''ഗുരുവായൂരപ്പന്‍ കഴിഞ്ഞാല്‍ ജയചന്ദ്രന് ഏറ്റവും വലുത് മുഹമ്മദ് റഫിയാണെന്ന് തോന്നിയിട്ടുണ്ട്"

എനിക്ക് പലപ്പോഴും തോന്നിയിട്ടുണ്ട്, ഭാവഗായകനെന്നതിനൊപ്പം തന്നെ ഭാഗ്യഗായകൻ കൂടിയാണ് ജയചന്ദ്രൻ എന്ന്. ചിലപ്പോഴെങ്കിലും ദാസേട്ടൻ പാടേണ്ടിയിരുന്ന എന്റെ ചില പാട്ടുകൾ ജയനിലേക്കെത്തിച്ചേർന്നിട്ടുണ്ട്. അത് ജയനുവേണ്ടി മാത്രം എഴുതപ്പെട്ടതാണെന്ന് പാടിക്കഴിഞ്ഞപ്പോൾ തോന്നിയിട്ടുമുണ്ട്. ആദ്യമായി പരിചയപ്പെടുമ്പോൾ അദ്ദേഹവും ഞാനും ഇത്ര അടുക്കുമെന്നോ, ഞാൻ മലയാളസിനിമയിൽ ചെയ്ത ഒരുപിടി ഹിറ്റ് ഗാനങ്ങളിലേറെയും പാടുന്നത് അദ്ദേഹമായിരിക്കുമെന്നോ ഒരിക്കലും ചിന്തിച്ചിരുന്നില്ല.
ദേവരാജൻമാഷുമായി ചേർന്ന് ഞാൻ കുറെ പാട്ടുകൾ ചെയ്തിട്ടുണ്ട്. പക്ഷേ, ദേവരാജൻമാഷിന്റെ ശിഷ്യൻ കൂടിയായ ജോൺസണുമൊത്ത് പ്രവർത്തിച്ചിരുന്നില്ല. സ്വതന്ത്രസംവിധായകനായശേഷം ജോൺസന്റെ ആദ്യഹിറ്റുണ്ടാവുന്നത് ഞങ്ങളൊരുമിച്ച പാട്ടിലാണ്. ഭരതന്റെ വീട്ടിൽവെച്ച് ജോൺസണും ഭരതനും കെ.പി.എ .സി. ലളിതയും ഞാനും ചേർന്നിരുന്നാണ് പാട്ടിന്റെ ചർച്ച നടത്തിയത്. അവിടെവെച്ചാണ് പാട്ടെഴുതുന്നതും. ദാസേട്ടനെയും വാണി ജയറാമിനെയും വെച്ച് പാടിപ്പിക്കാമെന്ന് തീരുമാനമായി. ആ സമയത്ത് ദാസേട്ടൻ ഏതോ പരിപാടിയുമായി വിദേശത്തെങ്ങോ ആയിരുന്നു. അങ്ങനെ, അത് പാടാനുള്ള അവസരം കൈവന്നത് ജയനാണ്. ജയൻ പാടുന്നതുകേട്ട് ജോൺസണും ഭരതനുമെല്ലാം അന്തംവിട്ടുപോയി. അതാണ് 'പാർവതി' എന്ന സിനിമയിലെ 'കുറുനിരയോ മഴമഴ മുകിൽനിരയോ' എന്ന പാട്ട്.
അതിനുശേഷവും ഞങ്ങളുടെ ബന്ധം തുടർന്നു. എത്രയോ പാട്ടുകൾക്കുവേണ്ടി പിന്നെയും ഒരുമിച്ചു. ഞാൻ നാട്ടിലാണെങ്കിലും ചെന്നൈയിൽ പോകുമ്പോഴെല്ലാം ജയനെ കാണും. ദേവരാജൻമാഷിന് ഒരുപാട് വാത്സല്യമായിരുന്നു ജയനോട്. തിരിച്ച് അതിരില്ലാത്ത ബഹുമാനവും. ഒരു ബലഹീനതയുണ്ട് ജയചന്ദ്രന്. പലർക്കും ഇഷ്ടപ്പെടാത്തൊരു സ്വഭാവം. നമ്മുടെ മുഖത്തുനോക്കി പിണക്കുന്നതുപോലെ സംസാരിച്ചുകളയും. ഞങ്ങളോടൊക്കെ പലപ്പോഴും ചൂടായിട്ടുണ്ട്. പെട്ടെന്ന് പൊട്ടിത്തെറിക്കുകയും അതുപോലെ അലിയുകയും ചെയ്യും. അതാണ് ജയൻ, ഒരു കുട്ടിയാണ്. നിഷ്‌കളങ്കനായ കുട്ടി.
റഫിയും പി. സുശീലയും
മുഹമ്മദ് റഫിയുടെ വലിയ ആരാധകനാണ് ജയൻ. ഡ്രൈവ് ചെയ്യുമ്പോഴും വീട്ടിൽ വെറുതേയിരിക്കുമ്പോഴുമെല്ലാം ആ നാവിൻതുമ്പത്ത് മുഹമ്മദ് റഫിയുണ്ടാവും. 'ചൗദ് വീ കാ ചാന്ദ് ഹോ...' ആണ് എപ്പോഴും പാടുന്ന പാട്ട്. ഗുരുവായൂരപ്പൻ കഴിഞ്ഞാൽ ഈ മനുഷ്യന് ഏറ്റവും വലുത് മുഹമ്മദ് റഫിയാണെന്ന് എനിക്ക് തോന്നിയിട്ടുണ്ട്. അത്രമാത്രം ഭ്രാന്തമാണ് ആ ആരാധന. അതിനൊപ്പംതന്നെ പി. സുശീലയും. അവരോടും അതേ ആരാധനയായിരുന്നു.
ദേവരാജൻമാഷ് സംഗീതംകൊടുത്ത പല പാട്ടുകളും, പി. സുശീലയ്ക്കൊപ്പം പാടാൻ കഴിഞ്ഞു. അത് ജയനുകിട്ടിയ ഭാഗ്യമാണ്. മറ്റൊരു വലിയ ഭാഗ്യംകൂടിയുണ്ട്. ഒരിക്കൽ ബോംബെയിൽനിന്നൊരു സംവിധായകൻ വന്നു, നിർമാതാവുകൂടിയാണദ്ദേഹം. ജയകുമാർ നായർ എന്നാണ് പേര്. അദ്ദേഹം പുതുതായി ചെയ്യാൻപോവുന്ന സിനിമയിൽ ജയചന്ദ്രനെക്കൊണ്ട് രണ്ട് പാട്ടുപാടിപ്പിക്കണം. ആരാണ് സംഗീതസംവിധാനം, ഞാൻ ചോദിച്ചു. ബോംബെ രവിയെന്ന് മറുപടി കിട്ടി. കേട്ടപ്പോൾ ഞെട്ടി. കാരണം, മുഹമ്മദ് റഫിക്കായി ഒരുപാട് നല്ല പാട്ടുകളൊരുക്കിയ ആളാണ് ബോംബെ രവി. 'ചൗദ് വീ കാ ചാന്ദ്' എന്ന പാട്ടുചെയ്തതും ബോംബെ രവി തന്നെ. അങ്ങനെയുള്ള ആൾക്കുവേണ്ടി പാടാൻ പറ്റുക, ഇതുകേൾക്കുമ്പോൾ ജയനുണ്ടാവുന്ന സന്തോഷത്തെക്കുറിച്ചാണ് ഓർത്തത്.
'ചൗദ് വീ കാ ചാന്ദ്' എന്ന പാട്ടിന്റെ അതേ അർഥം വരുന്ന രീതിയിൽ, അതേ ഈണത്തിലൊരു പാട്ടുണ്ടാക്കണമെന്നും ജയകുമാർ പറഞ്ഞു. അങ്ങനെയുണ്ടാക്കിയതാണ് 'പൗർണമിപ്പൂത്തിങ്കളേ നീയെൻ ഹൃദയസ്പന്ദനമല്ലേ' എന്ന പാട്ട്. അതിനൊപ്പം 'മായാനളിനങ്ങളിൽ... മേനീസുഗന്ധങ്ങളിൽ...' എന്ന പാട്ടും. രണ്ടുപാട്ടുകളും അതിഗംഭീരമായി ജയൻ പാടി. 'മനസ്സിൽ ഒരു മഞ്ഞുതുള്ളി' എന്നാണ് സിനിമയുടെ പേര്. തിരിച്ചുവരവായി ആ പാട്ട് ഭരതന്റെ 'ദേവരാഗം' എന്ന സിനിമയിൽ കീരവാണിയാണ് സംഗീതസംവിധാനം. ദാസേട്ടനാണ് പാടുന്നത്. വരികളെല്ലാമെഴുതി, സ്റ്റുഡിയോയിൽ ചെന്നു. അവിടെ ഭരതനും കീരവാണിയും രാജാമണിയുമൊക്കെയുണ്ട്. അപ്പോഴാണ് ആരോ വന്ന് പറയുന്നത്, ദാസേട്ടന് രണ്ടുദിവസംകഴിഞ്ഞേ വരാൻ പറ്റൂ. റെക്കോഡിങ് എന്തായാലും മാറ്റിവെയ്ക്കാൻ കഴിയില്ല. എന്തു ചെയ്യുമെന്നാലോചിച്ചു. അപ്പോൾ ഞാൻ പറഞ്ഞു, അടുത്ത ചോയ്‌സ് ജയനാണ്. കേട്ടയുടനെ കീരവാണിയും ചാടിപ്പറഞ്ഞു, അതുമതിയെന്ന്. അങ്ങനെയാണ് 'ദേവരാഗ'ത്തിലെ പാട്ട് വരുന്നത്. 'ശിശിരകാല മേഘമിഥുന...' മലയാളസിനിമയിലേക്കുള്ള ജയന്റെ ശക്തമായ തിരിച്ചുവരവായിരുന്നു അത്. പിന്നെയും ജയൻ ഉയരങ്ങളിലേക്ക് പോവുന്നത് നമ്മൾ കണ്ടു.
(സ്റ്റാർ ആൻഡ് സ്റ്റൈലിൽ പ്രസിദ്ധീകരിച്ചത്)
Content Highlights: M D Rajendran on P Jayachandran