ആനുപാതികവും യുക്തിസഹവുമായ തിരിച്ചടി,നമ്മൾ കാത്തിരുന്ന നിമിഷം- എയർ മാർഷൽ ഐ.പി. വിപിൻ

#പി.മുരളീധരൻ
Photo:'X'
Photo:'X'

പഹൽ​ഗാം ഭീകരാക്രമണത്തിന് ഇന്ത്യ നൽകിയ തിരിച്ചടി ആനുപാതികവും യുക്തിസഹവുമാണെന്നും പാകിസ്താനെ പോലെ ഉത്തരവാദിത്വമില്ലാത്ത രാജ്യമല്ലിതെന്നും എയർ മാർഷൽ ഐ.പി. വിപിൻ.

ഓപ്പറേഷൻ സിന്ദൂറിനെപ്പറ്റി അറിഞ്ഞപ്പോൾ എന്താണ് തോന്നിയത്

നമ്മൾ കാത്തിരുന്ന നിമിഷം എത്തി എന്നതായിരുന്നു ആദ്യത്തെ ഫീലിങ്. തിരിച്ചടി ഉണ്ടാവുമെന്ന് ഉറപ്പായിരുന്നല്ലോ. എവിടെ എങ്ങനെയായിരുന്നു എന്നതിൽ ആയിരുന്നു സംശയം.

തിരിച്ചടി ഈ രീതിയിൽ ആയിരിക്കും എന്ന് കരുതിയിരുന്നോ? മുമ്പ് ഇന്ത്യൻ സൈന്യം പാക് അധീന കശ്മീർ പിടിക്കുമെന്ന രീതിയിൽ ചർച്ചകളുണ്ടായിരുന്നു

ഇതുവരെയുള്ള യുദ്ധങ്ങളിൽ ഒന്നും മറ്റൊരു രാജ്യത്തിന്റെ ഭൂമി പിടിച്ചെടുക്കുക നമ്മുടെ ലക്ഷ്യമായിരുന്നില്ല. പഹൽഗാമിൽ നിഷ്‌കളങ്കരായ വിനോദസഞ്ചാരികളെ കൊലപ്പെടുത്തി നമ്മുടെ അഭിമാനത്തിനും വികാരങ്ങൾക്കും അവർ ക്ഷതമേൽപ്പിച്ചു. പാകിസ്താനെ പോലെ ഉത്തരവാദിത്വമില്ലാത്ത രാജ്യമല്ല നമ്മൾ, നമ്മുടെ തിരിച്ചടി ആനുപാതികവും യുക്തിസഹവുമായിരിക്കണം. ഉറുമ്പിനെ കൊല്ലാൻ കൂടത്തിന്റെ ആവശ്യമില്ല. വളരെ ഉത്തരവാദിത്വത്തോടെ, ആത്മനിയന്ത്രണത്തോടെ, മറ്റൊന്നിനും കേടുപാടും വരുത്താതെ വളരെ കൃത്യമായാണ് ആക്രമണം നടത്തിയത്. എന്തുചെയ്താലും ഞങ്ങൾ തിരിച്ചൊന്നും ചെയ്യില്ലെന്ന് വിചാരിക്കരുത് എന്ന മുന്നറിയിപ്പാണിത്. കഴിഞ്ഞതവണ നാം അതിർത്തി വരെ മാത്രമേ പോയുള്ളൂ ഇത്തവണ അതിർത്തി കടന്ന് ഭീകരവാദത്തിന്റെ അടിത്തറ തകർത്തിരിക്കുന്നു. അതു തന്നെയാണ് നമ്മൾ ആഗ്രഹിച്ചത്.

വളരെ കൃത്യതയോടെ നിർദ്ദിഷ്ട ലക്ഷ്യങ്ങളെ ആക്രമിക്കാൻ കഴിയുന്ന ആധുനികസംവിധാനങ്ങൾ ഇന്ത്യ ഉപയോഗപ്പെടുത്തിയോ

അതെ, നടന്ന ഓപ്പറേഷൻ നോക്കുമ്പോൾ അങ്ങനെയാണ് തോന്നുന്നത്. ഉദ്ദേശ്യമുണ്ടായിരുന്നെങ്കിൽ ഇന്ത്യയ്ക്ക് എവിടെ വേണമെങ്കിലും ആക്രമിക്കാമായിരുന്നല്ലോ. സൈനിക താവളങ്ങളെയോ, വ്യവസായ കേന്ദ്രങ്ങളെയോ സർക്കാർ സംവിധാനങ്ങളെയോ ഒന്നും ലക്ഷ്യം വെച്ചിട്ടില്ല. ഭീകരവാദത്തിന്റെ ചട്ടക്കൂടു മാത്രമേ ഇന്ത്യ ലക്ഷ്യം വെച്ചിട്ടുള്ളൂ. ലോകരാഷ്ട്രങ്ങൾക്കൊന്നും ഇന്ത്യയെ ഇക്കാര്യത്തിൽ കുറ്റപ്പെടുത്താൻ ആവില്ല. രാജ്യത്തെ ഉപദ്രവിച്ചവർക്കു മാത്രമേ തിരിച്ചടി നൽകിയിട്ടുള്ളൂ എന്ന് തല ഉയർത്തിപ്പിടിച്ച് നമുക്ക് പറയാം.

നമ്മുടെ ഉപഗ്രഹങ്ങളും പുതുതായി നേടിയ ആധുനിക സംവിധാനങ്ങളും കൃത്യത ഉറപ്പാക്കുന്നതിൽ എത്രത്തോളം പങ്കു വഹിച്ചിട്ടുണ്ട്

ടെലിവിഷനിലും മറ്റും കണ്ട ദൃശ്യങ്ങൾ നോക്കിയാൽ നമ്മൾ പഴയ സംവിധാനങ്ങൾ ഒന്നും ഉപയോഗിച്ചിട്ടില്ല, പുതിയ സംവിധാനങ്ങൾ മാത്രം.

ഈ ആക്രമണത്തിൽ മൊസാദിന്റെ ഒരു കയ്യൊപ്പ് പതിഞ്ഞിട്ടുണ്ടോ? ബഹുനില കെട്ടിടത്തിലെ ഒരു മുറി മാത്രം ആക്രമിച്ച് അതിലെ ഒരാളെ മാത്രം ഇല്ലാതാക്കുന്നത് കേട്ടിട്ടുണ്ട്

നമ്മൾ അങ്ങോട്ടേക്കാണ് എത്തേണ്ടത്. ഒരു മുറിയിൽ ഒരാളാണ് ലക്ഷ്യമെങ്കിൽ അയാളെ മാത്രം ഇല്ലാതാക്കുന്നത്ര കൃത്യമായ ആക്രമണത്തിലേക്കാണ് ലോകം പൊയ്‌ക്കൊണ്ടിരിക്കുന്നത്.

ഏതാനും മാസങ്ങൾ കഴിയുമ്പോൾ ഭീകരർ വീണ്ടും ഒരുമിച്ചുകൂടാനും ശക്തി സംഭരിക്കാനും സാധ്യതയുണ്ടല്ലോ. അതിനാൽ തുടരാക്രമണങ്ങൾക്ക് സാധ്യതയുണ്ടോ

 തീർച്ചയായും വേണം. ഇന്ത്യയ്ക്കകത്ത് ഭീകരാക്രമണം ഉണ്ടായാൽ ശക്തിയായി നേരിടണം. വേണ്ടിവന്നാൽ ഇതേപോലെ നടപടി എടുക്കുകയും വേണം.

മുംബൈ ഭീകരാക്രമണം നടന്ന ശേഷം പാകിസ്താന് തിരിച്ചടി നൽകാൻ തയ്യാറാണെന്ന് വ്യോമസേന പറഞ്ഞെങ്കിലും രാഷ്ട്രീയനേതൃത്വം അനുവദിച്ചില്ലെന്ന് മുൻവ്യോമസേന മേധാവി ബി.എസ്.ധനോവ പറഞ്ഞിരുന്നു. അതേ വികാരം വ്യോമസേനയിലെ മറ്റുള്ളവരും പങ്കുവെച്ചിരുന്നോ

നമ്മൾ ആക്രമണത്തിന് തയ്യാറെടുത്ത് നിൽക്കുമ്പോൾ പെട്ടെന്ന് 'ഒന്നും വേണ്ട, വീട്ടിൽ പൊയ്‌ക്കോ' എന്ന് പറയുമ്പോഴുള്ള ഒരു ഫീലിങ് അത്രയേ ഉള്ളൂ. തിരിച്ചടിക്കണോ, എങ്കിൽ എത്രത്തോളമാകാം, ഏതുവരെ പോകാം, അതെങ്ങനെ വേണം എന്നൊക്കെ നിശ്ചയിക്കുന്നത് രാഷ്ട്രീയ നേതൃത്വമാണ്. അന്നത്തെ രാഷ്ട്രീയ നേതൃത്വത്തിന്റെ മുന്നിലെ പരിഗണനകൾ എന്തായിരുന്നു എന്നറിയില്ല. എന്തായാലും അവർ വേണ്ടെന്ന് തീരുമാനിക്കുകയായിരുന്നു. ഇത്തരത്തിലെ പിന്നോട്ടുപോക്ക് മുമ്പും ഉണ്ടായിട്ടുണ്ട്. തീരുമാനമെടുക്കുന്നതിനു പിന്നിൽ നിരവധി ഘടകങ്ങളുണ്ടാവും. അന്താരാഷ്ട്രസമ്മർദ്ദം, ആഭ്യന്തര കാര്യങ്ങൾ, അന്താരാഷ്ട്ര പ്രതിബദ്ധതകൾ എന്നിങ്ങനെ.

ഇത്തവണ പ്രധാനമന്ത്രി മോദി പറഞ്ഞ കാര്യത്തിൽ ആർക്കും ഒരു സംശയവും ഉണ്ടായിരുന്നില്ല. ഒരു ഇന്ത്യക്കാരൻ എന്ന നിലയിൽ നോക്കുമ്പോൾ എനിക്കും ഉദ്യോഗസ്ഥർക്കും പൊതുജനങ്ങൾക്കും മറ്റുള്ളവർക്കും അന്താരാഷ്ട്ര സമൂഹത്തിനും വ്യക്തമായിരുന്നു തിരിച്ചടി ഉണ്ടാവുമെന്ന്. ഏതറ്റം വരെ പോകേണ്ടി വന്നാലും തിരിച്ചടിക്കും എന്ന് പ്രധാനമന്ത്രി പറഞ്ഞിരുന്നു. സമീപകാലത്ത് മറ്റൊരു നേതാവ് അത്രയും ദൃഢനിശ്ചയത്തോടെ ഇത്രയും വ്യക്തമായി അങ്ങനെ പറഞ്ഞതായി ഞാൻ ഓർക്കുന്നില്ല.

Content Highlights: operation sindoor air marshal ip vipin speaks