കറുത്തവനെ അകറ്റി നിര്‍ത്തിയ മൈതാനങ്ങളിലേക്ക് കാരിരുമ്പായി വീശിക്കനത്ത കരുത്ത് - പെലെ

#വി.പ്രവീണ
Photo: AP
Photo: AP

1943-ലാണ്... ആന്റണി ഡി സെന്റ് എക്സ്പെറി എന്ന ഫ്രഞ്ച് എഴുത്തുകാരന്‍ ഒരു പുസ്തകമെഴുതി. 'ദ ലിറ്റില്‍ പ്രിന്‍സ്'. സഹാറയുടെ വിജനതയില്‍ വിമാനം തകര്‍ന്നു വീഴുന്ന ഒരു പൈലറ്റ്. വിശാലമായ മരുഭൂമിയുടെ ഒരു കോണില്‍ അയാളൊരു ബാലനെ കണ്ടുമുട്ടുന്നു. ലിറ്റില്‍ പ്രിന്‍സ് അഥവാ കൊച്ചുരാജകുമാരന്‍ എന്നവന്‍ സ്വയം പരിചയപ്പെടുത്തുന്നു. ആസ്റ്ററോയിഡ് ബി65 എന്ന ചെറുഗ്രഹത്തിലെ താമസക്കാരനാണ് താനെന്നും അവന്‍ അയാളോട് പറയുന്നു. മനുഷ്യനെപ്പറ്റിയും ജീവിതത്തെപ്പറ്റിയും ഈ പ്രപഞ്ചത്തെപ്പറ്റിയുമൊക്കെ കൂടുതലായി അറിയാന്‍ ലോകസഞ്ചാരത്തിനിറങ്ങിയതാണ് അവന്‍. അത്ഭുത കഥകളുടെ ഉടമയായ രാജകുമാരന്‍ അവനൊപ്പം മരുഭൂമിയില്‍ അകപ്പെട്ട ആ മുതിര്‍ന്ന മനുഷ്യനെ അമ്പരപ്പിക്കുന്നു, അനുഭവങ്ങള്‍ കൊണ്ടും നിഷ്‌കളങ്കത കൊണ്ടും. എക്സ്പെറിയുടെ നോവല്‍ ലോകമേറ്റെടുത്തു. അത്ഭുതാനുഭവങ്ങളുടെ തമ്പുരാനായ കൊച്ചുരാജകുമാരന്‍ കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഒരുപോലെ പ്രിയപ്പെട്ട കഥാപാത്രമായി. ലോകത്ത് ഏറ്റവുമധികം വില്‍ക്കപ്പെട്ട, ഏറ്റവുമേറെ ഭാഷകളിലേക്ക് വിവര്‍ത്തനം ചെയ്യപ്പെട്ട പുസ്തകങ്ങളിലൊന്നായി അതുമാറി.

ബാറുവിലെ ബാലന്‍

എക്സ്പെറി ആ മാന്ത്രികബാലന്റെ കഥ എഴുതിത്തുടങ്ങുമ്പോള്‍ അങ്ങകലെ ബ്രസീലിലെ ബാറു എന്ന എന്ന ചെറുഗ്രാമത്തിലെ റൂബന്‍ അരൂഡ തെരുവില്‍ അവന്‍ പിറന്നു കഴിഞ്ഞിരുന്നു. എക്സ്പെറിയുടെ പുസ്തകം ആദ്യവായനക്കാരനെ നേടിയെടുത്തപ്പോഴേക്കും റൂബന്‍ അരൂഡയില്‍ അവന്‍ കാലുറകളില്‍ കീറത്തുണികള്‍ തിരുകി പന്തുകളുണ്ടാക്കാന്‍ തുടങ്ങിയിരുന്നു. ദ ലിറ്റില്‍ പ്രിന്‍സ് ഫ്രഞ്ചില്‍നിന്ന് മറ്റേതൊക്കെയോ ഭാഷകളിലേക്ക് വിവര്‍ത്തനം ചെയ്യപ്പെടുന്ന കാലം എത്തിയപ്പോഴേക്കും അവന്‍ അച്ഛന് വാക്ക് കൊടുത്തിരുന്നു ബ്രസീലിനു വേണ്ടി വിശ്വകിരീടം താന്‍ സ്വന്തമാക്കുമെന്ന്. അന്ന് ഡൊഡീഞ്ഞോ എന്ന ആ പിതാവ് മകനായ ഡീക്കോയെ അരികിലേക്ക് ചേര്‍ത്തു നിര്‍ത്തി. മായാമരീചികയില്‍ അകപ്പെട്ട എക്സ്പെറിയുടെ കഥാപാത്രങ്ങള്‍ പോലെ പിതാവും മകനും. ബ്രസീല്‍ ആകുലതകളാല്‍ അറ്റുപോയൊരു വന്‍കരയായി മാറിയ നാളുകളായിരുന്നു അത്. ദാരിദ്ര്യം, രോഗങ്ങള്‍, ആഭ്യന്തര കലാപങ്ങള്‍. ഡൊഡീഞ്ഞോയുടെ മകന്‍ ആ അറുതികളില്‍നിന്ന് ദേശത്തെ കരകയറ്റിയ മാന്ത്രികനായത് ഭാവനയെ വെല്ലുന്ന വേഗത്തിലായിരുന്നു. കഥയിലെ കൊച്ചുരാജകുമാരന്‍ ആകാശഗോളങ്ങള്‍ കീഴടക്കിയതുപോലെ അവന്‍ ഫുട്ബോളിനെ കീഴടക്കി. കാല്‍പ്പന്തിന്റെ തട്ടകത്തില്‍ അവനൊരു കാട്ടുകുതിരയായി. അവന്റെ കഥയ്ക്ക് ലോകത്തിന്നോളം എഴുതപ്പെട്ട ഏതു സാഹിത്യകൃതിയേക്കാളും കാമ്പും കരുത്തുമുണ്ട്. കാലത്തിന്റെ കാര്‍ക്കശ്യത്തില്‍ അലിഞ്ഞുപോകാത്ത കരുത്ത്.

അവന്‍ ഡീക്കോ

ശൗചാലയങ്ങളും സമ്പന്നരുടെ ചെരുപ്പുകളും വൃത്തിയാക്കുന്നവരായിരുന്നു ആ ദമ്പതികള്‍. അതായിരുന്നു അവരുടെ തൊഴില്‍. അവര്‍ക്ക് മൂന്ന് മക്കള്‍. മൂത്തവന്‍ പിറന്ന വര്‍ഷമാണ് നാട്ടില്‍ വൈദ്യുതി എത്തിയത്. അതുകൊണ്ട് അവരവന് തോമസ് ആല്‍വാ എഡിസന്റേതിനോട് സാമ്യമുള്ളൊരു പേരിട്ടു. പക്ഷേ, ജനനസര്‍ട്ടിഫിക്കറ്റിലെ പിഴവ് എഡിസണെ എഡ്സണാക്കി. എഡ്സണ്‍ അരാന്റസ് ഡോ നാസിമെന്റോ. ആ നീളന്‍പേരു ചുരുക്കി അവരവനെ ഡീക്കോ എന്നു വിളിച്ചു. അച്ഛനായ ഡൊഡീഞ്ഞോയുടെ മനസ് നിറയെ ഫുട്ബോളായിരുന്നു. ബ്രസീലിന് വിശ്വകിരീടം നഷ്ടമായപ്പോള്‍, ദേശീയ ടീം തോല്‍വി അറിഞ്ഞപ്പോഴൊക്കെയും അയാള്‍ വാവിട്ടു നിലവിളിച്ചു. കളിക്കാരനാകാനാണ് അയാള്‍ ആഗ്രഹിച്ചത്. ഏതോ തെരുവിലെ ഒരു നിറംകെട്ട മത്സരത്തിനിടെ കാലിനേറ്റ പരിക്ക് അയാളെ സ്വപ്നങ്ങളില്‍നിന്ന് തള്ളിത്താഴെയിട്ടു. കുടുംബം, കുട്ടികള്‍, ജീവിതച്ചെലവുകള്‍... അഴുക്കുകള്‍ വെടിപ്പാക്കി ജീവിതത്തിന്റെ മോടികൂട്ടുകയല്ലാതെ മറ്റെന്ത് വഴി. മക്കളെ പഠിപ്പിക്കണം. അവര്‍ക്ക് നല്ലൊരു ജീവിതം ഉണ്ടാക്കണം. അയാളുടെ ഭാര്യ ഡോണ ആഗ്രഹിച്ചതത്രയും അതായിരുന്നു. ഡൊഡീഞ്ഞോ ഫുട്ബോളിനെപ്പറ്റി പറഞ്ഞപ്പോഴൊക്കെയും ഡോണ അയാളോട് കയര്‍ത്തു. ഈ വീട്ടില്‍ ഫുട്ബോളിനെപ്പറ്റി സംസാരിക്കുത്. അവര്‍ സ്വരം കടുപ്പിച്ചു. പക്ഷേ, മക്കളില്‍ മൂത്തവനായ ഡീക്കോ അച്ഛന്റെ വഴിയിലായിരുന്നു. അമ്മയറിയാതെ അവന്‍ ഫുട്ബോളുമായി സന്ധിച്ചു. തെരുവില്‍ പന്തുതട്ടി. മൈതാനങ്ങളില്‍ മത്സരത്തിനു പോയി.

കളിക്കിറങ്ങിയ കാലം

കുട്ടിയായിരിക്കെ അവന്‍ അംഗമാകാന്‍ ആഗ്രഹിച്ച പ്രാദേശിക ക്ലബ്ബിന്റെ പേരായിരുന്നു ബെലെ. ഒരിക്കല്‍ ക്ലബ്ബിന്റെ പേര് ബിലെ എന്നവന്‍ തെറ്റായി ഉച്ഛരിച്ചു. അതിന്റെ പേരില്‍ സമ്പന്നരായ കുട്ടികളവനെ കളിയാക്കി. അജ്ഞത കൊണ്ട് അവന്‍ വരുത്തിയ പിഴവിന്റെ പേരില്‍ അവരവന് പെലെ എന്നൊരു വട്ടപ്പേരും നല്‍കി. അത് ഡീക്കോയെ ചൊടിപ്പിച്ചു. അവന്റെ സങ്കടം പകയായി മാറാതിരിക്കാന്‍ അച്ഛനവനെ തിരുത്തി. ശ്രദ്ധ കളിയിലായിരിക്കണം. നമ്മുടെ ശ്രദ്ധയകറ്റാന്‍ ചുറ്റിനും പലതുമുണ്ടാകും. ഈ കലഹങ്ങളും ആക്രോശങ്ങളും നമുക്ക് എതിരിടാനുള്ളതല്ല. നമ്മുടെ എതിരാളി കാല്‍പ്പന്താണ്. ശ്രദ്ധ അതിലുറപ്പിക്കൂ. വരുതിയിലാക്കേണ്ടത് പന്തിനെയാണ് മറ്റുള്ളവരുടെ പരിഹാസത്തെയോ അവര്‍ക്കു നമ്മോടുള്ള മനോഭാവത്തെയോ അല്ല. അതായിരുന്നു കളിക്കളത്തില്‍ ഡീക്കോയുടെ ആദ്യപാഠം. വട്ടപ്പേര് ചാര്‍ത്തിക്കൊടുത്ത കുട്ടികളുടെ സംഘത്തെ കളിച്ചു തോല്‍പ്പിക്കാന്‍ അവന്‍ തീരുമാനിച്ചു. തെരുവിലെ ചങ്ങാതിമാരെ ചേര്‍ത്ത് അവനൊരു ഫുട്ബോള്‍ ടീം ഉണ്ടാക്കി. മത്സരത്തിന് അവന്‍ എതിരാളികളെ വെല്ലുവിളിച്ചു. പക്ഷേ, അവര്‍ സമ്പന്നരാണ്. തെരുവ് മേല്‍വിലാസമാക്കിയവര്‍ക്ക് പകിട്ടെവിടെ. കളിക്കിറങ്ങുമ്പോള്‍ കാലിലണിയാന്‍ ബൂട്സ് വാങ്ങണം. പക്ഷേ, പണം എവിടെ നിന്ന് കിട്ടും. ഒടുവില്‍ അവര്‍ തീരുമാനിച്ചു മോഷ്ടിക്കുക തന്നെ. ചരക്കുതീവണ്ടികളായിരുന്നു അവരുടെ ലക്ഷ്യം. ബോഗികളില്‍ കുത്തിത്തിരുകിയ കപ്പലണ്ടിച്ചാക്കുകള്‍ അവര്‍ മോഷ്ടിച്ചു. കപ്പലണ്ടി വിറ്റ് അവര്‍ ബൂട്സുകള്‍ വാങ്ങി. കളിക്കിറങ്ങി.

തുടരുന്ന പരിഹാസം

കളിക്കളത്തില്‍ എതിരാളികളുടെ ലക്ഷ്യം ഡീക്കോ ആയിരുന്നു. അവരവന്റെ മനസ് മുറിപ്പെടുത്താനായിത്തന്നെ പെലെ എന്ന പരിഹാസപ്പേര് ആവര്‍ത്തിച്ചു. ആ കളിയാക്കല്‍ അവന് ഊര്‍ജമായി. ഡീക്കോ നന്നായി കളിച്ചു. മിന്നല്‍ പോലെ ഗോളുകള്‍. കാണികള്‍ പെലെ എന്നാര്‍ത്തു. അവര്‍ കരുതിയത് അതാണവന്റെ പേരെന്നാണ്. നല്ല കളി പുറത്തെടുത്ത് വീടുകളിലേക്ക് മടങ്ങാനൊരുങ്ങുമ്പോഴാണ് കപ്പലണ്ടി മോഷ്ടാക്കളെത്തേടി തീവണ്ടിയാപ്പീസില്‍നിന്ന് ആളുകള്‍ വന്നത്. ഡീക്കോയും കൂട്ടുകാരും അവര്‍ക്ക് പിടികൊടുക്കാതെ പാഞ്ഞു. നല്ല മഴയുള്ള ദിവസമായിരുന്നു അത്. അവര്‍ പലവഴിയോടി. ഡീക്കോയും ചങ്ങാതി തിയാഗോയും മലയടിവാരത്ത് ഒരു ചെറിയ വിടവിനുള്ളില്‍ ഒളിച്ചിരുന്നു. പുറത്ത് മഴ കനത്തു.  ആ ഒളിച്ചിരിപ്പിനിടെ തിയാഗോ അവനോട് പറഞ്ഞു ഈ നാട്ടില്‍നിന്ന് നീ രക്ഷപ്പെടും... ഫുട്ബോള്‍ നിന്നെ രക്ഷപ്പെടുത്തും. പിന്നാലെ വന്ന മലവെള്ളപ്പാച്ചില്‍ പെട്ട് തിയാഗോ മരിച്ചു. അന്നുരാത്രി അത്താഴത്തിനിരിക്കുമ്പോള്‍ ഡീക്കോ കരഞ്ഞു കനം വച്ച മുഖമുയര്‍ത്തി അമ്മയ്ക്ക് വാക്കു കൊടുത്തു ഇനി ഞാന്‍ കളിക്കില്ല... ഇനിമുതല്‍ ഞാന്‍ പഠിക്കുമമ്മേ, മിടുക്കനായി. ആ ശൈശവത്തില്‍ ഡീക്കോ ഇരുണ്ട കുട്ടിക്കാലമുള്ള ഡിക്കന്‍സിന്റെ കഥാപാത്രങ്ങളെ അനുസ്മരിപ്പിച്ചു. ഒലിവര്‍ ട്വിസ്റ്റിനെപ്പോലെ ടൈനി ടിമ്മിനെപ്പോലെ ശൈശവം അവനു മേല്‍ ഭാരമായി കനത്തു.

തിയാഗോയുടെ പ്രവചനം

സ്‌കൂള്‍ വിട്ടു വന്നാല്‍ അവന്‍ അച്ഛനെ സഹായിക്കാന്‍ ഒപ്പംകൂടും. തൊഴിലിടത്തിന്റെ വളപ്പു നിറയെ മാവുകളാണ്. പണിയൊഴിയുന്ന നേരം ഡൊഡീഞ്ഞോ മാമ്പഴങ്ങളെ ഫുട്ബോളുകളാക്കും. ഡ്രിബിള്‍ ചെയ്തും കാല്‍ നീട്ടിയടിച്ചും മാമ്പഴങ്ങളെ അഴുക്കുപാത്രത്തിലേക്ക് പറപറത്തും. ഇതുകണ്ട് രസംപിടിച്ച് ഡീക്കോയും ആ കളിയില്‍ പങ്കുചേര്‍ന്നു. ആ പരിശീലനം അവനെ വളര്‍ത്തി. ഡീക്കോ അമ്മയ്ക്ക് കൊടുത്ത വാക്ക് തിരുത്തി. തിയാഗോയുടെ പ്രവചനം ഫലിച്ചു. പ്ലാനെറ്റ് 65 എന്ന ആസറ്ററോയിഡില്‍നിന്നും ലോകസഞ്ചാരത്തിനിറങ്ങിയ കൊച്ചുരാജകുമാരനെപ്പോലെ ഡീക്കോ റൂബന്‍ അരൂഡയില്‍നിന്നും ക്ലബ്ബുകളിലേക്കും സാന്റോസിന്റെ പരിശീലനക്കളരിയിലേക്കും ഒടുവില്‍ പതിനാറാം വയസ്സില്‍ ബ്രസീലിന്റെ ദേശീയ ടീമിലേക്കുമെത്തി. അവന് ഇന്ധനമായത് അച്ഛന്റെ സ്വപ്നങ്ങളും പ്രതീക്ഷകളുമായിരുന്നു. ചൈല്‍ഡ് ഈസ് ദ ഫാദര്‍ ഓഫ് മാന്‍ എന്ന വേഡ്‌സ്‌വർത്തിന്റെ വചനം പോലെ മകന്‍ അച്ഛന്റെ സ്വപ്നങ്ങള്‍ക്ക് ചിറകുകളായി മാറി. അതിനിടെ എഡ്സണ്‍ അരാന്റസ് നാസിമെന്റോയെ റൂബന്‍ അരൂഡയിലെ ആളുകള്‍ മറന്നു. ഡീക്കോ എന്ന അവന്റെ വിളിപ്പേരും മാഞ്ഞു. ആരോ ചാര്‍ത്തിയ പരിഹാസപ്പേരില്‍ അവന്‍ വളര്‍ന്നു. ഗാലറികളില്‍ പെലെ ആവേശത്തിന്റെ മറുപേരായി മാറി.

കാല്‍പ്പന്തിന്റെ തത്വങ്ങള്‍

തെരുവിലെ കളി ഡീക്കോയെ തെരുവുവാസികളുടെ അരുമയാക്കി മാറ്റി. അവരവനെ കറുത്തവന്‍ എന്ന അര്‍ഥത്തില്‍ മോളക്ക് എന്ന് വിളിച്ചുതുടങ്ങി. റൂബന്‍ അരൂഡയില്‍നിന്നു ദേശീയടീമിലേക്കുള്ള ഡീക്കോയുടെ യാത്രയ്ക്ക് കാരണക്കാരനായത് വല്‍ഡിമിര്‍ ഡി ബ്രിട്ടോ എന്ന കളിക്കാരനും ഡിവാനി എന്ന പത്രപ്രവര്‍ത്തകനുമായിരുന്നു. ബ്രിട്ടോ അവനെ ഫുട്ബോളിന്റെ തത്വങ്ങള്‍ അഭ്യസിപ്പിച്ചു. ഡിവാനിയാകട്ടെ അവന്റെ മഹത്വം മറ്റുള്ളവരിലേക്കെത്തിച്ചു. കളിക്കളത്തില്‍ പുറത്തിറക്കരുത് എന്ന പരിശീലകന്‍ ആവര്‍ത്തിച്ചാവശ്യപ്പെട്ട ജിങ്കാ മുറകളായിരുന്നു പെലെയെ പെലെ ആക്കിത്തീര്‍ത്തത്. നൃത്തച്ചുവടുകളോട് സാദൃശ്യമുള്ള അഭ്യാസമുറ. അടിമത്തം നിരോധിക്കപ്പെട്ടതോടെ ബ്രസീലില്‍ ജിങ്കയ്ക്കും വിലക്കുവീണു. അടിമത്തത്തെ പ്രതിരോധിക്കാന്‍ പൂര്‍വികര്‍ അഭ്യസിച്ച ആ കല എങ്ങനെയോ ഡീക്കോയും പഠിച്ചെടുത്തു. നിരോധിക്കപ്പെട്ട ആയോധനകലയെ ഫുട്ബോളിലൂടെ ഒളിച്ചുകടത്താനാണ് ബ്രസീലിലെ യുവാക്കള്‍ അക്കാലത്ത് ശ്രമിച്ചിരുന്നത്. ലോകകപ്പുകള്‍ ഉള്‍പ്പെടെ ബ്രസീല്‍ നേരിട്ട തകര്‍ച്ചയ്ക്ക് എല്ലാവരും ജിങ്കയെ പഴിചാരി. പ്രാകൃതമായ ജിങ്കയെ മൈതാനത്ത് പുറത്തെടുത്താല്‍ ടീമില്‍നിന്ന് പുറത്താക്കുമെന്ന് പരിശീലകന്‍ പെലെയോട് ആക്രോശിച്ചു. പക്ഷേ, സ്വന്തം സ്വത്വം മറച്ചുവെച്ചുകൊണ്ട് വിജയത്തെ എത്തിപ്പിടിക്കാനാവില്ലെന്ന് പെലെ തിരിച്ചറിഞ്ഞു. ജിങ്ക മൈതാനത്തെ ത്രസിപ്പിച്ചു. പെലെയുടെ കാല്‍ത്തുമ്പില്‍ ഗോളുകള്‍ വിരിഞ്ഞു. പരിഷ്‌കൃതിയിലേക്ക് മടങ്ങാന്‍ കൂട്ടാക്കാതെ  പ്രാകൃത ദ്വീപില്‍ തനിച്ചു താമസിച്ച റോബിന്‍സണ്‍ ക്രൂസോയെപ്പോലെ മൈതാനത്ത്. ജിങ്കയുടെ ഉപാസകനായ പെലെ കളിക്കളത്തില്‍ പ്രകടമാക്കി. ഡീഫോയുടെ കഥാപാത്രത്തിന്റെ കരുത്തുറ്റ പ്രാകൃത ചോദനകള്‍.

ചാന്ദ്രമനുഷ്യന്‍

പെലെ കളിക്കിറങ്ങുമ്പോഴൊക്കെയും ബ്രസീലുകാര്‍ മസ്‌കാരാ എന്ന് ആര്‍ത്തുവിളിക്കാറുണ്ട്. ചാന്ദ്രമനുഷ്യന്‍ എന്നാണ് ആ വാക്കിന്റെ അര്‍ഥം. പെലെയുടെ പ്രതിമകള്‍ക്കും ഛായാചിത്രങ്ങള്‍ക്കും ചാരെ ആ നാട്ടുകാര്‍ ഓ റൈ എന്ന് കോറിയിടാറുണ്ട്. ചക്രവര്‍ത്തി എന്ന് ആ പദത്തെ വിവര്‍ത്തനം ചെയ്യാം. ബ്രസീലുകാര്‍ക്ക് പെലെ വെറുമൊരു മനുഷ്യനല്ല. എഴുതപ്പെടാത്ത ഇതിഹാസത്തിന്റെ നായകനായി പ്രപഞ്ചയാഥാര്‍ഥ്യത്തിന്റെ പരിധിക്കപ്പുറമുള്ള മറ്റേതോ ലോകത്തിന്റെ പ്രതിനിധിയാണ് അവര്‍ക്കയാള്‍. പല ഭാഷകളിലേക്ക് വിവര്‍ത്തനം ചെയ്യപ്പെട്ട ത്രസിപ്പിക്കുന്നൊരു കഥയാണ് പെലെയുടെ ജീവിതം. ആരെയും അതിശയിപ്പിക്കുന്ന അനുഭവങ്ങള്‍ കൈമുതലാക്കിയ കഥാപാത്രമാണ് അതില്‍ പെലെ. അതുകൊണ്ടുതന്നെ പെലെ വിവര്‍ത്തനങ്ങള്‍ക്കതീതമായ ഉശിരുള്ളൊരു സര്‍വനാമമാണ്. എവിടെ ഫുട്ബോള്‍ ചര്‍ച്ചയാകുന്നുവോ അവിടെയൊക്കെയും അതിനോടു ചേരുന്നൊരു വിശേഷണമായി പരുവപ്പെടുന്നൊരു സര്‍വമനാമം. മരണത്തില്‍നിന്ന് രക്ഷിക്കത്തക്കതായി യാതൊന്നും തന്നെയില്ല പക്ഷേ, ജീവിതത്തിന്റെ കാര്യത്തില്‍ അതങ്ങനെയല്ല. ജീവിതത്തെ അതിന്റെ ആകുലതകളില്‍ അഴിച്ചെടുക്കാന്‍ ചുരുങ്ങിയപക്ഷം സ്നേഹം എന്ന കരുത്ത് അവിടെയുണ്ട്... ചിലിയന്‍ കവിയായ നെരുദയുടെ വാക്കുകളാണ്. പെലെയുടെ കാര്യത്തില്‍ അയാളുടെ ജീവിതത്തിന്റെ രക്ഷ ഫുട്ബോളായിരുന്നു... മായാരൂപികളായ ഇതിഹാസ കഥപാത്രങ്ങള്‍ക്കും വീരയോദ്ധാക്കള്‍ക്കും കൈമുതലായ സവിശേഷമായ കരുത്തിന്റെ ഉറവകള്‍ പല സാഹിത്യ കൃതികളും വിവരിക്കപ്പെട്ടിട്ടുണ്ട്. പെലെയുടെ കരുത്ത് ഫുട്ബോളാണ്. കറുത്തവനെ അകറ്റി നിര്‍ത്തിയ മൈതാനങ്ങളിലേക്ക് കാരിരുമ്പായി വീശിക്കനത്ത കരുത്ത്. കാറ്റായി മഴയായി മാരിവില്ലായി അതിങ്ങനെ കായികപ്രേമികളെ തഴുകുകതന്നെ ചെയ്യേും കളിയുള്ള കാലത്തോളം...

മാന്ത്രിക യാഥാര്‍ഥ്യം

മക്കോണ്ടയിലെ കണ്ണാടി നഗരത്തിന്റെ മായക്കാഴ്ചകള്‍ കൊളംബിയന്‍ സാഹിത്യകാരന്‍ ഗബ്രിയേല്‍ ഗാര്‍ഷ്യ മാര്‍ക്കേസ് സാഹിത്യത്തില്‍ അവതരിപ്പിച്ചത് 1967-ല്‍ ആണ്. ആ കഥാകഥനരീതിക്ക് ലോകം നല്‍കിയ പേര് മാജിക്കല്‍ റിയലിസം എന്നാണ്. മാന്ത്രിക യാഥാര്‍ഥ്യം എന്ന് അതിനെ വിളിക്കാം. ഗാബോ എന്ന് വിളിപ്പേരുള്ള മാര്‍ക്കേസ് സാഹിത്യത്തില്‍ കൊണ്ടുവന്ന മാന്ത്രികയാഥാര്‍ഥ്യം പെലെ മൈതാനങ്ങളില്‍ ആവര്‍ത്തിച്ചു.  1958-ലും 1962-ലും 1970-ലും ബ്രസീല്‍ വിശ്വകിരീടം ഉയര്‍ത്തിയപ്പോള്‍ ലോകം ആ മാന്ത്രിക യാഥാര്‍ഥ്യം കണ്ടാനന്ദിച്ചു. അയാള്‍ പരുവപ്പെടുത്തിയ സിസര്‍ കിക്കുകളും ഡ്രിബ്ലിങ്ങിലെ മായിക ചലനങ്ങളും മൈതാനങ്ങള്‍ക്കു സമ്മാനിച്ച ആനന്ദത്തിനും ആ പേര് നല്‍കാം...  

Content Highlights: Pele, india, pele demise, Foot legend pele, Sports news, Malayalam news, Latest sports news