പാരീസ് ഡയമണ്ട് ലീഗ്; സ്റ്റീപ്പിള്‍ചേസില്‍ സ്വന്തം ദേശീയ റെക്കോഡ് തിരുത്തി അവിനാഷ് സാബ്ലെ

അവിനാഷ് സാബ്ലെ (ഫയല്‍ ചിത്രം) | Photo: ANI
അവിനാഷ് സാബ്ലെ (ഫയല്‍ ചിത്രം) | Photo: ANI

പാരീസ്: പാരീസ് ഒളിമ്പിക്‌സിന് ദിവസങ്ങള്‍ മാത്രം ശേഷിക്കേ കൃത്യസമയത്ത് മികവിലേക്കുയര്‍ന്ന് ഇന്ത്യന്‍ സ്റ്റീപ്പിള്‍ചേസ് താരം അവിനാഷ് സാബ്ലെ. ഞായറാഴ്ച പാരീസില്‍ നടന്ന ഡയമണ്ട് ലീഗ് മീറ്റില്‍ 3,000 മീറ്റര്‍ സ്റ്റീപ്പിള്‍ചേസില്‍ തന്റെതന്നെ ദേശീയ റെക്കോഡായ എട്ട് മിനിറ്റ് 11.20 സെക്കന്‍ഡിന്റെ റെക്കോഡ് അവിനാഷ് തിരുത്തിയെഴുതി. ഞായറാഴ്ച ആറാം സ്ഥാനത്ത് ഫിനിഷ് ചെയ്ത 29-കാരന്‍ എട്ട് മിനിറ്റ് 9.91 സെക്കന്‍ഡിലാണ് ഫിനിഷിങ് ലൈന്‍ കടന്നത്. നിലവിലെ ഏഷ്യന്‍ ഗെയിംസ് സ്വര്‍ണ മെഡല്‍ ജേതാവുകൂടിയാണ് അവിനാഷ്.

2022 ബര്‍മിങ്ങാം കോമണ്‍വെല്‍ത്ത് ഗെയിംസില്‍ വെള്ളി നേടിയശേഷമുളള അവിനാഷിന്റെ മികച്ചപ്രകടനം കൂടിയായിരുന്നു ഇത്. അന്നും സ്വന്തം ദേശീയ റെക്കോഡ് തിരുത്തിയായിരുന്നു താരത്തിന്റെ മെഡല്‍ നേട്ടം. മഹാരാഷ്ട്രയിലെ ബീഡ് ജില്ലയിലെ മണ്‍ഡ്വാ ഗ്രാമത്തിലെ ഒരു സാധാരണ കര്‍ഷക കുടുംബത്തില്‍ നിന്നുവരുന്ന താരം ഇത് പത്താം തവണയാണ് ദേശീയ റെക്കോഡ് തിരുത്തുന്നത്.

അതേസമയം, ഫൈനലില്‍ ഫോട്ടോ ഫിനിഷിലായിരുന്നു വിജയിയെ തീരുമാനിച്ചത്. എട്ട് മിനിറ്റ് 2.36 സെക്കന്‍ഡില്‍ ഫിനിഷ് ചെയ്ത എത്യോപ്യയുടെ അബ്രഹാം സൈം ഒന്നാംസ്ഥാനം സ്വന്തമാക്കി. കെനിയയുടെ അമോസ് സെറെമിനാണ് വെള്ളി.

Content Highlights: avinash sable breaks his own national steeplechase record in paris diamond league