'ഹൃദയത്തിൽ തട്ടിയുള്ള എഴുത്ത് വായനക്കാരന്റെ ഹൃദയത്തെയും തൊടുമെന്ന് എം.ടി. വിശ്വസിച്ചിരുന്നു'

1990 ഫെബ്രുവരി പതിനൊന്ന്. ലോകം വീര്‍പ്പടക്കി നിന്ന ചരിത്രദിനം. ആഫ്രിക്കയിലെ കറുത്തവര്‍ക്കാരുടെ നിഗ്രോകളുടെ മോചനത്തിനായി സമര്‍പ്പിക്കപ്പെട്ട നെല്‍സണ്‍ മണ്ടേലയുടെ ഇരുപത്തേഴ് വര്‍ഷത്തെ കാരാഗൃഹജീവിതത്തിന് അന്ത്യം കുറിച്ച ദിവസം. ലോകത്തിലെ ദൃശ്യ-അച്ചടി  മാധ്യമങ്ങള്‍ കാത്തിരുന്ന നിമിഷം. ലോകം ഉറ്റുനോക്കുന്ന ഈ ചരിത്ര നിമിഷം ലോകജനതയെ അതിന്റെ പൂര്‍ണതയില്‍ അറിയിക്കുക എന്നത് മാധ്യമങ്ങള്‍ നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളിയാണ്. ലോകത്തിലെ അന്നത്തെ ഏറ്റവും വലിയ ഈ വാര്‍ത്ത എങ്ങനെ വായനക്കാരിലെത്തിക്കണം. ഇത് കേവലം ഒരു വാര്‍ത്തയല്ല, സ്വാതന്ത്ര്യത്തെയും സമത്വത്തെയും സ്നേഹിക്കുന്ന മനുഷ്യര്‍ ഭൂമിയിലുള്ളകാലത്തോളം ഈ ചരിത്ര പുരുഷന്‍ ഓര്‍മിക്കപ്പെടും. 

എക്കാലവും ഓര്‍മിക്കപ്പെടേണ്ട ഒരു ജീവിതം ആര്‍ക്കാണ് എഴുതാനാവുക. എം.ടി. എന്ന രണ്ടരക്ഷരമല്ലാതെ മാതൃഭൂമിയുടെ പത്രാധിപസമിതിയ്ക്ക് മുന്‍പില്‍ മറ്റൊരു പേര് പോലും ചിന്തിക്കാനുണ്ടായിരുന്നില്ല. ആഴ്ചപ്പതിപ്പിന്റെ പത്രാധിപര്‍ എം.ടി. മാതൃഭൂമി ദിനപത്രത്തിന്റെ അഭ്യര്‍ത്ഥന സ്വീകരിച്ചു. വാക്കുകളുടെ ശക്തിയും സൗന്ദര്യവും പൂര്‍ണതയില്‍ പ്രകാശിപ്പിച്ച എം.ടി.യുടെ ലേഖനം 'ജയില്‍പുള്ളി നമ്പര്‍ 466' മലയാള മാധ്യമ ചരിത്രത്തിലെ സുവര്‍ണ രേഖയാണ്. 1990 വരെ മണ്ടേലയുടെ ചിത്രങ്ങള്‍ പോലും പ്രസിദ്ധീകരിക്കുന്നത് വിലക്കിയിരുന്നു എന്നുകൂടി ഓര്‍മിക്കുക.

പത്രാധിപര്‍ എന്ന നിലയില്‍ എം.ടി.വാസുദേവന്‍ നായര്‍ മാതൃഭൂമിയിലുണ്ടായിരുന്ന നീണ്ടകാലത്തെ കുറിച്ച് സംസാരിക്കുകയാണ് എഴുത്തുകാരനും ഗ്രന്ഥകര്‍ത്താവും മാതൃഭൂമി ബുക്‌സ് മുന്‍ മാനേജരുമായ എം. ജയരാജ്. 
 

Content Highlights: M. Jayaraj writes about M.T. Vasudevan nair as journalist in Mathrubhumi