'ഞാനൊരു സാധാരണ ഫുട്‌ബോള്‍ കളിക്കാരന്‍'; അന്ന് പെലേ പറഞ്ഞു...

''ലോകത്തിലെ ഏറ്റവും മികച്ച ഫുട്‌ബോള്‍ കളിക്കാരന്‍ ആരാണ്?'' 1970കളുടെ ആദ്യം ഒരു പത്രലേഖകന്‍ ചോദിച്ചപ്പോള്‍ പെലെയുടെ ഉത്തരം വളരെപ്പെട്ടെന്നായിരുന്നു. ''ജര്‍മനിയുടെ ബെക്കന്‍ ബോവര്‍''. രണ്ടാമത്തെ മികച്ച കളിക്കാരന്‍? ''ഇംഗ്ലണ്ടിന്റെ ബോബി ചാള്‍ട്ടന്‍''. മൂന്നാമന്‍? ''ഇറ്റലിയുടെ ലൂയിജി റിവ''. നാലാമന്‍? ''അയര്‍ലന്‍ഡിന്റെ ജോര്‍ജ് ബെസ്റ്റ്''. അഞ്ചാമന്‍? ''ഹോളണ്ടിന്റെ യോഹന്‍ ക്രൈഫ്''. അപ്പോള്‍ പെലെയുടെ സ്ഥാനം? ''ഞാനോ, ഞാനൊരു സാധാരണ ഫുട്‌ബോള്‍ കളിക്കാരന്‍''. മാറഡോണ യുഗത്തിനു ശേഷമായിരുന്നെങ്കില്‍ തീര്‍ച്ചയായും മാറഡോണയും പെലെയുടെ ലിസ്റ്റിലെ മികച്ച കളിക്കാരന്‍ ആകുമായിരുന്നു. താന്‍ രാജാവെന്ന് പെലെ ഒരിക്കലും പറഞ്ഞില്ല. അത് ഫുട്‌ബോള്‍ ലോകം ഹൃദയപൂര്‍വം സമ്മാനിച്ച പദവിയാണ്; കിരീടമാണ്.
ഇരുപതാം നൂറ്റാണ്ടിലെ മികച്ച ഫുട്‌ബോള്‍ കളിക്കാരനെത്തേടി ഫിഫ ഫുട്‌ബോള്‍ പ്രേമികള്‍ക്കിടയില്‍ ഇന്റര്‍നെറ്റിലൂടെ ഇന്റര്‍നെറ്റ് സര്‍വേ നടത്തിയപ്പോള്‍ കൂടുതല്‍ വോട്ടുകിട്ടിയത് ഡീഗോ മാറഡോണയ്ക്കാണ്. അതേ സമയം ഫിഫ ഏര്‍പ്പെടുത്തിയ വിദഗ്ദ്ധരുടെ പാനല്‍ തിരഞ്ഞെടുത്തത് പെലെയെയും. രാജ്യാന്തര ഒളിമ്പിക് കമ്മിറ്റി ദേശീയ ഒളിമ്പിക് കമ്മിറ്റികള്‍ക്കിടയില്‍ നടത്തിയ അഭിപ്രായ സര്‍വേയില്‍ വിജയം പെലെയ്ക്കായിരുന്നു. പുതിയ തലമുറയ്ക്ക് പെലെയുടെ ഫുട്‌ബോള്‍ മികവിനെക്കുറിച്ച് കേട്ടറിവേയുള്ളൂ. കണ്ടറിവില്ല എന്നു സാരം. 1959 ല്‍ പെലെ നേടിയ അതിമനോഹരമായൊരു ഗോളിന്റെ ഓര്‍മ്മയ്ക്കായി 2006 ല്‍ സാവോപോളോയിലെ പ്രാദേശിക ക്ലബ് യുവന്റസ് പെലെയുടെ പ്രതിമ സ്ഥാപിച്ചപ്പോള്‍ ആ ഗോള്‍ കമ്പ്യൂട്ടര്‍ സഹായത്തോടെ പുനരാവിഷ്‌കരിക്കുകയായിരുന്നു. സാന്റോസിനു വേണ്ടി യുവന്റസിനെതിരെ നേടിയ ഗോളിന് എതിരാളികളുടെ അംഗീകാരമായിരുന്നു പ്രതിമ. അന്നത്തെ പതിനെട്ടുകാരന്‍ മൂന്നു യുവന്റസ് താരങ്ങളുടെ മുകളിലൂടെ പന്ത് 'ഫ്‌ളിക്' ചെയ്തു കയറുകയായിരുന്നു. കളികണ്ടവരുടെ വിവരണത്തില്‍ നിന്നാണു ഗോള്‍ പുനരാവിഷ്‌കരിച്ചത്. പതിനേഴാം വയസ്സില്‍, 1958ല്‍ ബ്രസീല്‍ ലോകകപ്പ് ജയിച്ചപ്പോള്‍ അരങ്ങേറിയ പെലെ, 1970ല്‍ തന്റെ നാലാം ലോകകപ്പില്‍ ബ്രസീലിനു മൂന്നാം കിരീടജയവും യൂള്‍ റിമേ കപ്പും സ്വന്തമാക്കിക്കൊടുത്തപ്പോള്‍ ഫുട്‌ബോള്‍ രാജാവായി മാറിക്കഴിഞ്ഞിരുന്നു. അതിനു ശേഷം ഫുട്‌ബോള്‍ ഇതിഹാസങ്ങള്‍ പലരും പിറന്നു. പക്ഷേ, രാജാവിന്റെ കിരീടം പെലെയുടെ ശിരസില്‍ തന്നെ.
ലോകകപ്പിലെ പെലെയുടെ തുടക്കവും ഒടുക്കവും കുറിച്ച നാഴികക്കല്ലുകള്‍ ഒരു മനോഹരഗോളും ഒരു അതിമനോഹര ഗോള്‍ അസിസ്റ്റുമാണ്. 1958ല്‍ സ്വീഡന്റെ പ്രതിരോധ താരങ്ങളെ വകഞ്ഞുമാറ്റി മറികടക്കാനാവാതെ വന്നപ്പോള്‍ പെലെ തുടകൊണ്ടു പന്തുതട്ടി എതിരാളികളുടെ തലയ്ക്കു മുകളിലൂടെ കടത്തിവിട്ടു. പിന്നെ, മിന്നല്‍ വേഗത്തില്‍ അവരെ ചുറ്റിക്കറങ്ങിവന്നു പന്ത് വലയിലാക്കി. 1970ല്‍ ഫൈനലില്‍ ഇറ്റലിക്കെതിരെ നാലാമത്തെയും അവസാനത്തെയും ഗോള്‍ സ്‌കോര്‍ ചെയ്തത് കാര്‍ലോസ് ആല്‍ബര്‍ട്ടോ ആയിരുന്നു. പക്ഷേ, ഗോളിനു പാകത്തില്‍ പെലെ പന്തെത്തിച്ചുകൊടുന്ന ശൈലി അതിമനോഹരമായിരുന്നു. ഒരു പവിഴമുത്തുപോലെയാണ് അളന്നുതൂക്കിയ പാസിലൂടെ പെലെ പന്ത് കാര്‍ലോസില്‍ എത്തിച്ചത്.
നാല്പത്തിരണ്ടാം വയസ്സിലും പെലെയുടെ പ്രതിഭ ഒട്ടും ചോര്‍ന്നിരുന്നില്ല എന്നു വ്യക്തമാക്കുന്നതായിരുന്നു 1980ല്‍ ന്യൂജഴ്‌സിയില്‍ നോര്‍ത്ത് അമേരിക്കന്‍ സെലക്ടഡ് ടീമും ന്യൂയോര്‍ക്ക് കോസ്‌മോസും തമ്മില്‍ നടന്ന പ്രദര്‍ശന മത്സരം. പെലെ മിഡ്ഫീല്‍ഡില്‍ നിന്നു പന്തുമായികുതിച്ചു. പിന്നെ, ഇടതുവിങില്‍ ജൂലിയോ സീസറിനു പന്തു പാസ് ചെയ്തു. സീസര്‍ ഗോള്‍ മുഖത്തേക്കു നല്‍കിയ ക്രോസ് സ്വീകരിക്കാന്‍ പാകത്തില്‍ പെലെ മിന്നല്‍ പോലെയെത്തി. രണ്ടു താരങ്ങളെ മറികടന്ന് നൃത്തച്ചുവടുകളോടെ ഗോളിക്കു മുന്നില്‍. പെലെയുടെ മാസ്മരിക പ്രകടനത്തില്‍ ഒരു നിമിഷം അമ്പരന്ന ഗോളി മുന്നോട്ടുകയറി; പന്ത് വലയില്‍. പെലെയിലെ ഫുട്‌ബോള്‍ കളിക്കാരന്റെ അമാനുഷിക സിദ്ധി നാല്പത്തിരണ്ടാം വയസ്സിലും തെല്ലും കൈമോശം വന്നിട്ടില്ലെന്ന് അടിവരയിട്ട പ്രകടനം. അതായത് രാജ്യാന്തര മത്സരങ്ങളില്‍നിന്നു വിരമിച്ച് വര്‍ഷങ്ങള്‍കഴിഞ്ഞും നൈസര്‍ഗികമായ ഫുട്‌ബോള്‍ മികവ് മാഞ്ഞിരുന്നില്ല.
പെലെ യുഗത്തിലെ സൂപ്പര്‍ താരമായിരുന്നു പോര്‍ച്ചുഗലിന്റെ യുസേബിയോ. ആഫ്രിക്കയില്‍ നിന്നുള്ള എക്കാലത്തെയും മികച്ച ഫുട്‌ബോള്‍താരം യുസേബിയോ ഡാസില്‍വ ഫെരേര 1960കളില്‍ പെലെയെക്കാള്‍ മികവുകാട്ടിയെന്ന വാദങ്ങളില്‍ കഴമ്പില്ലാതില്ല. മൊസാംബിക്കില്‍ നിന്നു പോര്‍ച്ചുഗല്‍ സ്വന്തമാക്കിയ യുസേബിയോ ഗോള്‍ നേട്ടത്തില്‍ പെലെയെക്കാള്‍ മുന്നിലായിരുന്നു. 'കരിമ്പുലി' എന്നു പേരുവീണ ഈ സൂപ്പര്‍ സ്‌ട്രൈക്കര്‍, ഇംഗ്ലണ്ട് ചാമ്പ്യന്‍മാരായ 1966ലെ ലോകകപ്പില്‍ ആറുമത്സരങ്ങളില്‍ നിന്ന് ഒമ്പതുഗോളുമായി ഗോള്‍ഡന്‍ ബൂട്ട് സ്വന്തമാക്കിയിരുന്നു. പോര്‍ച്ചുഗലിന് അന്ന് മൂന്നാം സ്ഥാനമായിരുന്നു. ഒരിക്കല്‍ പെലെയുടെ സാന്റോസ് യുസേബിയോയുടെ ബെന്‍ഫിക്കയെ തോല്‍പിച്ചപ്പോള്‍ (6-3) പല പത്രങ്ങളുടെയും തലക്കെട്ട് ഇങ്ങനെയായിരുന്നു. യുസേബിയോ 3, പെലെ 2.
ക്രിസ്റ്റ്യാനോ റൊണാള്‍ഡോ ഇന്നു ലയണല്‍ മെസ്സിക്കുമുന്നിലോ പിന്നിലോ, ഒപ്പമോ എന്നു ചോദിക്കുന്നതുപോലെ യുസേബിയോ- പെലെ താരതമ്യം അറുപതുകളില്‍ ഗൗരവമായി ഉണ്ടായില്ല എന്ന് ഓര്‍ക്കണം. ഒരു പക്ഷേ, ഫുട്‌ബോള്‍ ചര്‍ച്ചകള്‍ അക്കാലത്ത് ഇത്രയും സജീവമല്ലായിരുന്നിരിക്കണം. യുസേബിയോ ടോപ് സ്‌കോറര്‍ ആയ ലോക കപ്പില്‍ ബ്രസീല്‍ ക്വാര്‍ട്ടര്‍ കണ്ടില്ല; പെലെ പരുക്കേറ്റു പിന്‍വാങ്ങിയിരുന്നു.
മികച്ച യൂറോപ്യന്‍ ഫുട്‌ബോളര്‍ ആയിരുന്ന ജോര്‍ജ് ബെസ്റ്റ് പെലെയ്ക്കും മറഡോണയ്ക്കുമൊപ്പം പ്രതിഭതെളിയിച്ച കളിക്കാരനായിരുന്നു. 1963ല്‍ പതിനേഴാം വയസ്സില്‍ മാഞ്ചെസ്റ്റര്‍ യുണൈറ്റഡിന്റെയും അടുത്ത വര്‍ഷം അയര്‍ലന്‍ഡിന്റെയും ജേഴ്‌സി അണിഞ്ഞ ബെസ്റ്റ് യുണൈറ്റഡിനെ യൂറോപ്യന്‍ ചാമ്പ്യന്‍മാരാക്കിയപ്പോള്‍ ആ ഗോളുകളുടെ മനോഹാരിതയ്‌ക്കൊപ്പം ബെസ്റ്റിന്റെ ശരീര സൗന്ദര്യവും ശ്രദ്ധിക്കപ്പെട്ടു. ആഴ്ചയില്‍ ആരാധകരുടെ 10,000 ത്തിലേറെ കത്തുകള്‍ ബെസ്റ്റിനെ തേടിയെത്തി. പ്രശസ്തമായ റോക്ക് ബാന്‍ഡ് ഗ്രൂപ്പ്, ബീറ്റില്‍സിലെ നാലു താരങ്ങളുടെ സ്ഥാനം യുവാക്കള്‍ക്കിടയില്‍ ബെസ്റ്റ് നേടി.
ബെസ്റ്റ് കളിച്ചിരുന്ന കാലത്ത് അയര്‍ലന്‍ഡ് ലോകകപ്പിനു യോഗ്യത നേടിയില്ല. പക്ഷേ, ബെസ്റ്റ് ലോകകപ്പ് താരങ്ങളെക്കാള്‍ പ്രശസ്തനായി. അമിത മദ്യാസക്തിയും വഴിവിട്ട ജീവിതവും ഒപ്പം പരുക്കുകളും ആയപ്പോള്‍ ജോര്‍ജ് ബെസ്റ്റിന്റെ ഫുട്‌ബോള്‍ ജീവിതം അവസാനിച്ചു. കരള്‍ രോഗം ബാധിച്ച ബെസ്റ്റിന്റെ അന്ത്യം 59-ാം വയസ്സില്‍ ആയിരുന്നു. ബെസ്റ്റ് പെലെയെക്കാള്‍ പ്രതിഭയുള്ള കളിക്കാരനായിരുന്നെന്നു വിശ്വസിച്ചവര്‍ ഏറെ. ബെസ്റ്റിനെക്കുറിച്ചിറങ്ങിയ സിനിമയ്ക്കു പേരിട്ടതും 'ജോര്‍ജ് ബെസ്റ്റ്‌സ് ബോഡി' അഥവാ ബെസ്റ്റിന്റെ ശരീരം എന്നാണ്. അപ്പോള്‍ ബെസ്റ്റിന്റെ ശരീരസൗന്ദര്യത്തില്‍ ഫുട്‌ബോള്‍ മികവ് മുങ്ങിയതാണോ അതോ, കളിമികവിനു ശരീരഭംഗി കൂടുതല്‍ മിഴിവുനല്‍കിയതാണോ എന്ന സംശയം ബാക്കി.
ലോക ഫുട്‌ബോളില്‍ മാറഡോണയ്ക്കു ലഭിച്ചത്ര ആരാധകര്‍ പെലെയ്ക്കില്ല. മറഡോണയുടെ പേരില്‍ അര്‍ജന്റീനയില്‍ 'മതം' വരെയുണ്ടായി. പെലെ അമേരിക്കയോട് മൃദുസമീപനം കാഴ്ചവച്ചപ്പോള്‍ മാറഡോണ അമേരിക്കന്‍ സാമ്പത്തികമേല്‍ക്കോയ്മയ്‌ക്കെതിരെ ശബ്ദിച്ചു. ചെഗുവേരയുടെ ചിത്രം കൈയില്‍ പച്ചക്കുത്തി. ഹ്യൂഗോ ഷാവേസിനും ഫിഡല്‍ കാസ്‌ട്രോയ്ക്കുമൊക്കെ ഒപ്പം നിന്ന് യു.എസിനെതിരെ അട്ടഹാസം മുഴക്കി. ഇത് ആരാധകരെ ഇളക്കി.
1978ലെ ലോകകപ്പ് ടീമില്‍ നിന്ന് കോച്ച് സെസാര്‍ മെനോട്ടി ഒഴിവാക്കിയ മറഡോണ 82ലെ ലോക കപ്പില്‍ നിന്നു ചുവപ്പുകാര്‍ഡും കണ്ണീരുമായി മടങ്ങി. ആദ്യ റൗണ്ടില്‍ ബ്രസീലിനെതിരായ മത്സരത്തിലായിരുന്നു ചുവപ്പുകാര്‍ഡ്. പക്ഷേ, 1986 ല്‍ അര്‍ജന്റീന ലോകകപ്പ് വിജയിച്ചതോടെ പെലെയോ മാറഡോണയോ എന്ന ചോദ്യം ഉയര്‍ന്നു. നാലു ലോകകപ്പ് കളിച്ച മറഡോണ 82ല്‍ രണ്ടും 86ല്‍ അഞ്ചും 94ല്‍ ഒന്നും ഗോള്‍ അടിച്ചു. 90 ല്‍ ഗോള്‍ അടിച്ചില്ല. പക്ഷേ, ഫുട്‌ബോള്‍ കോര്‍ട്ടില്‍ അതിസുന്ദര നീക്കങ്ങളിലൂടെ മാറഡോണ നിറഞ്ഞു. പന്തിനെ പുഷ്പംപോലെ താലോലിച്ചും നൃത്തച്ചുവടുകളോടെ ഡ്രിബിള്‍ ചെയ്തു കയറിയും മാറഡോണ സ്വപ്‌നതുല്യമായ ഫുട്‌ബോള്‍ മികവ് പുറത്തെടുത്തു.
1986ലെ ലോകകപ്പില്‍ ഇംഗ്ലണ്ടിനെതിരെ ക്വാര്‍ട്ടറില്‍ 'ദൈവത്തിന്റെ കൈ'യിലൂടെ പിറന്നഗോള്‍ ലോകകപ്പിലെ തന്നെ വിവാദഗോള്‍ ആയി പരിണമിച്ചെങ്കില്‍, ഇതേ മത്സരത്തിന്റെ രണ്ടാം പകുതിയില്‍ മാറഡോണയുടെ കാല്‍വഴി പിറന്നത് ലോകകപ്പിലെ ഏറ്റവും മനോഹരമായ ഗോള്‍ ആയി വിശേഷിപ്പിക്കപ്പെട്ടു. സ്വന്തം പകുതിയില്‍ നിന്ന് തുടങ്ങിയ ഒറ്റയാന്‍ കുതിപ്പ്. സെന്റര്‍ സര്‍ക്കിളില്‍ നാലു ഡിഫന്‍ഡര്‍മാരെ വെട്ടിച്ചു ഡ്രിബിള്‍ ചെയ്തു കയറിയപ്പോള്‍ മുന്നില്‍ ഗോളി പീറ്റര്‍ ഷില്‍ട്ടന്‍ മാത്രം. ഡ്രിബിള്‍ ചെയ്തു തന്നെ ഷില്‍ട്ടനെയും പിന്നിട്ട് പന്ത് കോരിയിട്ടതു പോലെ വലയില്‍ എത്തിച്ചു. മറഡോണ സ്വയം രാജാവായി പ്രഖ്യാപിച്ചു. മുഹമ്മദ് അലിയുടേതുപോലുള്ള വീമ്പുപറച്ചില്‍ ഫുട്‌ബോള്‍ ലോകം ആസ്വദിച്ചെങ്കിലും ഫുട്‌ബോള്‍ രാജാവിന്റെ കിരീടം പെലെയുടെ ശിരസ്സില്‍ നിന്ന് എടുത്ത് മറഡോണയ്ക്കു ചാര്‍ത്താന്‍ ആരും തയാറായില്ല; പെലെയുടെ കളികണ്ടിട്ടില്ലാത്തവര്‍ പോലും.
പെലെയ്ക്കു മുന്‍പും പെലെയ്ക്കുശേഷവും ബ്രസീലില്‍ ഇതിഹാസതാരങ്ങള്‍ക്കു കുറവുണ്ടായിട്ടില്ല എന്നും ഓര്‍ക്കണം. അവര്‍ക്കിടയിലും പെലെ തല ഉയര്‍ത്തിനിന്നു. ബ്രസീലിന്റെ സൂപ്പര്‍ താരനിരയുടെ ചരിത്രം 1938ലെ ലോകകപ്പിലെ ടോപ് സ്‌കോറര്‍ (എട്ടുഗോള്‍) ലിയോനിഡാസ് ഡാസില്‍വയില്‍ തുടങ്ങാം. സിസീഞ്ഞോ, ബാര്‍ബോസ, ജാല്‍മ സാന്റോസ്, നില്‍ട്ടന്‍ സാന്റോസ്, ജൂലീന്യോ, ബെല്ലിനി, ഗാരിഞ്ച, ദീദി, വാവ, സഗാലോ, അമാരിള്‍ഡോ, ഗില്‍മര്‍, കാര്‍ലോസ്, ആല്‍ബര്‍ടോ, എവറാള്‍ഡോ, ജേഴ്‌സിന്യോ, ടൊസ്റ്റാവോ, റിവേലിനോ, ഫ്രാന്‍സിസ്‌കോ, മറീന്യോ, സീക്കോ, ദര്‍സ്യൂം, സോക്രട്ടീസ്, കാര്‍ലോസ്, കരീക്ക, റൊമാരിയോ, ജിയോവനി, ബബീറ്റോ, റൊണാള്‍ഡോ (2002 ലോക കപ്പില്‍ എട്ടുഗോള്‍) റൊണാള്‍ഡിന്യോ തുടങ്ങി നെയ്മര്‍വരെ ലോകോത്തര താരങ്ങളുടെ ഒരു നിരതന്നെ ബ്രസീലിന്റേതായുണ്ട്. പക്ഷേ, പെലെയെ ബ്രസീല്‍ പാര്‍ലമെന്റ് 1966ല്‍ ദേശീയ സ്വത്തായി പ്രഖ്യാപിച്ച് മറ്റ് ഏതെങ്കിലും രാജ്യത്തേക്കു കുടിയേറാതെ കാത്തുസൂക്ഷിച്ചു. ബ്രസീലില്‍ സാന്റോസിനുവേണ്ടിമാത്രം കളിച്ച പെലെ ദേശീയ ഫുട്‌ബോളില്‍നിന്നു വിടവാങ്ങിയശേഷമാണ് അമേരിക്കയില്‍ ഫുട്‌ബോള്‍ പ്രചരിപ്പിക്കുവാന്‍ ന്യൂയോര്‍ക്ക് കോസ്‌മോസില്‍ ചേര്‍ന്നത്.
പെലെയുടെ 'കാനന്‍ ബോളും' ഗാരിഞ്ചയുടെ 'ബനാന ഷോട്ടും' ദീദി, ഇലകൊഴിയുന്ന ശാന്തതയോടെ പുറംകാലുകൊണ്ട് മാര്‍ദവത്തോടെ തൊടുക്കുന്ന ഷോട്ടുകളും ശ്രദ്ധിക്കപ്പെട്ട കാലത്തുതന്നെ സഗാലോയെ വൈദ്യുതിവേഗവും, തുകല്‍കൊണ്ടുള്ള ശ്വാസകോശവും അനിതരസാധാരണമായ ഫുട്‌ബോള്‍ മികവിനുപോന്ന തലച്ചോറുമുള്ള താരമായി ബ്രസീല്‍ നിരയില്‍ വാഴ്ത്തപ്പെട്ടിരുന്നു. ഫ്‌ളാമെങ്കോ ക്ലബില്‍, പെലെയെ ഓര്‍മിപ്പിച്ച സീക്കോയ്ക്കു 'വെളുത്തമുത്ത്' എന്ന പേരും വീണു. പ്രഥമ ദേശീയ ടീമിലെ വീരനായകന്‍ ആര്‍തര്‍ ഫ്രെഡന്റീച്ചാകട്ടെ ബ്രസിലിന്റെ ഫുട്‌ബോള്‍ മികവിനു തുടക്കമിട്ടതാരമായി രേഖപ്പെടുത്തപ്പെട്ടു. 1919ലും 22 ലും ബ്രസീല്‍ കോപ അമേരിക്ക ജയിച്ചപ്പോഴും 1916ല്‍ മൂന്നാം സ്ഥാനവും 25ല്‍ രണ്ടാം സ്ഥാനവും നേടിയപ്പോഴും ആര്‍തര്‍ ഫ്രെഡന്റിച്ച് കളംനിറഞ്ഞു കളിച്ചു. ഈ ഫോര്‍വേഡ് ബ്രസീല്‍ ഫുട്‌ബോളിന്റെ അമെച്ചര്‍ കാലഘട്ടത്തിലെ കടുവയും കറുത്തമുത്തുമായിരുന്നു. ബ്രസീലിനെ പ്രഫഷണല്‍ യുഗത്തിലേക്ക് എത്തിച്ച താരം.
ഹംഗറിയെ ലോകത്തിലെതന്നെ മികച്ച ഫുട്‌ബോള്‍ ശക്തിയാക്കിമാറ്റിയതില്‍ ഫെറങ്ക് പുഷ്‌കാസ് ഇടങ്കാലിനു തൊടുത്ത ഷോട്ടുകള്‍ക്ക് വലിയ സ്ഥാനമുണ്ട്. പതിനേഴാം വയസ്സില്‍ ദേശീയ താരമായ ചരിത്രം പുഷ്‌കാസിനുമുണ്ട്.
ഇറ്റലിയുടെ 1982ലെ ലോക കപ്പ് വിജയം പൗളോ റോസിയുടെ മികവിലായിരുന്നു. കൈക്കൂലി ആരോപണത്തില്‍പ്പെട്ടു രണ്ടു വര്‍ഷം മാറ്റിനിര്‍ത്തപ്പെട്ട, റോസിയെ കോച്ച് ബിയര്‍സോട്ട് മടക്കിക്കൊണ്ടുവന്നു നടത്തിയ പരീക്ഷണം വലിയ വിജയമായി. യൂറോപ്യന്‍, ലോക ഫുട്‌ബോളര്‍ പട്ടങ്ങള്‍ റോസിയെത്തേടിയെത്തി.
പത്താം വയസില്‍ ആയാക്‌സ് തങ്ങളുടെ സംരക്ഷണത്തില്‍ ആക്കിയ യോഹാന്‍ ക്രൈഫ് 17-ാം വയസ്സില്‍ ക്ലബ് ടീമിലും രണ്ടുവര്‍ഷം കഴിഞ്ഞപ്പോള്‍ നെതര്‍ലന്‍ഡ്‌സ് ദേശീയ ടീമിലും എത്തി. 1973ല്‍ ബാഴ്‌സലോണയിലേക്ക് അന്നത്തെ ലോക റെക്കോഡ്തുകയ്ക്കാണു ക്രൈഫ് മാറിയതെന്നതും ചരിത്രം. അതുല്യ സിദ്ധികളുള്ള ആക്രമണകാരിയെന്ന് ക്രൈഫിനെ വിലയിരുത്താം. കിടയറ്റ ഷോട്ടുകള്‍ക്കായി ഇരുകാലും ഒരുപോലെ ഉപയോഗിച്ച ക്രൈഫിന്റെ അതിവേഗവും കൂര്‍മ ബുദ്ധിയും സമാനതകള്‍ ഇല്ലാത്തതായിരുന്നു. യോഹാന്‍ ക്രൈഫിന്റെ പതിനാലാം നമ്പര്‍ ജേഴ്‌സിക്ക് ലോക ഫുട്‌ബോളില്‍ ലഭിച്ച സ്വീകാര്യതയുടെ പ്രതിഫലമായി അദ്ദേഹത്തെക്കുറിച്ച് ഇറങ്ങിയ സിനിമയ്ക്ക് 'നമ്പര്‍ 14 യോഹാന്‍ ക്രൈഫ്' എന്നു പേരുവീണത്. കോച്ച് റിനസ് മിച്ചല്‍സിന്റെ ടോട്ടല്‍ ഫുട്‌ബോള്‍ പരീക്ഷണം ക്രൈഫിനെ കേന്ദ്രീകരിച്ചായിരുന്നു. പിന്നീട് മാര്‍ക്കോ വാന്‍ബാസ്റ്റനും റൂഡ് ഗുളിറ്റും റെയ്ക്കാര്‍ഡുമൊക്കെ ഓറഞ്ച് ടീമിലെ നക്ഷത്രങ്ങളായി.
ഡ്രിബ്‌ളിങ് മികവും ലക്ഷ്യം പിഴയ്ക്കാത്ത ഷോട്ടുകളും കൊണ്ട് ഫുട്‌ബോള്‍ ലോകം കീഴടക്കിയ ചരിത്രം ഫ്രാന്‍സിന്റെ മിഷെല്‍ പ്ലാറ്റിനിക്കുണ്ട്. പെലെയുടെ കാലത്ത് ലോകകപ്പില്‍ ഗോളുകളുടെ കാര്യത്തില്‍ ഫ്രാന്‍സിന്റെ ജെസ്റ്റ് ഫോന്റെയ്ന്‍ ഏറെ മുന്നിലായിരുന്നു. സിനേദിന്‍ സിദാന്‍ ക്ഷിപ്രകോപിയെങ്കിലും ഫ്രാന്‍സിനെ കൂടുതല്‍ ഉയരങ്ങളിലെത്തിച്ചു.
ജര്‍മനിയുടെ ഫ്രാന്‍സ് ബെക്കന്‍ ബോവറും ഗെര്‍ഡ് മുള്ളറും ഒരു കാലഘട്ടത്തില്‍ ഫുട്‌ബോള്‍ ലോകം കീഴടക്കിയവരാണ്. ലോതര്‍ മത്തേയസും തോമസ് മുള്ളറും മിറാസ്‌ലോവ് ക്ലോസെയും അവര്‍ക്കു പിന്‍തുടര്‍ച്ചക്കാരായി.
ഒരു രാജ്യത്തിനായി കളിച്ച മത്സരങ്ങളില്‍ സെഞ്ചുറി തികച്ച ആദ്യ താരമായ വില്യം ആംബ്രോസ് റൈറ്റ് എന്ന് ബില്ലി റൈറ്റില്‍ തുടങ്ങുന്നു ഇംഗ്ലണ്ടിന്റെ ഇതിഹാസ താരനിര. ചാരുതയാര്‍ന്നൊരു കലയുടെ പ്രതിഫലനം ഫുട്‌ബോള്‍ കോര്‍ട്ടില്‍ സൃഷ്ടിച്ച ഫുട്‌ബോള്‍ മാന്ത്രികന്‍ സ്റ്റാന്‍ലി മാത്യൂസ് 1956ല്‍ യൂറോപ്പിലെ മികച്ച താരമായി. ബോബി മൂറൂം ബോബി ചാള്‍ട്ടനും 1986ലെ ലോക കപ്പിലെ ടോപ്പ് സ്‌കോറര്‍ ഗാരി ലിനേക്കറും വെയ്ന്‍ റൂനിയുമെല്ലാം ഇംഗ്ലീഷ് ഫുട്‌ബോള്‍ മികവിന്റെ തുടര്‍ച്ചക്കാര്‍. 1966ല്‍ ഇംഗ്ലണ്ടിന്റെ വിജയശില്പിയാകട്ടെ ഹാട്രിക് നേടിയ സര്‍ ജെഫ്‌റി ചാള്‍സ് ഹേസ്റ്റും.
അര്‍ജന്റീനയുടെ നായകന്‍ അന്റോണിയോ റാറ്റിന്‍ 1966ലെ ലോകകപ്പില്‍ ക്വാര്‍ട്ടര്‍ ഫൈനലില്‍ ജര്‍മന്‍ റഫറിയുടെ തെറ്റായ വിധിയില്‍ പുറത്തുപോയില്ലായിരുന്നെങ്കില്‍ ചരിത്രം മാറിയേനെ. ബിലാന്‍ഡോ എന്ന പരിശീലകന്‍ ഡാനിയേല്‍ ആല്‍ബര്‍ട്ടോ പാസറെല്ലയില്‍ കണ്ടെത്തിയത് ആയിരം കുതിരശക്തിയുള്ള താരത്തെയാണ്. 1978ല്‍ അര്‍ജന്റീന ലോകകപ്പ് ജയിച്ചപ്പോള്‍ പാസറെല്ല നായകനായിരുന്നു. മരിയോ കെംപസ് ആയിരുന്നു മറ്റൊരു ഇതിഹാസ താരം. 1978ലെ ഫൈനലില്‍ നെതര്‍ലന്‍ഡ്‌സിനെതിരെ കെംപസ് നേടിയ ഇരട്ടഗോള്‍ ആണു നിര്‍ണായകമായത്. ആറു ഗോള്‍ നേടി ഗോള്‍ഡന്‍ ബൂട്ടും സ്വന്തമാക്കി.
പോളണ്ടിന്റെ ഗ്രിഗോര്‍ഡ് ലാറ്റോയെപ്പോലെ എണ്ണപ്പെടേണ്ടവര്‍ വേറെയുണ്ട്. 2018 ലെ ലോകകപ്പില്‍ ക്രൊയേഷ്യയെ ഫൈനലില്‍ എത്തിച്ച ലൂക്കാ മോഡ്രിച്ച് എന്ന മിഡ്ഫീല്‍ഡര്‍ നായകനും പ്ലേമേക്കറും ടൂര്‍ണമെന്റിലെ മികച്ച കളിക്കാരനുമായി. ബാഴ്‌സലോണയുടെ പ്രഥമ ചിലിയന്‍ താരം എന്നു പറയുന്ന അലക്‌സിസ് സാഞ്ചെസ് മിന്നല്‍ പിണറാണ്. ഒരു പക്ഷേ, രാജ്യത്തെ പ്രതിനിധാനം ചെയ്യുമ്പോള്‍ മെസ്സിക്കും റൊണാള്‍ഡോയ്ക്കും നെയ്മറിനും സാധിക്കാത്ത പ്രകടനം ഇവര്‍ പുറത്തെടുക്കുന്നു. പക്ഷേ, സമീപകാല ലോക ഫുട്‌ബോള്‍ ക്രിസ്റ്റ്യാനോയ്ക്കും മെസ്സിക്കും നെയ്മര്‍ക്കുമൊക്കെയൊപ്പം ചുറ്റിത്തിരിഞ്ഞു. യൂറോപ്പിലെയും ലാറ്റിന്‍ അമേരിക്കയിലെയുമൊക്കെ ക്ലബ് ഫുട്‌ബോള്‍ ഇന്നു യുവാക്കള്‍ ഹൃദയത്തിലേറ്റിയതു തന്നെ കാരണം.
പക്ഷേ, പെലെ അമാനുഷിക പ്രകടനം കാഴ്ചവയ്ക്കാത്തപ്പോഴും അദ്ദേഹത്തിന്റെ സാന്നിധ്യവും ബുദ്ധിപരമായ നീക്കങ്ങളും ടീമിനു മാത്രമല്ല ടൂര്‍ണമെന്റിനാകെയൊരു നിലവാരം സമ്മാനിച്ചിരുന്നു. പെലെ കളിച്ച നാലു ലോകകപ്പുകളിലും അദ്ദേഹം കാര്യമായി സ്‌കോര്‍ ചെയ്തില്ല. 58ല്‍ ജെസ്റ്റ് ഫോണ്ടെയ്‌നും 66ല്‍ യുസേബിയോയും 70ല്‍ ഗെര്‍ഡ്മുള്ളറും ടോപ് സ്‌കോറര്‍മാരായി. 62ല്‍ ആകട്ടെ ബ്രസീലിന്റെ തന്നെ ഗാരിഞ്ചയും വാവയും ടോപ് സ്‌കോറര്‍മാരുടെ ലിസ്റ്റില്‍ വന്നു. അപ്പോള്‍ പെലെയെ രാജാവാക്കുന്നത് മറ്റുപലതുമാണ്. മറഡോണയും ഒരു സൂപ്പര്‍ സ്‌കോറര്‍ അല്ലായിരുന്നല്ലോ.
കമ്പ്യൂട്ടര്‍ ആനിമേഷനിലൂടെ മാത്രം പുതിയ തലമുറ കണ്ട കളിക്കളത്തിലെ പെലെയുടെ ചടുല നീക്കങ്ങള്‍ അവയ്ക്കു നേര്‍സാക്ഷികളായൊരു തലമുറയെ എത്രത്തോളം ത്രസിപ്പിച്ചിട്ടുണ്ടാകണം. പെലെയ്ക്കു ഫോം നഷ്ടപ്പെട്ടെന്നു പറഞ്ഞ കോച്ചിനു സ്ഥാനം പോയത് ആരാധകര്‍ പെലെയില്‍ അര്‍പ്പിച്ച വിശ്വാസത്തിന് ഉദാഹരണം. പ്രൊഫഷണലിസമോ കോച്ചിങ്ങിലെ സാങ്കേതികത്തികവോ ഇന്നത്തേതുപോലെയല്ലായിരുന്നൊരു കാലത്തായിരുന്നു പെലെ ഫുട്‌ബോള്‍ കോര്‍ട്ടുകള്‍ കീഴടക്കിയത്. അദ്ദേഹത്തിന്റെ മനസ്സിനും താളത്തിനുമൊപ്പം ടീം ചലിച്ചു. രാജ്യം ചലിച്ചു. ഫുട്‌ബോള്‍ ലോകം ചലിച്ചു. മറ്റാര്‍ക്കും സാധിക്കാത്ത കാര്യം. അതേ, ഫുട്‌ബോളിലെ രാജകിരീടം പെലെയുടെ ശിരസില്‍ തന്നെയിരിക്കട്ടെ.
Content Highlights: football legend pele