ഒരു മികച്ച കോമഡി എന്റര്‍ടൈനറായിരിക്കും ഈ ചിത്രം- നിര്‍മാതാക്കള്‍ പറയുന്നു

അഭിനയത്തോടുള്ള അഭിനിവേശം നിര്‍മാണരംഗത്ത് എത്തിച്ചു. ആദ്യമായി ചെയ്ത സിനിമ സാമ്പത്തികമായി വിജയിക്കുക മാത്രമല്ല. കേരള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരത്തില്‍ മികച്ച പ്രകടനം കാഴ്ചവച്ചു. മലയാള സിനിമയില്‍ തങ്ങളുടേതായ ഒരു പാത തെളിയിക്കുകയാണ് ജോസുകുട്ടി മഠത്തില്‍, രഞ്ജിത്ത് മണമ്പ്രക്കാട്ട് എന്നീ നിര്‍മാതാക്കള്‍. ജയസൂര്യയെ നായകനാക്കി പ്രജേഷ് സെന്‍ സംവിധാനം ചെയ്ത 'വെള്ള'മായിരുന്നു ആദ്യ ചിത്രം. ഇപ്പോള്‍ ജോസുകുട്ടി മഠത്തിലും രഞ്ജിത്ത് മണമ്പ്രക്കാട്ടും ചേര്‍ന്ന് ടൈനി ഹാന്‍ഡ്സ് പ്രൊഡക്ഷന്റെ ബാനറില്‍ ചെയ്ത 'അപ്പന്‍' എന്ന ചിത്രം മികച്ച പ്രതികരണങ്ങളാണ് നേടികൊണ്ടിരിക്കുന്നത്. സോണി ലീവില്‍ ഒടിടി റിലീസായി എത്തിയ ചിത്രം ഇത്രയേറെ പ്രേക്ഷക ശ്രദ്ധ നേടാന്‍ കാരണം ചിത്രത്തിന്റെ സംവിധാനവും തിരക്കഥയും അഭിനേതാക്കളുടെ പ്രകടനവും തന്നെയാണ്. അതോടൊപ്പം തന്നെ എടുത്തുപറയേണ്ടതാണ് സാമ്പത്തിക വിജയത്തിന് അപ്പുറം നല്ല സിനിമകള്‍ ചെയ്യുക എന്ന നിര്‍മാതാക്കളുടെ നിര്‍ബന്ധ ബുദ്ധിയും. ബിജിത് ബാല സംവിധാനം ചെയ്ത് ശ്രീനാഥ് ഭാസി നായകനാകുന്ന 'പടച്ചോനേ ഇങ്ങള് കാത്തോളീ' എന്ന ചിത്രമാണ് ടൈനി ഹാന്‍ഡ്സ് പ്രൊഡക്ഷന്റെ ബാനറില്‍ അടുത്തതായി റിലീസ് ചെയ്യുന്നത്. സിനിമയുടെ ട്രെയ്‌ലറിന് മികച്ച പ്രതികരണമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. ഈ അവസരത്തില്‍ മാതൃഭൂമിഡോട്ട്‌കോമുമായി സിനിമയെക്കുറിച്ചുള്ള പ്രതീക്ഷകള്‍ പങ്കുവയ്ക്കുകയാണ് നിര്‍മാതാക്കള്‍.
കോമഡി ട്രാക്കില്‍ പോകുന്ന സിനിമയാണ് പടച്ചോനേ ഇങ്ങള് കാത്തോളീന്‍. പഴയകാലത്ത് ഒരു ഉള്‍ഗ്രാമത്തില്‍ നടക്കുന്ന രസകരമായ സംഭവമാണ് ചിത്രത്തിന്റെ പ്രമേയം. അതില്‍ കുടുംബ ബന്ധങ്ങളെക്കുറിച്ച് പറയുന്നുണ്ട്. രാഷ്ട്രീയമുണ്ട്. സ്വിറ്റുവേഷണല്‍ കോമഡിയാണ് സിനിമയിലുടനീളം. ശ്രീനാഥ് ഭാസിയുടെ കരിയറില്‍ വഴിത്തിരിവാവും ഈ സിനിമ എന്ന് ഞങ്ങള്‍ക്കുറപ്പുണ്ട്. ട്രെയ്‌ലര്‍ റിലീസ് ചെയ്തതിന് തൊട്ടുപിന്നാലെ ഗ്രേസ് ആന്റണിയെ വലിയ പ്രശംസയാണ് ലഭിക്കുന്നത്. ഇതില്‍ മുപ്പത്തി മൂന്നോളം അഭിനേതാക്കളുണ്ട്. എല്ലാവരും മികച്ച പ്രതികരണമാണ് ലഭിച്ചത്. വളരെയേറെ പ്രതീക്ഷ നല്‍കുന്ന സിനിമയാണിത്.
ഈ സിനിമയുടെ ചിത്രീകരണ സമയത്ത് ഞങ്ങള്‍ പൂര്‍ണമായും സെറ്റിലുണ്ടായിരുന്നു. കൂടാതെ ഞങ്ങള്‍ രണ്ടുപേരും ചെറിയ രണ്ട് കഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുമുണ്ട്. അഭിനയം ഞങ്ങളുടെ പാഷനാണ്. അതുകൊണ്ടു തന്നെയാണ് സിനിമാ നിര്‍മാണത്തില്‍ ഇറങ്ങിയത്. നിര്‍മാണം സമ്മര്‍ദ്ദമുള്ള ജോലിയാണെങ്കിലും അത് ഞങ്ങള്‍ ആസ്വദിക്കുന്നു. ഒരു കുടുംബം പോലെയാണ് ഞങ്ങളുടെ സെറ്റ്, വലിപ്പചെറുപ്പമില്ല- നിര്‍മാതാക്കള്‍ പറഞ്ഞു
Content Highlights: Padachone Ingalu Katholi Josekutty Madathil Ranjith Manambarakkat sreenath Bhasi Grace Antony