പെലെ മ്യൂസിയത്തിലേക്ക് നമ്മെ സ്വാഗതംചെയ്യുന്ന വാക്യം. മിന്നിത്തെളിയുന്ന പെലെയുടെ രൂപം സ്‌ക്രീനില്‍ ഇതോടൊപ്പം വരും. പെലെയുടെ ആദ്യത്തെ തിരിച്ചറിയല്‍ കാര്‍ഡുമുതല്‍ 1999-ല്‍ ഫിഫ നൂറ്റാണ്ടിന്റെ മികച്ച താരത്തിനുനല്‍കിയ മുദ്രവരെ മ്യൂസിയത്തിലുണ്ട്. പെലെയുടെ കളി നേരിട്ടുകണ്ടിട്ടുള്ള, കടുത്ത ആരാധകനായ ഒജിര്‍ ക്യൂനോയാണ് മ്യൂസിയത്തിന്റെ ക്യുറേറ്റര്‍. ബ്രസീലിനെ ലോകത്തിന് പരിചയപ്പെടുത്തിക്കൊടുത്തത് പെലെയാണെന്ന് ഒജിര്‍ പറയും.
മിനൈസ് ഗരെയ്സ് സംസ്ഥാനത്തെ ട്രെസ് കോറാക്കോസാണ് പെലെയുടെ ജന്മദേശം. എന്നാല്‍, ഫുട്ബോള്‍ അദ്ദേഹത്തെ സാന്റോസിലേക്ക് കൂട്ടിക്കൊണ്ടുവന്നു. സാന്റ അമോറോ എന്ന ദ്വീപിലാണ് പെലെയുടെ സാന്റോസിലെ വീട്. സാന്റ അമോറോ ഇപ്പോള്‍ സാന്റോസിന്റെ ഭാഗമാണ്. സാന്റ അമോറോയിലെ ഗറൂഹയെന്ന ചെറുപട്ടണത്തിലാണ് പെലെ താമസമുറപ്പിച്ചത്. ആദിവാസിമേഖലയാണിത്. അവിടേക്കുപോണമെങ്കില്‍ കടല്‍ മുറിച്ചുകടക്കണം. ബാള്‍സയെന്ന വലിയ ജങ്കാറുകളില്‍ക്കയറി കടല്‍കടന്ന് പോയാല്‍ പെലെയുടെ വീട്ടിലെത്താം. ബ്രസീലിന്റെ ദേശീയ സ്വത്തായ പെലെയുടെ വീട്ടിലേക്ക് സന്ദര്‍ശകര്‍ക്ക് സ്വതന്ത്രമായി കടന്നുചെല്ലാനാവില്ല. കനത്ത സുരക്ഷയുള്ള പ്രദേശം. കുന്നുകളും താഴ്വരകളുമൊക്കെയുള്ള നാട്ടിന്‍പുറത്ത്, റോഡില്‍നിന്ന് അകത്തേക്കുകയറി വലിയൊരു ബംഗ്ലാവ്.
തിരക്കേറിയ ജീവിതമാണ് പെലെയുടേത്. അതുകൊണ്ടുതന്നെ ഗറൂഹയിലേക്ക് അദ്ദേഹമെത്തുന്നതും വിരളമായിരുന്നെന്ന് നാട്ടുകാര്‍ പറയുന്നു. അവര്‍ക്കും അദ്ദേഹത്തെ അകലെനിന്ന് ഒരു മിന്നായംപോലെ കാണാനുള്ള യോഗമേയുള്ളൂ. റൂവ ഡോസ് റൊസെയ്രാസിലെ 50-ാം നന്പര്‍ വീട്ടിലാണ് പെലെ താമസിക്കുന്നതെന്ന് അവര്‍ക്കറിയാം. പക്ഷേ, അവിടെ, അവര്‍ക്കും പെലെയ്ക്കുമിടയില്‍ കൂറ്റനൊരു മതില്‍ക്കെട്ടുണ്ട്. വീടിന്റെ കാഴ്ചപോലും മറയ്ക്കുന്ന കൂറ്റന്‍ മതില്‍. എന്നാല്‍, ആ മതിലിനപ്പുറം രാജാവുണ്ടെന്ന ചിന്ത അവരെ ഉത്തേജിപ്പിക്കുന്നു. 2014-ല്‍ ബ്രസീലില്‍ ലോകകപ്പ് നടന്നപ്പോള്‍, ഗറൂഹയിലെത്തിയത് ആ നിമിഷങ്ങള്‍ സ്വന്തമാക്കാനായിരുന്നു. രാജാവിന്റെ നാട്ടില്‍, കളിയുടെ തമ്പുരാന്റെ വീട്ടുമുറ്റത്ത് നിന്നപ്പോള്‍, ആയിരത്തോളം വരുന്ന പെലെ ഗോളുകള്‍ക്കൊപ്പം ആര്‍ത്തുവിളിച്ച ഒരു സ്റ്റേഡിയമൊന്നാകെ കടല്‍പോലെ ഇരമ്പിവന്നു.
Pele babu shi
Pele' ya no est'a
Content Highlights: visit to home town of football legend pele