പെലെയുടെ സംസ്‌കാര ചടങ്ങുകള്‍ സാന്റോസില്‍; രാജ്യത്ത് മൂന്ന് ദിവസത്തെ ദുഃഖാചരണം

Photo: AP
Photo: AP

സാവോ പൗലോ: തന്റെ കരിയറിലെ ഏറ്റവും മികച്ച മത്സരങ്ങള്‍ കളിച്ച സ്‌റ്റേഡിയത്തില്‍ തന്നെ ഫുട്‌ബോള്‍ ഇതിഹാസം പെലെയുടെ സംസ്‌കാര ചടങ്ങുകള്‍ നടക്കും. സാവോ പൗലോയ്ക്ക് പുറത്തുള്ള വില ബെല്‍മിറോ സ്‌റ്റേഡിയത്തില്‍ പൊതുജനങ്ങള്‍ക്ക് അന്തിമോപചാരം അര്‍പ്പിക്കാന്‍ കഴിയുമെന്ന് പെലെ കളിച്ചിരുന്ന സാന്റോസ് ക്ലബ്ബ് പ്രസ്താവനയില്‍ അറിയിച്ചു.

തിങ്കളാഴ്ചയാരംഭിക്കുന്ന സംസ്‌കാര ചടങ്ങുകള്‍ക്ക് ശേഷം മൃതദേഹം ചൊവ്വാഴ്ച സാന്റോസിനടുത്തുള്ള മെമ്മോറിയല്‍ നെക്രോപോള്‍ എക്യുമെനിക സെമിത്തേരിയില്‍ സംസ്‌കരിക്കും. കുടുംബാംഗങ്ങള്‍ മാത്രമാകും ഇവിടെ നടക്കുന്ന ചടങ്ങില്‍ പങ്കെടുക്കുക.

തിങ്കളാഴ്ച രാവിലെ സാവോ പൗലോയിലെ ആല്‍ബര്‍ട്ട് ഐന്‍സ്റ്റീന്‍ ആശുപത്രിയില്‍നിന്ന് മൃതദേഹം കൊണ്ടുപോകും. തുടര്‍ന്ന് വില ബെല്‍മിറോ സ്റ്റേഡിയത്തില്‍ പൊതുദര്‍ശനത്തിന് വെയ്ക്കുന്ന മൃതദേഹത്തില്‍ തിങ്കളാഴ്ച രാവിലെ 10 മണി മുതല്‍ ആളുകള്‍ക്ക് അന്തിമോപചാരം അര്‍പ്പിക്കാനാകും. പെലെയുടെ ശവമഞ്ചം സാന്റോസിലെ തെരുവുകളിലൂടെയാകും കൊണ്ടുപോകുക.

പെലെയുടെ നിര്യാണത്തെ തുടര്‍ന്ന് പ്രസിഡന്റ് ജെയര്‍ ബൊല്‍സനാരോ ബ്രസീലില്‍ മൂന്നു ദിവസത്തെ ദുഃഖാചരണം പ്രഖ്യാപിച്ചിട്ടുണ്ട്. കുടലിലെ അര്‍ബുദ ബാധയെ തുടര്‍ന്ന് ചികിത്സയിലിരിക്കേ സാവോ പൗലോയിലെ ആല്‍ബര്‍ട്ട് ഐന്‍സ്റ്റീന്‍ ആശുപത്രിയില്‍ ഡിസംബര്‍ 29-നായിരുന്നു പെലെയുടെ അന്ത്യം.

Content Highlights: Pele s funeral and burial to take place in hometown Santos