ഓണപ്പൂക്കളം ചിട്ടയോടെ എങ്ങനെ ഒരുക്കാം ?

അത്തം മുതല്‍ പത്താം നാള്‍ വരെ പൂക്കളം ഇടുക എന്നത് ഓണാഘോഷത്തിന്റെ അവിഭാജ്യ ഘടകമാണ്. വെറുതയങ്ങ് പൂ പറിച്ച് മുറ്റത്ത് ഇട്ടാല്‍ പോരാ. പൂക്കളം ഒരുക്കുന്നതിന് ഓരോ ചിട്ടവട്ടങ്ങളുണ്ട്. അത്തം മുതല്‍ ഓരോ ദിവസവും പൂക്കളം ഇടുന്നതിന് പ്രത്യേകതകളുമുണ്ട്.
അത്തംനാളില്‍ ഒരു വളയം തുമ്പപ്പൂ മാത്രമേ പൂക്കളത്തിന് പാടുള്ളൂ. രണ്ടാംദിവസം രണ്ടുതരം പൂക്കളും, മൂന്നാംദിവസം മൂന്നുതരം അങ്ങനെ പത്താംദിവസം പത്തുതരം പൂക്കളും ഉപയോഗിച്ച് വര്‍ണപ്പൂക്കളമൊരുക്കും.
അത്തം
മഹാബലി പാതാളത്തില്‍ നിന്ന് കേരളത്തിലേക്ക് യാത്ര തിരിക്കുന്ന ദിവസം. മുറ്റത്ത് ചാണകം മെഴുകി തുമ്പയാണ് ആദ്യദിവസം ഇടുന്നത്. ആദ്യദിനം ഒരുനിര മാത്രമേ പാടുള്ളു.
ചിത്തിര
രണ്ടാംദിനം തുമ്പപ്പൂവിനൊപ്പം തുളസികൂടി വെക്കും. അത്തം, ചിത്തിര, ചോതി നാളുകളില്‍ ഈ രണ്ടുപൂക്കള്‍ മാത്രം.
ചോതി
തുമ്പയും തുളസിയും. മൂന്ന് ചുറ്റ് പൂക്കളം
വിശാഖം
നിറമുള്ള പൂക്കളിട്ട് തുടങ്ങാം. നാലുനിറങ്ങളില്‍ പൂക്കളം ഒരുക്കുന്നു. മന്ദാരം, തെച്ചിപ്പൂവ്, മല്ലികപ്പൂവ്, ചെമ്പരത്തി, വെള്ള നീല പൂക്കള്‍ ഒക്കെയാവാം
അനിഴം
അനിഴം നാളില്‍ കുട (ഈര്‍ക്കിലിയില്‍ ചെമ്പരത്തിപ്പൂവും മറ്റു പൂക്കളും കോര്‍ത്തുവെക്കുക) കുത്തും, വാഴപ്പിണ്ടിയിലോ വാഴത്തടയിലോ ആണിത്.
തൃക്കേട്ട
ആറിനം പൂക്കള്‍. ആറാം ദിവസം പൂക്കളത്തിന്റെ നാലുദിക്കിലും കാല്‍ നീട്ടും (വലുപ്പം കൂട്ടും)
മൂലം
ഇന്നത്തെ പൂക്കളം ചതുരാകൃതിയിലാകണം. നാലുദിക്കിലും ഈര്‍ക്കില്‍ കുത്തി നിര്‍ത്തി പൂ വെക്കാം. ഈ ദിവസത്തിനുശേഷം പൂക്കളം ഏത് ആകൃതിയില്‍ വേണമെങ്കിലും തീര്‍ക്കാം.
പൂരാടം
പൂക്കളത്തിന്റെ വളയം എട്ടാകും. കാക്കപ്പൂവ്, ചെമ്പരത്തികള്‍, തെച്ചിപ്പൂവ്, കൊങ്ങിണിപ്പൂവ് തുടങ്ങിയവയാകാം
ഉത്രാടം
പൂക്കളം ഏറ്റവും വലുതാകുന്ന ദിവസമാണിത്. ഇഷ്ടമുള്ള പൂക്കള്‍ കൊണ്ട് പൂക്കളമൊരുക്കാം. ചിലയിടങ്ങളില്‍ തൃക്കാക്കരയപ്പനെ പ്രതിഷ്ഠിക്കും. മണ്ണുകൊണ്ടോ തടികൊണ്ടോ വിഗ്രഹങ്ങള്‍ നിര്‍മിച്ച് ഇലയില്‍ പ്രതിഷ്ഠിക്കും.
തിരുവോണം
തിരുവോണപ്പുലരിയില്‍ കുളിച്ച് കോടിവസ്ത്രമണിഞ്ഞ് പൂക്കളത്തിന് മുമ്പില്‍ ആവണിപ്പലകയിലിരിക്കും. ഓണത്തപ്പന്റെ സങ്കല്‍പ്പരൂപത്തിന് മാവൊഴിച്ച് പൂക്കുല നിരത്തി പുടവ നേദിക്കും. വിഗ്രഹങ്ങള്‍ പൂക്കള്‍ കൊണ്ട് അലങ്കരിക്കുകയും പാലട, പഴം, ശര്‍ക്കര തുടങ്ങിയവ നിവേദിക്കുകയും ചെയ്യും.
ചിലയിടങ്ങളില്‍ കുടുംബത്തിലെ മുതിര്‍ന്ന കാരണവന്മാര്‍ ചതയംവരെ പൂജനടത്തുന്ന പതിവുമുണ്ട്. തൂശനിലയില്‍ ദര്‍ഭപ്പുല്ല് വിരിച്ച് തൃക്കാക്കരയ പ്പനെ ആര്‍പ്പുവിളിച്ചും സ്വീകരിക്കും. ഉത്രട്ടാതി നാളില്‍ പ്രതിഷ്ഠ ഇളക്കിമാറ്റും
Content Highlights: How to Make Onam Pookalam