കെട്ടിപ്പിടിച്ചേനെ ആ പാട്ടുകളെ, മനസ്സുകൊണ്ട്

പി. ജയചന്ദ്രന്‍ | ഫോട്ടോ: വി.പി. പ്രവീണ്‍ കുമാര്‍
പി. ജയചന്ദ്രന്‍ | ഫോട്ടോ: വി.പി. പ്രവീണ്‍ കുമാര്‍

സ്വന്തം സൃഷ്ടികളിൽ ഏറ്റവും പ്രിയപ്പെട്ടത് ഏതാണ്? സാക്ഷാൽ ദേവരാജൻ മാസ്റ്ററോടാണ് ചോദ്യം. "പ്രയാസമാണ് പറയാൻ." -- മാസ്റ്ററുടെ മറുപടി. " സ്വന്തം മക്കളിൽ ആരോടാണ് ഇഷ്ടക്കൂടുതൽ എന്ന് ചോദിച്ചാൽ എങ്ങനെ മറുപടി പറയും ? മനസ്സിൽ ഉദ്ദേശിച്ച പൂർണ്ണത ഏതാണ്ടൊക്കെ കൈവരിച്ച പാട്ടുകളെ കുറിച്ചാണ് ചോദ്യമെങ്കിൽ പറയാം. രണ്ടെണ്ണമുണ്ട് -- ഒരു സോളോയും ഒരു ഡ്യൂയറ്റും. അവൾ എന്ന സിനിമയിൽ സുശീല പാടിയ പ്രേമകവിതകളെ. പിന്നെ കൊട്ടാരം വിൽക്കാനുണ്ട് എന്ന ചിത്രത്തിലെ  തൊട്ടേനേ ഞാൻ മനസ്സു കൊണ്ട് കെട്ടിപ്പിടിച്ചേനേ, ജയചന്ദ്രനും മാധുരിയും ചേർന്ന് പാടിയത്.''

ഏതു ദേശീയ-സംസ്ഥാന അവാർഡുകളെക്കാൾ ജയചന്ദ്രൻ വിലമതിക്കുന്ന അംഗീകാരം. മലയാളികൾ ഹൃദയത്തോടു ചേർത്ത് കൊണ്ടുനടക്കുന്ന നൂറുകണക്കിന് ക്ലാസിക്കുകളിൽ നിന്നാണ് ലക്ഷണമൊത്ത സൃഷ്ടിയായി ദേവരാജൻ ജയചന്ദ്രന്റെ ഈ യുഗ്മഗാനം തിരഞ്ഞെടുത്തത് എന്നോർക്കുക. മനോഹരമായ ഒരു വിരുത്തത്തിൽ നിന്നാണ് പാട്ടിന്റെ തുടക്കം. "നീലക്കണ്ണുകളോ ദിനാന്തമധുര സ്വപ്‌നങ്ങൾ തൻ ചന്ദനച്ചോലക്കുള്ളിൽ വിടർന്നു പാതിയടയും നൈവേദ്യ പുഷ്പങ്ങളോ'' എന്ന് ജയചന്ദ്രൻ പാടിത്തുടങ്ങുമ്പോഴേ നമ്മുടെ മനസ്സിൽ ദീപ്തമായ ഒരു ചിത്രം തെളിഞ്ഞുവരുന്നു. വയലാറിന്റെ രചനയും ദേവരാജ സംഗീതവും ചേർന്ന് വരച്ചിടുന്ന കാവ്യഭംഗിയാർന്ന ആ ബ്ലാക്ക് ആൻഡ് വൈറ്റ് ചിത്രത്തിൽ ഭാവമധുരമായ ആലാപനത്തിലൂടെ മെലഡിയുടെ വർണ്ണങ്ങൾ ചാലിച്ചു ചേർക്കുകയാണ് ജയചന്ദ്രൻ. മാധുരിയുടെ ശൃംഗാര ലോലമായ ആലാപനം‌ കൂടി ചേരുമ്പോഴേ ആ ശ്രവ്യാനുഭവം പൂർണ്ണതയിലെത്തൂ.

ചരണത്തിൽ "ചെഞ്ചൊടി കൊണ്ടൊരു നക്ഷത്ര ചിഹ്നത്തിൻ ചിത്രം വരച്ചേനെ ഞാൻ'' എന്ന് ജയചന്ദ്രൻ മന്ദ്രസ്ഥായിയിൽ പാടുമ്പോൾ ഏതു കാമുകിയുടെ ഹൃദയമിടിപ്പാണ്‌ ഒരു നിമിഷം നിലയ്ക്കാതിരിക്കുക ? സ്റ്റുഡിയോയുടെ ഏകാന്ത നിശബ്ദതയിൽ, ഒരൊറ്റ മൈക്കിന് ഇരുപുറവും നിന്ന് പാടുന്ന ഗായകർക്കിടയിൽ പരസ്പരമുള്ള ആദരവിൽ അധിഷ്ഠിതമായ, തികച്ചും "പോസിറ്റീവ്'' ആയ ഒരു മത്സരം ഉണ്ടാകുന്നത് സ്വാഭാവികം. നിരുപാധികമായ ആ മത്സര ബുദ്ധി തന്നെയാവണം ജയചന്ദ്രൻ-മാധുരിമാരുടെ യുഗ്മഗാനങ്ങളെ കാലത്തിനപ്പുറത്തേക്ക് വളർത്തിയത്.

യുഗ്മഗാനങ്ങളിൽ എന്തുകൊണ്ട് ജയചന്ദ്രനൊപ്പം മാധുരിയെ കൂടുതൽ ഉപയോഗിച്ചു എന്നതിന് ദേവരാജൻ മാസ്റ്ററുടെ വിശദീകരണം ഇങ്ങനെ: "വിധേയത്വം കുറഞ്ഞ സ്ത്രീ ശബ്ദമാണ് അവരുടേത്. അത്തരം ശബ്ദങ്ങൾ അത്യപൂർവമാണ് നമ്മുടെ സിനിമാലോകത്ത്. വളരെ നേർത്ത, പട്ടുപോലെ മൃദുലമായ ശബ്ദങ്ങൾ കേൾക്കാൻ സുഖമുണ്ടായെന്നിരിക്കും. പക്ഷെ അവയിൽ ഭാവാംശം കുറവായിരിക്കും. പാട്ടുകളിൽ ഭാവത്തിനാണ് ഏറ്റവും പ്രാധാന്യം എന്ന് വിശ്വസിക്കുന്നു ഞാൻ. ''

പലപ്പോഴും നമ്മുടെ യുഗ്മഗാനങ്ങളിൽ ഗായികാശബ്ദം ഗായകന്റെ നിഴലിൽ ഒതുങ്ങിപ്പോകുന്നതിനെ കുറിച്ച് സൂചിപ്പിക്കുകയായിരുന്നു അദ്ദേഹം. ഇരു ശബ്ദങ്ങളും പരസ്പരപൂരകങ്ങൾ ആകുമ്പോഴേ യുഗ്മഗാനങ്ങൾ പൂർണ്ണതയിൽ എത്തൂ എന്ന് വിശ്വസിച്ചു മാസ്റ്റർ.

മാധുരിയുടെ വേറിട്ട ശബ്ദവും ആലാപനശൈലിയും ഉൾക്കൊള്ളാൻ മടിച്ചു നിന്നവർ പോലും ജയചന്ദ്രനൊപ്പം അവർ പാടിയ യുഗ്മഗാനങ്ങളെ കുറിച്ച് പ്രശംസാപൂർവം സംസാരിച്ചു കേട്ടിട്ടുണ്ട്: മല്ലികാബാണൻ തന്റെ വില്ലെടുത്തു മന്ദാര മലർ കൊണ്ട് ശരം തൊടുത്തു (അച്ചാണി), സ്വപ്നലേഖേ നിന്റെ സ്വയംവരപ്പന്തലിൽ ഞാൻ (അങ്കത്തട്ട്), രൂപവതി നിൻ രുചിരാധരമൊരു രാഗപുഷ്പമായ് വിടർന്നു (കാലചക്രം), കസ്തൂരി മല്ലിക പുടവ ചുറ്റി കാനന കന്യയാം കാമവതി (സത്യവാൻ സാവിത്രി), മംഗലാം കാവിലെ മായാ ഗൗരിക്ക്‌ (ധർമയുദ്ധം), പവിഴമല്ലീ നിന്റെ കപോലത്തിൽ (അമർഷം), വാർമേഘ വർണന്റെ മാറിൽ (സാഗര സംഗമം)...

എങ്കിലും ഗായികമാരിൽ പി സുശീലയാണ് ജയചന്ദ്രന് കൂടുതൽ പ്രിയങ്കരി. നിളയുടെ ശാലീനതയാണ് എസ് ജാനകിയെങ്കിൽ, പെരിയാറിന്റെ മാദകത്വമാണ് സുശീലയെന്ന് പറയും ജയചന്ദ്രൻ.

ജന്മസിദ്ധമായി തന്നെ ഭാവസമ്പുഷ്ടമാണ് സുശീലയുടെ ശബ്ദം. പ്രണയവും വിരഹവും വേദനയും വാത്സല്യവും എല്ലാം സ്വാഭാവികമായി വന്നുചേരും ആ ആലാപനത്തിൽ. എഴുപതുകളിലെ ജയചന്ദ്രന്റെ കാൽപനികനാദവുമായി അത് ലയിച്ചുചേരുമ്പോൾ എന്തു സംഭവിക്കുന്നു എന്നറിയാൻ ഒരൊറ്റ പാട്ട് കേട്ടു നോക്കുകയേ വേണ്ടൂ: ശ്രീമദ് ഭഗവദ് ഗീതയിലെ "വിലാസലോലുപയായി വസന്തകൗമുദി വന്നു.'' കല്യാണവസന്തം എന്ന രാഗത്തിന്റെ പ്രണയഭാവം മുഴുവൻ ആവാഹിച്ച് ദക്ഷിണാമൂർത്തി ചിട്ടപ്പെടുത്തിയ അസാധാരണ ഗാനം. ഗായകരുടെ ഇൻവോൾമെന്റ് കണക്കിലെടുത്താൽ മലയാളസിനിമാ ചരിത്രത്തിലെ തന്നെ ഏറ്റവും മികച്ച യുഗ്മ ഗാനങ്ങളിൽ ഒന്നായി എണ്ണപ്പെടേണ്ട പാട്ട്. ആദ്യ ചരണത്തിൽ (വനാന്തശീതള നളിനീ, നളിനീ വർണ്ണ മനോഹരിയായി..) ജയചന്ദ്രന്റെ ശബ്ദത്തിനു പൊൻകസവു ഞൊറിയുകയാണ് സുശീലയെങ്കിൽ, രണ്ടാമത്തേതിൽ സുശീലയുടെ ആലാപനത്തിന് തൊടുകുറിയാകുന്നു ജയചന്ദ്രനാദം.

മറ്റൊരു പ്രത്യേകത കൂടിയുണ്ട് "വിലാസലോലുപയായ് " എന്ന പാട്ടിന്. ഈ ഗാനത്തിൽ ആകൃഷ്ടനായാണ് പൊണ്ണുക്കെത്ത പുരുഷൻ (1992) എന്ന ചിത്രത്തിന് വേണ്ടി ജയചന്ദ്രന്റെയും സ്വർണ്ണലതയുടെയും ശബ്ദത്തിൽ ദേവതൈ വന്താൾ എന്ന ഗാനം ഇളയരാജ സൃഷ്ടിച്ചത്.

ജയചന്ദ്രനും സുശീലയും തമ്മിലുള്ള സർഗാത്മകമായ "കൊടുക്കൽ വാങ്ങൽ'' പ്രക്രിയ കൊണ്ട് ശ്രദ്ധേയമായ വേറെയും യുഗ്മഗാനങ്ങളുണ്ട് : മകരം പോയിട്ടും മാടമുണർന്നിട്ടും മാറത്തെ കുളിരൊട്ടും പോയില്ലേ ( വെളുത്ത കത്രീന), സീതാദേവി സ്വയംവരം ചെയ്തൊരു ത്രേതായുഗത്തിലെ ശ്രീരാമൻ (വാഴ്വേമായം), മണിവർണ്ണനില്ലാത്ത വൃന്ദാവനം, പൊന്നമ്പിളിയുടെ പൂമുഖ വാതിലിൽ (മിസ്‌ മേരി), ചന്ദ്രോദയം കണ്ടു കൈകൂപ്പി നിൽക്കും (സിന്ധു), അനുരാഗനാട്ടിലെ തമ്പുരാട്ടി (മദാലസ), മുല്ലപ്പൂ മണമോ (മുക്കുവനെ സ്നേഹിച്ച ഭൂതം) ...അങ്ങനെയങ്ങനെ.

യുഗ്മഗാനങ്ങളുടെ രാജകുമാരനാണ് ജയചന്ദ്രൻ എന്ന് പറയുമായിരുന്നു മരിച്ചുപോയ എന്റെ സുഹൃത്തും ഭാവഗായകന്റെ അടിയുറച്ച ആരാധകനുമായിരുന്ന ഹരി. ജയചന്ദ്രന്റെ യുഗ്മഗാനങ്ങൾ മാത്രമടങ്ങിയ ഒരു കാസറ്റ് ആദ്യമായി സമ്മാനിച്ചത്‌ ഹരിയാണ്. യുഗ്മഗാനങ്ങളിൽ ഒപ്പം പാടുന്ന ഗായികമാരുടെ ആലാപന ശൈലിയുമായി എളുപ്പം താദാത്മ്യം പ്രാപിക്കാൻ ജയചന്ദ്രനോളം കഴിവുള്ള മറ്റൊരു ഗായകനുമില്ല മലയാളത്തിൽ എന്ന് വാദിച്ചു അവൻ. "എനിക്കേറെയിഷ്ടം ജാനകിയോടൊപ്പം ജയചന്ദ്രൻ പാടിയ യുഗ്മഗാനങ്ങളാണ്. സ്ഫടിക സമാനമായ രണ്ടു അരുവികൾ ഒരുമിച്ചുചേർന്നൊഴുകുന്ന പ്രതീതി ജനിപ്പിക്കും ആ പാട്ടുകൾ. ഒരേ സമയം സുതാര്യതയും കുളിർമ്മയും അനുഭവപ്പെടുത്തുന്ന ശബ്ദങ്ങൾ.'' -- ഹരി പറയും.

"റസ്റ്റ്‌ ഹൗസി''ലെ യമുനേ യദുകുല രതിദേവനെവിടെ എന്ന ഗാനം (ശ്രീകുമാരൻ തമ്പി- അർജുനൻ) അപൂർവ ശ്രവ്യാനുഭവമായി ഓർമ്മയിലുണ്ട്. ഗുണസിംഗിന്റെ പുല്ലാങ്കുഴൽ നാദവീചികളുടെ അകമ്പടിയോടെ ജാനകി പാടിത്തുടങ്ങുന്ന ആ പാട്ടിൽ പല്ലവി കഴിഞ്ഞു ചരണത്തിനിടക്കാണ് ജയചന്ദ്രൻ കടന്നു വരുന്നത് -- അതും എന്തൊരു രംഗപ്രവേശം! "താരണി മധുമഞ്ചം നീ വിരിച്ചീടുകിൽ പോരാതിരിക്കുമോ കണ്ണൻ'' എന്ന വരി പാടിക്കൊണ്ടുള്ള ജയചന്ദ്രന്റെ `എൻട്രി' ഗായികാപ്രധാനമായ ഗാനത്തെ സംഗീത സംവിധായകൻ പോലും ഉദ്ദേശിച്ചിട്ടില്ലാത്ത തലത്തിലേക്ക് ഉയർത്തുകയായിരുന്നില്ലേ?

ഗായകനും ഗായികയും ഹൃദയം കൊണ്ട് ഒന്നാകുന്ന ഈ ഇന്ദ്രജാലം ഇത്ര വികാരദീപ്തമായി നമ്മെ അനുഭവിപ്പിച്ച ഗാനങ്ങൾ എത്രയുണ്ട് വേറെ? രക്തപുഷ്പത്തിലെ "മലരമ്പനറിഞ്ഞില്ല മധുമാസമറിഞ്ഞില്ല'' (ശ്രീകുമാരൻ തമ്പി- അർജുനൻ) എന്ന യുഗ്മഗാനത്തിലും ആവർത്തിക്കപ്പെടുന്നു ഈ മാജിക് -- ഇളം കാറ്ററിഞ്ഞില്ല ഇലകളറിഞ്ഞില്ല എന്ന വരിയുമായി കടന്നുവന്ന്, തികച്ചും സാധാരണമാകുമായിരുന്ന ഒരു ഗാനത്തെ അസാധാരണവും അവിസ്മരണീയവുമായ അനുഭവമാക്കി മാറ്റുന്നു ജയചന്ദ്രൻ. പിന്നെയുമിണക്കുയിൽ പിണങ്ങിയല്ലോ (ആൽമരം), അച്ചൻകോവിലാറ്റിലെ (അനാഥശില്പങ്ങൾ), താരുണ്യപുഷ്പവനത്തിൽ (മധുരസ്വപ്നം), ഓരോ മലരിലും ഓരോ തളിരിലും ഓമനേ (അർച്ചന ടീച്ചർ)..... ജയചന്ദ്രൻ -- ജാനകി കൂട്ടുകെട്ടിൽ പിറന്ന പ്രണയഗാനങ്ങൾ അങ്ങനെ എത്രയെത്ര.
 
ഭാവഗായകന്റെ ഇന്ദ്രജാല സ്പർശമേറ്റ യുഗ്മഗാനങ്ങളുടെ നിര ഇവിടെ അവസാനിക്കുന്നില്ല. വിവിധ തലമുറകളിൽ പെട്ട ഗായികമാരുടെ ആലാപന ശൈലിയുമായി എത്ര അനായാസം ഇഴുകിച്ചേരുന്നു ജയചന്ദ്രന്റെ ശബ്ദം എന്നറിയാൻ ഈ പട്ടികയിലൂടെ ഒന്ന് കണ്ണോടിച്ചാൽ മതി: വാണി ജയറാം ( കുറുനിരയോ മഴ മഴ മുകിൽ നിരയോ, സ്വപ്നഹാരമണിഞ്ഞെത്തും, മധുവിധുരാത്രികൾ, കണ്ണുകൾ കണ്ണുകൾ ഇടഞ്ഞു, നീരാട്ട് എൻ മാനസറാണി, ഓലഞ്ഞാലി കുരുവി), ബി വസന്ത (കർപ്പൂര ദീപത്തിൻ കാന്തിയിൽ, മധുപകർന്ന ചുണ്ടുകളിൽ, വാർത്തിങ്കൾ കണിവെക്കും രാവിൽ, വജ്രകുണ്ഡലം മണിക്കാതിലണിയും), രേണുക (ഞാനിതാ തിരിച്ചെത്തി മൽസഖീ പൊയ് പ്പോയോരെൻ), പി ലീല (മുല്ലമലർ തേൻ കിണ്ണം, പഞ്ചവടിയിലെ വിജയശ്രീയോ, കാളീ ഭദ്രകാളി), ലതാരാജു (കാറ്റുമൊഴുക്കും കിഴക്കോട്ട്), അമ്പിളി (സന്ധ്യതൻ കവിൾ തുടുത്തു), സൽമാ ജോർജ് (ശരദിന്ദു മലർദീപ നാളം നീട്ടി), ചിത്ര (ശിശിരകാല മേഘ മിഥുന രതി പരാഗമോ, അറിയാതെ അറിയാതെ ഈ പവിഴ വാർത്തിങ്കളറിയാതെ, പൊന്നുഷസ്സെന്നും നീരാടുവാൻ വരുമീ സൗന്ദര്യ തീർത്ഥക്കടവിൽ, നീ മണിമുകിലാടകൾ), സുജാത (മറന്നിട്ടുമെന്തിനോ മനസ്സിൽ തുളുമ്പുന്നു, ആരും ആരും കാണാതെ ചുണ്ടത്തെ ചെമ്പക മൊട്ടിന്മേൽ, സ്വയംവര ചന്ദ്രികേ, ആരാരും കാണാതെ, കല്ലായി കടവത്തെ), മിന്മിനി (നിലാക്കുടമേ), രാജലക്ഷ്മി (മലർവാക കൊമ്പത്ത്), ഗായത്രി (കണ്ണിൽ കാശിത്തുമ്പകൾ), മൃദുലാ വാര്യർ (ഇല്ലാത്താലം കൈമാറുമ്പോൾ), മഞ്ജരി (എന്തിനെന്നറിയില്ല എങ്ങിനെന്നറിയില്ല), ശ്വേത (മുത്തേ മുത്തേ), നേഹാ എസ് നായർ (പ്രേമിക്കുമ്പോൾ നീയും ഞാനും)...തലമുറകളിൽ നിന്ന് തലമുറകളിലേക്ക് അനുസ്യൂതം പ്രവഹിക്കുന്നു നിത്യയൗവനമാർന്ന ആ നാദനിർത്ധരി.

എന്തായിരിക്കാം ഈ ഗാനങ്ങളോരോന്നിനെയും വേറിട്ടു നിർത്തുന്ന ഘടകം? ശബ്ദം മാത്രമല്ല ആത്മാവിന്റെ ഒരംശം കൂടി ജയചന്ദ്രൻ അവയ്ക്ക് പകുത്തു നൽകി എന്നത് തന്നെ. സംഗീത സംവിധായകന്റെ പ്രതീക്ഷപ്പുറത്തേക്ക് ഗാനത്തെ ഉയർത്താൻ കഴിയുന്ന ഗായകൻ എന്ന് വിദ്യാസാഗർ ഒരിക്കൽ ജയചന്ദ്രനെ വിശേഷിപ്പിച്ചതോർക്കുന്നു. "ചില സംഗീത സംവിധായകർ മാത്രമേ ഗാനങ്ങളിൽ മനോധർമ്മ പ്രകടനത്തിന് സ്വാതന്ത്ര്യം അനുവദിക്കാറുള്ളൂ. എം എസ് വി, ബാബുരാജ്‌ എന്നിവർ ഉദാഹരണം. പാടിത്തരുന്ന ട്യൂണിൽ അണുവിട പോലും വ്യത്യാസം വരുത്തരുതെന്ന് നിഷ്കർഷിക്കുന്നവരാണ് ദേവരാജൻ മാഷെ പോലുള്ളവർ. മറ്റു ചിലരുടെ ആലാപനത്തിൽ നിന്ന് അവർ ഉദ്ദേശിക്കുന്ന ഭാവതലം നമുക്ക് വേർതിരിച്ചെടുക്കാൻ ആവണമെന്നില്ല. എം ബി ശ്രീനിവാസൻ ഉദാഹരണം. ഒട്ടും മാർദവമില്ലാത്ത ശബ്ദത്തിൽ എം ബി എസ് ശരദിന്ദു മലർദീപ നാളം എന്ന ഗാനം പാടിത്തരുന്നത് ഓർമ്മയുണ്ട് . ഒ എൻ വിയുടെ കവിത നിറയെ പ്രണയമാണെങ്കിലും എം ബി എസ്സിന്റെ പരുക്കൻ ശബ്ദത്തിൽ നിന്ന് അത് വായിച്ചെടുക്കാൻ കഴിയണമെന്നില്ല നമുക്ക്. ഗായകനെ സംബന്ധിച്ച് അതൊരു വെല്ലുവിളിയാണ്. അദ്ദേഹം മനസ്സിൽ കാണുന്ന പ്രണയം ആലാപനത്തിൽ കൊണ്ടുവരാൻ നമുക്ക് കഴിയണം. അതിൽ ഞാൻ വിജയിച്ചിട്ടുണ്ട് എന്നു തന്നെയാണ് വിശ്വാസം.'' -- ജയചന്ദ്രൻ പറയുന്നു.

Content Highlights: P Jayachandran Birthday Special Article By Ravi Menon