വഴിനീളെ കൊതിപ്പിച്ച് പായസമധുരം...

കോട്ടയം : മലയാളിക്ക് മധുരമെന്നാൽ പായസമാണ്. സദ്യയ്ക്കുശേഷം ഇലയുടെ നടുവിൽ ചൂടോടെ പകരുന്ന പ്രഥമനോളം വരില്ല മറ്റൊന്നും. ചിലർക്ക് പ്രഥമനോടാണെങ്കിൽ മറ്റു ചിലർക്ക് പ്രിയം പാൽ പായസങ്ങളോടാണ്. നല്ല നെയ്യിൽ വറുത്തെടുത്ത അണ്ടിപ്പരിപ്പും മുന്തിരിയും ഇട്ട പാൽപായസത്തിന്റെ വാസന എന്നും മലയാളിയുടെ നാവിൽ രുചിയുടെ മേളം തീർക്കും.
വീടുകളിൽ തേങ്ങ ചിരകി പിഴിഞ്ഞ് പാലെടുത്ത് പ്രഥമനുണ്ടാക്കുന്നതൊക്കെ പഴയകഥ. ഒട്ടും കാത്തിരിക്കാതെ വിരൽതുമ്പിൽ എല്ലാം കിട്ടുന്ന ഇൻസ്റ്റന്റ് ഓണമാണിപ്പോൾ. പായസങ്ങൾ ഇൻസ്റ്റന്റ് ആയിട്ട് വർഷങ്ങളായെങ്കിലും ചൂടോടെ വീട്ടിൽ കൊണ്ടുവന്ന് വിളന്പുന്നതാണ് പുതിയ കാലത്തിന്റെ രീതി. ഓണമെത്തിയതോടെ വഴിയോരത്ത് കടകളിലാകെ പായസത്തിന് മാത്രമായി പ്രത്യേക സ്റ്റാളുകൾ ഒരുങ്ങി കഴിഞ്ഞു.
ഇഷ്ടമുള്ളവ തിരഞ്ഞു വാങ്ങി വീട്ടിൽ കൊണ്ടുപോകാം. ഓരോ കടയിലും പായസത്തിന്റെ വിലയും പലതാണ്. വലിയ ഹോട്ടലുകളിൽ നിന്നുള്ള പായസം ഓൺലൈനിൽ വാങ്ങാം. അര ലിറ്ററിന് 200 രൂപ മുതലാണ് വില. പായസക്കടകളിൽനിന്ന് നേരിട്ട് വാങ്ങുമ്പോൾ വില 260 മുതലാണ്.
പ്രിയങ്കരനായി തെക്കുനിന്നെത്തിയ ‘ബോളി’
തിരുവനന്തപുരത്തിന്റെ സ്വന്തം ബോളി നമ്മുടെ നാട്ടിൽ ട്രെൻഡായിട്ട് വർഷങ്ങളായി. രുചി പിടിച്ചതോടെ പാൽപ്പായസത്തിനൊപ്പം ഇപ്പോൾ കോട്ടയംകാർക്കും ബോളി നിർബന്ധമാണ്. ബോളിയുടെ മുകളിലേക്ക് നല്ല ചൂട് പാൽപായസം ഒഴിച്ച് കഴിക്കുമ്പോൾ എന്റെ സാറേ, പിന്നെ ചുറ്റിനുമുള്ളതൊന്നും കാണാൻ പറ്റില്ലെന്നാണ് മധുരപ്രേമികളുടെ പക്ഷം. എന്നിരുന്നാലും പപ്പടവും പഴവും ചേർത്ത് കഴിക്കുന്ന പ്രഥമനും ഡിമാന്റിന് കുറവൊന്നുമില്ല.
പായസം മിക്സുകൾ
അരി അരച്ച് അടയുണ്ടാക്കി പാസമുണ്ടാക്കാനുള്ള കഷ്ടപ്പാടിനൊന്നും ഇന്ന് മലയാളി തയ്യാറല്ല. പായസം മിക്സുകൾ ജോലി എളുപ്പമാക്കി. പാക്കറ്റ് പൊട്ടിച്ച് പാലിലിട്ട് തിളപ്പിച്ചെടുത്ത് അണ്ടിപ്പരിപ്പും മുന്തിരിയും ചേർത്താൽ നിമിഷങ്ങൾക്കകം പായസം റെഡി. ബ്രാൻഡുകൾക്ക് അനുസരിച്ച് വിലയും വ്യത്യാസമാണ്.
മുൻപ് സേമിയയും, പാലടയും, അടപ്രഥമനും മാത്രമായിരുന്നു പായസം മിക്സുകൾ. എന്നാൽ ഇപ്പോൾ പരിപ്പ് പ്രഥമനും വിപണിയിൽ ലഭ്യമാണ്. ഇവയ്ക്ക് പുറമെ ഇളനീർ പായസം, പഞ്ചാമൃതപായസം, അവിൽ പായസം, പഞ്ചരത്നപായസം, ചക്ക പായസം, കടല പായസം, പഴംമണി പായസം, മാമ്പഴ പായസം, പഞ്ചരത്ന പായസം എന്നിങ്ങനെ നീളുന്നു ഇക്കുറി ഓണത്തിനൊരുങ്ങുന്ന വെറൈറ്റി പായസങ്ങളുടെ നിര.
Content Highlights: From classic Ada Pradhaman to instant mixes, explore the variety of Kerala payasams this Onam