റാണിയമ്മക്ക് ഷൂട്ടില്ലേയെന്നാണ് എല്ലാവരും സെറ്റിൽ വന്ന് ചോദിക്കുക; നിഷ മാത്യു

നിഷ മാത്യു | ഫോട്ടോ: മാതൃഭൂമി
നിഷ മാത്യു | ഫോട്ടോ: മാതൃഭൂമി

പാവം അമ്മ കഥാപാത്രങ്ങളിൽ നിന്ന് കിട്ടിയ മാറ്റമായിരുന്നു പടച്ചോനെ ഇങ്ങള് കാത്തോളീ എന്ന ചിത്രത്തിലെ സഖാവ് കമലയെന്ന് നിഷ മാത്യു. ദുബായിൽ പ്രൊഡക്ഷൻ കമ്പനി നടത്തിയിരുന്ന നിഷ മാത്യു ഷട്ടറിലെ സുഹറയായാണ് മലയാള സിനിമയിലേക്ക് എത്തുന്നത്. ടെലിവിഷൻ സീരിയലിലൂടെ പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറിയ നിഷ തന്റെ വിശേഷങ്ങൾ മാതൃഭൂമി ഡോട്ട് കോമിനൊപ്പം പങ്കുവെക്കുന്നു.

സഖാവ് കമല ഹൃദയത്തോട് ചേർന്ന് നിൽക്കുന്നു

ആദ്യമായിട്ടാണ് ഇത്തരമൊരു കഥാപാത്രം ചെയ്യുന്നത്. സഖാവ് കമല എന്ന കഥാപാത്രത്തെയാണ് ഈ ചിത്രത്തിൽ അവതരിപ്പിച്ചിരിക്കുന്നത്. ആദ്യ ദിവസം മുതൽ തന്നെ സോഷ്യൽ മീ‍‍ഡിയയിലൊക്കെ സഖാവ് കമല എന്ന് പറഞ്ഞ് പോസ്റ്റ് ചെയ്യാനൊക്കെ തുടങ്ങി. പാവം അമ്മ കഥാപാത്രങ്ങളാണ് ഇതുവരെ ചെയ്തിട്ടുള്ളത്. എനിക്ക് എന്നെ ഞാൻ അല്ലാതെ കാണാൻ കഴിയുന്നു എന്നതാണ് സിനിമയിൽ അഭിനയിക്കുമ്പോൾ ഉള്ള സന്തോഷം. കുഞ്ഞായിരിക്കുമ്പോൾ ചെയ്യാനാഗ്രിച്ച കാര്യങ്ങളാണ് കമലയിലൂടെ ചെയ്യാൻ സാധിച്ചത്. അതുകൊണ്ട് തന്നെ കമല എന്ന കഥാപാത്രം ഹൃദയത്തോട് ചേർന്നു നിൽക്കുന്നു.

റാണിയമ്മക്ക് ഷൂട്ട് ഇല്ലേന്നാ എല്ലാവരും ചോദിക്കുന്നത്

സിനിമയിൽ അഭിനയിച്ച് തുടങ്ങിയിട്ട് പത്ത് വർഷം ആയി. പത്താമത്തെ സിനിമയുമാണ്. ഇതുവരേയും ആൾക്കാർ എന്നെ സിനിമ നടി എന്ന നിലക്ക് വന്ന് പരിചയപ്പെട്ടിട്ടില്ല.  പക്ഷേ പകരം ടെലിവിഷൻ സീരിയലിലെ കഥാപാത്രമാണ് പ്രേക്ഷകർക്ക് പ്രിയപ്പെട്ടത്. പടച്ചോനെ ഇങ്ങള് കാത്തോളീന്റെ ഷൂട്ട് നടന്നത് കോഴിക്കോടാണ്. രാവിലെ അവിടെയുള്ള ആൾക്കാർ വന്ന് എന്നോട് ചോദിക്കും, റാണിയമ്മക്ക് ഇന്ന് ഷൂട്ട് ഇല്ലേന്ന്. റാണിയമ്മ എന്നാണ് സീരിയൽ കഥാപാത്രത്തിന്റെ പേര്.  

ഷട്ടറിൽ തുടങ്ങിയ സിനിമാ ജീവിതം

ദുബായിൽ ഒരു പ്രൊ‍‍ഡക്ഷൻ കമ്പനി ഉണ്ടായിരുന്നു. ജോയ് മാത്യുവിനെ നേരത്തെ അറിയാമായിരുന്നു. ജോയ്മാത്യുവിന്റെ ഷട്ടറിലൂടെയാണ് സിനിമയിലേക്ക് എത്തിയത്. ലാലിന്റെ ഭാര്യയായിട്ടായിരുന്നു ഷട്ടറിൽ അഭിനയിച്ചത്. അന്ന് സിനിമയെക്കുറിച്ച് ഒന്നും അറിയില്ലായിരുന്നു. രണ്ട് ദിവസം അഭിനയിച്ച് തിരികെ പോകേണ്ടി വന്നാലോ എന്ന് വിചാരിച്ച് ദുബായിൽ നിന്ന് നാട്ടിലേക്ക് സിനിമയിൽ അഭിനയിക്കാൻ പോവുകയാണെന്ന് ആരോടും പറയാതെയാണ് വന്നത്.

എല്ലാവരും അറിയുന്നത് റാണിയമ്മയായി

അഞ്ച് നല്ല സിനിമകൾ നല്ല സംവിധായകരൊപ്പവും നല്ല ക്രൂവിനൊപ്പവും വർക്ക് ചെയ്യാൻ പറ്റി. സുനാമി ചിത്രത്തിൽ അഭിനയിക്കുമ്പോഴാണ് തുടർന്നും സിനിമ ചെയ്യണം എന്ന് ഞാൻ ഉറപ്പിക്കുന്നത്. അങ്ങിനെ ഇരിക്കുമ്പോഴാണ് കൊറോണ വന്നത്. അതിനിടക്കാണ് ടെലിവിഷൻ സീരിയൽ പ്രൊഡ്യൂസർ വിളിച്ചിട്ട് ഇങ്ങനെ ഒരു കഥാപാത്രമുണ്ട്. റാണിയമ്മ എന്നാണ് പേര്, നെഗറ്റീവ് ഷെയ്ഡ് ആണ്. കോളേജ് പ്രിൻസിപ്പാളാണ് കഥാപാത്രം, എന്നോട് ചെയ്യാമോ എന്നും ചോദിക്കുന്നത്. ഞാൻ സീരിയൽ കണ്ടിട്ടില്ലാത്ത സീരിയലിനോട് പുച്ഛമുള്ള ആളായിരുന്നു ഞാൻ.  അപ്പോൾ ഞാൻ നാട്ടിൽ സെറ്റിലാവുകയും മറ്റ് വർക്കുകളൊന്നും ഇല്ലാതെയും ഇരിക്കുന്ന സാഹചര്യമായിരുന്നു. പക്ഷേ എനിക്ക് ആക്ടിംഗ് പോളിഷ് ചെയ്യണം എന്നതായിരുന്നു എന്റെ ഉള്ളിൽ. വളരെ ജൂനിയറായിട്ടുള്ള ഒരു ആർട്ടിസ്റ്റാണ്. അതുകൊണ്ട് തന്നെ ക്യാമറക്ക് മുന്നിൽ അറപ്പ് മാറുകയും  ക്യാമറക്ക് മുന്നിൽ നിന്ന് എന്ത് ചെയ്യാൻ പറഞ്ഞാലും എനിക്ക് അതിന് കഴിയണം. അതിന് എനിക്ക് പ്രാക്ടീസ് വേണമെന്നും വിചാരിച്ചു. അങ്ങനെയാണ് ഞാൻ ആ വർക്ക് ഏറ്റെടുത്തത്.

ഒരു നെഗറ്റീവ് ഷെയ്‍ഡ് ഉള്ള കഥാപാത്രമായിരുന്നു അത്. പക്ഷേ എന്റെ മുഖത്ത് എപ്പോഴും ചിരി വരുന്നത് പോലെ തോന്നും. അതൊരു ദേഷ്യക്കാരിയാണ്. അതുകൊണ്ട് തന്നെ ആദ്യത്തെ മൂന്ന് മാസം എനിക്ക് ഭയങ്കര ബുദ്ധിമുട്ടായിരുന്നു. പിന്നെ ഞാൻ തന്നെ അതെല്ലാം ശരിയാക്കി എടുത്തു. ഇപ്പോൾ അഞ്ഞൂറാമത്തെ എപ്പിസോഡ് ആയി. 

Content Highlights: nisha mathew interview, actress nisha mathew about her character in padachone ingalu katholi