അരളിപ്പൂവ് കേരളത്തിലേക്ക് മടങ്ങിവരുന്നു

തിരുവല്ല: വിഷാംശം ഉണ്ടെന്ന കണ്ടെത്തലിൽ പൂക്കളത്തിൽ ഒഴിച്ചുനിർത്തിയ അരളിപ്പൂ കേരളത്തിലേക്ക് മടങ്ങിയെത്തി. കഴിഞ്ഞവർഷത്തേക്കാൾ പത്തിരിട്ടയിലധികം അരളിപ്പൂക്കൾ കേരളത്തിലെ ഓണവിപണയിൽ എത്തുന്നതായി വ്യാപാരികൾ പറയുന്നു.
350 രൂപയാണ് മധ്യകേരളത്തിൽ ഇപ്പോൾ അരളിപ്പൂ വില. ഉത്രാടദിനത്തിൽ വില ഇനിയും ഉയർന്നേക്കും. ഓണക്കാലത്തെ ആവശ്യത്തിന് പുറമേ അൻപൊലിക്കളം, മരണാനന്തരചടങ്ങുകൾ, പൂജ തുടങ്ങിയവയ്ക്കായാണ് അരളി കേരളത്തിലേക്ക് അധികം എത്തിയിരുന്നത്.
2024-ൽ അരളിയില കഴിച്ച് യുവതി മരിച്ചതോടെയാണ് കേരളത്തിൽ അരളിപ്പൂവിന് ഡിമാൻഡ് ഇല്ലാതായത്. അരളി തിന്ന പശു ചത്ത വാർത്തയും വന്നു. അരളിയിൽ വിഷവസ്തു ഉണ്ടെന്ന റിപ്പോർട്ടുകളും വന്നു. 2024 മേയ് മുതൽ ദേവസ്വംബോർഡ് ക്ഷേത്രങ്ങളിൽ അരളിപ്പൂവ് നിരോധിച്ചു. മറ്റ് ക്ഷേത്രങ്ങളും ഇത് പിന്തുടർന്നു.
കഴിഞ്ഞ ഓണക്കാലത്ത് അരളിപ്പൂവിന് പ്രത്യേകം ഓർഡറുകൾ ലഭിച്ചില്ലെന്ന് ശങ്കരൻകോവിലിൽനിന്ന് കേരളത്തിലേക്ക് പൂ കയറ്റി വിടുന്ന മൊത്തവ്യാപാരികളായ വി.എൻ. ശരവണൻ, വി.ആർ. മാടസ്വാമി എന്നിവർ പറഞ്ഞു. ഇത്തവണ 5000 കിലോയിലധികം പൂവിന് ഇതിനകം ഓർഡർ വന്നിട്ടുണ്ട്. കേരളത്തിലേക്ക് അരളിപ്പൂ കയറ്റിവിടുന്ന പ്രധാന മേഖലകളിലൊന്ന് തമിഴ്‌നാട്ടിലെ ശങ്കരൻകോവിലാണ്. തിരുവിതാംകൂർ ദേവസ്വംബോർഡിന്റേത് ഒഴിച്ചുള്ള ചില ക്ഷേത്രങ്ങളിലും മരണാനന്തരച്ചടങ്ങുകളിലും ഇപ്പോൾ അരളി ഉപയോഗിച്ചുതുടങ്ങി. പിങ്ക്, ചുവപ്പ്, ഇളം മഞ്ഞ, വെള്ള തുടങ്ങിയ നിറങ്ങളിൽ ഉള്ള അരളിപ്പൂ അത്തപ്പൂക്കളങ്ങളിൽ സ്ഥിരം സാന്നിധ്യമായിരുന്നു.
Content Highlights: Oleander flowers, previously avoided, are back in Kerala`s Onam markets