ഭാവഗായകന്റെ ഇനിയുമൊഴുകുന്ന അനുരാഗഗാനങ്ങള്‍

യേശുദാസിന്റെയും മുഹമ്മദ് റഫിയുടെയും പാട്ടുകള്‍ പാടിനടക്കുന്ന കാലം. അന്ന് ആ പയ്യന് അറിയാമായിരുന്നില്ല താനും യേശുദാസിനൊപ്പം മലയാള ചലച്ചിത്ര ഗാന ശേഖരത്തിലെ ഒരു മുത്തായി മാറുമെന്ന്. അറുപതുകളുടെ തുടക്കത്തില്‍ മദ്രാസിലെ മലയാളിസമാജം സംഘടിപ്പിച്ച ഒരു ഗാനമേളയില്‍ ഇരുപതുകാരന്‍ ജയചന്ദ്രന്‍ ഗാനം ആലപിക്കുന്നു. അന്ന് കൂടിനിന്ന സദസ്സില്‍ ശോഭന പരമേശ്വരന്‍ നായരും ആര്‍.എസ്. പ്രഭുവും എ. വിന്‍സെന്റും ഉണ്ടായിരുന്നു. ഗാനമേളയുടെ റിഹേഴ്‌സല്‍ കേള്‍ക്കാന്‍ ഇടയായവരില്‍ സംഗീത സംവിധായകന്‍ എം.ബി. ശ്രീനിവാസനും. ജയചന്ദ്രനെന്ന ഭാവഗായകന്‍ സിനിമ പിന്നണിഗായകനായത് ഇവരെല്ലാം ഒരുക്കിയ പന്ഥാവിലൂടെയാണ്. ചന്ദ്രതാരാ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ടി.കെ. പരീക്കുട്ടി നിര്‍മിച്ച കുഞ്ഞാലിമരക്കാര്‍ എന്ന ചിത്രത്തിലേക്ക് ജയചന്ദ്രന്റെ ശബ്ദം റെക്കമെന്‍ഡ് ചെയ്തത് ശോഭന പരമേശ്വരന്‍ നായരായിരുന്നു. ബി.എ. ചിദംബരണത്തിന്റെ സംഗീതത്തില്‍ ഒരു മുല്ല പൂമാലയുമായ് എന്ന യുഗ്മഗാനത്തില്‍ ജയചന്ദ്രനോടൊപ്പം പാടിയത് കോഴിക്കോട്ടുകാരി പ്രേമ. ഇതേ ചിത്രത്തില്‍ മറ്റൊരു നിയോഗവുമുണ്ടായി. യേശുദാസിന്റെ ഗാനങ്ങള്‍ പാടി ഗാനമേളകളില്‍ പ്രശസ്തനായ ജയചന്ദ്രന്‍ ആദ്യമായി പാടിയ ചിത്രത്തില്‍ തന്നെ യേശുദാസിനൊപ്പം ഗാനം പാടാനായി എന്നത്. ഉദിക്കുന്ന സൂര്യനെ എന്ന് തുടങ്ങുന്ന പി. ഭാസ്‌കരന്റെ ഗാനത്തില്‍ ഇവര്‍ക്കൊപ്പം എ.കെ. സുകുമാരനും സഹഗായകനായി. പിന്നീട് ജയില്‍ (1966 ) എന്ന ചിത്രത്തിലും തുടര്‍ന്ന് അനേകം ചിത്രങ്ങളിലും യേശുദാസ്- ജയചന്ദ്രന്‍ കൂട്ടുകെട്ടിലെ ഗാനങ്ങള്‍ പിറന്നു.. തന്റെ ആദ്യഗാനം വീണ്ടും കോഴിക്കോട്ടുകാരുടെ മുന്നില്‍ വെച്ച് തന്നെ പാടാനായി ജയചന്ദ്രന്. അതും അന്ന് കൂടെ പാടിയ പ്രേമയുടെ കൂടെ. 2014 മാര്‍ച്ച് പതിനെട്ടാം തീയതി മാതൃഭൂമിയുടെ തൊണ്ണൂറ്റി ഒന്നാം വാര്‍ഷികദിനത്തിലായിരുന്നു ഈ അപൂര്‍വ്വസംഗമം നടന്നത്. പ്രേമയുടെ ജീവിതത്തിലെയും ഒരു അപൂര്‍വ ദിനമായിരുന്നു അന്നത്തെ മാതൃഭൂമിയുടെ പിറന്നാള്‍ ചടങ്ങ്.
മോഹനമായ മഞ്ഞല
ജയചന്ദ്രന്റെ ആദ്യം റെക്കോര്‍ഡ് ചെയ്യപ്പെട്ട ഗാനം കുഞ്ഞാലിമരയ്ക്കര്‍ എന്ന ചിത്രത്തില്‍ ആയിരുന്നെങ്കിലും എം. കൃഷ്ണന്‍ നായര്‍ സംവിധാനം ചെയ്ത കളിത്തോഴനിലെ മഞ്ഞലയില്‍ മുങ്ങിത്തോര്‍ത്തി എന്ന മോഹനരാഗത്തിലെ ഗാനമായിരുന്നു ആദ്യം പുറത്തിറങ്ങിയത്. ജയചന്ദ്രന്‍ എന്ന ഗായകന്റെ സംഗീതസിദ്ധികള്‍ കാച്ചിക്കുറുക്കി പാട്ടുകള്‍ മെനഞ്ഞെടുത്ത സംഗീത സംവിധായകന്‍ ജി. ദേവരാജന്‍ ഈണമിട്ട ഗാനം. ജയചന്ദ്രന് ഏറ്റുമധികം ഗാനങ്ങള്‍ നല്‍കിയതും ദേവരാജന്‍ ആയിരുന്നു. അതിലും കൂടുതലും മോഹനത്തിലായിരുന്നുവെന്നതും ഒരു വിശേഷം. മധു ചന്ദ്രികയുടെ (അനാച്ഛാദനം), മംഗലാം കാവിലെ (ധര്‍മയുദ്ധം), സ്വപ്നലേഖേ നിന്റെ (അങ്കത്തട്ട്- മാധുരിക്കൊപ്പം), റംസാനിലെ ചന്ദ്രികയോ (ആലിബാബയും നാല്പത്തൊന്നു കള്ളന്മാരും), പുലരിതേടി പോകും (അഞ്ജലി-കാര്‍ത്തികേയന്‍, ശ്രീകാന്തിനുമൊപ്പം) തുടങ്ങിയ ഗാനങ്ങളില്‍ മോഹനമാണ് ദേവരാജന്‍ മാഷ് ഉപയോഗിച്ചത്. കരിമുകില്‍ കാട്ടിലെ (കള്ളിച്ചെല്ലമ്മ-കെ. രാഘവന്‍), നിന്‍ മണിയറയിലെ (സി.ഐ.ഡി. നസീര്‍- എം.കെ. അര്‍ജുനന്‍), കിലുക്കാതെ കിലുങ്ങുന്ന കിലുക്കം പെട്ടി (മന്ത്രകോടി- എം.എസ്. വിശ്വനാഥന്‍) നീലഗിരിയുടെ സഖികളെ (പണിതീരാത്ത വീട് -എം.എസ്. വിശ്വനാഥന്‍), ഉപാസന (തൊട്ടാവാടി- എല്‍.പി.ആര്‍ വര്‍മ്മ), മല്ലികപ്പൂവിന്‍ മധുരഗന്ധം (ഹണിമൂണ്‍ -എം.കെ. അര്‍ജുനന്‍), ശ്രുതിമണ്ഡലം (രണ്ടു പെണ്‍കുട്ടികള്‍-എം.എസ്. വിശ്വനാഥന്‍), സന്ധ്യതന്‍ കവിള്‍ തുടുത്തു (രാജാങ്കണം-അമ്പിളിക്കൊപ്പം), വാര്‍മേഘ വര്‍ണന്റെ (സാഗരസംഗമം -ഇളയരാജ), പൊന്നാമ്പലേ നിന്‍ ഹൃദയം (അരമനവീടും അഞ്ഞൂറേക്കറും-രാജാമണി), തുടങ്ങിയ മോഹന ഗാനങ്ങളിലും ഭാവഗായകന്റെ ശബ്ദസൗകുമാര്യം തിളക്കമേറി. കളിത്തോഴന്‍ എന്ന ചിത്രത്തിലെ മഞ്ഞലയില്‍ മുങ്ങിത്തോര്‍ത്തി എന്ന ഗാനം യേശുദാസിനു പാടാന്‍ വേണ്ടി ഒരുക്കിയതായിരുന്നു ദേവരാജന്‍ മാസ്റ്റര്‍. താരുണ്യം തന്നുടെ എന്ന ഗാനമായിരുന്നു ജയചന്ദ്രന് പാടാന്‍ നിര്‍ദേശിച്ചത്. മഞ്ഞലയിലും പഠിച്ചോളൂ എന്നായിരുന്നു നിര്‍ദ്ദേശം. എന്നാല്‍ ഭാവഗായകന്റെ ശബ്ദത്തില്‍ മഞ്ഞലയിലെ ഗാനം കേട്ടപ്പോള്‍ ദേവരാജന്‍ മാഷിന് മറിച്ചൊരു ആലോചന ഉണ്ടായില്ല. അത് ജയചന്ദ്രന്റെ വഴിത്തിരിവായ ഗാനമായി മാറുകയും ചെയ്തു. മദ്രാസില്‍ കെമിസ്റ്റായി ജോലിക്കുപോയ ജയചന്ദ്രന്‍ അങ്ങനെ പിന്നണി ഗാനരംഗത്തെ അവിഭാജ്യ ഗായകനായി മാറി. യേശുദാസ് അല്ലെങ്കില്‍ ജയചന്ദ്രന്‍ എന്ന മലയാള സിനിമാപിന്നണി കാലം അവിടെ തുടങ്ങുകയായി. സംഗീതത്തിലെ ഗുരുസ്ഥാനീയനായി കണ്ട ദേവരാജന്‍ മാഷുടെ വെട്ടിത്തുറന്നു പറയാനുള്ള ധൈര്യവും ജയചന്ദ്രന്‍ സ്വായത്തമാക്കിയിരുന്നു. പി.എ. ബക്കര്‍ സംവിധാനം ചെയ്ത ശ്രീനാരായണഗുരു എന്ന ചിത്രത്തിലെ ശിവശങ്കര എന്ന് തുടങ്ങുന്ന ഗാനത്തിന് മികച്ച അംഗീകാരം കിട്ടുമെന്നത് ദേവരാജന്‍ മാഷുടെ പ്രവചനമായിരുന്നു. 1986-ലെ ദേശീയ അവാര്‍ഡ് ലഭിച്ച ഗാനവും ഇതായി. എം.എസ്.വി. ഈണമിട്ട നീലഗിരിയുടെ സഖികളെ എന്ന ഗാനത്തിനും മാഷുടെ പ്രശംസ ഏറെയായിരുന്നു. ആ വര്‍ഷത്തെ മികച്ച ഗായകനുള്ള സംസ്ഥാനപുരസ്‌കാരവും ഈ പാട്ടിനു ലഭിച്ചു.
ഇനിയുമൊഴുകുന്ന അനുരാഗ ഗാനങ്ങള്‍
പ്രേംനവാസ് നിര്‍മ്മിച്ച് എം. കൃഷ്ണന്‍ നായര്‍ സംവിധാനം ചെയ്ത അഗ്‌നിപുത്രി (1967 ) യിലെ ഗാനങ്ങള്‍ വയലാറിന്റേതായിരുന്നു. മലബാറുകാര്‍ക്കു ജയചന്ദ്രന്‍ എന്ന ഗായകനെ പരിചയപ്പെടുത്തിയ എം.എസ്. ബാബുരാജിന്റെ സംഗീതം. താനൂരിലും തിരൂരും കോഴിക്കോടിന്റെ പല കോണുകളിലും കല്യാണ വീടുകളിലും ഗാനമേളകളിലും സ്ഥിര സാന്നിധ്യമായിരുന്നു ബാബുരാജ്. ഒരുപാട് വേദികളില്‍ ജയചന്ദ്രനും ബാബുരാജിനൊപ്പം പാടുമായിരുന്നു .അഗ്‌നിപുത്രിയിലെ ഇനിയും പുഴയൊഴുകും എന്ന ഗാനം ജയചന്ദ്രന് നല്‍കാന്‍ ബാബുരാജിന്റെ രണ്ടാമതൊന്നു ആലോചിക്കേണ്ടി വന്നില്ല. ഒഴുക്കിനെതിരെ എന്നുതുടങ്ങുന്ന അനുപല്ലവിയിലും പുതിയവെളിച്ചവുമായ് എന്ന് തുടങ്ങുന്ന ചരണത്തിലും വ്യത്യസ്തമായ ട്യൂണുകളാണ് ബാബുരാജ് പ്രയോഗിച്ചത്. ബാബുരാജിന്റെ ഈണത്തില്‍ ജയചന്ദ്രന്‍ പാടിയ ആദ്യഗാനം തന്നെ അദ്ദേഹം ഭാവസാന്ദ്രമാക്കി. പി. വേണു അഥവാ വേണുഗോപാലമേനോന്‍ എന്ന തൃശൂര്‍കാരനായ സംവിധായകന്റെ ആദ്യത്തെ അറിയപ്പെട്ട ചിത്രം ഉദ്യോഗസ്ഥയായിരുന്നു (1967 ) ചിത്രം നിര്‍മ്മിച്ചതും തൃശൂര്‍കാരായിരുന്നു. ബിസിനസുകാരനായ ദേവദാസും പി.എസ്. ദാസും. ചിത്രത്തില്‍ യൂസഫലികേച്ചേരി എഴുതിയ അനുരാഗഗാനം പോലെ എന്ന ഗാനം പുതിയ ഗായകനായ ജയചന്ദ്രന് നല്‍കാന്‍ ബാബുരാജിന് കൂടുതലായി ചിന്തിക്കേണ്ടിവന്നില്ല. സംവിധായകനായ വേണുവിനും മറിച്ചൊരു അഭിപ്രായം ഉണ്ടായില്ല. ഗീതാഞ്ജലി പ്രൊഡക്ഷന്‍സ് നിര്‍മ്മിച്ച ചിത്രത്തിന്റെ വിതരണക്കാരായ വിമല പിക്‌ചേഴ്‌സുകാര്‍ക്ക് പുതിയ ഗായകനോട് വലിയ മതിപ്പു തോന്നിയില്ല,. എന്നാല്‍ പുതിയ സംവിധായകനായ വേണുവിന്റെ ഉറച്ച തീരുമാനമായിരുന്നു ജയചന്ദ്രന്റെ പാട്ടിനു വഴിയൊരുക്കിയത്. ആ ഗാനമാകട്ടെ മലയാള ചലച്ചിത്ര ഗാനങ്ങളിലെ സൂപ്പര്‍ ഹിറ്റുകളില്‍ ഒന്നാവുകയും ചെയ്തു. പിന്നീട് ലക്ഷപ്രഭു (മന്മഥനാം ചിത്രകാരന്‍), ലവ് ഇന്‍ കേരള (മധു പകര്‍ന്ന ചുണ്ടുകളില്‍ -വസന്തക്കൊപ്പം), വിരുന്നുകാരി (വാസന്ത സദനത്തില്‍), അമ്പലപ്രാവ് (കുപ്പായ കീശമേല്‍), എറണാകുളം ജങ്ഷന്‍ (മുല്ലമലര്‍ത്തേന്‍ കിണ്ണംബ ലീലക്കൊപ്പം), സംഭവാമി യുഗേ യുഗേ (അമ്മയല്ലാതൊരു ദൈവമുണ്ടോ), ഭദ്രദീപം (വജ്രകുണ്ഡലം-വസന്തക്കൊപ്പം), ദ്വീപ് (അല്ലിതാമര മിഴിയാളെ), കോളേജ് ബ്യൂട്ടി (വെളുത്ത വാവൊരു), തുടങ്ങിയ ചിത്രങ്ങളിലും ബാബുരാജ് -ജയചന്ദ്ര ഗീതങ്ങള്‍ സൂപ്പര്‍ ഹിറ്റുകളായി.
അശ്വതീനക്ഷത്രം
ടി.ഇ. വാസുദേവന്‍ നിര്‍മിച്ചു ഹിറ്റ് സംവിധായകനായ എ.ബി. രാജ് സംവിധാനം ചെയ്ത ഡെയ്ഞ്ചര്‍ ബിസ്‌ക്കറ്റ് (1969 ) ലെ വളരെ പ്രശസ്തമായ പ്രേമഗാനമാണ് അശ്വതീ നക്ഷത്രമേ എന്നത്. സിനിമയില്‍ പ്രേംനസീര്‍ അതിഗംഭീരമായി അഭിനയിച്ച ഈ ഗാനം അത്രയും പ്രേമഭാവത്തോടെ ആലപിച്ചത് ഭാവഗായകന്‍ ജയചന്ദ്രന്‍ തന്നെ. സംഗീതം ദക്ഷിണാമൂര്‍ത്തി സ്വാമിയും. ഭാര്യമാര്‍ സൂക്ഷിക്കുക (മരുഭൂമിയില്‍) എന്ന ചിത്രത്തിലാണ് സ്വാമിയുടെ ആദ്യ ജയചന്ദ്രഗാനം പിറക്കുന്നത്. അരക്കള്ളന്‍ മുക്കാല്‍ കള്ളന്‍ എന്ന ചിത്രത്തില്‍ പ്രേംനസീറും അടൂര്‍ ഭാസിയും മത്സരിച്ച് അഭിനയിച്ച കനകസിംഹാസനത്തില്‍ എന്ന പാട്ടുമത്സര രംഗത്തില്‍ പിന്നണിയില്‍ യേശുദാസും ജയചന്ദ്രനും ദക്ഷിണാമൂര്‍ത്തിയും ആയിരുന്നു. സപ്തസ്വരങ്ങള്‍ എന്നചിത്രത്തിലെ സ്വാതിതിരുനാളിന്റെ, ശൃംഗാര ഭാവനയോ തുടങ്ങിയ സെമി ക്ലാസ്സിക്കല്‍ ഗാനങ്ങളിലും സംഗീതം ശാസ്ത്രീയമായി അത്രയേറെ പഠിക്കാത്ത ജയചന്ദ്രന്റെ പാട്ടിലുള്ള അവഗാഹം പ്രത്യേകമായി തെളിയുന്നുമുണ്ട്. തുറുപ്പുഗുലാന്‍ ഇറക്കിവിടെന്‍ (തുറുപ്പുഗുലാന്‍), ദൈവം ഭൂമിയില്‍ (കുടുംബം നമുക്ക് ശ്രീകോവില്‍), തുടങ്ങിയ ഗാനങ്ങളിലും യേശുദാസ് ജയചന്ദ്രന്‍ ദക്ഷിണാമൂര്‍ത്തി ത്രയങ്ങളാണ് കൂട്ടായത്.
യദുകുല രതിദേവന്‍
കറുത്ത പൗര്‍ണമിക്കു ശേഷം എം.കെ. അര്‍ജുനന്‍ എന്ന സംഗീതസംവിധായകനെ മലയാള ചലച്ചിത്രലോകം അരക്കിട്ടുറപ്പിച്ച ചിത്രമായിരുന്നു ശശികുമാര്‍ സംവിധാനം ചെയ്ത റെസ്റ്റ്ഹൗസ് (1969 ). ശ്രീകുമാരന്‍ തമ്പി എഴുതി യേശുദാസ് ആലപിച്ച മുത്തിലും മുത്തായ, പാടാത്ത വീണയും, പൗര്‍ണമി ചന്ദ്രിക എന്നീ ഗാനങ്ങള്‍ക്കൊപ്പം കിടപിടിച്ച ഗാനമായിരുന്നു യമുനേ യദുകുലരതിദേവനെവിടെ എന്ന കാപി രാഗത്തില്‍ മെനഞ്ഞെടുത്ത യുഗ്മഗാനം,. പ്രേംനസീറും ഷീലയും മത്സരിച്ചഭിനയിച്ച പ്രേമരംഗത്തിനു മാറ്റുകൂട്ടിയതു ജയചന്ദ്രന്റെയും എസ്. ജാനകിയുടെയും ഭാവഗാനാലാപനമായിരുന്നു. ശശികുമാര്‍ സംവിധാനം ചെയ്ത കെ.പി. കൊട്ടാരക്കരയുടെ രക്തപുഷ്പത്തിലും ഇതേ പോലെ ഒരു ഗാനമുണ്ട് 'മലരമ്പനറിഞ്ഞില്ല മധുമാസമറിഞ്ഞില്ല' ജയചന്ദ്രന്‍ -എസ്. ജാനകി കൂട്ടുകെട്ടിലെ മുന്‍പന്തിയില്‍ നില്‍ക്കുന്ന ഗാനം. രക്തപുഷ്പത്തിലും ഒരു പാട് ഹിറ്റ് ഗാനങ്ങള്‍ ഉണ്ടെങ്കിലും ഈ യുഗ്മ ഗാനത്തിന്റെ ഇമ്പം ഒന്ന് വേറെ തന്നെയാണ്. ജി. ദേവരാജന്‍ കഴിഞ്ഞാല്‍ ഏറ്റവുമധികം ഗാനങ്ങള്‍ ജയചന്ദ്രന് നല്‍കിയ സംഗീത സംവിധായകന്‍ എം.കെ. അര്‍ജുനന്‍ ആണ്. പ്രേമസാഗരത്തിന്‍ (ഡിറ്റക്റ്റീവ് 909 കേരളത്തില്‍ ), നിന്‍ മണിയറയിലെ (സി.ഐ.ഡി. നസീര്‍), പകല്‍ വിളക്കണയുന്നു (ഇത് മനുഷ്യനോ), നന്ത്യാര്‍വട്ട പൂചിരിച്ചു (പൂന്തേനരുവി), ചന്ദ്രോദയം കണ്ടു (സിന്ധു-പി. സുശീലക്കൊപ്പം), പളനിമലക്കോവിലിലെ (പിക്പോക്കെറ്റ്), മംഗലപ്പാല തന്‍ (മധുരസ്വപ്നം), മധുവിധു രാത്രികള്‍ (സാന്താ ഒരു ദേവത-വാണിജയറാമിനൊപ്പം), ചാലകമ്പോളത്തില്‍ (ജയിക്കാനായി ജനിച്ചവന്‍), കുടമുല്ലക്കാവിലെ (കരിപുരണ്ട ജീവിതങ്ങള്‍), മാന്മിഴിയാല്‍ (നാഗമഠത്തു തമ്പുരാട്ടി), തുടങ്ങി 2011-ല്‍ പുറത്തിറങ്ങിയ ശ്രീകുമാരന്‍ തമ്പിയുടെ നായികയില്‍ സുജാതക്കൊപ്പം പാടിയ 'നനയും നിന്മിഴിയോരം' വരെ എത്രയോ ഹിറ്റ് ഗാനങ്ങള്‍ അര്‍ജുനന്‍- ജയചന്ദ്രന്‍ കൂട്ടുകെട്ടില്‍ പിറന്നു.
തിരുവാഭരണം ചാര്‍ത്തിയ എം.എസ്. ഗീതികള്‍
ശശികുമാര്‍ സംവിധാനം ചെയ്ത ലങ്കാദഹനം (1971 ) സി.ഐ.ഡി. കഥയാണെങ്കിലും പ്രേംനസീര്‍, രാഗിണി, വിജയശ്രീ ഒക്കെ അഭിനയിച്ച ഈ ഹിറ്റ് ചിത്രം ഒരു മ്യൂസിക്കല്‍ എന്റര്‍ടൈനര്‍ കൂടിയായിരുന്നു. ശ്രീകുമാരന്‍ തമ്പി എഴുതിയ എട്ടു ഗാനങ്ങള്‍ ആണ് ചിത്രത്തില്‍ ഉണ്ടായിരുന്നത്. എം.ജി.ആറിന്റെ ജെനോവ (1953 ) എന്ന ചിത്രത്തില്‍ തുടക്കമിട്ടെങ്കിലും മെല്ലിശൈമന്നര്‍ എം.എസ്.വി. എന്ന എം.എസ്. വിശ്വനാഥന്റെ മലയാളഗാനങ്ങള്‍ ശ്രദ്ധിക്കപ്പെട്ടത് ലങ്കാദഹനത്തിലൂടെയായിരുന്നു. ശുദ്ധസാവേരിയില്‍ ചിട്ടപ്പെടുത്തി ജയചന്ദ്രന്‍ ആലപിച്ച തിരുവാഭരണം ചാര്‍ത്തി വിടര്‍ന്നു എന്ന ഗാനം മലയാള ചലച്ചിത്ര സംഗീത ശാഖയിലെ എന്നെന്നും ഓര്‍മ്മിക്കപ്പെടുന്ന നിത്യഹരിതഗാനമായി. കിലുക്കാതെ കിലുക്കുന്ന (മന്ത്രകോടി-പി. സുശീലക്കൊപ്പം), സ്വര്‍ണഗോപുര (ദിവ്യദര്‍ശനം), അഷ്ടപദിയിലെ (ജീവിക്കാന്‍ മറന്നുപോയ സ്ത്രീ), രാജീവ നയനെ (ചന്ദ്രകാന്തം), കളഭചുമരുവെച്ച (അവള്‍ ഒരു തുടര്‍ക്കഥ), മയിലിനെ കണ്ടൊരിക്കല്‍ (ഇതാ ഒരു മനുഷ്യന്‍-എസ് ജാനകിക്കൊപ്പം), തേടി വന്ന വസന്തമേ (ഒരു രാഗം പല താളം), തുടങ്ങിയ എം.എസ്.വിയുടെ ഗാനങ്ങള്‍ ജയചന്ദ്രന്റെ സംഗീത ജീവിതത്തിലെ മുതല്‍കൂട്ടുകളാണ്.
സംഗീത മധുരനാദം
ഉമാ ആര്‍ട്‌സിനുവേണ്ടി മധു നിര്‍മാണവും സംവിധാനവും നിര്‍മ്മിച്ച മാന്യശ്രീ വിശ്വാമിത്രന്‍ എന്ന ചിത്രത്തിലാണ് സാമുവല്‍ ജോസഫ് എന്ന ശ്യാം എന്ന സൂപ്പര്‍ ഹിറ്റ് സംഗീത സംവിധായകന്‍ മലയാള സിനിമയില്‍ ഉദയം ചെയ്യുന്നത്. പാശ്ചാത്യ സംഗീതത്തിന്റെ പ്രചാരം മലയാള സിനിമ സംഗീതത്തില്‍ കൂടിവന്നതും ശ്യാമിന്റെ വരവോടുകൂടിയായിരുന്നു. വി. ദക്ഷിണാമൂര്‍ത്തി, എം.എസ്. ബാബുരാജ്, സലില്‍ ചൗധരി, ആര്‍.കെ. ശേഖര്‍, ദേവരാജന്‍, തുടങ്ങിയ പ്രശസ്ത സംഗീത സംവിധായകര്‍ക്കൊപ്പമുള്ള അനുഭവമാണ് ശ്യാമിന്റെ ഗാനങ്ങള്‍ക്ക് മുതല്‍കൂട്ടായത്. ആദ്യ ചിത്രത്തില്‍ തന്നെ ജയചന്ദ്രനും സംഘവും പാടിയ സംഗീത മധുര നാദം എന്ന ഗാനം ഏറെ ശ്രദ്ധിക്കപ്പെട്ടു. ഗിറ്റാറിന്റെയും വയലിന്റെയും അകമ്പടിയോടെ ഗാനത്തിലുടനീളം അകമ്പടിയേകുന്ന കോറസിന്റെ കൊഴുപ്പും ജയചന്ദ്രന്റെ പാട്ടിനു മിഴിവേകി. അമ്പിളി (ധീരസമീരേ യമുനാതീരേ), ഒരിക്കല്‍ഓമന (അഭിനിവേശം), മണിവീണയുമായ് (ബ്ലാക്ക് ബെല്‍റ്റ്), തുടങ്ങിയ പിന്നീട് വന്ന ഗാനങ്ങളില്‍ ശ്യാമിന്റെ വ്യത്യസ്തമായ ഈണങ്ങളാണ് ജയചന്ദ്ര ഗാനങ്ങളെ ഹിറ്റുകളാക്കിയത്. എന്നാല്‍ പിന്നീട് വന്ന മേളം ശൃംഗാര താളം (എനിക്ക് ഞാന്‍ സ്വന്തം-എസ്. ജാനകിക്കൊപ്പം) ശ്യാമിന്റെ ആദ്യഗാനത്തിന്റെ പല്ലവിയെ ഓര്‍മ്മിപ്പിച്ചു. താമരപൂങ്കാറ്റുപോലെ (നീയോ ഞാനോ), ശാന്തമായ പ്രേമസാഗരം (ഇതിലെ വന്നവര്‍), കണ്ണില്‍ കണ്ണില്‍ (നായാട്ട്-വാണിജയറാമിനൊപ്പം), ഏതോ ഗാനം പോലെ (ദന്തഗോപുരം), ഓരോ നിമിഷവും (അര്‍ച്ചന ടീച്ചര്‍- എസ്. ജാനകിക്കൊപ്പം), കറുത്ത തോണിക്കാര (അക്ഷരങ്ങള്‍). ആത്മാവിന്‍ സംഗീതം നീ (ക്ഷമിച്ചു എന്നൊരു വാക്കു), ശ്യാം ജയചന്ദ്രനായൊരുക്കിയ ഹിറ്റ് ഗാനങ്ങളുടെ പട്ടിക ഇനിയും നീളും.
മോഹം കൊണ്ട് ഞാന്‍
ജയചന്ദ്രന്റെ ഗാനമേള ട്രൂപ്പിലെ വയലിനിസ്റ്റുകളായിരുന്നു ജോണ്‍സണും ഔസേപ്പച്ചനും. വോയിസ് ഓഫ് തൃശൂര്‍ എന്ന പേരില്‍ പ്രശസ്തമായ സംഘത്തില്‍ പി. മധുരിയും സ്ഥിരം ഗായികയായിരുന്നു. ജി. ദേവരാജന്‍ മ്യൂസിക് കോമ്പോസിങ് രംഗത്ത് തിളങ്ങി നില്‍ക്കുന്ന കാലം. അദ്ദേഹത്തിന് നല്ല രണ്ടു വയലിനിസ്റ്റുകളെ വേണമെന്ന് ജയചന്ദ്രനോട് പറയുന്നു. കഴിവുള്ള കലാകാരന്മാരായ ജോണ്‍സണെയും ഔസേപ്പച്ചനെയും സജസ്‌റ് ചെയ്യാന്‍ ജയചന്ദ്രന് അധികം ആലോചിക്കേണ്ടി വന്നില്ല. ഇരുവരും അങ്ങനെ മദ്രാസിലെത്തുന്നതും പ്രശസ്തരാവുന്നതുമൊക്കെ പിന്നീടുള്ള കഥകള്‍. ആന്റണി ഈസ്റ്റ്മാന്‍ നിര്‍മാണവും സംവിധാനവും ചെയ്ത ഇണയെത്തേടി (1981 ) എന്ന ചിത്രത്തിലൂടെയാണ് ജോണ്‍സന്‍ എന്ന സ്വതന്ത്ര സംഗീതസംവിധായകന്റെ ജനനം. ആര്‍.കെ. ദാമോദരന്റെ വരികള്‍. ഒരു പാട്ടു മാത്രമേ ചിത്രത്തില്‍ ഉണ്ടായിരുന്നുള്ളൂ. വിപിനവാടിക എന്ന് തുടങ്ങുന്ന ഗാനം. തന്റെ ആദ്യഗാനം ഭാവഗായകന്റെ ശബ്ദത്തില്‍ തന്നെ ജോണ്‍സന്‍ ഒരുക്കിയെടുത്തു. എന്നാല്‍ ചിത്രം ഹിറ്റാവാകാത്തതുകൊണ്ടും മറ്റും ഗാനം പോപ്പുലര്‍ ആയില്ല. എന്നാല്‍ അതെ വര്‍ഷം പുറത്തിറങ്ങിയ ഭരതന്‍ ചിത്രം പാര്‍വതിയിലെ ഗാനങ്ങളില്‍ ജയചന്ദ്രന്റെ ശബ്ദം കൊണ്ട് മാജിക് തീര്‍ത്തു ജോണ്‍സണ്‍. കുറുനിരയോ (വാണി ജയറാമിനൊപ്പം), തുടര്‍ന്ന് ശാലീന ഭാവത്തില്‍ (തുറന്ന ജയില്‍-വാണി ജയറാമിനൊപ്പം), നാണം നിന്‍ കണ്ണില്‍ (കേള്‍ക്കാത്ത ശബ്ദം-വാണി ജയറാമിനൊപ്പം), ഓരോ താഴ്‌വാരവും (സ്വന്തമെവിടെ ബന്ധമെവിടെ-വാണി ജയറാമിനൊപ്പം) തുടങ്ങിയ തുടര്‍ച്ചയായ സൂപ്പര്‍ ഹിറ്റുകള്‍ ജോണ്‍സണ്‍- ജയചന്ദ്രന്‍ കൂട്ടുകെട്ടില്‍ പുറത്തിറങ്ങി. എന്നാല്‍ ശേഷം കാഴ്ചയിലെ കോന്നിയൂര്‍ ഭാസ് എഴുതി ചലനാട്ട രാഗത്തില്‍ ചിട്ടപ്പെടുത്തിയ മോഹം കൊണ്ട് ഞാന്‍ എന്ന ഗാനം ഏറെ വ്യത്യസ്തമായിരുന്നു. ഗിറ്റാറിലും വയലിനിലും അകമ്പടി തീര്‍ത്ത ഈ പാട്ടു ജയചന്ദ്രനും ഏറെ ഇഷ്ടമുള്ള ഗാനമാണെന്നു അദ്ദേഹം തന്നെ പല തവണ പറഞ്ഞിട്ടുണ്ട്. ജോണ്‍സന്റെ ഭാര്യ റാണിയുടെയും ഏറ്റവും ഇഷ്ടമുള്ള ഗാനമാണ് ഇത്. സത്യന്‍ അന്തിക്കാടിന്റെ യാത്രക്കാരുടെ ശ്രദ്ധയ്ക്ക് എന്ന ചിത്രത്തിലെ ഒന്ന് തൊടാനുള്ളില്‍, വട്ടയില പന്തലിട്ടു (കെ.എസ്. ചിത്രക്കൊപ്പം) എന്നീ ഗാനങ്ങളും ജോണ്‍സണ്‍- ജയചന്ദ്രന്‍ കൂട്ടുകെട്ടിലെ സൂപ്പര്‍ ഹിറ്റുകളാണ്.
പ്രായം മറന്ന നിറം
തൊണ്ണൂറുകളുടെ അവസാനം ജയചന്ദ്രന്‍ എന്ന ഗായകന്റെ ഒരു തിരിച്ചു വരവായിരുന്നു. ക്യാമ്പസ് പ്രണയകഥയുടെ തീമില്‍ ശത്രുഘ്നന്‍ എഴുതിയ കഥ. പ്രായം നമ്മില്‍ മോഹം നല്‍കി എന്ന വിദ്യ സാഗര്‍ ഈണമിട്ട ഗാനം. ജയചന്ദ്രന്റെ രണ്ടാംവരവ് ഉത്സവമാക്കിയ ഗാനം. ബിച്ചു തിരുമല രചിച്ച ഗാനങ്ങള്‍. നിറം ഒരു മ്യൂസിക്കല്‍ എന്റര്‍റ്റെയിനര്‍ ആയിരുന്നു. അതുവരെ പാടിയ ജയചന്ദ്രന്റെ വേറിട്ട ഒരു ആലാപന ശൈലിയായിരുന്നു ഈ പാട്ടില്‍ കണ്ടത്. സിദ്ധാര്‍ത്ഥ എന്ന ചിത്രത്തില്‍ കൈവന്ന തങ്കമല്ലെ എന്ന പാട്ടില്‍ ആണ് ആണ് വിദ്യാസാഗര്‍ ആദ്യമായി ജയചന്ദ്രനുമായി ഒരുമിക്കുന്നത്. തുടര്‍ന്ന് ഹിറ്റുകളുടെ ഒരു പ്രവാഹം തന്നെ ഈ ടീം ഒരുക്കി തീര്‍ത്തു. കണ്ണില്‍ കാശി തുമ്പകള്‍ (ഡ്രീംസ്), പൂവേ പൂവേ (ദേവദൂതന്‍), യദുവംശയാമിനി (ദുബായ്), ആലിലക്കാവിലെ (പട്ടാളം), എന്തെ ഇന്നും വന്നീലാ (ഗ്രാമഫോണ്‍).. തുടങ്ങി മലര്‍വാക കൊമ്പത്ത് (എന്നും എപ്പോഴും-രാജലക്ഷ്മിക്കൊപ്പം), വരെ എത്രയോ ഹിറ്റ് ഗാനങ്ങള്‍.
എ.ആര്‍. റഹ്‌മാന്റെ വെള്ളിത്തേന്‍ കിണ്ണം
ക്രോസ്സ്ബെല്‍റ്റ് മണി സംവിധാനം ചെയ്ത പെണ്‍പട (1975 ) യിലെ ഗാനങ്ങള്‍ ചിട്ടപ്പെടുത്തിയത് ആര്‍.കെ. ശേഖര്‍ ആയിരുന്നു. ആ ചിത്രത്തിലെ ഭരണിക്കാവ് ശിവകുമാര്‍ എഴുതിയ വെണ്ണക്കല്‍ ശില്‍പ്പം പോല്‍ എന്ന പാട്ടിന്റെ ഈണത്തിനു തുടക്കമിട്ടത് ശേഖറിന്റെ മകന്‍ എ.ആര്‍. റഹ്‌മാന്‍ ആയിരുന്നു. റഹ്‌മാന്റെ സംഗീത സംവിധായകന്‍ എന്ന നിലയില്‍ ഒരു പക്ഷെ ആദ്യ മലയാള ചിത്രം. അല്‍പം ഫാസ്റ്റ് നമ്പര്‍ ആയ ഈ ഗാനം ജയചന്ദ്രന്‍ മനോഹരമായി പാടി. അനാഥശില്‍പങ്ങളിലും (അച്ഛന്‍ കോവിലാറ്റിലെ-എസ.് ജാനകിക്കൊപ്പം), മിസ് മേരി (മണിവര്‍ണനില്ലാത്ത വൃന്ദാവനം-പി. സുശീലക്കൊപ്പം) യുദ്ധഭൂമി (അരുവി പാലരുവി), തുടങ്ങിയ ഹിറ്റ്ഗാനങ്ങളിലും ജയചന്ദ്രന്റെ ശബ്ദമാണ് ആര്‍.കെ. ശേഖര്‍ തിരഞ്ഞെടുത്തത്. മാന്‍കിടാവേ (ദൂരം അരികെ), തകിട തധിമി (സാഗരസംഗമം), തുടങ്ങിയ ഗാനങ്ങളിലൂടെ ഇളയരാജയും, ഏകാകിയാമെന്റെ (എന്റെ ഹൃദയത്തിനുടമ ), ആലിലത്താലിയുമായ് (മിഴി രണ്ടിലും) തുടങ്ങിയ പാട്ടുകളിലൂടെ രവീന്ദ്രനും കാട്ടാറിനു (ലൗഡ്സ്പീക്കര്‍), ഞാനൊരു മലയാളി (ജിലേബി), എന്റെ ജനലരികില്‍ (സു സു സുധി വാല്മീകം), തുടങ്ങിയവലയിലൂടെ ബിജിപാലും മിഴികളിലഴകിന്‍ (ആകാശത്തിലേക്കൊരു കിളിവാതില്‍ ), ശരറാന്തല്‍ മിന്നിനില്‍ക്കും (ചങ്ങാതിപ്പൂച്ച), തുടങ്ങിയ ഹിറ്റുകളിലൂടെ ഔസേപ്പച്ചനും ഉറങ്ങാതെ (ഗൗരീശങ്കരം), കല്ലായിക്കടവത്തെ (പെരുമഴക്കാലം- സുജാതക്കൊപ്പം), കണ്ണുനട്ട് കാത്തിരുന്നിട്ടും (കഥാവശേഷന്‍), തുടങ്ങിയ ഹിറ്റുഗാനങ്ങളിലൂടെ എം. ജയചന്ദ്രനും തങ്കമനസ്സു (രാപ്പകല്‍),തുടങ്ങിയ വഴിയിലൂടെ മോഹന്‍ സിതാരയും ജയചന്ദ്രന്റെ ഭാവഗീതികള്‍ക്കു മാറ്റുകൂട്ടി. പെയ്തലിഞ്ഞ നിമിഷം (ക്യാപ്റ്റന്‍-വാണി ജയറാമിനൊപ്പം), ഓലേഞ്ഞാലിക്കുരുവി (1983 -വാണി ജയറാമിനൊപ്പം) തുടങ്ങിയ ഗാനങ്ങളില്‍ ജയചന്ദ്രഗീതികള്‍ക്കു കൂട്ടായതു ഗോപിസുന്ദറായിരുന്നു.
മൂകാംബികേ ഹൃദയ താളാഞ്ജലി
പുഷ്പാഞ്ജലി (1981 ) എന്ന സംഗീത ആല്‍ബം കേള്‍ക്കാത്ത മലയാളികള്‍ കുറവായിരിക്കും. വിഘ്‌നേശ്വര ജന്മ നാളികേരം, നീല മേഘം, വടക്കുംനാഥന്, തുടങ്ങിയ ഭക്തിഗാനസുധ ഗാനങ്ങള്‍ മലയാളികള്‍ക്ക് സമ്മാനിച്ചത് എസ്. രമേശന്‍ നായരും പി.കെ. കേശവന്‍ നമ്പുതിരിയും ഭാവഗായകന്‍ ജയചന്ദ്രനും ചേര്‍ന്നായിരുന്നു. സംഗീത ആല്‍ബങ്ങളില്‍ പ്രത്യേകിച്ച് ഭക്തിഗാനങ്ങളില്‍ ജയചന്ദ്രന്റെ ആലാപനത്തിനു ഒരു മസ്‌കാരിക ഭാവം കൂടുതലായി കാണാം. സിനിമയില്‍ തുടങ്ങിയ കാലങ്ങളില്‍ തന്നെ സംഗീത ആല്‍ബങ്ങളിലും അദ്ദേഹം സജീവമായിരുന്നു. ശരണമയ്യപ്പ (1976 ) എന്ന അയ്യപ്പ ആല്‍ബത്തിലൂടെയാണ് ഈ മേഖലയില്‍ അറിയപ്പെട്ടത്. പി. കുഞ്ഞിരാമന്‍ നായര്‍ എഴുതി എം.കെ. അര്‍ജുനന്‍ ഈണമിട്ട മണ്ഡലമാസപ്പുലരികള്‍ എന്ന ഗാനവും പി. ഭാസ്‌കരന്‍ എഴുതി എം.ബി. ശ്രീനിവാസന്‍ ചിട്ടപ്പെടുത്തിയ അടിതൊട്ടുമുടിയോളം എന്ന ഗാനവും ഹിറ്റുകളായി. ശ്രീകുമാരന്‍ തമ്പി, ബിച്ചു തിരുമല, ആര്‍.കെ. ദാമോദരന്‍. ചിറ്റൂര്‍ ഗോപി, ഗിരീഷ് പുത്തഞ്ചേരി, തുടങ്ങി എത്രയോ കവികളുടെ ഭക്തിഗാനങ്ങളും, തിരുവോണ പാട്ടുകളും ഉത്സവ ഗങ്ങളുമായി നൂറുകണക്കിന് ഗാനങ്ങള്‍ ജയചന്ദ്രന്‍ ആലപിച്ചിട്ടുണ്ട്. ഒ.എന്‍.വി. കുറുപ്പ് എഴുതി ദേവരാജന്‍ ഈണമിട്ട ദൂരദര്‍ശന് വേണ്ടി ചെയ്ത ഒന്നിനി ശ്രുതി താഴ്ത്തി എന്ന ഗാനം വളരെ പോപ്പുലര്‍ ആയ ജയചന്ദ്രഗീതമാണ്.
മറക്കാത്ത തീരങ്ങള്‍
വളരെ കാലത്തെ ആഗ്രഹമായിരുന്നു ഒരു പാട്ടിനു സംഗീതം ചെയ്യുക എന്നത്, തീരങ്ങള്‍ എന്ന ആല്‍ബം തയ്യാറാക്കുമ്പോള്‍ പാട്ടുകാരനായി മനസ്സില്‍ ജയചന്ദ്രന്‍ മാത്രമായിരുന്നു. അഭിലാഷ് നായര്‍ എഴുതിയ വരികള്‍. ആഗ്രഹം അദ്ദേഹത്തെ അറിയിക്കുകയും ചെയ്തു. തൃശ്ശൂരില്‍ സുന്ദരന്റെ ഡിജിട്രാക് സ്റ്റുഡിയോവില്‍ ചെയ്യാം എത്തിക്കോളൂ. മാതൃഭൂമിയില്‍ പല വേദികളിലായി പല തവണ ജയേട്ടനുമായി പരിചയമുണ്ടായിരുന്നു. ജയേട്ടന്‍ തൃശൂര്‍ ഡിജിട്രാക് സ്റ്റുഡിയോവില്‍ എത്തി റെക്കോര്‍ഡിങ് ഭംഗിയായി കഴിഞ്ഞു.
കാറില്‍ തിരിച്ചു കോഴിക്കോടേക്ക് വരുമ്പോള്‍ മനസ്സില്‍ നിറയെ ജയേട്ടന്റെ പാട്ടായിരുന്നു. പുഴയോരത്തിന്നോരം തേടുന്നൊരെ..പെട്ടെന്ന് ഫോണ്‍ അടിച്ചു. ജയേട്ടന്‍ ആണ്. പാടിയത് ഇഷ്ടപ്പെട്ടോ... സത്യം പറഞ്ഞാല്‍ ഞാന്‍ അദ്ഭുതപെട്ടുപോയി. ഇത്രയും സീനിയര്‍ ആയ ജയേട്ടന്‍ കേവലം ആദ്യ ഗാനം ട്യൂണ്‍ ചെയ്ത എന്നോട് ഇങ്ങനെ ചോദിക്കുകയോ. ജയേട്ടാ ഞാന്‍ എന്താ പറയാ.. എടോ.. താനല്ലേ സംഗീതം ചെയ്തത് താന്‍ പറ.. അതാണ് ജയേട്ടന്‍. പലരും മുന്‍ശുണ്ഠി ഉണ്ടെന്നൊക്കെ പറയുമെങ്കിലും ഞാന്‍ അറിയുന്ന ജയേട്ടന്‍ വളരെ എളിമയായ മനസ്സിനുടമയാണ് .സംഗീതത്തില്‍ അദ്ദേഹത്തിന് വലുപ്പ ചെറുപ്പങ്ങളില്ല. ഗുരുവായൂരപ്പന്റെ ഭക്തസേവകനാണ് അദ്ദേഹം. സംഗീത ദേവതയായ മൂകാംബികയുടെയും. എണ്‍പതിന്റെ അവസാനത്തിലും ഭാവഗായകന്റെ ശബ്ദത്തിനു ഇരുപതിന്റെ തിളക്കമായിരുന്നു. എണ്‍പതിന്റെ ഗാംഭീര്യവും.
തീരങ്ങള്‍ക്ക് എന്ന ആല്‍ബത്തിന്, കഴിഞ്ഞ മാസം തിരുവനന്തപുരത്തുവെച്ചു സൗത്ത് ഇന്ത്യന്‍ സിനിമ ടെലിവിഷന്‍ അക്കാദമിയുടെ മികച്ച സംഗീത സംവിധാനത്തിനുള്ള സ്‌പെഷ്യല്‍ ജൂറി അവാര്‍ഡ് എനിക്ക് കിട്ടിയപ്പോള്‍ സന്തോഷം ആദ്യമായി പങ്കുവെച്ചച്ചതു ജയേട്ടനുമായിട്ടായിരുന്നു. സന്തോഷം ..അതായിരുന്നു പ്രതികരണം. ആദ്യമായി ജയേട്ടന്റെ ശബ്ദത്തില്‍ ഒരു പാട്ടു ചെയ്യാന്‍ കഴിഞ്ഞതിന്റെ ഓര്‍മ്മയില്‍ ഭാവഗായകന്റെ ആത്മാവിന് നിത്യശാന്തി.
Content Highlights: singer p jayachandran and his noted songs