അതിഥിയായി ഒളിമ്പിക്‌സിനെത്തി; ബ്രസീലിയന്‍ ഫുട്‌ബോള്‍ ഇതിഹാസം സീക്കോയെ പാരീസില്‍ കൊള്ളയടിച്ചു

Photo: Getty Images
Photo: Getty Images

പാരീസ്: ഒളിമ്പിക്‌സ് കാണാനെത്തിയ ബ്രസീലിയന്‍ ഫുട്‌ബോള്‍ ഇതിഹാസം സീക്കോയെ പാരീസില്‍ കൊള്ളയടിച്ചു. താരത്തിന്റെ പണവും വാച്ചുകളും ഡയമണ്ട് ആഭരണങ്ങളും അടങ്ങിയ ബാഗ് കാറില്‍ നിന്ന് മോഷ്ടാക്കള്‍ കവരുകയായിരുന്നു. വെള്ളിയാഴ്ച അദ്ദേഹം ഫ്രഞ്ച് പോലീസില്‍ പരാതി നല്‍കി.

സംഭവസമയത്ത് സീക്കോ യാത്രയിലായിരുന്നു. ഈ സമയം നിര്‍ത്തിയിട്ടിരുന്ന കാറില്‍ നിന്നാണ് മോഷ്ടാക്കള്‍ ബാഗ് അപഹരിച്ചത്. കാറിന്റെ ഗ്ലാസ് തുറന്നിട്ടിരുന്നതും താരത്തിന് വിനയായി. ഏകദേശം നാലരക്കോടിയോളം (5,00000 യൂറോ) രൂപയുടെ വസ്തുക്കളാണ് നഷ്ടമായതെന്നാണ് റിപ്പോര്‍ട്ട്. ബ്രസീല്‍ ഒളിമ്പിക്‌സ് ടീമിന്റെ അതിഥിയായി പാരീസിലെത്തിയതാണ് സീക്കോ.

അതേസമയം ഒളിമ്പിക്‌സ് അടുത്തിരിക്കെ നിരവധിയാളുകളാണ് പാരീസില്‍ കൊള്ളയടിക്കപ്പെടുന്നത്. ദിവസങ്ങള്‍ക്കു മുമ്പ് ചാനല്‍ നയനിനായി ഒളിമ്പിക്‌സ് റിപ്പോര്‍ട്ട് ചെയ്യാന്‍ പാരീസിലെത്തിയ മാധ്യമ സംഘവും കവര്‍ച്ചയ്ക്ക് ഇരയായിരുന്നു. കവര്‍ച്ചയ്ക്കിടെ ചാനലിന്റെ രണ്ട് ജീവനക്കാരെ മോഷ്ടാക്കള്‍ ആക്രമിക്കുകയും ചെയ്തു. തിങ്കളാഴ്ച പാരീസിന്റെ വടക്കു കിഴക്കന്‍ ഭാഗമായ ലെ ബൊര്‍ഗെറ്റ് മുന്‍സിപ്പാലിറ്റിയിലെ താമസ സ്ഥലത്തേക്ക് നടക്കുന്നതിനിടെയാണ് ഇവര്‍ ആക്രമിക്കപ്പെട്ടത്.

Content Highlights: brazilian football great zico robbed in paris ahead of paris olympics 2024