ഇന്ത്യൻ പ്രത്യാക്രമണത്തിൽ തകർന്നടിഞ്ഞ് ജെയ്‌ഷെ മുഹമ്മദിൻ്റെ ശക്തികേന്ദ്രം

ന്യൂഡൽഹി: ഇന്ത്യൻ പ്രത്യാക്രമണത്തിൽ തകർന്നടിഞ്ഞ് ജയ്‌ഷെ മുഹമ്മദിൻ്റെ (ജെഇഎം) ശക്തികേന്ദ്രമായ ബഹാവല്‍പുരിലെ മർക്കസ് സുബ്ഹാനള്ളാ ക്യാമ്പസ്. മേൽക്കൂര ഉൾപ്പെടെ തകർന്ന് ചുറ്റും അവശിഷ്ടങ്ങൾ കുന്നുകൂടിക്കിടക്കുന്ന ക്യാമ്പസിന്റെ ദൃശ്യങ്ങൾ ഇന്ത്യ ടുഡേ പുറത്തുവിട്ടു.
ജയ്‌ഷെ മുഹമ്മദിൻ്റെ റിക്രൂട്ട്‌മെൻ്റ്, ധനസമാഹരണം, ആശയപ്രചാരണം എന്നിവയുടെ കേന്ദ്രമായി പ്രവർത്തിക്കുന്ന ഭീകരവാദത്താവളമാണ് സുബ്ഹാനള്ളാ ക്യാമ്പസ്. പാക് സൈന്യത്തിൻ്റെ 31 കോർപ്‌സിൻ്റെ ആസ്ഥാനമായ പാകിസ്താൻ ആർമി കൻ്റോൺമെൻ്റിൽനിന്ന് ഏതാനും മൈലുകൾ മാത്രം അകലെയാണ് ക്യാമ്പ് സ്ഥിതി ചെയ്യുന്നത്. പാകിസ്താൻ ഔദ്യോഗിക നിരോധനമേർപ്പെടുത്തിയിട്ടും ജെഇഎമ്മിന് അതിൻ്റെ ക്യാമ്പ് നടത്താൻ പൂർണ്ണമായ പ്രവർത്തന സ്വാതന്ത്ര്യം നൽകിയിരിക്കുന്നതിന്റെ സൂചനകളാണിതെന്നാണ് വിമർശനം.
2001-ലെ പാർലമെൻ്റ് ആക്രമണം, 2016-ലെ പത്താൻകോട്ട് ആക്രമണം, 2019-ലെ പുൽവാമ ആക്രമണം എന്നിവയുൾപ്പെടെ ഇന്ത്യൻ മണ്ണിൽ നടന്ന നിരവധി ഭീകരാക്രമണങ്ങൾക്ക് പിന്നിൽ പ്രവർത്തിച്ച ജയ്‌ഷെ മുഹമ്മദിന് കനത്ത തിരിച്ചടിയാണ് പ്രത്യാക്രമണത്തിൽ ഇന്ത്യ നൽകിയത്.
ലാഹോറിൽ നിന്ന് 400 കിലോമീറ്റർ അകലെ സ്ഥിതി ചെയ്യുന്ന ബഹാവല്‍പുർ, പാകിസ്താനിലെ പന്ത്രണ്ടാമത്തെ വലിയ നഗരമാണ്. ഇവിടെ 18 ഏക്കറിൽ പരന്നുകിടക്കുന്ന സുബ്ഹാനള്ളാ കാമ്പസ്, ഉസ്മാനെ അലി കാമ്പസ് എന്നും അറിയപ്പെടുന്നു. 2011 വരെ കാര്യമായ സംവിധാനങ്ങളൊന്നുമില്ലതെ പ്രവർത്തിച്ചിരുന്ന ക്യാമ്പസ് 2012-ഓടെ പരിശീലനത്തിനുൾപ്പെടെ പ്രയോജനപ്പെടുത്തുന്ന വിധത്തിൽ വലിയ സമുച്ചയമാക്കി മാറ്റുകയായിരുന്നു.
ഇന്ത്യന്‍ മിസൈലാക്രമണത്തില്‍ തന്റെ പത്ത് കുടുംബാംഗങ്ങളും നാല് അനുയായികളും കൊല്ലപ്പെട്ടതായി ജയ്‌ഷെ മുഹമ്മദ് തലവൻ മസൂദ് അസ്ഹര്‍ സ്ഥിരീകരിച്ചിരുന്നു. ബഹാവല്‍പുരില്‍ സംഘടനയുടെ ആസ്ഥാനത്ത് നടത്തിയ ആക്രമണത്തിലാണ് ഇത്രയും പേര്‍ കൊല്ലപ്പെട്ടതെന്ന് മസ്ഹൂദ് അസഹ്‌റിന്റെ പ്രസ്താവനയെ ഉദ്ധരിച്ച് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോര്‍ട്ട് ചെയ്തു.
ആക്രമണത്തില്‍ കൊല്ലപ്പെട്ടവരില്‍ ജെയ്ഷെ മുഹമ്മദ് മേധാവിയുടെ മൂത്ത സഹോദരിയും ഭര്‍ത്താവും ഒരു അനന്തരവനും ഭാര്യയും, മറ്റൊരു അനന്തരവള്‍, കുടുംബത്തിലെ അഞ്ച് കുട്ടികള്‍ എന്നിവരും ഉള്‍പ്പെടുന്നുവെന്ന് പ്രസ്താവനയില്‍ വ്യക്തമാക്കുന്നു. ആക്രമണത്തില്‍ അടുത്ത അനുയായികളായ മൂന്ന് പേരും ഇവരില്‍ ഒരാളുടെ മാതാവും കൊല്ലപ്പെട്ടെന്നും പ്രസ്താവനയിലുണ്ട്.
ഓപ്പറേഷൻ സിന്ദൂറിന്റെ ഭാഗമായി ഇന്ത്യൻ സംയുക്ത സേന നടത്തിയ ആക്രമണം ലഷ്‌കറെ തൊയ്ബ (എൽഇടി), ഹിസ്ബുൾ മുജാഹിദ്ദീൻ, ജയ്‌ഷെ മുഹമ്മദ് (ജെഇഎം) എന്നീ മൂന്ന് ഭീകര സംഘടനകളെ ലക്ഷ്യമിട്ടിരുന്നു. ആക്രമണങ്ങളിൽ എൺപതിലധികം ഭീകരർ കൊല്ലപ്പെട്ടതായി ഉന്നത സുരക്ഷാ സേന അറിയിച്ചു.
Content Highlights: India launched `Operation Sindoor`, targeting 9 terror camps, including the JeM`s Subhan Allah camp